സാരിയുടുത്ത പാക്കിസ്ഥാനി മോഡൽ. 
Special Story

സിയാ ഉൽ ഹക്ക് അഴിപ്പിച്ചുവച്ച സാരി വീണ്ടും ഞൊറിഞ്ഞുടുക്കുന്ന പാക്കിസ്ഥാൻ

അഞ്ചര മീറ്റർ തുണിക്ക് തീവ്ര ഇസ്‌ലാമികവത്കരണത്തിനെതിരായ പ്രതിരോധ ബിംബമായി മാറാൻ കഴിയുമെന്നതിന്‍റെ ഉദാഹരണം കൂടിയാണിപ്പോൾ പാക്കിസ്ഥാനിലെ സാരികൾ

പ്രത്യേക ലേഖകൻ

പാക്കിസ്ഥാൻകാരികൾ സാരിയുടുക്കുമോ എന്നു ചോദിച്ചാൽ ഉത്തരം സാരിയുടെ ഞൊറിവുകൾ പോലെ സങ്കീർണമായിരിക്കും. അതിലേക്കു വരും മുൻപ് അൽപ്പം ചരിത്രം:

1971ൽ പാക്കിസ്ഥാനിൽനിന്നു ബംഗ്ലാദേശ് മോചിപ്പിക്കപ്പെട്ടതിനു പിന്നാലെ, മുക്തിജോദ്ധാ എന്ന വിമോചന സംഘടനയിലെ വനിതകൾ ഒരു വിക്റ്ററി മാർച്ച് നടത്തി. സാരിയുടുത്ത് നടത്തിയ ആ മാർച്ചിന്‍റെ ചിത്രങ്ങൾ പാക്കിസ്ഥാനികളുടെ മനസിൽ ഏൽപ്പിച്ച അപമാനം സാരി ബഹിഷ്കരണത്തിലൂടെയാണ് അവർ മായ്ക്കാൻ ശ്രമിച്ചത്.

1977ൽ പാക്കിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത അന്നത്തെ പട്ടാള മേധാവി ജനറൽ സിയാ ഉൽ ഹക്കാണ് ഇതിനൊരു ഔപചാരിക സ്വഭാവം നൽകുന്നത്. രാജ്യത്തെ തീവ്ര ഇസ്‌ലാമികവത്കരണത്തിലേക്കു നയിച്ച സിയാ, അതിന്‍റെ ഭാഗമായി സാരിക്ക് നിയമപരമായി തന്നെ നിരോധനം ഏർപ്പെടുത്തി. സർക്കാർ ജീവനക്കാരും കോളെജ് വിദ്യാർഥിനികളും സാരിയുടുക്കരുതെന്നായിരുന്നു ഉത്തരവ്. ഇന്ത്യൻ വേഷമാണെന്നും, അനിസ്‌ലാമികമാണെന്നുമൊക്കെയാണ് അതിനു കാരണം പറഞ്ഞത്.

അതേസമയം, 1971ലെ യുദ്ധത്തിനു മുൻപ് പാക്കിസ്ഥാന്‍റെ ഭാഗമായിരുന്ന, കിഴക്കൻ പാക്കിസ്ഥാനായിരുന്ന, ഇന്നത്തെ ബംഗ്ലാദേശിൽ ഭരണാധികാരികൾ വരെ ധരിക്കുന്ന, ദേശീയ അംഗീകാരമുള്ള ഔപചാരിക വേഷമായി സാരി ഇന്നും തുടരുന്നു.

സാരിയുടുത്ത് നൃത്തം ചെയ്യുന്ന ഷീമ കെർമാനി.

ചരിത്രത്തിൽനിന്നു വർത്തമാനകാലത്തേക്കു വരുമ്പോൾ, പബ്‌ജി കളിച്ച് പരചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ, നാലു മക്കളെയും കൂട്ടി ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ പാക്കിസ്ഥാനി യുവതിയെക്കൂടി ഒന്നോർക്കാം. അനധികൃതമായി ഇന്ത്യയിലെത്തിയ അവർ ഗ്രേറ്റർ നോയ്‌ഡയിലെ ഒരു വീട്ടിൽ ഒരു മാസത്തിലധികം വാടകയ്ക്കു താമസിച്ചിട്ടും വീട്ടുടമയ്ക്ക് അവരെക്കുറിച്ച് ഒരു സംശയവും തോന്നിയില്ല. ''സാരിയുടുക്കുന്ന ഒരു സ്ത്രീ പാക്കിസ്ഥാൻകാരിയാണെന്ന് എനിക്കെങ്ങനെ സംശയം തോന്നാനാണ്'' എന്നാണ് അയാൾ പൊലീസ് ചോദിച്ചപ്പോൾ പറഞ്ഞത്!

അതെ, പാക്കിസ്ഥാനുമായി തീരെ ബന്ധപ്പെടുത്താൻ തോന്നാത്തൊരു വേഷമാണ് സാരി, പ്രത്യേകിച്ച് ഇന്ത്യ-പാക് ചരിത്രത്തോട് കൂടുതൽ ചേർന്നുകിടക്കുന്ന ഉത്തരേന്ത്യക്കാർക്ക്. അതുകൊണ്ടാണ് പാക് ഭരതനാട്യം നർത്തകി ഷീമ കെർമാനി സാരിയുടുത്ത് നൃത്തം ചെയ്യുന്ന വിഡിയൊ കണ്ട് ഇന്ത്യക്കാർ അന്തം വിട്ടത്.

സാരിയുടെ തിരിച്ചുവരവ്

മതശാസനയുടെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് സാരിയുടെ സൗന്ദര്യത്തിലേക്ക് പാക് പെൺകുട്ടികൾ ഒരിക്കൽക്കൂടി വഴുതിവീഴുകയാണിപ്പോൾ. സാധാരണ വേഷമായി മാറിയിട്ടൊന്നുമില്ല. പക്ഷേ, വിവാഹം പോലുള്ള ആഘോഷവേളകളിലും മറ്റും സാരിയുടുക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്നാണ് ഫാഷൻ രംഗത്തുള്ളവർ പറയുന്നത്. പരമ്പരാഗതവും പാശ്ചാത്യവുമായ നിരവധി വസ്ത്രവൈവിധ്യങ്ങൾ സ്ത്രീകൾക്കു ലഭ്യമായ പാക്കിസ്ഥാനിൽ, ഒരു വിവാഹച്ചടങ്ങിനെത്തിയാൽ നൂറിൽ 20-30 സ്ത്രീകളെയെങ്കിലും സാരിയുടുത്തു കാണാം. അതിപ്പോൾ, കേരളത്തിലായാലും വിശേഷാവസരങ്ങൾക്കു മാത്രമായുള്ള വേഷമാണല്ലോ സാരി!

ആധുനിക പാക് വനിതകൾ പ്രൗഢമായൊരു വസ്ത്രമായി സാരിയെ അംഗീകരിച്ചുകഴിഞ്ഞു. ദൈനംദിന ഉപയോഗത്തിനുള്ള കോട്ടൺ സാരികളും മറ്റും പാക്കിസ്ഥാനിൽ കാര്യമായി ഉത്പാദിപ്പിക്കുന്നില്ല. വിശേഷ അവസരങ്ങൾക്ക് യോജിക്കുന്ന ആഡംബര സാരികളാണ് കൂടുതലുമുള്ളത്.

ജംദനി സാരിയുടുത്ത മോഡൽ.

എന്നാൽ, 1947നു മുൻപ് ഇന്നത്തെ പാക്കിസ്ഥാനിൽ അധിവസിച്ചിരുന്ന ഹിന്ദു, സൊരാഷ്‌ട്രിയൻ സ്ത്രീകളുടെ സാധാരണ വേഷമായിരുന്നു സാരി. വിഭജനാനന്തരം ബിഹാറിൽനിന്നും ഉത്തരേന്ത്യയിൽനിന്നും പാക്കിസ്ഥാനിലേക്കു കുടിയേറിയവരിലൂടെ കറാച്ചിയിലും സിന്ധിലും സാരിയുടെ പ്രചാരം വർധിച്ചു. 1970കൾ വരെ സാരി സർവസാധാരണവുമായിരുന്നു. ചലച്ചിത്ര-ടെലിവിഷൻ താരങ്ങൾ സാരി ധരിച്ച് പൊതുവേദികളിലെത്തി, ഡാൽഡയുടെയും പാക്കിസ്ഥാൻ എയർലൈൻസിന്‍റെയും പരസ്യ മോഡലുകളുടെ വരെ വേഷം സാരിയായിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായിരുന്നു കിഴക്കൻ പാക്കിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ്) നിന്നുള്ള ജംദാനി സാരികൾ. ബംഗ്ലാദേശ് വിമോചനത്തോടെ സ്വാഭാവികമായും അവിടെനിന്നുള്ള സാരികളുടെ വരവ് നിലച്ചു. ഒപ്പം, സർക്കാർ തലത്തിൽ നിയന്ത്രണങ്ങൾ കൂടി വന്നപ്പോൾ, എൺപതുകളോടെ സാരി പാക് പൊതുരംഗത്തു നിന്നു നിഷ്കാസനം ചെയ്യപ്പെടുകയായിരുന്നു. വിദ്യാർഥിനികൾക്കും സർക്കാർ ജീവനക്കാരായ സ്ത്രീകൾക്കും തല മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നിർബന്ധമാക്കിയതും ഇതേ കാലഘട്ടത്തിലാണ്.

നിരോധനം നടപ്പാക്കിയ സിയാ ഉൽ ഹക്ക് 1988ലുണ്ടായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടെങ്കിലും സാരി പെട്ടെന്നൊന്നും തിരിച്ചുവന്നില്ല. ആ സമയംകൊണ്ട് സൽവാർ കമ്മീസ് പാക് സ്ത്രീകളുടെ ദേശീയ വസ്ത്രമായി മാറിക്കഴിഞ്ഞിരുന്നു.

പാക് മാധ്യമ പ്രവർത്തക മാർവി സിർമെദ്.

പ്രതിരോധ ബിംബം

അഞ്ചര മീറ്റർ തുണിക്ക് തീവ്ര ഇസ്‌ലാമികവത്കരണത്തിനെതിരായ പ്രതിരോധ ബിംബമായി മാറാൻ കഴിയുമെന്നതിന്‍റെ ഉദാഹരണം കൂടിയാണിപ്പോൾ പാക്കിസ്ഥാനിലെ സാരികൾ. ഈ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് താനും സാരി പതിവാക്കിയതെന്ന് ഷീമ കെർമാനി പറഞ്ഞിട്ടുണ്ട്. പാക് മാധ്യമ പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ മാർവി സിർമെദ് സാരിയുടുക്കുന്നതും പൊട്ട് കുത്തുന്നതും ഷീമ മുന്നോട്ടുവയ്ക്കുന്ന അതേ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ്.

എന്നാൽ, പ്രതിരോധത്തിന്‍റെ ഭാഗമായല്ലാതെ, ഫാഷൻ പ്രവണതകളുടെ ഭാഗമായും സാരി രണ്ടു മൂന്നു വർഷമായി പാക്കിസ്ഥാനിൽ കൂടുതൽ പ്രചാരമാർജിക്കുന്നുണ്ട്. ചലച്ചിത്ര-ടിവി താരങ്ങൾ ഇപ്പോൾ കൂടുതലായി സാരിയുടുത്ത് പരിപാടികൾക്കെത്തുന്നു. പാക് സെലിബ്രിറ്റികളുടെ സമൂഹ മാധ്യമ പ്രൊഫൈലുകൾ തന്നെ പാക്കിസ്ഥാനിലേക്കുള്ള സാരിയുടെ തിരിച്ചുവരവിന് മികച്ച ഉദാഹരണം.

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം

'തീരെ കുറഞ്ഞു പോയി'; 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് തള്ളി ഇന്ത്യ

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം