ബാങ്കുകളിലെ ഇ-വേസ്റ്റുകള്‍ക്ക് പുനര്‍ജന്മം നല്‍കിയിരിക്കുന്നു ഒരു ശില്‍പി. 250 ഡെസ്‌ക്‌ടോപ്പുകള്‍, മദര്‍ബോര്‍ഡുകള്‍, കേബിള്‍, സ്‌ക്രൂ തുടങ്ങിയവയൊക്കെ ശില്‍പത്തിന്‍റെ പൂര്‍ണതയ്ക്ക് പിന്തുണയേകി. 'മാതൃക' എന്നു പേരിട്ടിരിക്കുന്ന ശില്‍പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും ശേഖരിച്ച ഇ-വേസ്റ്റുകളില്‍ നിന്നാണു നിര്‍മിച്ചത്. ഉത്തര്‍ പ്രദേശ് കാണ്‍പൂരിലെ മാള്‍ റോഡിലുള്ള ബാങ്കിന്‍റെ മുമ്പില്‍ ഈ ശില്‍പം സ്ഥാപിച്ചിട്ടുമുണ്ട്.
ജയ്പൂര്‍ സ്വദേശി മുകേഷ്‌കുമാര്‍ ജ്വാലയാണു മാതൃകയുടെ ശില്‍പി. മുകേഷും സംഘവും ഒരു മാസമെടുത്താണു ശില്‍പം പൂര്‍ത്തിയാക്കിയത്. പത്തടിയോളം ഉയരമുണ്ട് ശിൽപത്തിന്. ശില്‍പത്തില്‍ എസ്ബിഐയുടെ ലോഗോയുമുണ്ട്. ലോഗോയുടെ രൂപം നൽകാൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ശില്‍പങ്ങള്‍ മുമ്പും മുകേഷ് കുമാര്‍ നിര്‍മിച്ചിട്ടുണ്ട്.