Special Story

മാലിന്യ പ്രശ്നത്തിലേക്ക് കണ്ണു തുറന്നു നോക്കണം

തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് എഴുതുന്നു.. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവേ,

മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിൽ ഒന്നും നടന്നിട്ടില്ല എന്നും, നടക്കുന്നില്ല എന്നും അങ്ങ് ഏതാനും ദിവസങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്നത് കാണുകയുണ്ടായി. വസ്തുതകൾ പൂർണമായും ശ്രദ്ധയിൽ വരാത്തതുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് കരുതുന്നു.

ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷമാണ് മുഖ്യമന്ത്രി നിയമസഭയിൽ മാലിന്യമുക്ത നവകേരളം ലക്ഷ്യം വച്ച് തീവ്ര കർമപദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടം ഒറ്റ ലളിതമായ കണക്കുകൊണ്ട് മനസിലാക്കാം. ക്ലീൻ കേരള കമ്പനി 2023 മാർച്ച് വരെയുള്ള ഒരു വർഷം ശേഖരിച്ചത് 30,217 ടൺ മാലിന്യമായിരുന്നു. എന്നാൽ ഈ കര്‍മ പരിപാടി പ്രഖ്യാപിച്ചതിനു ശേഷം 2024 ജൂൺ വരെ ശേഖരിച്ചത് 61,947.97 ടൺ ആണ്, ഇരട്ടിയിലധികം. മാലിന്യം ശേഖരിക്കുന്നതിലെ വൻ വർധന തന്നെ ഈ രംഗത്ത് കേരളം കൈവരിച്ച പുരോഗതി എത്രത്തോളമെന്ന് എളുപ്പം മനസിലാക്കാൻ സഹായിക്കും.

ക്ലീൻ കേരള കമ്പനിയുടെ വരുമാനം, അവർ ഹരിതകർമ സേനയ്ക്ക് നൽകിയ തുക എന്നിവയിലും സമാനമായ വർധനവ് ഉണ്ടായിട്ടുണ്ട്. ക്ലീൻ കേരള കമ്പനി 2023-24 സാമ്പത്തിക വർഷം പാഴ്‌വസ്തുക്കൾ ശേഖരിച്ച് മൂല്യവത്താക്കിയതിലൂടെ ഹരിതകർമ സേനയ്ക്ക് 9.79 കോടി രൂപ നൽകി. 2022-23ൽ ഇത് 5.08 കോടിയായിരുന്നു. നിലവിൽ 720 തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യമാണ് ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നത്.

ഇത് സാധ്യമായത് ഹരിതകർമ സേന മുഖേനയുള്ള അജൈവ പാഴ്വസ്തുക്കളുടെ വാതിൽപ്പടി ശേഖരണം ഗണ്യമായി വർധിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. 2023 മാർച്ചിലെ കണക്കനുസരിച്ച് വാതിൽപ്പടി ശേഖരണം 47% മാത്രമായിരുന്നു. 2024 ജൂണിൽ അത് 86.6% ആയി ഉയർന്നു. അതും ഇരട്ടിയോളം വർധിച്ചു. ഹരിതകർമ സേനയുടെ യൂസർ ഫീ ഇനത്തിലും ഇരട്ടിയോളം വര്‍ധനവുണ്ടായി. യൂസർ ഫീ നൽകാൻ വിസമ്മതിക്കുന്നവരെ അതിന് നിർബന്ധിതമാക്കുന്ന നിയമ ഭേദഗതിയിലെ ചില വ്യവസ്ഥകളെ ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്‍റെ പേരിൽ അങ്ങ് നിയമസഭയിൽ എതിർത്തിരുന്നതും ഓർക്കുമല്ലോ. എന്നാൽ ആ നിയമഭേദഗതി ഫലം ചെയ്തു എന്നാണ് വാതിൽപ്പടി ശേഖരണവും യൂസർ ഫീയും വർധിച്ചത് കാണിക്കുന്നത്.

ഹരിതകർമ സേനയെ ശുചിത്വ സൈന്യമായാണ് സർക്കാർ കാണുന്നത്. സ്ത്രീകളടങ്ങിയ ഈ സേനയ്ക്കെതിരായ വലിയ സാമൂഹ്യ മാധ്യമ പ്രചാരണവും അധിക്ഷേപവും നടന്നത് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. അവർക്ക് സർക്കാർ നൽകിയ ശക്തമായ പിന്തുണ കൊണ്ടാണ് ആ സംവിധാനം ഇന്ന് കാര്യക്ഷമമായി മാറിയിട്ടുള്ളത്. ആ സംഘടിത പ്രചാരണങ്ങളും അധിക്ഷേപങ്ങളും നടക്കുമ്പോൾ അങ്ങ് ഒരു പ്രസ്താവന കൊണ്ട് അവരെ പിന്തുണച്ചിരുന്നുവെങ്കിൽ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായകമാകുമായിരുന്നു.

ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ ആദ്യമെത്തുന്നത് വാർഡ് തലത്തിലുള്ള മിനി എംസിഎഫുകളിലാണ്. പിന്നീട് തദ്ദേശ സ്ഥാപന തലത്തിലെ എംസിഎഫുകളിൽ എത്തിച്ച് ശാസ്ത്രീയമായി തരംതിരിക്കും. അവിടെ നിന്നാണ് റീസൈക്ലിങിനും അതിന് കഴിയാത്തവ സിമന്‍റ് ഫാക്റ്ററികളിലേക്കും അയയ്ക്കുന്നത്. മിനി എംസിഎഫുകൾ 2023 മാർച്ചിൽ 7,446 ഉണ്ടായിരുന്നത് ഇന്ന് 18,205 ആയും എംസിഎഫുകൾ 1,160 ൽ നിന്ന് 1,250 ആയും വർധിച്ചു. സംഭരണ കേന്ദ്രങ്ങളുടെ ശേഷി ഇനിയും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. ഈ കേന്ദ്രങ്ങളിൽ തീപിടുത്തം തടയാനുള്ള ഫയർ ഓഡിറ്റ് ഉൾപ്പെടെയുള്ള കർശനമായ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാലിന്യം ശേഖരിച്ച് വില്പനക്ക് സജ്ജമാക്കുന്ന, ബ്ലോക്ക് തലത്തിലെ ആർആർഎഫുകളുടെ എണ്ണം 87ൽ നിന്ന് 163 ആയി വർധിച്ചു.

പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുകയും നിയമഭേദഗതി വരുത്തുകയും മാത്രമല്ല സർക്കാർ ചെയ്തത്; എൻഫോഴ്‌സ്‌മെന്‍റ് പ്രവർത്തനങ്ങളും ശക്തമാക്കി. 2023 ജൂലൈ 11 വരെയുള്ള ഒരു വർഷത്തെ കണക്കനുസരിച്ച് 1,138 പരിശോധനകളാണ് നടന്നതെങ്കിലും 2024 ജൂലൈയിൽ അത് 44,682 ആയാണ് വർധിച്ചത്. ഇതേ കാലയളവിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിന്‍റെ പേരിലുള്ള പിഴ 2.9 ലക്ഷത്തിൽ നിന്ന് 4.56 കോടി രൂപയായിട്ടാണ് പല മടങ്ങ് വർധിച്ചത്.

ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം എറണാകുളം കലക്റ്ററേറ്റിൽ ചേർന്ന യോഗത്തിൽ സർക്കാർ മുന്നോട്ടുവച്ച കർമ പദ്ധതി അപ്രായോഗികമാണെന്നും കൊച്ചിയിൽ നടക്കില്ലെന്നും ചില ജനപ്രതിനിധികൾ പറഞ്ഞത് അങ്ങ് ഓർക്കുമല്ലോ. എന്നാൽ അത് നടപ്പാക്കാൻ കഴിയുമെന്ന ഉറച്ച നിലപാടാണ് അന്ന് സർക്കാർ എടുത്തത്. അത് കൊച്ചിയിൽ ഇന്ന് സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച് ഹൈക്കോടതി അഭിനന്ദനപൂർവം നടത്തിയ പരാമർശം പത്രങ്ങളിലും കാണാനിടയായി. ആ മാറ്റം അങ്ങേയ്ക്കും അനുഭവപ്പെട്ടിട്ടുണ്ടാകുമല്ലോ. ഹരിതകർമ സേനാ സംവിധാനം പോലും ഇല്ലാതിരുന്ന കൊച്ചിയിൽ അതിനു ശേഷമാണ് 794 അംഗങ്ങളുള്ള, സുശക്തമായ, പരിശീലനം സിദ്ധിച്ച ഹരിതകർമ സേനയെ വിന്യസിച്ചത്. മാത്രമല്ല, ഒറ്റ എംസിഎഫ് പോലും ഇല്ലാതിരുന്ന കൊച്ചി നഗരത്തിൽ 81 കണ്ടെയ്നർ എംസിഎഫുകൾ ഇന്ന് സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരു കണ്ടെയ്നർ എംസിഎഫിന്‍റെ സംഭരണ ശേഷി 30 ടണ്ണാണ് എന്ന് ഓർക്കണം. പുറമെ കൊച്ചിയിലെ തെരുവുകളിലാകെ ബോട്ടിൽ ബൂത്തുകളും വേസ്റ്റ് ബിന്നുകളും ധാരാളം കാണാനാവും. ഒരിഞ്ച് സ്ഥലം ലഭ്യമല്ല എന്ന് പലരും പറഞ്ഞിരുന്ന ഇടപ്പള്ളിയും പൊന്നുരുന്നിയുമടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ ജൈവമാലിന്യം വളമാക്കി മാറ്റാനുള്ള മനോഹരമായ തുമ്പൂർമൂഴികൾ കൊച്ചിയിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു.

ബ്രഹ്മപുരം തീപിടുത്തമായിരുന്നല്ലോ ഒരു വർഷം മുമ്പ് കേരളം ചർച്ച ചെയ്തത്. ഇന്ന് ബ്രഹ്മപുരം പഴയ ബ്രഹ്മപുരമല്ല എന്ന് അങ്ങും അംഗീകരിക്കുമല്ലോ. അവിടത്തെ മാലിന്യമല 40 ശതമാനം ഇതിനകം ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്ത് സ്ഥലം വീണ്ടെടുത്തു. 3,25,445 ടൺ മാലിന്യമാണ് ഇതിലൂടെ നീക്കിയത്. ബിപിസിഎല്ലുമായി ചേർന്ന് കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്‍റിന് ബ്രഹ്മപുരത്ത് സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. അധികം വൈകാതെ നിർമാണം ആരംഭിക്കുകയും 18 മാസം കൊണ്ട് പ്രവർത്തനം തുടങ്ങുകയും ചെയ്യും എന്നതും അറിയിക്കാൻ സന്തോഷമുണ്ട്.

പതിറ്റാണ്ടുകളായി പലയിടത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തെയാണ് ലെഗസി വേസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഇതേവരെ കേരളത്തിൽ 19 കേന്ദ്രങ്ങളിലെ ലെഗസി വേസ്റ്റ് അടിഞ്ഞുകൂടിയ മാലിന്യമലകൾ ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്യുകയും സ്ഥലം വീണ്ടെടുക്കുകയും ചെയ്തു. ഇതിൽ കേരളം മുഴുവൻ ചർച്ച ചെയ്തതാണ് കൊല്ലത്തെ കുരീപ്പുഴയും ഗുരുവായൂരിലെ ചൂൽപ്പറമ്പും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മാറ്റങ്ങൾ. ഇതിലൂടെ നാം വീണ്ടെടുത്തത് 124 ഏക്കർ ഭൂമിയാണ്. നീക്കം ചെയ്തത് 2.17 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം. ഗുരുവായൂരിൽ ശവക്കോട്ട എന്നറിയപ്പെട്ടതുൾപ്പെടെ അനേകം മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ ഇന്ന് പൂങ്കാവനങ്ങളും പാർക്കുകളുമായി മാറിയെന്ന വിവരം കൂടി അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ. ഇവയിൽ ചിലത് സന്ദർശിക്കാൻ ഞാൻ അങ്ങയെ ക്ഷണിക്കുകയാണ്. ബ്രഹ്മപുരവും ഇതുപോലെ മാറുമെന്ന് ആത്മവിശ്വാസത്തോടെ സർക്കാരിന് പറയാനാവും. മാലിന്യം കുന്നുകൂടിക്കിടക്കുന്ന 38 കേന്ദ്രങ്ങളിൽ കൂടി ഇപ്പോൾ ബയോ മൈനിങ് നടന്നുകൊണ്ടിരിക്കയാണ്. ഇത് അടുത്ത വർഷത്തോടെ പൂർത്തിയാകും. അതോടെ ഡംപിങ് സൈറ്റുകളില്ലാത്ത കേരളം യാഥാർഥ്യമാകും.

മാലിന്യ സംസ്കരണത്തിന് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും സർക്കാർ ആരംഭിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഇതിനകം ലഭ്യമാക്കിയ 4 സ്മാർട്ട് മെഷീനുകളും റോഡ് സ്വീപ്പിങ് മെഷീനുകളും സക്ഷൻ കം ജെറ്റിങ് മെഷീനുകളുമെല്ലാം ഏറ്റവും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമാണ്.

ഹൈക്കോടതി ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം സ്വമേധയാ കേസെടുക്കുകയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നത് അങ്ങ് മനസിലാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. 2023 ഏപ്രിൽ 11ന് ഹൈക്കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു- ""സമയബന്ധിതമായി ആക്‌ഷൻ പ്ലാൻ സമർപ്പിച്ച സർക്കാർ പ്രവർത്തനം മികച്ചതാണ്. ബ്രഹ്മപുരത്തിന്‍റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി സർക്കാർ എടുത്ത മുന്നൊരുക്ക പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്''.

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി കൊച്ചി കോർപ്പറേഷൻ സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനം അർഹിക്കുന്നുവെന്ന് 2023 മെയ് 23ന് കോടതി ചൂണ്ടിക്കാട്ടി. മാലിന്യ സംസ്കരണത്തിൽ സർക്കാർ അറിയിച്ച ക്രിയാത്മകമായ നിർദേശങ്ങളെ (ആളുകളിലെ മനോഭാവ മാറ്റത്തിന്‍റെ പ്രസക്തി) 2023 ജൂൺ 8ന് ഹൈക്കോടതി അഭിനന്ദിച്ചു. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നടപടികൾ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാരിന്‍റെ തീരുമാനം മികച്ചതാണെന്ന് 2023 നവംബർ 17ന് ഹൈക്കോടതി പരാമർശിച്ചു. സർക്കാർ ഈ വിഷയത്തിൽ എടുക്കുന്നത് ആത്മാർത്ഥമായ ഇടപെടലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 68,000 മെട്രിക് ടൺ ലെഗസി മാലിന്യം സർക്കാർ മേൽനോട്ടത്തിൽ നീക്കം ചെയ്തത് അഭിനന്ദനാര്‍ഹമാണെന്നും ഇതിൽ മികച്ച പുരോഗതിയാണ് കൈവരിച്ചതെന്നും 2024 മാർച്ച് 1ന് കോടതി പറഞ്ഞു.

കൊച്ചിയിലുണ്ടായ മാറ്റത്തെക്കുറിച്ച് ഹൈക്കോടതി പറഞ്ഞതും പത്രത്തിലുണ്ട്. കുറ്റപ്പെടുത്തുകയല്ല, സർക്കാരിന്‍റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയാണ് ഹൈക്കോടതി ചെയ്തതെന്നത് ശ്രദ്ധേയമാണ്. ഇതുപോലൊരു ക്രിയാത്മക പിന്തുണ പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നുകൂടി ലഭിച്ചാൽ അത് വലിയ മാറ്റം സൃഷ്ടിക്കും.

അങ്ങ് ഉന്നയിക്കുന്ന ഒരു വിമർശനം മഴക്കാലപൂർവ ശുചീകരണത്തെക്കുറിച്ചാണല്ലോ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളും വിലക്കുകളും സൃഷ്ടിച്ച പരിമിതികളുണ്ടായിട്ടും, സർക്കാർ മഴക്കാലപൂർവ ശുചീകരണം ഫലപ്രദമായി നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. ആകെ 23,123 ക്ലീനിങ് ഡ്രൈവുകള്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി നടത്തി. 24,687 പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി. 1,89,261 ടണ്‍ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനി വഴി മാത്രം 12,680.97 ടണ്‍ മാലിന്യം നീക്കി.

ഇവിടെ വിശദീകരിച്ച കാര്യങ്ങൾക്ക് അർഥം എല്ലാം പൂര്‍ണതയിലെത്തിക്കഴിഞ്ഞു എന്നല്ല. ഒന്നും നടന്നിട്ടില്ല എന്ന് പറയുന്നത് വസ്തുതാപരമല്ല എന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നും ഓര്‍മിപ്പിക്കാനാണ്. ജനങ്ങളുടെ മനോഭാവത്തിലെ മാറ്റവും ഏറെ പ്രധാനമാണ്. ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വത്തെക്കുറിച്ചും ജനങ്ങളുടെ മനോഭാവത്തിലുണ്ടാകേണ്ട മാറ്റത്തെ കുറിച്ചുമാണ് ഹൈക്കോടതി ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ മനോഭാവം സൃഷ്ടിക്കുന്നതിൽ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വം നിറവേറ്റണം.

"മാലിന്യമുക്ത നവകേരളം' എന്ന ലക്ഷ്യം കൈവരിക്കാൻ പ്രത്യേകമായ എന്തെങ്കിലും നിർദേശം പ്രതിപക്ഷത്തിനുണ്ടെങ്കിൽ അതിനോടും തുറന്ന സമീപനമാണ് സർക്കാരിനുള്ളത്. ഹൈക്കോടതി ഇടപെടലും പിന്തുണയും പ്രശ്‌നപരിഹാരത്തിനുള്ള സർക്കാർ ശ്രമങ്ങൾക്ക് കരുത്തു പകരുന്നതുപോലെ പ്രതിപക്ഷത്തു നിന്ന് കൂടി ക്രിയാത്മക സമീപനം ഉണ്ടായാൽ നമുക്ക് ഈ ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?