PM Narendra Modi file image
Special Story

നെഹ്റുവിനു ശേഷം പ്രധാനമന്ത്രിസ്ഥാനത്ത് ആദ്യത്തെ ഹാട്രിക്

പ്രധാനമന്ത്രിയായി തുടർച്ചയായുള്ള മൂന്നാമൂഴത്തിനു തുടക്കമിടുമ്പോൾ നരേന്ദ്ര മോദിക്കു സ്വന്തമാകുന്നത് ജവഹർ ലാൽ നെഹ്റുവിനു ശേഷം ആദ്യമായി ഹാട്രിക് തികച്ച നേതാവെന്ന റെക്കോഡ്. നെഹ്റുവിനും ഇന്ദിര ഗാന്ധിക്കും ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച നേതാവ് എന്ന റെക്കോഡും ഇനി മോദിക്ക് സ്വന്തം. പതിനഞ്ചു വർഷം രാജ്യം ഭരിച്ച മൂന്നാമത്തെ പ്രധാനമന്ത്രിയെന്ന ബഹുമതിയും കാത്തിരിക്കുന്നുണ്ട് മോദിയെ.

ആർഎസ്എസിൽ നിന്നു ബിജെപിയിലെത്തിയ അദ്ദേഹം രണ്ടു വ്യാഴവട്ടം പിന്നിട്ട രാഷ്‌ട്രീയ ജീവിതത്തിൽ ഒരിക്കൽപ്പോലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടില്ല.

പ്രധാനമന്ത്രി പദത്തിലും ബിജെപി നേതൃത്വത്തിലും മുൻഗാമി എ.ബി. വാജ്പേയിക്ക് സൗമ്യതയായിരുന്നു സവിശേഷതയെങ്കിൽ കാർക്കശ്യമാണ് മോദിയുടെ മുഖമുദ്ര. വാജ്പേയിയുടെ രാഷ്‌ട്രീയജീവിതത്തിന്‍റെ സിംഹഭാഗവും പ്രതിപക്ഷ ബെഞ്ചിലായിരുന്നെങ്കിൽ ഗുജറാത്തിലും കേന്ദ്രത്തിലും ഇതേവരെ പ്രതിപക്ഷത്തിരുന്നിട്ടില്ല മോദി. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും രണ്ടു വ്യാഴവട്ടം പ്രവർത്തിച്ച മറ്റൊരു നേതാവും രാജ്യത്തില്ല.

ജവഹർലാൽ നെഹ്റു

Jawaharlal Nehru

1947 മുതൽ 1964 വരെ 16 വർഷവും 286 ദിവസവും തുടർച്ചയായി അധികാരത്തിലിരുന്നു നെഹ്റു. പ്രധാനമന്ത്രി പദത്തിൽ തുടരുമ്പോഴായിുന്നു അദ്ദേഹത്തിന്‍റെ മരണം. മൂന്നു ടേമുകളിലും ചോദ്യം ചെയ്യപ്പെടാത്ത ഭൂരിപക്ഷമുണ്ടായിരുന്നു കോൺഗ്രസിന്. എന്നാൽ, പാർട്ടിക്കുള്ളിലും പുറത്തും നിന്ന് നെഹ്റു പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യ സമരകാലത്തെ പ്രവർത്തനങ്ങളും ഗാന്ധിജിയുടെ പിന്തുണയുമെല്ലാം നെഹ്റുവിന്‍റെ ജനകീയതയ്ക്ക് വഴിയൊരുക്കി. ആധുനിക ഇന്ത്യയെ കെട്ടിയുയർത്തുന്നതിന്‍റെ തുടക്കവും നെഹ്റുവിൽ നിന്നായിരുന്നു. ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തിയതും നെഹ്റുവാണ്.

ഇന്ദിര ഗാന്ധി

Indira Gandhi

15 വർഷവും 350 ദിവസവും പ്രധാനമന്ത്രി പദം വഹിച്ചിട്ടുണ്ട് ഇന്ദിര. ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണശേഷം 1966 മുതൽ 1977വരെ മൂന്നു തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അവർ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. 1980ൽ അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിര 1984ൽ വെടിയേറ്റ് മരിക്കുന്നതു വരെ നേതൃപദവിയിൽ തുടർന്നു. രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളാണ് ഇന്ദിര. പാക്കിസ്ഥാനിൽ നിന്നു ബംഗ്ലാദേശിനെ മോചിപ്പിച്ച 1971ലെ യുദ്ധം ഇന്ദിരയുടെ പ്രതിച്ഛായ ഉയർത്തി. ഹരിതവിപ്ലവം പോലുള്ള പദ്ധതികളും അവരെ പ്രിയങ്കരിയാക്കി. എന്നാൽ, അടിയന്തരാവസ്ഥ രാജ്യത്തിന്‍റെയും ഇന്ദിരയുടെയും ചരിത്രത്തിൽ മായ്ക്കാനാവാത്ത കറുത്തപൊട്ടാകുകയും ചെയ്തു.

നരേന്ദ്ര മോദി

Narendra Modi

ഗുജറാത്ത് മുഖ്യമന്ത്രിയായി ഹാട്രിക് വിജയത്തോടെ 13 വർഷം ഭരിച്ച മോദി 2014ലാണു പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തുമായി തോൽവിയറിഞ്ഞിട്ടില്ലാത്ത നേതാവാണു മോദി. കേശുഭായ് പട്ടേലിന്‍റെ പിൻഗാമിയായി 2001 ഒക്റ്റോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ മോദി പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി, സ്വന്തം പാർട്ടിക്ക് കേവല ഭൂരിപക്ഷത്തോടെ ഭരണം നേടിയ ഏക കോൺഗ്രസ് ഇതര നേതാവ് തുടങ്ങി നിരവധി സവിശേഷതകൾ സ്വന്തമാക്കിയിട്ടുണ്ട് മോദി. സ്വച്ഛ് ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ, പിഎം കിസാൻ സമ്മാൻ നിധി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികൾ മോദി സർക്കാർ മുന്നോട്ടുവച്ചവയാണ്. ആദ്യ രണ്ടു തവണയും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ മൂന്നാം ടേമിൽ അതില്ലെന്നതാണ് മോദി നേരിടുന്ന വെല്ലുവിളി. സഖ്യത്തെ ആശ്രയിച്ചു മാത്രമേ ഈ സർക്കാരിനു മുന്നോട്ടുപോകാനാകു.

മൻമോഹൻ സിങ്

Manmohan Singh

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ അഴിച്ചുപണിത സാമ്പത്തികശാസ്ത്രജ്ഞൻ മൻമോഹൻ സിങ്ങാണ് കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രിമാരിൽ നാലാമത്. 2004- 2014 കാലത്തായി 10 വർഷവും നാലു ദിവസവും അദ്ദേഹം അധികാരത്തിലിരുന്നു. ആണവനിലയങ്ങളിലെ സാങ്കേതിക വിദ്യയും ആണവ ഇന്ധനവും ആഗോള വിപണിയിൽ നിന്ന് രാജ്യത്തിനു ലഭ്യമാക്കിയ ഇന്ത്യ- യുഎസ് ആണവക്കരാറിന്‍റെ മുഖ്യശിൽപ്പിയാണു കോൺഗ്രസ് നേതാവായ മൻമോഹൻ. വിവരാവകാശനിയമം ഉൾപ്പെടെ സുപ്രധാന നിയമങ്ങളും മൻമോഹന്‍റെ കാലത്ത് രൂപംകൊണ്ടു.

അടൽ ബിഹാരി വാജ്പേയി

AB Vajpayee

1996 മുതൽ 2004 വരെ മൂന്നു തവണയായി ആറു വർഷവും 80 ദിവസവും പ്രധാനമന്ത്രിയായിരുന്നു ബിജെപി നേതാവായ വാജ്പേയി. പ്രധാനമന്ത്രി പദത്തിൽ അഞ്ചു വർഷം തികയ്ക്കുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവ് വാജ്പേയിയാണ്. 1996ൽ 13 ദിവസം മാത്രം അധികാരത്തിലിരുന്ന അദ്ദേഹം 1998ൽ 13 മാസവും 1999- 2004ൽ അഞ്ചു വർഷവും പ്രധാനമന്ത്രിയായി. പൊഖ്റാനിലെ ആണവപരീക്ഷണവും കാർഗിൽ യുദ്ധ വിജയവും വാജ്പേയി സർക്കാരിന്‍റെ നേട്ടങ്ങൾ. രാജ്യത്തെ റോഡ് ഗതാഗതവികസനത്തിനു തുടക്കമിട്ട സുവർണ ചതുഷ്കോണ പദ്ധതിയും വാജ്പേയി സർക്കാരിന്‍റെ ആശയമാണ്. രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്‍റേറിയന്മാരിൽ ഒരാളായിരുന്ന വാജ്പേയി, സമീപകാലത്ത് രാഷ്‌ട്രീയഭേദമില്ലാതെ ഏറ്റവുമധികം ബഹുമാനിക്കപ്പെട്ട നേതാവുമാണ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ