#സ്മൃതി ഇറാനി, കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പു മന്ത്രി
നിറഞ്ഞ ചാരിതാർഥ്യത്തോടെയും തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയുമായിരുന്നു ലോക് സഭാംഗങ്ങളുടെ മുന്നിൽ ഞാൻ നിന്നത്. അതീവ പ്രാധാന്യമുള്ളതും, നമ്മുടെ രാജ്യത്തിന്റെ ഭാവിയെ പുനർനിർമിക്കാൻ ശേഷിയുള്ള ഒരു വിഷയം ചർച്ച ചെയ്യാനുള്ള ഒത്തുചേരലായിരുന്നു അത്. പൊതുവെ വനിതാ സംവരണ ബിൽ എന്നറിയപ്പെടുന്ന "നാരീ ശക്തി വന്ദൻ അധിനിയം' എന്ന ബില്ലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോക്സഭയിലും സംസ്ഥാന നിയമ സഭകളിലും 33% സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാൻ നിർദിഷ്ട ഭരണഘടനാ ഭേദഗതി നിർദേശിക്കുന്നു. രാഷ്ട്രീയ മേഖലയിൽ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
ഏറെക്കാലം മുമ്പ്, രാഷ്ട്രം അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ, തങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വിവിധ പ്രദേശങ്ങളിലെ സാധാരണ സ്ത്രീകൾ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ നിർണായക പങ്ക് വഹിച്ച, സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ദാർശനികരായ വനിതകൾ, സാധാരണ സ്ത്രീകൾക്ക് അർഹമായ അവസരം ലഭിച്ചില്ലെങ്കിൽ, കാലക്രമേണ അത് സ്ത്രീസമൂഹത്തിന് ഒരു വെല്ലുവിളിയായിത്തീരുമെന്ന് മനസിലാക്കിയിരുന്നു. ദാർശനികരായ ആ വനിതകളെ ഇന്ന് ഞാൻ അഭിവാദ്യം ചെയ്യുന്നു.
ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ പഠിക്കാൻ 1971ലെ ഗവൺമെന്റിന്റെ കാലത്ത് ഒരു സമിതി രൂപീകരിക്കുകയുണ്ടായി. 1974ൽ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ ഏഴാം അധ്യായത്തിൽ, വനിതകൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പ് നൽകണമെന്ന് ഭാരതീയ ജനസംഘം ആവശ്യപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനസംഘം വനിതകൾക്ക് സംവരണം വേണമെന്ന് വാദിച്ചിരുന്നു. ജനസംഘത്തിലെ ദീർഘദർശികളായ ചിന്തകർക്ക് ഇന്ന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
സ്വന്തം സംഘടനയിൽ വനിതാ സംവരണം ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ രാഷ്ട്രീയ പാർട്ടിയായി ഭാരതീയ ജനതാ പാർട്ടിക്ക് നേരത്തെ തന്നെ മാറാൻ കഴിഞ്ഞതിൽ ബിജെപി പ്രവർത്തകർക്ക് അഭിമാനമുണ്ട്.
ഈ ചർച്ചകൾക്കിടയിൽ, വനിതാ സംവരണ ബില്ലിന്റെ കർത്തൃത്വത്തെ സംബന്ധിച്ച അവകാശവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും നാം സാക്ഷ്യം വഹിച്ചു. വിജയത്തിന്റെ പിതൃത്വമേറ്റടുക്കാൻ ഒരുപാട് പേർ കാണുമെന്നും പരാജയം അനാഥമാണെന്നും പറയാറുണ്ട്. ബില്ലിന്റെ പരിഗണനാവേളയിൽ അത് "നമ്മുടെ ബിൽ' ആണെന്ന് ചിലർ അവകാശവാദം ഉന്നയിച്ചു. ചിലരാകട്ടെ അതിനായി കത്തെഴുതിയിരുന്നു എന്ന് അവകാശപ്പെട്ടു. തങ്ങളാണ് മുഴുവൻ ഭരണഘടനാ ചട്ടക്കൂടും സ്ഥാപിച്ചത് എന്ന് ചിലർ പറഞ്ഞു.
ഒരു വനിതാ നേതാവ് ലോക്സഭയിൽ നടത്തിയ പ്രസംഗം രണ്ട് കാര്യങ്ങൾ വ്യക്തമാക്കി. അതിന് ഞാൻ അവരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, ഭരണഘടനയുടെ 73ഉം 74ഉം ഭേദഗതികളുടെ ക്രെഡിറ്റ് ഒരു പ്രത്യേക കുടുംബത്തിനാണ് പലപ്പോഴും കല്പിച്ച് നൽകിയിരുന്നത്. എന്നാൽ, പി.വി. നരസിംഹ റാവുവാണ് ഇതിന് മുഖ്യകാർമികത്വം വഹിച്ചതെന്ന് അവർ പാർലമെന്റിൽ സമ്മതിക്കുകയുണ്ടായി. ഈ സുപ്രധാന ഭേദഗതികൾക്ക് ആരൊക്കെയാണ് സംഭാവന നൽകിയതെന്ന് നാം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. നരസിംഹ റാവുവിന്റെ പേര് തീർച്ചയായും ചരിത്രത്തിൽ സ്ഥാനം അർഹിക്കുന്നു.
പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിലെ ഒരു തർക്കവിഷയമാണ് വനിതാ സംവരണ ബിൽ. സംവരണത്തിന്റെ കാലാവധിയായിരുന്നു തർക്കത്തിന്റെ കേന്ദ്രബിന്ദു. സംവരണം 15 വർഷത്തേക്ക് തുടരുമെന്നും ഓരോ തവണയും മണ്ഡല പുനർനിർണയത്തിന് ശേഷം വനിതകൾക്ക് സംവരണം ചെയ്യുന്ന സീറ്റുകൾ മാറിമാറി നൽകാമെന്നും മോദി സർക്കാർ നിർദേശിച്ചു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണപ്രദമാണ്. ഇതിനു വിപരീതമായി, കോൺഗ്രസ് പാർട്ടി 10 വർഷത്തേക്ക് മാത്രമായിരുന്നു വനിതാ സംവരണം നിർദേശിച്ചിരുന്നത്. 10 വർഷത്തിനു ശേഷം വനിതകളുടെ അവകാശങ്ങൾ തട്ടിയെടുക്കാമെന്ന് അവർ പ്രതീക്ഷിച്ചു. കോൺഗ്രസിന്റെ ഈ ആഗ്രഹം യാഥാർഥ്യമാക്കാൻ അനുവദിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നിയമ മന്ത്രിയോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
സംവരണ കാലാവധിയെ അഭിസംബോധന ചെയ്യുന്നതിനു പുറമേ, ചില ഭരണഘടനാ വ്യവസ്ഥകളും നിയമപരമായ വശങ്ങളും വ്യക്തമാക്കേണ്ടതും അത്യാവശ്യമാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (OBCs) ന്യൂനപക്ഷ സമുദായങ്ങൾക്കും പ്രത്യേക ക്വാട്ട വേണമെന്ന് ചിലർ നിർദേശിക്കുകയുണ്ടായി. എന്നാൽ, മതാടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല എന്ന കാര്യം നാം ഓർത്തിരിക്കേണ്ടത് പ്രധാനമാണ്.
വസ്തുതകൾ സൂക്ഷ്മമായി പരിശോധിക്കാനും ഭരണഘടനാപരമായ മാർഗങ്ങളിലൂടെ വനിതകളെ ശാക്തീകരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ തിരിച്ചറിയാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ഭരണഘടനയെയും അതിന്റെ അന്തസ്സിനെയും കാത്ത് സൂക്ഷിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധത അചഞ്ചലമായി തുടരേണ്ടതുണ്ട്.
രാഷ്ട്രീയ പ്രാതിനിധ്യം സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാന വശമാണ്. രാഷ്ട്രീയത്തിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ മോദി സർക്കാർ നടപടികൾ സ്വീകരിച്ചു. മാത്രമല്ല, ഭരണത്തിന്റെ വിവിധ തലങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ, തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയകളിൽ സ്ത്രീ ശബ്ദം ഉയർന്നു കേൾക്കുന്നുവെന്ന് മോദി സർക്കാർ ഉറപ്പാക്കുന്നു.
നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിൽ സ്ത്രീശാക്തീകരണത്തിനുള്ള പരിവർത്തന യാത്രയ്ക്ക് തുടക്കം കുറിച്ചു. സമഗ്രമായ നയങ്ങളിലൂടെയും ലക്ഷ്യവേധിയായ സംരംഭങ്ങളിലൂടെയും, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, രാഷ്ട്രീയ പ്രാതിനിധ്യം, സാമ്പത്തിക ശാക്തീകരണം, ലിംഗസമത്വം തുടങ്ങിയ നിർണായക മേഖലകളെ സർക്കാർ അഭിസംബോധന ചെയ്തിട്ടുണ്ട്. സ്ത്രീകളിൽ കൊഴിഞ്ഞുപോക്കിന്റെ നിരക്കിൽ ഗണ്യമായ കുറവ്, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ ലഭ്യത, വർധിച്ച രാഷ്ട്രീയ പ്രാതിനിധ്യം, മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ എന്നിവയുടെ ഗുണഫലങ്ങൾ സ്വയം സംസാരിക്കുന്നവയാണ്.
സ്ത്രീകളുടെ വികസനത്തിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള കാര്യങ്ങൾ വിസ്മരിക്കാവുന്നതല്ല. വിഹിതത്തിലെ വർധന വനിതകളുടെ വളർച്ചയെ സഹായിക്കാനുള്ള നമ്മുടെ ഗവൺമെന്റിന്റെ സമർപ്പണ മനോഭാവം പ്രകടമാക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ സ്കൂളുകളിൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയാൻ കാരണമായി. രാഷ്ട്രീയമായി മാത്രമല്ല, വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക അവസരങ്ങളിലൂടെയും വനിതകളെ ശാക്തീകരിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ പാതയിൽ ഇന്ത്യ മുന്നേറുമ്പോൾ, ഈ സംരംഭങ്ങളുടെ ഗുണപരമായ സ്വാധീനം തിരിച്ചറിയുകയെന്നത് നിർണായകമാണ്. ഒട്ടേറെ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള സർക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധത രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രത്യാശയുടെ വെളിച്ചമായി വർത്തിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, രാഷ്ട്രീയ- സാമ്പത്തിക അവസരങ്ങൾ എന്നിവയിലൂടെ, ഇന്ത്യയിലെ സ്ത്രീകൾ ശാക്തീകരണത്തിന്റെ ഒരു പുതിയ ദിശാബോധം നേരിട്ട് അനുഭവിക്കുന്നു. ഇത് രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും സംഭാവന ചെയ്യുന്നു.
നമ്മുടെ ഭരണഘടന മാഹാത്മ്യത്തിന്റെ വീക്ഷണകോണിൽ നിന്ന് ഈ ബില്ലിനെ നോക്കുകയാണെങ്കിൽ, ലക്ഷ്മി ദേവി ഭരണഘടനാ രൂപം കൈക്കൊണ്ടിരിക്കുന്നുവെന്ന് പറയാവുന്നതാണ്. ഇത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്റെ പ്രതീകമാണ്. സ്വാശ്രയത്വത്തിലേക്കും സ്വയം നിർണയാവകാശത്തിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ഈ ബിൽ ഒരു രാഷ്ട്രീയ ഉപകരണമല്ല; മറിച്ച് നമ്മുടെ രാജ്യത്തെ വനിതകളെ ശാക്തീകരിക്കാനുള്ള ഒരു മാർഗമാണ്.
പ്രശസ്തിക്കോ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനോ ഉള്ള അവസരമല്ല ഇതെന്ന് നമുക്ക് ഉപസംഹരിക്കാം. വനിതകളെ ശാക്തീകരിക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഇന്ത്യയുടെ ശോഭനമായ ഭാവി രൂപപ്പെടുത്താനും നമുക്ക് മുന്നിലുള്ള ചരിത്രപരമായ അവസരം തിരിച്ചറിയുക എന്നതാണ് പ്രധാനം. പ്രവർത്തിക്കാനുള്ള സമയമാണിത്. "നാരീ ശക്തി'യെ അതിന്റെ യഥാർഥ സ്വരൂപത്തിൽ പിന്തുണയ്ക്കാനും നമ്മുടെ വാക്കുകളെ പ്രവൃത്തിപഥത്തിലെത്തിക്കാനും ഞാൻ ഓരോരുത്തരോടും അഭ്യർഥിക്കുന്നു.