#ജോസഫ് എം. പുതുശ്ശേരി
മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യം മൂടി വയ്ക്കാനാവില്ല'- സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചത്തെ ട്വീറ്റാണിത്.
വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റിന്റെ കൊച്ചി ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായുള്ള ഗൂഢാലോചനാ കേസിനോടുള്ള പ്രതികരണമാണിതെന്നു ധരിച്ചെങ്കിൽ തെറ്റി. ഇത് ട്വിറ്റർ മുൻ സിഇഒയുടെ വെളിപ്പെടുത്തലോടുള്ള പ്രതികരണമാണ്. നേരത്തേ ബിബിസിക്കെതിരായ നടപടിയിലും ശക്തമായ പ്രതികരണമുണ്ടായിരുന്നു.
"സർക്കാർ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചരണവുമായി മാധ്യമങ്ങളുടെ പേരും പറഞ്ഞു നടന്നാൽ ഇനിയും കേസിൽ ഉൾപ്പെടുത്തും'- യെച്ചൂരിയുടെ പ്രതികരണത്തിന് രണ്ടുദിവസം മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രതികരണമാണിത്. സംശയിക്കേണ്ട, ഇത് അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെക്കുറിച്ചുള്ള പ്രതികരണമാണ്.
നമ്മൾ ഇതിൽ ആരെ വിശ്വസിക്കണം? ഏത് ഉൾക്കൊള്ളണം? അനുഭവം നമ്മോട് പറയുന്നത് എം.വി. ഗോവിന്ദനെ വിശ്വസിക്കാനാണ്. കേസെടുത്തതിൽ ഒരു തെറ്റുമില്ലെന്ന് കൂസലേതുമില്ലാതെ പറയുകയും ഇനിയും അങ്ങനെ തന്നെ ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഇത് ഇടതു സർക്കാർ സ്വീകരിച്ച സമാനമായ കുറേയേറെ നടപടികളുടെ തുടർച്ച കൂടിയാകുമ്പോൾ അതിന് വിശ്വാസ്യതയേറുന്നു.
യെച്ചൂരിയുടെതു വെറും വായ്ത്താരി മാത്രം. ബിബിസിക്കും ട്വിറ്ററിനുമൊക്കെ എതിരെ നടപടി വരുമ്പോൾ മാത്രം പറയാനുള്ള വായ്ത്താരി! അല്ലെങ്കിൽ ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ സെമിനാറുകളിലെ പ്രബന്ധ വിഷയം മാത്രം.
അതുകൊണ്ടാണല്ലോ അഖില നന്ദകുമാർ വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ സീതാറാം യെച്ചൂരി അതിനു നിന്നു കൊടുക്കാതെ ഓടി രക്ഷപ്പെടുന്നത് നാം കാണേണ്ടി വരുന്നത്. അല്ലെങ്കിൽത്തന്നെ, സിപിഎം അഖിലേന്ത്യാ സെക്രട്ടറിയോട് ബിബിസിക്കും ട്വിറ്ററിനുമൊക്കെ എതിരായ നടപടിയെക്കുറിച്ചല്ലാതെ കേരളത്തിലെ കേസു കാര്യമൊക്കെ ചോദിക്കാമോ! അതൊക്കെ വെറും "സില്ലി തിങ്സ് ' അല്ലേ!
കാര്യങ്ങളിൽ വന്ന മാറ്റം നമുക്ക് മനസിലാക്കാൻ കഴിയാത്തതു കൊണ്ടല്ലേ? ആ കുറവിന് അവരെങ്ങനെ ഉത്തരവാദികളാവും! "കേരളത്തിലെ മാധ്യമങ്ങൾക്ക് ഇന്ത്യയുടെ കാര്യത്തിൽ താല്പര്യമില്ലേ? നിങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് ഒന്നും ചോദിക്കാനില്ലേ?' എന്ന യെച്ചൂരിയുടെ പ്രതികരണം അതല്ലേ വ്യക്തമാക്കുന്നത്. അപ്പോൾ നമ്മൾ ആ നിലവാരത്തിലേക്ക് ഉയരുകയല്ലേ വേണ്ടത്!
ഇവിടെ നമ്മെ അദ്ഭുതസ്തബ്ധരാക്കുന്നത് ഇതെല്ലാം ചെയ്തിട്ട് വാർത്തയുടെ പേരിൽ മാധ്യമ പ്രവർത്തകരെ ലക്ഷ്യമിടുന്നത് പാർട്ടിയുടെയോ സർക്കാരിന്റെയോ നയമല്ല എന്ന് യാതൊരു സങ്കോചവുമില്ലാതെ പാർട്ടി നേതാക്കൾ ആവർത്തിക്കുമ്പോഴാണ്. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഇതുതന്നെയാണ് ആവർത്തിച്ചത്. കേസിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് താൻ അത്ര ബോധവാനല്ലെന്നും മാധ്യമ പ്രവർത്തകർക്കെതിരെ പാർട്ടിയോ സർക്കാരോ നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നുമാണ് കാരാട്ട് പറഞ്ഞത്.
എം.വി. ഗോവിന്ദൻ കേരളത്തിലെ പാർട്ടിയുടെ സെക്രട്ടറിയല്ലേ? പിണറായി ഗവൺമെന്റ് ആ പാർട്ടിയുടെ സർക്കാർ അല്ലേ? അപ്പോൾപ്പിന്നെ ഈ നയവും നടപടിയും ആരുടേതാണ്? കേസ് രജിസ്റ്റർ ചെയ്ത പൊലീസിന്റെതാണോ? എങ്കിൽപ്പിന്നെ എന്തിന് ഒരു സർക്കാർ! പാർട്ടി സെക്രട്ടറി എന്തിനതിനെ ന്യായീകരിക്കണം?
കമ്മ്യൂണിസ്റ്റ് പാർട്ടികൾ അഖിലേന്ത്യ പാർട്ടികളാണെന്നാണ് വയ്പ്പ്; അഖിലേന്ത്യാ പാർട്ടികൾ എന്ന പദവിക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അവർക്കില്ലെങ്കിൽ കൂടി. എന്നിട്ടും അഖിലേന്ത്യാ സെക്രട്ടറി ഒന്നും സംസ്ഥാന സെക്രട്ടറി അതിനു വിപരീതമായ മറ്റൊന്നും പറയുന്നു! എന്നിട്ട് അതെല്ലാം ജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളുമെന്ന ധാർഷ്ട്യത്തോടെയുള്ള ധാരണയും.
തങ്ങളുടെ പാർട്ടിയുടെ സർക്കാർ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുമ്പോൾ അതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി തിരുത്തിക്കേണ്ട അഖിലേന്ത്യാ നേതാക്കൾ അതു ചെയ്യാതെ, അഖിലേന്ത്യാ പാർട്ടി എന്ന സൗകര്യം ഉപയോഗപ്പെടുത്തി സംസ്ഥാന ഘടകങ്ങൾ നിലപാട് പറയുമെന്ന് വ്യക്തമാക്കി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്നു. ഇക്കാര്യത്തിൽ സിപിഎം മാത്രമല്ല സിപിഐ സെക്രട്ടറി ഡി. രാജയുടെ പ്രതികരണവും അതാണ് വെളിവാക്കുന്നത്. സിപിഐ എന്നും മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണെന്നും പാർട്ടിയുടെ സുസ്ഥിര നിലപാട് അതാണെന്നും വ്യക്തമാക്കുന്ന സെക്രട്ടറി, അതിന് വിരുദ്ധമായി കേരള സർക്കാർ എടുത്ത കേസിനെ അപലപിക്കാതെ അത് സംസ്ഥാന ഘടകത്തിനു വിടുന്നു. എന്തൊരു വിരോധാഭാസം!
ഇവിടെ അഖില നന്ദകുമാർ എന്തു ഗൂഢാലോചനയാണ് നടത്തിയത്? കെ. വിദ്യ എന്ന എസ്എഫ്ഐ നേതാവ് വ്യാജരേഖയുണ്ടാക്കി ജോലി തരപ്പെടുത്താൻ നോക്കിയെന്ന കേസ് തൊണ്ടി സഹിതം പിടിക്കപ്പെട്ടതു തർക്കമില്ലാത്ത വസ്തുത. നിർമിച്ച വ്യാജരേഖ മഹാരാജാസ് കോളെജിന്റെ പേരിലുള്ളതാകയാൽ അവിടെയെത്തി പ്രിൻസിപ്പലടക്കമുള്ളവരോട് പ്രതികരണം ആരായുന്നതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പരീക്ഷയെഴുതാതെ ജയിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വിവരം കെഎസ്യു നേതാവ് അവരോട് പങ്കുവയ്ക്കുന്നു. ലൈവ് ടെലികാസ്റ്റിനിടയിൽ രാഷ്ട്രീയ ആരോപണം എന്ന വിശേഷണത്തോടെ അവർ അത് റിപ്പോർട്ട് ചെയ്യുന്നു. "പാസ് ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന രേഖ അപ്പോഴും ഇപ്പോഴും നിലനിൽക്കെത്തന്നെ കെഎസ്യു നേതാവിന്റെ വെളിപ്പെടുത്തലാകയാൽ "രാഷ്ട്രീയ ആരോപണം' എന്ന മുഖവുരയോടെ അത് പറയുന്ന അഖില എങ്ങനെ ഗൂഢാലോചനക്കാരിയാകും? ലൈവിനിടെ മുൻകൂർ ധാരണയില്ലാതെ പെട്ടെന്ന് വെളിപ്പെട്ട ഒരു ഗുരുതര പ്രശ്നത്തെ രാഷ്ട്രീയ ആരോപണം എന്നു കൂടി ചേർത്ത് അവതരിപ്പിച്ച അവരുടെ പ്രത്യുൽപ്പന്നമതിത്വത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്.
എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആർഷോയുടെ പേരിൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത വിവരം മാർച്ചിൽ തന്നെ അധ്യാപകർ അറിയുകയും ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടും അത് നീക്കം ചെയ്യപ്പെട്ടില്ല എന്ന വസ്തുത നിലനിൽക്കുന്നു. ആർഷോ ഇപ്പോൾ പറയുന്നതുപോലെ അത് പിശകോ തനിക്കെതിരായ ബോധപൂർവമായ ഗൂഢാലോചനയോ ആയിരുന്നെങ്കിൽ അന്ന് എന്തുകൊണ്ട് പരാതി നൽകിയില്ല? തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടില്ല? മാസങ്ങൾക്ക് ശേഷം ഇപ്പോൾ വിവാദമുണ്ടാകുന്നതു വരെ കാത്തിരുന്നത് വായിച്ചെടുക്കുമ്പോൾ യഥാർഥ ഗൂഢാലോചന അരങ്ങേറിയത് അവിടെയല്ലേ എന്ന ചോദ്യം അവശേഷിക്കുന്നു.
നിങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് ഒരു താത്പര്യവുമില്ലേ എന്ന് യെച്ചൂരി മാധ്യപ്രവർത്തകരോട് ചോദിക്കുമ്പോൾ ഇന്ത്യയെന്നാൽ കേന്ദ്രവും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമെല്ലാം ചേർന്നതല്ലേ എന്ന മറുചോദ്യമാണ് സ്വാഭാവികമായും ഉയരുക. മോദി സർക്കാരിന്റെ കാർബൺ പതിപ്പായി പിണറായി സർക്കാർ മാറുമ്പോൾ അഖിലേന്ത്യാ സെക്രട്ടറി അത് അറിഞ്ഞില്ലെന്നാണോ?
ഡൽഹിയിൽ പാർലമെന്റിലും ഓഫിസുകളിലും പത്രപ്രവർത്തകർക്ക് പ്രകടമായ തടസങ്ങൾ സൃഷ്ടിച്ച് സാധാരണ വാർത്ത പോലും കൈമാറാൻ കഴിയാത്ത വിധം ഉദ്യോഗസ്ഥരെ ഭയചകിതരാക്കി. ഭരണക്കാർ തരുന്നതും അവർക്ക് യോഗ്യമായതും മാത്രം പൊതുസമൂഹം അറിഞ്ഞാൽ മതി എന്ന ധാർഷ്ട്യം.
തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിലും ഇതേ അവസ്ഥ തന്നെയുണ്ടാക്കി. മാധ്യമപ്രവർത്തകർക്ക് ഉദ്യോഗസ്ഥരെ പോയി കാണുന്നതിന് അപ്രഖ്യാപിത വിലക്ക്. അവർ ഗേറ്റിൽ വിളിച്ചു പറഞ്ഞാൽ ആ മാധ്യമ പ്രവർത്തകരെ മാത്രം കടത്തിവിടുന്ന രീതി. അപ്പോൾ ഏതു ഉദ്യോഗസ്ഥനാണ് വാർത്തയുടെ ഉറവിടം എന്നറിയാവുന്ന അവസ്ഥാവിശേഷം. ഇത് രണ്ടും തമ്മിൽ എന്താണ് വ്യത്യാസം?
കേന്ദ്രം കൊണ്ടുവന്ന പല നിയമങ്ങളെയും കരിനിയമമെന്ന് പറഞ്ഞ് എതിർത്ത സിപിഎമ്മിന്റെ കേരളത്തിലെ സർക്കാർ തന്നെ അതിനേക്കാൾ കടുത്ത കരിനിയമങ്ങൾക്ക് ശ്രമിച്ചതും സമീപകാല കാഴ്ച. പൊലീസ് നിയമത്തിലെ 118 (ഡി) വകുപ്പിൽ വരുത്തിയ ഭേദഗതി തന്നെ ഉദാഹരണം. അഹിതമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്നതായിരുന്നു ആ ഭേദഗതി.
മാധ്യമങ്ങളോട് സംസാരിക്കില്ല എന്ന് പ്രധാനമന്ത്രി ശപഥം ചെയ്തത് ഇന്ത്യ ചരിത്രത്തിൽ ആദ്യം. വാർത്താസമ്മേളനങ്ങൾ വഴി പ്രധാനമന്ത്രി ജനസമൂഹത്തോട് സംവദിച്ചത് ഇപ്പോൾ പഴയ ചരിത്രം. ഇവിടെ മുഖ്യമന്ത്രിയും ആ ശപഥം ആവർത്തിച്ചു. മന്ത്രിസഭായോഗങ്ങൾ കഴിഞ്ഞ് എല്ലാ ആഴ്ചയും മുഖ്യമന്ത്രി നടത്തിയിരുന്ന വാർത്താസമ്മേളനങ്ങൾ ഇന്ന് ഓർമ മാത്രം. പിആർഡിയുടെ പത്രക്കുറിപ്പ് മാത്രം ശരണം.
നിയമസഭാ ചോദ്യോത്തരവേള മാധ്യമങ്ങൾ നേരിട്ട് സംപ്രേക്ഷണം ചെയ്യുന്നത് പെട്ടെന്ന് നിർത്തി. സഭാ ടിവി പിന്നീട് നൽകുന്ന ദൃശ്യങ്ങൾ മാത്രമേ മാധ്യമങ്ങൾക്ക് കാണിക്കാനാവൂ. അതുതന്നെ സഭയിലെ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കി കൊണ്ടുള്ള ദൃശ്യങ്ങളും.
അതും പോരാഞ്ഞാണു കേസുകൾ. റിപ്പോർട്ടർമാർക്കെതിരെ മാത്രമല്ല, വാർത്താ അവതാരകർക്കും കേസിലെ പ്രതിയെ കൊണ്ടുവന്ന വാഹനത്തെ പിന്തുടർന്നു എന്ന പേരിൽ ന്യൂസ് സംഘത്തിനും എതിരെ വരെയാണ് കേസുകൾ. ഒടുവിൽ അഴിമതി റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകനു വരെ നോട്ടീസ്. സോഴ്സ് വെളിപ്പെടുത്തണം പോലും. കേട്ടുകേൾവി പോലുമില്ലാത്ത നടപടി. സോഴ്സ് ഒരു മാധ്യമപ്രവർത്തകന്റെ അതിവിശുദ്ധ രഹസ്യമാണ്. ഒരിക്കലും അനാവരണം ചെയ്യപ്പെടാനാവാത്തത്. Right to remain silence-ന് അവകാശമുണ്ടെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നുമറിയാത്തവരാണോ പൊലീസ്. റിപ്പോർട്ട് ചെയ്യപ്പെട്ട അഴിമതിക്കും അഴിമതിക്കാർക്കുമെതിരേ നടപടിയില്ല. അത് പുറത്തു കൊണ്ടുവന്നവരെ വേട്ടയാടുക. എന്നാൽ ഒരു കാര്യം ഓർക്കുന്നത് നന്ന് - "ഈശ്വരൻ തെറ്റ് ചെയ്താലും അത് ഞാൻ റിപ്പോർട്ട് ചെയ്യുമെന്ന് ' പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടാണിത്. മറക്കേണ്ട.
ഇങ്ങനെ പ്രതിപക്ഷമില്ലാത്ത, പ്രതിഷേധമോ വിമർശനങ്ങളോ ഇല്ലാത്ത, മാധ്യമസ്വാതന്ത്ര്യമില്ലാത്ത, തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടാത്ത, പുകഴ്ചയും വാഴ്ത്തുപാട്ടുകളും മാത്രമുള്ള ജനാധിപത്യമാണ് അവർ സ്വപ്നം കാണുന്നത്. അതിലേക്കാണ് ചുവടുകൾ വയ്ക്കുന്നത്. "മധുര, മനോഹര, മനോജ്ഞ ജനാധിപത്യം'.
ഇന്ത്യയെ കുറിച്ച് ഒന്നും പറയാനില്ലേ എന്ന് ചോദിക്കുന്ന പാർട്ടി സെക്രട്ടറി പല്ലും നഖവും ഉപയോഗിച്ച് നിങ്ങൾ എതിർക്കുന്ന ഇത്തരം നടപടികൾ കേരളത്തിൽ അതേപോലെ ആവർത്തിക്കപ്പെടുമ്പോൾ അതേക്കുറിച്ചുള്ള നിലപാട് കൂടി വിശദീകരിക്കണം. അടിസ്ഥാന പ്രമാണമായി നിങ്ങൾ ഉരുവിടുന്ന "വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ' പ്രയോഗസാധ്യതകളാണോ ഇതിലൂടെ വെളിപ്പെടുന്നത് എന്നതിന്റെ താത്വിക അവലോകനമെങ്കിലും നൽകണം. അതു ചോദിക്കുമ്പോൾ മൈക്ക് തട്ടി മൗനിയായി ഓടി രക്ഷപ്പെടരുത്. വിപ്ലവം സാധിതപ്രായമാക്കേണ്ട പാർട്ടിയുടെ സെക്രട്ടറിക്ക് ആ ഒളിച്ചോട്ടം ഭൂഷണമാവില്ല.
വിയോജിപ്പുകളും വിമർശനങ്ങളുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. അതിനോടുള്ള അസഹിഷ്ണുതയും അലോരസവുമെല്ലാം ഏകാധിപത്യത്തിന്റെ ഭാവപ്രകടനങ്ങളാണ്. സർവാധിപത്യത്തിലേക്കുള്ള ചുവടുവയ്പ്പ്. അതിന് ജനാധിപത്യത്തിന്റെ ഫോർത്ത് എസ്റ്റേറ്റായ മാധ്യമങ്ങളെ വിരട്ടി വരുതിയിലാക്കണം - അതാണിവിടെ നടക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനം വേണ്ടാ, വാലാട്ടി അരുനിന്നുകൊള്ളണം എന്ന സന്ദേശം. അത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തോടു തന്നെയുള്ള അവഹേളനമല്ലേ? നിങ്ങൾ നട്ടെല്ല് പണയപ്പെടുത്തി കീഴ്പ്പെട്ടുകൊള്ളണമെന്ന് പറയുന്നതിനേക്കാൾ അപമാനകരമായി മറ്റെന്തുണ്ട്. ഒരു പരിഷ്കൃത സമൂഹത്തിന് ഇത് യോജിച്ചതാണോ എന്നു കൂടി പാർട്ടി സെക്രട്ടറി വ്യക്തമാക്കണം.
ഇത്തരത്തിൽ പരിഹാസ്യവും അപഹാസ്യവുമായ നടപടികളുടെ എഴുന്നെള്ളിപ്പ്. ജനാധിപത്യത്തിന്റെ നിലനിൽപ്പ് തന്നെ അപായപ്പെടുത്തുന്ന അത്യന്തം ആപൽകരമായ ആസൂത്രിത നീക്കങ്ങൾ. ഇതുപോലൊരു ഇരുണ്ട കാലം സമീപത്തെങ്ങും ആർക്കും ഓർമയിൽ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ സർവശക്തിയും സമാഹരിച്ച് ഇതിനെ ചെറുക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം. അതിനുള്ള സന്നദ്ധതയും ജാഗ്രതയുമാണ് എല്ലാവരും പ്രകടിപ്പിക്കേണ്ടത്.