#ലഫ്. ജനറല്‍ ഡോ. സുബ്രത സാഹ
ഭൂകമ്പ മാപിനിയില്‍ 7.8, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടു വലിയ ഭൂകമ്പങ്ങളാണു തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായത്. അറേബ്യന്‍ ടെക്റ്റോണിക ഫലകം വടക്കോട്ടു നീങ്ങി അനട്ടോളിയന്‍ ഫലകത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫെബ്രുവരി 6നു പ്രാദേശിക സമയം പുലര്‍ച്ചെ 4.17ന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.47) ഗാസിയാന്തെപ് നഗരത്തിനു സമീപമാണ് ആദ്യ ഭൂകമ്പം ഉണ്ടായത്. രണ്ടാമത്തെ ഭൂചലനം 12 മണിക്കൂറിനു ശേഷമായിരുന്നു. കഹ്റമാന്മരാസിലെ ഏല്ബിസ്താന് ജില്ലയില്‍ വടക്കു ഭാഗത്തായായിരുന്നു പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ ആയിരക്കണക്കിനു പേര് കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. നിരവധി തുടര്‍ചലനങ്ങള്‍ ദിവസങ്ങള്‍ക്കു ശേഷവും മേഖലയില്‍ അനുഭവപ്പെട്ടു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) തെരച്ചില്‍- രക്ഷാസംഘങ്ങള്‍, ഇന്ത്യയുടെ 50 ഇന്‍ഡിപെന്‍ഡന്റ് പാരച്യൂട്ട് ബ്രിഗേഡിന്റെ 60 പാരച്യൂട്ട് ഫീല്‍ഡ് ആശുപത്രി എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയുടെ മാനുഷിക സഹായവും ദുരന്ത നിവാരണവും (Humanitarian Assistance and Disaster Relief - എച്ച്എഡിആര്‍) ദൗത്യത്തിന്റെ രഹസ്യ നാമമായിരുന്നു "ഓപ്പറേഷന് ദോസ്ത്' (തുര്‍ക്കി).
ഭൂകമ്പം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍, ഇന്ത്യന്‍ സമയം രാവിലെ 11ഓടെ, 60 പാരാ ഫീല്‍ഡ് ആശുപത്രിക്കു സേനാ ആസ്ഥാനത്തുനിന്ന് ഉത്തരവു ലഭിച്ചതിനാല്‍ അന്താരാഷ്ട്ര പ്രതിസന്ധി കൈകാര്യം ചെയ്യലിനുള്ള ഇന്ത്യയുടെ സംവിധാനം അതിവേഗം പ്രവര്‍ത്തിച്ചു. വൈദ്യശാസ്ത്ര വിദഗ്ധര്‍, ശസ്ത്രക്രിയ വിദഗ്ധര്‍, അനസ്തെറ്റിസ്റ്റുകള്‍, അസ്ഥിരോഗ വിദഗ്ധര്‍, മാക്സിലോഫേഷ്യല്‍ സര്ജന്മാര്, പൊതുജനാരോഗ്യ വിദഗ്ധര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, പാരാമെഡിക്കുകള്‍, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എന്നിവരുള്‍പ്പെടെ 99 പേരെ ഇന്ത്യന്‍ വ്യോമസേന ഹിന്‍ഡണ്‍ വ്യോമ താവളത്തില്‍ നിന്നു മെഡിക്കല്‍, സര്‍ജിക്കല്‍, ഡെന്റല്‍, ദുരന്ത നിവാരണ ഉപകരണങ്ങള്‍ക്കൊപ്പം വ്യോമമാര്‍ഗം അയച്ചു. ഫെബ്രുവരി 8നു തുര്‍ക്കിയില്‍ എത്തി 3 മണിക്കൂറിനുള്ളില്‍, ദുരന്തം ഏറ്റവും ഗുരുതരമായി ബാധിച്ച പ്രവിശ്യകളിലൊന്നായ ഹതായിലെ ഇസ്കാന്ഡറുണില് ഫീല്‍ഡ് ആശുപത്രി സ്ഥാപിച്ചു. മാത്രമല്ല, ഗാസിയാന്തെപ്പിലെ താവളത്തില്‍ നിന്ന് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും ചെയ്തു.
"ഇന്ദിസ്ഥാനി സഹ്രാ ഹസ്തനേസി' എന്നറിയപ്പെടുന്ന പ്രശസ്തമായ ഇന്ത്യന്‍ ഫീല്‍ഡ് ആശുപത്രി 12 ദിവസത്തിനുള്ളില്‍ അടിയന്തര ചികിത്സ ആവശ്യമുള്ള 3,604 പേര്‍ക്ക് അടിയന്തര വൈദ്യസഹായം നല്കി. ഒടിവുകള്‍ ചികിത്സിച്ചു. ദന്ത ചികിത്സയും വലിയ ശസ്ത്രക്രിയകളും നടത്തി. 100ലധികം പേര്‍ക്കു ആശുപത്രി വാസം ആവശ്യമായിരുന്നു. വൈദ്യശാസ്ത്ര - ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഓര്‍ത്തോപീഡിക് ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയില്‍ നിന്നു യഥാസമയം എത്തിച്ചാണു ചികിത്സയുടെ ഗതിവേഗം നിലനിര്‍ത്തിയത്.
ഐക്യരാഷ്ട്രസഭാ ദൗത്യത്തിലും രാജ്യത്തിനകത്തുള്ള അസ്വസ്ഥമായ പ്രദേശങ്ങളിലും ജനകേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇന്ത്യന്‍ സൈന്യത്തിനുള്ള വര്‍ഷങ്ങളുടെ അനുഭവമാണ് ഏറെ സഹായകമായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയതിലൂടെ തുര്‍ക്കിയിലെ ഭാഷാ തടസം മറികടക്കാനും രോഗികളെയും ഫാര്‍മസികളെയും വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനും കഴിഞ്ഞു.
ദുരന്ത നിവാരണ സംഘങ്ങള്‍ക്കു തുര്‍ക്കിയിലെ ജനങ്ങളില്‍ നിന്നു ഹൃദയ സ്പര്‍ശിയായ യാത്രയയപ്പാണു ലഭിച്ചത്. തുര്‍ക്കിയിലെ സന്നദ്ധ പ്രവര്‍ത്തകനായ ഉലാസിന്റെ കുടുംബത്തില്‍ നിന്നുള്ള സന്ദേശം ഇങ്ങനെ: "നിങ്ങള്‍ 99 ഡോക്ടര്‍മാരുടെ സംഘമായാണ് എത്തിയത്. എന്നാല്‍ നിങ്ങള്‍ ഇന്ത്യയിലേക്കു മടങ്ങുമ്പോള്‍ തുര്‍ക്കിയുടെ മുഴുവന്‍ അനുഗ്രഹവും നിങ്ങള്‍ക്കുണ്ട് '.
തുര്‍ക്കിയില്‍ നിന്നുള്ള എഡ ഇസ്കെന്ഡ്രം സൈനിക- ഡോക്ടര്‍മാര്‍ ജനപ്രിയരായി മാറി എന്നതു വെളിപ്പെടുത്തി ട്വീറ്റിലൂടെ നന്ദി പ്രകടിപ്പിച്ചു: "നിങ്ങളെല്ലാം ഞങ്ങളുടെ നായകരാണ്. കരയാത്ത ദിവസങ്ങളില്‍ (സന്തോഷകരമായ വേളകളില്‍) നാം പരസ്പരം കാണും. ഞാന്‍ ഇന്ത്യയിലേക്കു വരും. ഭാവിയില്‍ നിങ്ങളെ വീണ്ടും ഹതായില്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു'.
തുര്‍ക്കിയിലെ വൈദ്യശാസ്ത്ര വിദ്യാര്‍ഥി ഇന്ത്യയിലേക്കു തിരിക്കാനായി സി-17ല്‍ കയറിയ മെഡിക്കല്‍ ഓഫിസര്‍ക്ക് അയച്ച സന്ദേശം ഇങ്ങനെ: "നിങ്ങള്‍ക്ക് ഇവിടെ തുര്‍ക്കിയില്‍ ഒരു വീടുണ്ടെന്നും ഒരു സഹോദരന് നിങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കാത്തിരിക്കുകയാണെന്നും നിങ്ങള്‍ ഓര്‍ക്കണം'.
60 പാരാ ഫീല്‍ഡ് ആശുപത്രിയും എന്‍ഡിആര്‍എഫ് സംഘങ്ങളും ഈ രംഗത്തു ഹൃദയങ്ങള്‍ കീഴടക്കിയപ്പോള്‍, ആഗോള വേദിയില്‍, ഇന്ത്യയുടെ മാനുഷിക പ്രവര്‍ത്തനം 3 കാര്യങ്ങളില്‍ വേറിട്ടു നിന്നു. ഒന്നാമതായി, പ്രതിസന്ധി ഘട്ടത്തില്‍ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കലും വേഗത്തില്‍ നടപ്പാക്കലും; രണ്ടാമതായി, ക്ലേശകരമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഷ്ടപ്പെടുന്നവരോടു സഹാനുഭൂതി കാണിക്കാനുമുള്ള നമ്മുടെ സേനയുടെ പ്രശംസനീയമായ കഴിവ്; മൂന്നാമത്തേത്, മാനുഷിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും മറ്റേതൊരു പരിഗണനയേക്കാളും പ്രാധാന്യം നല്കല്.
പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനും (എച്ച്എഡിആര്‍) മുന്‍പന്തിയില്‍ നില്ക്കാനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ മറ്റൊരു പ്രായോഗിക പ്രകടനമായിരുന്നു ഓപ്പറേഷന് ദോസ്ത്. കൊവിഡ് മഹാമാരി സമയത്ത് ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അറിയാവുന്നതാണ്. അന്താരാഷ്ട്രതലത്തില്‍ വൈദ്യസഹായം നല്കി; വിദേശ പൗരന്മാരെ സ്വദേശത്തേക്കു കൊണ്ടുപോകാന്‍ സൗകര്യമൊരുക്കി; കൂടാതെ, നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിനുകള്‍ കയറ്റിയയച്ചു.
2016 മുതല്‍ ബിംസ്റ്റെക് (BIMSTEC) രാജ്യങ്ങള്‍ തമ്മിലുള്ള എച്ച്എഡിആറിലെ സഹകരണത്തിന് ഇന്ത്യ സജീവമായി സംഭാവനയേകുന്നുണ്ട്. 2022 സെപ്റ്റംബറില്‍ ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങളുടെ ക്വാഡ് ഗ്രൂപ്പ്, എച്ച്എഡിആര്‍ പങ്കാളിത്തത്തിനുള്ള കരാറില്‍ ഒപ്പുവച്ചു. 2022 നവംബറില്‍ ആസിയാന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബഹുരാഷ്ട്ര, മള്‍ട്ടി-ഏജന്‍സി എച്ച്എഡിആര്‍ അഭ്യാസം "സമന്വയ് 2022'ന് ആഗ്രയില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ചു.
"ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ജി-20 തത്വത്തിന്റെ പൊരുളിന് അനുസൃതമായി, ലോകമെമ്പാടുമുള്ള ദുരന്തബാധിതര്‍ക്കൊപ്പം ഉറച്ചുനില്ക്കുന്നതിലൂടെ, ദുരന്തനിവാരണത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്കാണ് ഇന്ത്യ വഹിക്കുന്നത്.