മുംബൈ നഗരം ഓണഘോഷങ്ങളാൽ സമൃദ്ധം  
Special Story

മുംബൈ നഗരം ഓണഘോഷങ്ങളാൽ സമൃദ്ധം

'ഉത്സവങ്ങൾ സ്വത്വങ്ങളുടെയും ഓർമ്മകളുടെയും സംഗമമാണ്, ഓണവും ഇതിന് അപവാദമല്ല'

ഹണി വി.ജി.

ഓഗസ്റ്റിൽ തുടങ്ങിയാൽ ഡിസംബർ വരെ നീളുന്ന ഓണാഘോഷങ്ങൾ മുംബൈ മഹാനഗരത്തിൽ. എണ്ണിയാൽ ഒടുങ്ങാത്ത മലയാളി സമാജങ്ങളും സംഘടനകളുമുള്ള മുംബൈയിൽ ഇതിനോടകം നൂറു കണക്കിന് പ്രത്യേക ഓണാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു. ആഘോഷങ്ങൾ തുടരുകയാണ്. ഓണാഘോഷങ്ങൾ മാത്രം നടത്തുന്ന സമാജങ്ങളുണ്ട് മുംബൈയിൽ എന്നത് കൗതുകരമായ വസ്തുതയാണ്.

സമാജങ്ങളെ കൂടാതെ ജാതി - മത - രാഷ്ട്രീയ - സ്വകാര്യ - വ്യവസായ - വ്യാപാര - ഉദ്യോഗ - യുവ സംഘടനകളും അന്യ ഭാഷക്കാരേയും ചേർത്ത് വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു വരുന്നു. പൂക്കളവും സദ്യയും കേരളത്തിന്‍റേത് എന്ന് സൂചിപ്പിക്കുന്ന വസ്ത്രധാരണങ്ങളുമാണ് എല്ലാ ആഘോഷങ്ങളുടെ പൊതു ഘടകം. നാടിനെ തിരിച്ചു പിടിക്കാൻ ഓർമ്മകളുടെ ആഘോഷമായ ഓണത്തെ ചേർത്തു നിർത്തുകയാണ് മുംബൈ പ്രവാസികൾ.

ഉത്സവങ്ങൾ സ്വത്വങ്ങളുടെയും ഓർമ്മകളുടെയും സംഗമമാണ്, ഓണവും ഇതിന് അപവാദമല്ല എന്ന് ഗവേഷക വിദ്യാർഥിനി അമൃത മോഹൻകുമാർ ചൂണ്ടിക്കാണിക്കുന്നു.

"ഒരു സമൂഹമെന്ന നിലയിൽ സ്വയം തിരിച്ചറിയാനുള്ള മലയാളിയുടെ അന്വേഷണവും ഏതാണ്ട് ഉട്ടോപ്യൻ ആശയമായ മാവേലിനാട്ടിൽ ജീവിക്കാനുള്ള തീവ്രമായ അഭിലാഷവുമാണ് സാമുദായിക ചൈതന്യത്തിനും ഓണത്തിന്‍റെ ഐഡന്‍റിഫിക്കേഷനും കാരണമെന്ന് ഡോ. പി.രഞ്ജിത്ത് വാദിക്കുന്നു," വർഷങ്ങളായി മുംബൈ നഗരത്തിൽ ജാതി ലിംഗ ഭേദം ,നഗര പഠനം എന്നീ വിഷയത്തിൽ ഗവേഷണം നടത്തുന്ന അമൃത പറയുന്നു.

ഡോ.പി. രഞ്ജിത്തിനോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, പക്ഷേ കുടിയേറ്റ മലയാളികൾ ഒരു പൊതു മലയാളി ഐഡന്‍റിറ്റി സൃഷ്ടിക്കുമെന്ന അദ്ദേഹത്തിന്‍റെ അവകാശവാദങ്ങളുടെ സമാനതകൾ ആർക്കും കാണാൻ കഴിയും. വർധിച്ചുവരുന്ന ആഗോളവൽക്കരണവും സാർവത്രികവുമായ ലോകത്ത് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു ഏകീകൃത മലയാളി സ്വത്വം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും അമൃത പറയുന്നു.

മുംബൈയിൽ ഓണാഘോഷം ഇതരസംസ്കാരങ്ങളിലൂടെ ജീവിക്കുന്നവരിൽപോലും വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. മലയാളിയുടേതല്ലാത്ത കോർപ്പറേറ്റ് ഓഫീസുകളിലും പൂക്കളവും സദ്യയുമെത്തുന്ന കാഴ്ച്ചയാണ് മുംബൈയിൽ.

ഓണനാളുകളിൽ ലോക്കൽ ട്രെയിനും വിഭിന്നമല്ല. ലോക്കൽ ട്രെയിനുകളിൽ പോലും നിത്യേന ഒരുമിച്ച് യാത്ര ചെയ്യുന്നവർ ഓണം ആഘോഷിക്കാറുണ്ട്. സർവത്ര സന്തോഷവും ഉല്ലാസവും സ്വാതന്ത്ര്യവും തരുന്ന ആഘോഷമായതിനാൽ മലയാളികൾക്കൊപ്പം വിദേശികളും പങ്കുചേരുന്ന കാഴ്ചയാണ് മഹാനഗരത്തിൽ.

എല്ലാ ഭാഷക്കാരും ഓണവിരുന്നുകളിൽ ആവേശത്തോടെയാണ് പങ്കുചേരുന്നത്. മലയാളികളുടെ കറിക്കൂട്ടുകളുടെ പേരുകളെല്ലാം അവർ സരളമായി എണ്ണിയെണ്ണിപ്പറയും.

മാവേലിമന്നനായി കൊല്ലത്തോടു കൊല്ലം അവസരം കൈമാറാനിഷ്ടമില്ലാതെ വേഷമിടുന്നവരും ഉണ്ട് ഇവിടെ. പത്ത് വർഷത്തിലധികമായി ഓഎൻജിസി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലെ സ്ഥിരം മാവേലിയാണ് കെ.വി. പവിത്രൻ നായർ. സാമൂഹിക പ്രവർത്തകനും അറിയപ്പെടുന്ന നാടക നടനുമായ ഈ കണ്ണൂർക്കാരൻ ഡോംബിവിലിയിലാണ് കുടുംബ സമേതം താമസം.

എന്നാൽ വ്യത്യസ്ത നിറഞ്ഞ ഒരു മാവേലിയെയാണ് സീവുഡ്‌സ് റെസിഡൻസിയുടെ ഓണാഘോഷത്തിൽ കണ്ടത്. സാധാരണ കണ്ടു വരാറുള്ള കുടവയറൻ മാവേലിക്ക് പകരം സിക്സ് പാക്ക് മാവേലിയായി വന്ന ജെയ്‌സൺ തോമസ് എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി മാറുകയായിരുന്നു.

മാവേലി വേഷം കെട്ടി പ്രദീപെന്ന പേരിനൊപ്പം മാവേലി എന്ന് ചേർത്തിയ സീവുഡ്‌സ് നിവാസിയായ ഇദ്ദേഹം സൗത്ത് ഇന്ത്യൻ സ്റ്റോർ കട തുടങ്ങിയപ്പോൾ കടയ്ക്ക് നൽകിയ പേര് - മാവേലി സ്റ്റോർ. ഇദ്ദേഹം വിവിധ സമാജം സംഘടനകൾക്ക് വേണ്ടി മാവേലിയുടെ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

"ഓണം ഉൾക്കൊള്ളുന്ന സാംസ്കാരിക രാഷ്ട്രീയത്തെ താൽക്കാലികമായി മാറ്റിനിർത്തുമ്പോൾ, കുടിയേറ്റ മലയാളി പ്രത്യേകിച്ചും ഓണത്തെ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന അവകാശവാദത്തിൽ അഭിമാനം കൊള്ളുന്നു," അമൃത പറയുന്നു.

ഒരർത്ഥത്തിൽ, ഇത് മുംബൈയുടെ കോസ്മോപൊളിറ്റൻ ചൈതന്യത്തെ പൂരിപ്പിക്കുന്നു. ഔപചാരിക ഭാഷാപരവും കമ്മ്യൂണിറ്റി അധിഷ്ഠിതവുമായ അസോസിയേഷനുകൾ ഒരു കുടിയേറ്റ സമൂഹത്തിന് വാർഷിക ആഘോഷങ്ങൾക്ക് മാത്രമല്ല, ജന്മസ്ഥലത്ത് നിന്ന് അകലെയായിരിക്കുമ്പോൾ ഒരു സ്വദേശിയെന്ന നിലയിൽ ഒരാളുടെ ഐഡന്‍റിറ്റി ഉൾക്കൊള്ളുന്നതിനും അത്യന്താപേക്ഷിതമാണ്," അമൃത പറഞ്ഞു.

മുംബൈയിലെ സമാജങ്ങൾ ഓണാഘോഷങ്ങളിൽ നിന്ന് ഗാനമേളകൾക്കപ്പുറം വലിയ ആഘോഷങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്ന കാലഘട്ടം കൂടിയാണിത്. പ്രതിസന്ധി ഘട്ടങ്ങളിലും ആഘോഷങ്ങളിലും അതിലുപരി ദൈനംദിന ജീവിതത്തിലും വ്യക്തികളെയും കുടുംബങ്ങളെയും ഒന്നിപ്പിക്കാൻ ഈ സംഘടനകൾക്ക് ഓണത്തിന്‍റെ പൊതു പ്രദർശനം അത്യന്താപേക്ഷിതമാണ് എന്ന് അമൃത ഓർമ്മിപ്പിക്കുന്നു.

"ഭാഷ, ഭക്ഷണം, കലാരൂപങ്ങൾ, ഒരു പരിധിവരെ രാഷ്ട്രീയം എന്നിവ ഉൾപ്പെടുന്ന ദൈനംദിന ജീവിതത്തിന്‍റെ ബഹുമുഖതയിലേക്ക് ഈ അസോസിയേഷനുകൾ വളരെക്കാലമായി നിരന്തരമായ ശ്രമങ്ങൾ നടത്തിവരുന്നു. ഭാഷാപരവും സാമുദായികവുമായ അസോസിയേഷനുകളാണെങ്കിലും ഓണത്തിന്‍റെ ചൈതന്യത്തിന്‍റെ സമൃദ്ധമായ പ്രകടനത്തിലൂടെ കുടിയേറ്റ മലയാളികൾ അഭിവൃദ്ധി പ്രാപിക്കുന്നതായി തോന്നുന്നു എന്നത് എടുത്തുപറയേണ്ടതാണ് എന്ന് അമൃത ഓർമ്മിപ്പിക്കുന്നു.

മാറിക്കൊണ്ടിരിക്കുന്ന കുടിയേറ്റ രീതികൾ, പരിമിതമായ വ്യക്തിഗത ഇടപെടലുകൾ, വിദ്യാഭ്യാസ-കരിയർ ഉത്കണ്ഠ, അപര്യാപ്തമായ ഭാഷാ പരിശീലനം എന്നിവ പലപ്പോഴും യുവതലമുറയ്ക്ക് പ്രസക്തമായി തുടരാൻ അസോസിയേഷനുകളെ ബുദ്ധിമുട്ടിലാക്കുന്നു എന്നത് അമൃത ചൂണ്ടിക്കാണിക്കുന്നു.

അതിനാൽ , യുവാക്കളുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായി എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ അസോസിയേഷനുകൾ ബാധ്യസ്ഥരാണ് എന്ന് അവർ പറഞ്ഞു.

ഉദാഹരണമായി നവകേരള വെൽഫെയർ അസോസിയേഷൻ പലാവയുടെ പ്രഥമ ഓണാഘോഷം വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധേയമായത്. ഓണാഘോഷം വിവിധ കലാപരിപാടികളും നാടൻ കായിക വിനോദങ്ങളും രുചികരമായ ഓണസദ്യയും മാത്രം ആയിരുന്നില്ല. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി നടന്നു വരുന്ന ഓണാഘോഷ പരിപാടികൾക്കിടയിൽ നവകേരള സംഘടിപ്പിച്ച ഓണപ്പുലരി വേറിട്ട് നിന്നത് യുവജന പങ്കാളിത്തം കൊണ്ടാണ്. പലാവ ഫേസ് 2 താമസ സമുച്ചയത്തിൽ വസിക്കുന്ന പുതുതലമുറയിലെ മലയാളികൾ ചേർന്ന് രൂപം കൊടുത്ത സംഘടനയാണ് നവകേരള വെൽഫെയർ അസോസിയേഷൻ.

"ഊർജ്ജസ്വലമായ ഡയസ്പോറിക് കമ്മ്യൂണിറ്റിയുള്ള കുടിയേറ്റ മലയാളികൾ ഭാഷാ ചൈതന്യത്തിനായി ജിജ്ഞാസ സൃഷ്ടിക്കുന്നതിനും കലയും സാഹിത്യവും പഠിക്കുന്നതിനും ചർച്ചകളിലൂടെയും വേദികളിലൂടെയും കേരളത്തിന്‍റെ സമകാലികരുമായി ബന്ധപ്പെടുന്നതിനുമുള്ള വഴികൾ കണ്ടെത്തുന്നത് തുടരുന്നു.ഓണത്തിന്‍റെ തുടർച്ചയായ ആഘോഷം പ്രാഥമികമായി സൗകര്യം ഉൾക്കൊള്ളുന്നതായിരിക്കാം ഔപചാരിക ഗ്രൂപ്പുകൾക്ക് അവരുടെ വീടും അവർ ആഗ്രഹിക്കുന്ന വീടും എവിടെ നിർമ്മിച്ചു എന്നതിനെക്കുറിച്ച് പ്രസക്തമായി തുടരാനുള്ള അവരുടെ ശ്രമങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണിവ" അമൃത പറഞ്ഞു.

മലയാളികളായ പ്രവാസികളുടെ ഓണാഘോഷം പലപ്പോഴും നാട്ടുകാരെയും മറ്റ് കുടിയേറ്റ സമൂഹങ്ങളെയും അവരുടെ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുകയും വീടിനോടുള്ള കുടിയേറ്റക്കാരുടെ ഗൃഹാതുരത്വത്തിന്‍റെ ഭാരം വിശദീകരിക്കുകയും ചെയ്യുന്നു.

ഓണപ്പാട്ടുകൾ പാടിയും തൂശനിലയിൽ സദ്യ കഴിച്ചും പൂക്കളമൊരുക്കിയും മുംബൈ വീടുവീടാന്തരങ്ങളിൽ മാത്രമല്ല, മലയാളി അസോസിയേഷനുകളിലും കമ്പനികളിലും നഗരത്തിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ സീവുഡ്‌സ് മാളിലും ഓണം കെങ്കേമമായി കൊണ്ടാടപ്പെട്ടു. ചിലപ്പോഴെങ്കിലും നഗരം ഓണക്കാലത്ത് കൊച്ചു കേരളമായി മാറുന്നുണ്ടോ എന്ന് പോലും സംശയിച്ചു പോകുന്നു.

ഈ വർഷത്തെ സീവുഡ്‌സ് സമാജത്തിന്‍റെ 'ഓണം ഒപ്പുലൻസ്' നവി മുംബൈയെ ത്രസിപ്പിച്ചപ്പോൾ, മലയാളികളുടെ ഓണത്തെ ഭാഷാ ഭേദമേന്യേ നഗരവാസികൾ സ്വീകരിക്കുകായിരുന്നു.തെയ്യത്തിന്‍റെ വർണ്ണപ്പകിട്ട് തീർത്ത ദൈവങ്ങളും മാവേലിയും വാമനനും പരശുരാമനും ഓണപ്പൊട്ടന്മാരും ആരെയും ആനന്ദസാഗരത്തിലാറാടിക്കുന്ന ചെണ്ടമേളവും പിന്നെ നടന്നു നീങ്ങുന്ന വേഷവിധാനങ്ങളും നൃത്തനൃത്യങ്ങളും ചേർന്നപ്പോൾ മലയാളിക്കത് അഭിമാന നിമിഷമായിരുന്നു.

മഹാനഗരത്തിൽ ഓണത്തിന്‍റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ഒപ്പുലൻസ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടുമായാണ് ശ്രദ്ധേയമായത്. പതിനായിരക്കണക്കിനാളുകളാണ് ഓണം ഓപ്പുലൻസ് കാണാൻ എത്തിയത്.

"പല വിധ വ്യത്യസ്ത സംസ്കാരങ്ങൾ സഹവർത്തിത്വത്തോടെ വാഴുന്ന ഒരു നഗരമാണ് മുംബൈ നഗരം. ഓരോ ഭാഷാ വിഭാഗവും അവരവരുടെ ആചാരങ്ങളെയും ആഘോഷങ്ങളെയും തങ്ങൾ കാലാകാലങ്ങളായി താമസിക്കുന്ന ഈ നഗരത്തിലേക്ക് പറിച്ചുനടാൻ എന്നും വ്യഗ്രത കാണിച്ചിട്ടുണ്ട്," പ്രശസ്ത എഴുത്തുകാരി മാനസി പറയുന്നു.

"ഓരോ ഭാഷാ വിഭാഗങ്ങളുടെയും വൈകാരികവും സാംസ്കാരികവുമായ എന്നത്തേയും ആവശ്യമാണ് ഇത്തരം ആഘോഷങ്ങൾ. അവരവർക്ക് പരിചിതമായ ഒരു സാമൂഹ്യ സാംസ്കാരിക അന്തരീക്ഷം തനിക്ക് ചുറ്റും ഉണ്ടാക്കുക എന്നതായിരുന്നു എന്നും അത്തരം ആഘോഷങ്ങളുടെ ലക്ഷ്യം" മാനസി പറഞ്ഞു.

നഗരത്തിലെ പ്രാന്ത പ്രദേശങ്ങൾ എല്ലാം എപ്പോഴും അടുത്തടുത്താകുമെന്നതിനാൽ പിന്നെ പിന്നെ പലരുടെയും ആഘോഷങ്ങൾ അതാതിന്‍റെ തനിമ നിലനിർത്തിക്കൊണ്ട് പരസ്പരം കൂടിക്കലർന്നു എന്ന് മാനസി ചൂണ്ടിക്കാണിക്കുന്നു.

"ചരിത്രത്തിന്‍റെ നീക്കിയിരിപ്പുകൾ അല്ല അവരെ ഒന്നിപ്പിച്ചത്. മറിച്ച് ജീവിത സാഹചര്യങ്ങളാണ്. മറാട്ടി ജനതയുടെ പ്രമുഖ ആചാരമായ വീട്ടിലെ ഗണപതി വയ്പ്പ് ഇന്ന് മലയാളികളും അതേ ഭക്തിയോടും ആഘോഷത്തോടും കൂടി ചെയ്യുന്നുണ്ട്. ഇന്ന് നവരാത്രി ആഘോഷങ്ങൾക്ക് ഏഴുദിവസം ഏഴു നിറമുള്ള വസ്ത്രങ്ങൾ അണിയുക മിക്കവാറും എല്ലാ ഭാഷക്കാരിലെ സ്ത്രീകളും ആചരിക്കുന്നു, " മാനസി പറയുന്നു.

കേരളത്തിൽ വലിയ തോതിൽ ആഘോഷിക്കപ്പെടാതിരിക്കുന്ന ദീപാവലി മുംബൈ മലയാളിക്ക് ഇന്ന് സ്വന്തം ആഘോഷമാണ് എന്നും അവർ ഓർമ്മിപ്പിക്കുന്നു. മലയാളിക്കെന്നും ഉന്മേഷത്തിന്‍റേയും ഉത്സാഹത്തിന്‍റേയും ഉത്സവമാണ് പൊന്നോണം. നാടും വീടും പ്രതീക്ഷയുടെ കിരണത്താൽ ശോഭിതമാകുന്നു. നിറവിന്‍റേയും നന്മയുടെയും മഹനീയ മുഹൂർത്തങ്ങൾ. ലോകത്തിന്‍റെ ഏതു കോണിലുള്ള മലയാളിക്കും ഓണം മധുരസ്മൃതികളുടെ പുതുമഴയാണ്. എത്ര ദൂരെയാണെങ്കിലും കേരളീയർ നാടണയാൻ കൊതിക്കുന്ന മനോഹരനിമിഷങ്ങൾ.

ഓണാഘോഷം നിശ്ചിതകാലയളവിലേക്ക് ചുരുക്കപ്പെടുമ്പോൾ നഗര വാസികൾക്ക് വർഷാവസാനംവരെ ഓണക്കാലമാണ്.

നഗരത്തിലെ ഓണാഘോഷങ്ങൾ എന്നും മായാതെ മറയാതെ നിൽക്കുന്ന കാഴ്ചകളാണ്.ബി ജെപി മുതൽ ശിവസേന വരെ ഓണമാഘോഷിക്കുന്ന കാഴ്ച്ച കൗതുകമുളവാക്കുന്നതാണ്.

അവനവന്റെ ഇലയിൽ ചോറ് ഉണ്ടെങ്കിലേ ആരാന്‍റെ കോലായിൽ ചോറ് ഉണ്ടാകൂ എന്നൊരു ചൊല്ലുണ്ട് അപ്പോൾ മലയാളിക്ക് വേണം മലയാളിയുടെതായ ആഘോഷം എന്ന് മാനസി ചൂണ്ടിക്കാണിക്കുന്നു.

"ജാതിമത ലിംഗ ഭേദമന്യേ ആഘോഷിക്കുന്ന ഓണം മലയാളിയുടെ പൈതൃകമാണ്. മലയാളിയുടെ സാമൂഹ്യ സാംസ്കാരിക അന്തരീക്ഷത്തെ നഗരത്തിലേക്ക് പറിച്ചു നടാനുള്ള ഒരുപാധിയാണ്. മലയാളിയുടെ ജീവിത മൂല്യബോധങ്ങളെ, ആശയങ്ങളെ മറ്റുള്ളവർക്കു മുൻപിൽ കലാപരമായി പ്രകടിപ്പിക്കാനുള്ള ഒരു സാംസ്കാരിക വേദിയാണ്. ഓണം മലയാളിക്ക് വേണ്ടി ഒരുക്കിയത് ഇതൊക്കെയാണ്, " കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ മാനസി പറയുന്നു. പള്ളികളിലും തനതായി രീതിയിൽ ഓണമാഘോഷിക്കുന്നതും നഗരം മാസങ്ങളോളം ആഘോഷം നീട്ടുന്നതും മാനസി ഓർത്തെടുത്തു.

അതേസമയം ഓണഘോഷത്തിന് കഴിഞ്ഞ 5 വർഷത്തേക്കാൾ അഞ്ചിരട്ടി സാമ്പത്തിക ചിലവ് വർധിച്ചതായും മുൻകാലങ്ങളെക്കാൾ ആവേശത്തിൽ ഓണാഘോഷം നടത്താറുണ്ടെന്നും നവിമുംബൈയിലെ സമാജം ഭാരവാഹി പറഞ്ഞു.എന്നാൽ സാമ്പത്തിക ചിലവ് ഇരട്ടി ആയിട്ടും സാമ്പത്തിക ചിലവ് വഹിക്കാൻ പലരും മുന്നോട്ട് വരുന്നുണ്ടെന്നും മലയാളി എന്ന വികാരം ഉൾക്കൊണ്ടാണ് അവർ പലരും മുന്നോട്ട് വരുന്നതെന്നും പവായ് കേരള സമാജം പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സജി പിള്ള പറഞ്ഞു.

"തീർച്ചയായും മാസങ്ങൾ നീളുന്ന ഓണാഘോഷങ്ങൾ നഗരത്തിൽ നടക്കുന്നത് അഭിമാനകരം തന്നെയാണ്, " കേരളീയ കേന്ദ്ര സംഘടനയുടെ ജനറൽ സെക്രട്ടറി മാത്യു തോമസ് പറഞ്ഞു.

"പക്ഷേ ഇതിൽ സ്വാഗതാർഹമല്ലാത്ത ചില ഘടകങ്ങൾ ഉണ്ടോ എന്നു ഭയപ്പെടുകയാണ്. മലയാളിയെ ഭാഗം വെച്ച് എടുക്കുന്ന തരത്തിൽ ഇപ്പോൾ ഓണാഘോഷങ്ങൾ മാറുന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം. നായർക്കും, നമ്പൂരിക്കും, കൃസ്ത്യാനിക്കുമൊക്കെ അവരുടേതായ സ്വത ബോധങ്ങൾ ഉണ്ട്. പക്ഷേ അവരെല്ലാം അതിലുപരി മലയാളികളാണ്," തോമസ്സ് പറഞ്ഞു.

മലയാളിയെന്ന സ്വത ബോധമാണ് ഓണത്തിന്‍റെ ആശയ അടിത്തറയെന്ന് സാംസ്കാരിക പ്രവർത്തകൻ കൂടിയായ മാത്യു തോമസ്സ് ഓർമ്മപ്പെടുത്തുന്നു.

"മലയാളിയിൽ വിഭാഗീയത ഉണ്ടാക്കുന്ന രീതിയിൽ ഓണാഘോഷങ്ങൾ കൊണ്ട് പോകുന്നത്, ഓണം നമുക്ക് നൽകുന്ന മഹത്തായ സന്ദേശത്തിന് വിരുദ്ധമാണ്. മലയാളിയുടെ, സർവ്വ ജനത്തെയും ഉൾക്കൊള്ളുന്ന, പൊതു സ്വതത്തെ ഉയർത്തി പിടിക്കുന്നതായിരിക്കണം നമ്മുടെ ഓണാഘോഷങ്ങൾ," മാത്യു തോമസ് കൂട്ടി ചേർത്തു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും