സമാധാനം തകർക്കരുത് 
Special Story

സമാധാനം തകർക്കരുത്

മതപഠനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ എന്നാണ് ബാലാവകാശ കമ്മിഷന്‍റെ നിഗമനം

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കരുത്തും വെളിച്ചവും മത- ഭാഷ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ്. വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ ആചാരങ്ങൾ പുലർത്തുന്ന ധാരാളം ജനവിഭാഗങ്ങൾ ഇന്ത്യയിലുണ്ട്. ഭൂരിപക്ഷ സമുദായമായ ഹൈന്ദവ സമൂഹത്തെ വേദനിപ്പിക്കാതെ ന്യൂനപക്ഷ സമുദായങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകേണ്ടത് ആവശ്യമാണ്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ ഇന്ത്യയെ വിഭജിച്ചതിന്‍റെ വേദനയും ദുഃഖവും ഇന്നും നമ്മോടൊപ്പമുണ്ട്.

ഹൈന്ദവ- മുസ്‌ലിം ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ് രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയും പാക്കിസ്ഥാൻ രാഷ്‌ട്ര നായകൻ മുഹമ്മദാലി ജിന്നയും രാജ്യത്തെ രണ്ടായി വിഭജിക്കാൻ തീരുമാനമെടുത്തത് . എന്നാൽ വിഭജനത്തിനുശേഷം രാജ്യത്തുണ്ടായ ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും അവകാശവും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. മദ്രസകളുടെ കാര്യത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ എടുത്ത തീരുമാനം വലിയ ഉത്കണ്ഠ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്.

മതപഠനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ എന്നാണ് ബാലാവകാശ കമ്മിഷന്‍റെ നിഗമനം. വിദ്യാഭ്യാസ അവകാശ സംരക്ഷണം പാലിക്കാത്ത മദ്രസകൾ അടച്ചുപൂട്ടണമെന്ന് കമ്മിഷൻ നിർദേശിക്കുന്നു. എന്നാൽ ബാലവകാശ കമ്മിഷൻ നിർദേശത്തിനെതിരെ സുപ്രീം കോടതി സ്റ്റേ നൽകിയിരിക്കുകയാണ്. മദ്രസയിലേക്ക് കുട്ടികളെ വിടാൻ പാടില്ലെങ്കിൽ മറ്റു സമുദായങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കുട്ടികളെ വിടരുതെന്നും എല്ലാ മതസ്ഥാപനങ്ങളോടും ഒരേ സമീപനമല്ലേ സർക്കാരും ബാലവകാശ കമ്മിഷനും സ്വീകരിക്കേണ്ടതെന്നും സുപ്രീം കോടതി ചോദിക്കുന്നു.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും മദ്രസകളിൽ മതപഠനത്തോടൊപ്പം തന്നെ മറ്റു വിദ്യാഭ്യാസ പഠനങ്ങളും നടക്കുന്നുണ്ട്. അവയെ ഔപചാരിക സ്കൂൾ സംവിധാനത്തിലേക്ക് മാറ്റാൻ ഇന്നും പല പ്രദേശങ്ങളിലും കഴിഞ്ഞിട്ടില്ല. ഈയൊരു പശ്ചാത്തലത്തിലാണ് മദ്രസകളിലെ മതപഠനത്തെ അംഗീകരിക്കപ്പെടേണ്ടത്. ഉത്തർപ്രദേശിൽ മാത്രം 17 ലക്ഷത്തോളം വിദ്യാർഥികൾ മദ്രസകളിൽ പഠിക്കുന്നു.

അടുത്ത കാലത്ത് വഖഫ് ബില്ലിലെ പുതിയ വ്യവസ്ഥകളെക്കുറിച്ച് പരിശോധിക്കാനും പാർലമെന്‍റിന് റിപ്പോർട്ട് നൽകാനും സംയുക്ത പാർലമെന്‍ററി സമിതിക്ക് (ജെപിസി) രൂപം നൽകിയിട്ടുണ്ട്. എന്നാൽ സമിതി കൂടുമ്പോൾ പാർലമെന്‍റ് അംഗങ്ങൾ തന്നെ പരസ്പരം കായികമായി ഏറ്റുമുട്ടുകയാണ് ചെയ്യുന്നത്. ബില്ലിലെ വ്യവസ്ഥകൾ ഒന്നൊന്നായി ചർച്ച ചെയ്യപ്പെടണമെന്ന ഭരണപക്ഷ നിലപാടിൽ നിന്നും ബില്ല് തന്നെ വേണ്ടെന്ന നിലപാടാണ് പ്രതിപക്ഷത്തിന്.

ജെപിസിയുടെ ഓരോ യോഗം കഴിയുമ്പോഴും പൊതുസമൂഹത്തിൽ കൂടുതൽ സംഘർഷാവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. കോമൺ സിവിൽ കോഡ് വരുന്നതും മതന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. എരിതീയിൽ എണ്ണയൊഴിച്ച് സമാധാനപരമായ പൊതു അന്തരീക്ഷം നശിപ്പിക്കരുത് എന്നാണ് ജോത്സ്യന്‍റെ പ്രാർത്ഥന.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി