മലിനമാകുന്ന നമ്മുടെ നദികള്‍ | വിജയ് ചൗക്ക്  
Special Story

മലിനമാകുന്ന നമ്മുടെ നദികള്‍ | വിജയ് ചൗക്ക്

നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ

സഖികളില്‍ സുന്ദരി അനാര്‍ക്കലി -

അനാര്‍ക്കലി എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ രാമവർമ രചിച്ചതാണ് ഇങ്ങനെ തുടങ്ങുന്ന സിനിമ ഗാനം. നായികയോളം സുന്ദരിയാണു യമുനാ നദിയെന്നാണ് വയലാര്‍ തന്‍റെ വരികളില്‍ എഴുതിയിരിക്കുന്നത്. യമുനയില്‍ മുങ്ങി നിവരുന്നത് പുണ്യമായാണ് ഇന്ത്യന്‍ സംസ്കാരവും വിശ്വാസവും കണക്കാക്കുന്നത്. ഇന്നു സ്ഥിതി മാറിയിരിക്കുന്നു. കാലെടുത്തു വയ്ക്കാന്‍ പോലും ഭയമുണ്ടാക്കുന്നത്ര മലിനമാണ് യമുനാ നദി. പുണ്യം നേടാന്‍ യമുനയില്‍ മുങ്ങിക്കുളിക്കുന്നത് ആലോചിക്കുവാന്‍ പോലുമാവില്ല. യമുനാ തീരത്തെ ഘാട്ടുകളില്‍ ബലി​ത​ര്‍പ്പണത്തിനെ​ത്തുന്നവര്‍ മലിനജ​ല​വും രൂക്ഷമായ ദുര്‍ഗന്ധ​വും മൂ​ലം പിന്തിരിയുന്ന​തു പതിവായിരിക്കുന്നു.

കുടിവെള്ളത്തിനും കുളിക്കാനും അലക്കാനും നീന്താനും പുഴയെയും നദിയെയും ആശ്രയിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അവയെ ആശ്രയിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.​ഒരു കാലത്ത് ഭാരത സംസ്കാരത്തിന്‍റെ ഭാഗമായ പുണ്യനദികളൊക്കെ ഇന്നു മലിനജല സ്രോതസുകളായിരിക്കുന്നു. എന്നാലും നമുക്ക് അ​വ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. നാടിന്‍റെ ജീവനാഡികളായ നദികളുടെ ആരോഗ്യത്തെ ആശ്രയിച്ചാണ് രാജ്യത്തിന്‍റെ ഭാവിയും. മനുഷ്യന് ജീവിക്കാന്‍ ആവശ്യമായി വേണ്ട പ്രധാന മൂന്നു കാര്യങ്ങളാണു ജലം, വായു, ഭക്ഷണം. ജലം മലിനമായിരിക്കുന്നു.

രാജ്യ തലസ്ഥാനത്തെ വായു നിലവാരം അതി രൂക്ഷ‌മാം വിധം മലിനമായിരിക്കുന്നു. അപകടനിലയിലെത്തി​യെ​ന്നാ​ണു ശാസ്ത്രലോകം സമൂഹത്തിനു മുന്നറിയിപ്പ് നല്‍കുന്നത്. നിരവധി പേരാണു ശ്വാസതടസം നേരിടുന്നു എന്ന പരാതിയുമായി ആശുപത്രികളില്‍ വൈദ്യസഹായം തേടിയെത്തുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തെ രൂക്ഷമായി ബാധിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന്‍റെ ദുരന്തഫലം ഡല്‍ഹിയിലെ ജനങ്ങള്‍ ആണ് അനുഭവിക്കേണ്ടത്. ശൈത്യകാലം അടുക്കുന്നതോടെ മലിനീകരണം ഇതിലും രൂക്ഷമാകും.

യമുനയിൽ ഇപ്പോള്‍ വെ​ള്ള​പ്പ​ത​പോ​ലെ നദീജലം നുരഞ്ഞുപൊന്തുകയാണ്. പതയിൽ ഉയർന്ന തോതിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ശ്വാസകോശ, ചർമ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. ഇത് നദിയിലെ ജീവജാലങ്ങളെ വ്യാപകമായി കൊന്നൊടുക്കിയിട്ടുണ്ട് എന്ന് ശാസ്ത്രലോകം. യമുനാനദിയുടെ ചില മേഖലകളില്‍ ഓക്സിജന്‍ നിലവാരം വളരെ കുറഞ്ഞ അളവിലെ​ത്തി. ന​ദീ​ജ​ല​ത്തി​ലെ ഓക്സിജന്‍ തോത് അടയാളപ്പെടുത്തുന്ന ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് (ബിഒഡി) ചിലയിടങ്ങളില്‍ ലിറ്ററിന് 45 മില്ലിഗ്രാം മാത്രം

യമുനയിലെ ജീവജാലങ്ങള്‍ക്ക് മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് യമുനയെ കൂടുതല്‍ മലിനമാക്കുകയാണ്. ഡല്‍ഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് യമുനയിലേക്ക് ഒഴുകിയെത്തുന്നത്. ഇത് തടയുവാന്‍ ഒട്ടേറെ നിയമങ്ങളുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ല. ഫാക്റ്ററികള്‍ വ്യാവസായിക മാലിന്യങ്ങള്‍ നേരിട്ടു നദിയിലേക്ക് പുറന്തള്ളുന്നതാണു യമുനയുടെ മലിനീകരണത്തിന് പ്രധാന കാരണം. സംസ്കരിക്കാത്ത ഈ മാലിന്യത്തില്‍ രാസവസ്തുക്കളും ഘനലോഹങ്ങളും അടങ്ങിയിട്ടുണ്ട്.

യമുനാ നദി ഡല്‍ഹിയോട് അടുക്കുമ്പോഴാണു മാലിന്യത്തോതു കൂടുന്നത്. ഡല്‍ഹിയിലൂടെയുള്ള യാത്ര കൂ​ടി​യാ​കു​മ്പോ​ൾ പൂ​ർ​ണ​മാ​യും മ​ലി​നീ​ക​രി​ക്ക​പ്പെ​ടു​ന്നു. വർധിച്ചുവരുന്ന നഗര ജനസംഖ്യ മലിനജലത്തിന്‍റെ വർധനയ്ക്കു കാരണമാകുന്നു, ഇത് നദിയുടെ സ്വാഭാവിക ശുദ്ധീകരണ ശേഷിയെ തടസപ്പെടുത്തുന്നു. ഡല്‍ഹി പി​ന്നി​ടു​ന്ന യ​മു​ന​യു​ടെ ജ​ല​ത്തി​ന് ക​റു​പ്പു​നി​റ​മാ​ണ്. ഈ മാലിന്യം തുടര്‍ന്ന് അങ്ങോട്ടുള്ള യമുനയുടെ യാത്രയെ കാഠിന്യമുള്ളതാക്കുന്നു.

വ്യവസായ മാലിന്യങ്ങള്‍ ഏറ്റവും കൂടുതല്‍ യമുനയിലേക്ക് നിക്ഷേപിക്കുന്നത് ഹരിയാന​യി​ൽ നി​ന്നാ​ണ്. അ​വി​ടെ മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ ശക്തമായ നടപടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നു ഡല്‍ഹി ജല്‍ ബോര്‍ഡ് കോടതിയില്‍ പരാതിപ്പെ​ടു​ന്നു. യമുന മലിനമാകുന്നത് മൂലം ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത് ഡല്‍ഹി നിവാസികളാണെന്നുള്ള കാര്യത്തില്‍ സംശയവുമില്ല. ശുദ്ധീകരിച്ച് കുടിവെള്ളമാക്കാൻ പോലും പറ്റാത്ത വിധത്തിലാണ് യമുനയിലെ മാലിന്യത്തോത്. ഡല്‍ഹിയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.

യമുനയിലെ മാലിന്യ തോത് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഇരട്ടിച്ചു എന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നിരിക്കുകയാണ്. ഈ വെള്ളം ഉപയോഗിച്ച് കൃഷി നടത്തുന്ന കര്‍ഷകരും ആശങ്കയിലാണ്. രാസപദാര്‍ത്ഥങ്ങള്‍ നിറഞ്ഞ യമുനയിലെ ജലം കൃഷിക്കും യോ​ഗ്യ​മ​ല്ലെ​ന്ന​ത് അ​വ​രെ അ​ല​ട്ടു​ന്നു.

കൊവിഡ് കാലത്താണ് യമുന സമീപകാലത്ത് വൃത്തിയായി ഒഴുകിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വ്യവസായ ശാലകള്‍ പൂട്ടിയിട്ടിരുന്നു. പഴയ സൗന്ദര്യത്തിലേക്ക് യമുന മടങ്ങി വരുന്നു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വ​ന്നെ​ങ്കി​ലും കൊവിഡ് കാഠിന്യം കുറഞ്ഞപ്പോള്‍ എ​ല്ലാം പ​ഴ​യ​പ​ടി. മുന്‍പത്തെക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ മാലിന്യത്തോത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വിശ്വാസത്തിന്‍റെ പേരിലാണ് ഡല്‍ഹിയിലെ യമുനാ നദിയിലേക്ക് ഭക്തര്‍ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത്. സാംസ്കാരിക പ്രാധാന്യമുണ്ടെങ്കിലും വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുക, ആചാരപരമായ വസ്തുക്കള്‍ നദിയിലേയ്ക്ക് നിക്ഷേപിക്കുക തുടങ്ങിയവയും മലിനീകരണത്തിൽ പങ്കുവഹിക്കുന്നുണ്ട്. ഇതിനു തടയിടാൻ മതപണ്ഡിതര്‍ തന്നെ മുന്നോട്ടു വരേണ്ടതുണ്ട്. മതപരമായ പരിപാടികളില്‍ പരിസ്ഥിതി സൗഹൃദ ബദലുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം.

യമുനാ നദിയില്‍ മാത്രം ഒതുങ്ങുന്നതല്ല മലിനീകരണത്തിന്‍റെ കഥനകഥകള്‍. സമാനമായ മലിനീകരണമാണ് രാജ്യത്തെ എല്ലാ നദികളിലും ഉള്ളത്. ഗംഗയിലൂടെ ചത്ത മൃഗങ്ങളും മനുഷ്യ ശരീരങ്ങളും ഒഴുകി നടക്കുന്നത് നിത്യ കാഴ്ചയാണ്. ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദിയുടെ മ​ലി​നീ​ക​ര​ണം ഒ​റ്റ​നോ​ട്ട​ത്തി​ൽ അ​റി​യാ​നാ​കും. എന്തിനേറെ പറയുന്നു നമ്മുടെ പെരിയാര്‍ നദി എത്രയോ മലിനമായിട്ടാണ് ഒഴുകുന്നത്. സമീപകാലത്താണല്ലോ ഏലൂരിലെ വ്യവസായ ശാലയില്‍ നിന്നുള്ള വ്യവസായ മലിന്യം പെരിയാറില്‍ ഒഴുകി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. രാജ്യത്തെ എല്ലാ നദികളിലെയും കഥകള്‍ ഇപ്രകാരം തന്നെയാണ്.

യമുനയുടെ മലിനീകരണം മാത്രമല്ല, ഇന്ത്യയിലെ എല്ലാ നദികളുടെയും മാലിന്യ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്. വ്യാവസായിക മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക, മലിനജല സംസ്കരണം മെച്ചപ്പെടുത്തുക, ഉത്തരവാദിത്തമുള്ള മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നിവ അനിവാര്യമായതാണ്. നമ്മുടെ നദികളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, പൊതുജന പങ്കാളിത്തം എന്നിവയില്‍ നിന്നുള്ള കൂട്ടായ ശ്രമങ്ങള്‍ നിര്‍ണായകമാണ്. സാംസ്കാരികവും പാരിസ്ഥിതികവുമായ നദികളെ പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് ഒന്നിക്കാം. രാജ്യത്തിന്‍റെ പുരോഗതിക്ക് നദികളുടെ ആരോഗ്യവും പ്രധാനമാണ് എന്ന് നമുക്ക് തിരിച്ചറിയാം. അത് വീണ്ടെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

യമുനയിൽ വെളുത്ത നിറത്തിലുള്ള പതയായി നദീജലം നുരഞ്ഞുപൊന്തുകയാണ്. പതയിൽ ഉയർന്ന തോതിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നു ശാസ്ത്രലോകം. ഇത് ശ്വാസകോശ, ചർമ രോഗങ്ങൾ ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നദിയിലെ ജീവജാലങ്ങൾ വ്യാപകമായി ചത്തൊടുങ്ങുന്നു. നദീജലത്തിൽ പ്രാണവായുവിന്‍റെ തോതും കുറഞ്ഞിരിക്കുന്നു.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ