അജയൻ
ഒടുവിലിതാ ചക്രങ്ങൾ ഉരുണ്ടു തുടങ്ങിയിരിക്കുന്നു. 'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' പദ്ധതിയിലേക്കെത്താൻ നിശ്ചയിച്ചിരിക്കുന്ന സമയം 2029 വരെയാണ്. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച നിർദേശങ്ങളാണ് ഇതിന്‍റെ അടിസ്ഥാനം. ബിജെപിയുടെ സ്വപ്ന പദ്ധതിയിലേക്ക് വഴി തുറക്കുന്ന ബിൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഐക്യത്തിന്‍റെയും കാര്യക്ഷമതയുടെയും പുറംചട്ടയിട്ട ഈ നീക്കം പക്ഷേ, ഏകത്വത്തിന്‍റെ കാർക്കശ്യത്തിലൂടെ ജനാധിപത്യത്തിലെ വൈവിധ്യത്തിന്‍റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്.
ചരിത്ര മുഹൂർത്തമെന്ന് ബിജെപി ക്യാംപ് ഇപ്പോഴേ വാഴ്ത്തിത്തുടങ്ങിയ ഈ നീക്കം രാഷ്ട്രത്തിന്‍റെ സമ്പന്നമായ വൈവിധ്യത്തെയും ഫെഡറലിസത്തെയും അപകടത്തിലാക്കുമെന്ന് പലരും തിരിച്ചറിയുന്നേയില്ല. ശ്രദ്ധാപൂർവം തയാറാക്കിയ ഒരു തിരക്കഥ പോലെയാണ് ഇതിലേക്കുള്ള ഓരോ ചുവടുകളും മറനീക്കി പുറത്തുവരുന്നത്: പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ വിദ്യാഭ്യാസ നയം (NEP), അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠയിൽ പ്രധാനമന്ത്രി വഹിച്ച കാർമികത്വം... എന്നിങ്ങനെ. 'ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഉപകരണം' എന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു നടത്തിയ അവകാശവാദത്തെയും ഇതിനോടു ചേർത്തുവായിക്കാം. ഇപ്പോഴിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ ഗണേശ പൂജയും, പോരാഞ്ഞ്, അണിയറയിൽ ഒരുങ്ങുന്ന ഏകീകൃത സിവിൽ കോഡും (UCC).
ഭരണകക്ഷിയുടെ താത്പര്യങ്ങൾക്ക് അനുസൃതമായ ഏകരൂപത്തിലേക്ക് രാഷ്‌ട്രത്തെ മാറ്റിയെടുക്കാനുള്ള സൂക്ഷ്മമായ തന്ത്രങ്ങളാണ് ഈ നീക്കങ്ങൾ ഓരോന്നിലും നിഗൂഢമായി ചാലിച്ചു ചേർത്തിരിക്കുന്നത്. ഹിന്ദുത്വ എന്ന ആശയത്തിന്‍റെ രാഷ്‌ട്രീയമായ പ്രയോഗ ചാതുരിയാണ് ഇതിലോരോന്നിലും ഒളിച്ചുവച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി രാജ്യത്തിന്‍റെ മതേതര മുഖം തന്നെ മാറ്റിയെടുക്കാൻ ആസൂത്രണം ചെയ്യപ്പെട്ട ബൃഹദ് പദ്ധതി!
'A Field Guide to Post-Truth India' എന്ന പുസ്തകത്തിൽ ശാസ്ത്ര ചരിത്രകാരി മീര നന്ദ നിർബന്ധിത ക്രമവത്കരണം (Forced Standardisation) എന്നൊരു ആശയത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഹിറ്റ്ലറുടെ ജർമനി എല്ലാ സ്ഥാപനങ്ങളെയും നാസി ആശയങ്ങളോടു ചേർത്തുനിർത്തിയതിനെയാണ് അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. വൈവിധ്യം ബലികഴിച്ചുകൊണ്ടുള്ള ഒരു ഗോത്ര ജനാധിപത്യത്തിന്‍റെ പ്രവണതകൾ കാണിക്കുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിലും ഇതേ മാതൃകയുടെ പ്രതിധ്വനികൾ ദർശിക്കാനാകും. അതിരു വിട്ട ഏകത, സർവാധിപത്യ ഭരണ സംവിധാനത്തിന്‍റെ തുടക്കമാണെന്ന് ജർമൻ തത്വചിന്തക ഹന്ന ആറെന്‍റ് നൽകിയിട്ടുള്ള മുന്നറിയിപ്പും ഇവിടെ ഓർമിക്കാം.
നിർദേശത്തിലുള്ളത്
ലോക്സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിന് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കഴിഞ്ഞ മാർച്ചിലാണ് രാംനാഥ് കോവിന്‍റെ അധ്യക്ഷതയിലുള്ള ഒമ്പതംഗ സമിതി സമർപ്പിച്ചത്. ഇപ്പോഴത്തെ ചിതറിക്കിടക്കുന്ന തെരഞ്ഞെടുപ്പ് രീതി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്കും സാമൂഹിക ഐക്യത്തിനും രാഷ്‌ട്രീയ സ്ഥിരതയ്ക്കും ഭീഷണിയാണെന്ന വിലയിരുത്തലാണ് ഈ റിപ്പോർട്ടിലുള്ളത്.
സ്ഥിരതയുടെ പ്രകാശഗോപുരമായാണ് ഏകീകൃത തെരഞ്ഞെടുപ്പ് രീതിയെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത് (എന്നാൽ, എങ്ങനെ അതു സാധിക്കുമെന്ന കാര്യം അവ്യക്തമായി തുടരുകയും ചെയ്യുന്നു). ഇതിലൂടെ ചെലവ് ചുരുക്കാനാവുമെന്നും, സർക്കാർ സംവിധാനങ്ങളും മനുഷ്യവിഭവശേഷിയും വിഭജിച്ചു പോകുന്നത് ഒഴിവാക്കാമെന്നും അവകാശപ്പെടുന്നുണ്ട്. 2019 മുതൽ 2023 വരെയുണ്ടായ തുടർച്ചയായ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കപ്പെട്ടത്. ഈ കാലയളവിൽ ഒരു പൊതു തെരഞ്ഞെടുപ്പും 30 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തിയിരുന്നു.
തുടർച്ചയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തേണ്ടി വരുന്നത് ഭരണത്തിന്‍റെ കാര്യക്ഷമതയെയും അതുവഴി വികസനത്തെയും ബാധിക്കുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇപ്പോഴത്തെ അവസ്ഥയിൽ, മൂന്നു തവണ വരെ സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തേണ്ടി വരുന്നുണ്ട്.
എന്നാൽ, ഈ പെരുമാറ്റച്ചട്ടം എന്നു പറയുന്നത് ഉദ്യോഗസ്ഥതല നടപടിക്രമം എന്നതിലുപരി ജനാധിപത്യത്തിനു ലഭിക്കുന്ന ശക്തമായൊരു കൈത്താങ്ങ് കൂടിയാണെന്ന യാഥാർഥ്യത്തിനു നേരേ റിപ്പോർട്ട് കണ്ണടയ്ക്കുകയാണ്. പെരുമാറ്റച്ചട്ടം കാരണം ഭരണത്തിന്‍റെ കാര്യക്ഷമത കുറയുന്നതിന് തെളിവൊന്നുമില്ല. മറിച്ച്, തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ പാർട്ടികൾക്കും തുല്യതയും ഉത്തരവാദിത്വബോധവും ഉറപ്പാക്കുന്നതാണ് പെരുമാറ്റച്ചട്ടം എന്ന സമ്പ്രദായം. ഭരണം തടസപ്പെടുത്തുകയല്ല, മെച്ചപ്പെടുത്തുകയാണ് അതു ചെയ്യുന്നത്.
ജനാധിപത്യത്തിന്‍റെ മൂല്യം
'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന ആശയത്തിലൂടെ സമയവും പണവും വിഭവശേഷിയും ലാഭിക്കാം എന്ന വാഗ്ദാനം മോഹനമാണ്. എങ്കിൽപ്പോലും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിനു നൽകേണ്ടി വരുന്ന വില ജനാധിപത്യ മൂല്യങ്ങളുടെ നിസാരവത്കരണമാണ്. നിയമസഭയിലേക്കായാലും പഞ്ചായത്തിലേക്കായാലും തെരഞ്ഞെടുപ്പ് എന്നത് ഫെഡറൽ സംവിധാനത്തിന്‍റെ മൂലക്കല്ലാണ്. രാഷ്‌ട്രീയ പാർട്ടികൾക്ക് ഉത്തരവാദ പ്രതിബദ്ധത ഉറപ്പാക്കുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ഓരോ തെരഞ്ഞെടുപ്പും. ഈ ജനാധിപത്യ അനുഷ്ഠാനം ഓരോ വട്ടം നടത്തപ്പെടുമ്പോഴും ജനാധിപത്യം കൂടുതൽ കൂടുതൽ ശക്തിയാർജിക്കുകയാണ് ചെയ്യുക. സാമ്പത്തികമായി ഉണ്ടാകുന്ന ബാധ്യതകളെക്കാൾ മൂല്യം അതിനുണ്ട്. ജനങ്ങളുടെ ശബ്ദത്തിലും അവരുടെ സജീവ പങ്കാളിത്തത്തിലും അധിഷ്ഠിതമാണ് യഥാർഥ ജനാധിപത്യം.
ഒരു തദ്ദേശ സ്ഥാപനത്തിന്‍റെയോ സംസ്ഥാന നിയമസഭയുടെയോ കാലാവധി നിശ്ചയിക്കുന്നത് അവയോരോന്നിന്‍റെയും പ്രാദേശിക രാഷ്‌ട്രീയ ചേരുവകളാണ്. ലോക്സഭയുടെ കാലാവധി നിശ്ചയിക്കുന്ന ഘടകങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണവ. നിയമസഭാ മണ്ഡലങ്ങളുടെയും ലോക്സഭാ മണ്ഡലങ്ങളുടെയും പ്രത്യേകമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് രണ്ടിനും ഭരണഘടനയിൽ കാലാവധി നിർദേശിച്ചിട്ടുള്ളത്. ഇവ ഏകീകരിക്കാനുള്ള ഏതു ശ്രമവും ഭരണഘടനാ തത്വങ്ങളുടെയും നിയമ വ്യവസ്ഥയുടെ തന്നെയും ലംഘനമായിരിക്കും.
സജീവ രാഷ്‌ട്രീയ പങ്കാളിത്തത്തിൽനിന്ന് ജനങ്ങളെ പരമാവധി അകറ്റി നിർത്തിക്കൊണ്ടാണ് സർവാധിപത്യ ഭരണകൂടങ്ങൾ മുന്നോട്ടു പോകുന്നത് എന്നതിന് ചരിത്രപാഠങ്ങൾ നിരവധിയുണ്ട്. സമൂഹ മാധ്യമങ്ങൾ അരങ്ങുവാഴുന്ന വർത്തമാനകാല സമൂഹത്തിൽ, ഭംഗിയുള്ള പുറംചട്ടയിൽ പൊതിഞ്ഞെടുത്ത ഏകതാ സിദ്ധാന്തങ്ങൾ, അവ തെറ്റാണെങ്കിൽക്കൂടി, ഏകതാവാദത്തെ വിശാല അജൻഡയുടെ ഭാഗമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വന്തമായ മൂല്യങ്ങൾ രൂപപ്പെടുത്താനുള്ള പൗരന്‍റെ അവകാശം കവർന്നെടുക്കുകയും സ്വതന്ത്ര സംവാദങ്ങൾക്കുള്ള ഇടം ഇല്ലാതാക്കുകയുമാണ് ഇതിന്‍റെയെല്ലാം പിന്നിലുള്ള യഥാർഥ ലക്ഷ്യം. ഇത്തരം അജൻഡകളുമായി മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ഭരണകൂടങ്ങൾ നിരന്തരം പുതിയ പുതിയ ന്യായവാദങ്ങൾ നിരത്തിക്കൊണ്ടിരിക്കും. ഭരണകൂടങ്ങൾ ദേശീയതാവാദം മുൻനിർത്തി പൗരാവകാശങ്ങൾക്കു മേൽ പിടിമുറുക്കുമ്പോൾ മങ്ങിപ്പോകുന്നത് യഥാർഥ ജനാധിപത്യ പങ്കാളിത്തമാണ്.
പൊതുജനങ്ങളുടെ സാമൂഹിക ജിഹ്വയിലേക്ക് ഏകരൂപ മുദ്രാവാക്യം തിരുകിവയ്ക്കപ്പെടുമ്പോൾ വൈവിധ്യത്തിന്‍റെ കഴുത്തിലെ കുരുക്ക് കൂടുതൽ മുറുകുകയാണ്. നാനാത്വത്തിനു ശ്വാസംമുട്ടുമ്പോൾ ഫെഡറലിസം ചരിത്രത്തിലെ വെറുമൊരു അടിക്കുറിപ്പ് മാത്രമായി പരിമിതപ്പെടുകയും ചെയ്യുന്നു.