സെപ്റ്റംബറിലും തോരാതെ പെയ്ത് കാലവർഷം; ഒപ്പം ചുഴലിക്കാറ്റുകളും 
Special Story

സെപ്റ്റംബറിലും തോരാതെ പെയ്ത് കാലവർഷം; ഒപ്പം ചുഴലിക്കാറ്റുകളും

സെപ്റ്റംബറിലെ ഓരോ ആഴ്ചയിലും ഓരോ ചുഴലിക്കാറ്റുകൾ സൃഷ്ടിക്കപ്പെട്ടേക്കാമെന്നാണ് ഐഎംഡി പ്രവചിക്കുന്നത്. എൽ നിനയുടെ ഭാഗമായി ഈ മാസം സാധാരണയിൽ കൂടുതൽ മഴയും പെയ്തേക്കും.

അജയൻ

കനത്ത മഴയും നൂറു കണക്കിനു പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലും സൃഷ്ടിച്ച നടുക്കത്തിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. പേമാരി ദുരന്തം വിതയ്ക്കുമ്പോഴും കേരളത്തിൽ വേണ്ടത്ര മഴ ലഭിച്ചിട്ടില്ല എന്നതാണ് നഗ്നമായ യാഥാർഥ്യം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്നു മാസത്തെ മഴയുടെ കണക്കെടുത്താൻ 11 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറും കടന്ന് ഒക്റ്റോബർ പകുതി വരെയും മൺസൂൺ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പുതിയ പ്രവചനം. പസഫിക് സമുദ്രം തണുക്കുന്നതു മൂലമുള്ള എൽ നിനോ പ്രതിഭാസമാണ് കേരളത്തിന്‍റെ ആകാശത്ത് നിന്ന് മഴക്കാർ ഒഴിയാത്തതിന്‍റെ പ്രധാന കാരണം.

നിലവിൽ കേരളത്തിലെ ആകെയുള്ള കണക്കെടുത്താൽ മഴയുടെ കുറവ് ചെറിയ തോതിൽ മാത്രമാണുള്ളത്. എന്നാൽ ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 31 ശതമാനം മഴയുടെ കുറവുമായി ഇടുക്കിയാണ് പട്ടികയിൽ ഒന്നാമത്. 23 ശതമാനം കുറവാണ് എറണാകുളത്തുള്ളത്.

മുൻ‌ കാലങ്ങളിൽ വളരെ അപൂർവമായാണ് മാർച്ച്- എപ്രിൽ, മേയ് മാസങ്ങളിലെ മൺസൂൺ കാലത്തും മൺസൂൺ കഴിഞ്ഞുള്ള ഒക്റ്റോബർ, നവംബർ മാസങ്ങളിലും ചുഴലിക്കാറ്റ് വീശിയിരുന്നത്. എന്നാൽ ഇപ്പോൾ അതു പാടെ മാറിയിരിക്കുകയാണ്. സാധാരണ രീതിയിൽ മൺ‌സൂൺ പിൻവാങ്ങാൻ തുടങ്ങുന്ന സെപ്റ്റംബറിൽ പ്രതീക്ഷിക്കാറുള്ള ശരാശരി 167.9 എംഎം മഴയുടെ 109 ശതമാനം മഴയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു കഴിഞ്ഞു. അതു കൊണ്ടു തന്നെ മഴ ഒക്റ്റോബറിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

മൺസൂൺ ശക്തമാകുന്ന കാലത്ത് വീശാറുള്ള കാറ്റ് സാധാരണയായി ചുഴലിക്കാറ്റുകൾക്ക് തടയാകാറുണ്ട്. ഈ കാറ്റ് അറബിക്കടലിനെ തണുപ്പിക്കുന്നതും കൊടുങ്കാറ്റുകൾ ഇല്ലാതാക്കാൻ സഹായിക്കും. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി കടലിന്‍റെ ഊഷ്മാവ് മാറ്റമില്ലാതെ ഉയർന്ന് തുടരുകയാണെന്ന് ഗവേഷകർ പറയുന്നു. അതു കൊണ്ടു തന്നെ ചുഴലിക്കാറ്റുകൾ നിരന്തരമായി രൂപപ്പെടാനുള്ള സാധ്യതയും അധികമായി.

ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ മാത്രം മുഴുവനും ന്യൂനമർദങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. അതു കൊണ്ട് തന്നെ രാജ്യം മുഴുവൻ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി വരും നാളുകളിൽ ചൂടും മഴയുമെല്ലാമുള്ള അന്തരീക്ഷമായിരിക്കും രൂപപ്പെടുക. 1901 നു ശേഷം ഈ ഓഗസ്റ്റാണ് ഏറ്റവും ചൂടേറിയ മാസമെന്നാണ് ഐഎംഡി പറയുന്നത്. രാജ്യത്തെ ശരാശരി താപനില 24.29 ഡിഗ്രി സെൽഷ്യസ് ആയാണ് വർധിച്ചത്. 123 വർഷങ്ങൾക്കു ശേഷം ദക്ഷിണോപദ്വീപിലും മധ്യ ഇന്ത്യയിലും ഏറ്റവും കൂടുതൽ ചൂടേറിയ മാസം ഓഗസ്റ്റായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതി തീവ്ര ന്യൂനമർദം മധ്യ ഇന്ത്യയിലാകെ വീശിയടിച്ച അസ്ന ചുഴലിക്കാറ്റിന് ഇടയാക്കിയിരുന്നു. ഗുജറാത്തിൽ കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടായത്. ഇപ്പോൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കില്ലെന്നാണ് പ്രവചനം. എന്നാൽ സെപ്റ്റംബറിൽ ഒന്നിലധികം ചുഴലിക്കാറ്റുകൾ രൂപപ്പെട്ടേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽ‌കുന്നുമുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ