# സനേഷ് കുമാർ
കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് അതിവിശാലമായൊരു പാർക്കുണ്ടെന്ന് എത്രപേർക്കറിയാം? സിയാൽ ഗോൾഫ് കോഴ്സിനോടു ചേർന്ന് മൂന്നു പ്ലോട്ടുകളിലായി പരന്നു കിടക്കുന്ന പതിനാറേക്കറിലാണ്, കുളവും ബോട്ടിങ് സൗകര്യവും മിയാവാക്കി ഫോറസ്റ്റും ചിൽഡ്രൻസ് പാർക്കും ഹെർബൽ ഗാർഡനുമെല്ലാം ഉൾപ്പെടുന്ന ഈ ബയോളജിക്കൽ പാർക്ക്. പേര് സുവർണോദ്യാനം. പക്ഷേ, പരിപാലനവും അറ്റകുറ്റപ്പണികളുമില്ലാതെ സുവർണശോഭയൊക്കെ കെട്ടു തുടങ്ങിയെന്നു മാത്രം!
സ്വസ്ഥമായൊന്നിരുന്ന് വിശ്രമിക്കാനോ പ്രകൃതിയുടെ സ്വാഭാവിക ശീതളിമയിൽ ഒന്നുലാത്താനോ കാര്യമായ ഇടങ്ങളൊന്നും അടുത്തുള്ള പട്ടണങ്ങളായ ആലുവയിലോ അങ്കമാലിയിലോ ഇല്ല. എന്നിട്ടും നെടുമ്പാശേരിയിൽ ഇങ്ങനെയൊരു വിശാലമായ ബയോളജിക്കൽ പാർക്ക് ഉള്ള വിവരം അതു സ്ഥാപിച്ച സംസ്ഥാന വനം വകുപ്പിനു പോലും ഇപ്പോൾ ഓർമയുണ്ടോ എന്നു സംശയം തോന്നും, ഇപ്പോഴത്തെ അതിന്‍റെ കിടപ്പ് കണ്ടാൽ!
ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത കാട് വളർത്തൽ രീതിയായ മിയാവാക്കി ഫോറസ്റ്റ് സമ്പ്രദായമാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന രീതിയാണിത്. ഈ ഭാഗം മാത്രം കാടുപിടിക്കേണ്ടത് ആവശ്യമായതിനാൽ നല്ല രീതിയിൽ തുടരുന്നു! നാലര സെന്‍റ് സ്ഥലത്ത് 104 ഇനങ്ങളിൽപ്പെട്ട 390 മരങ്ങൾ ഇവിടെ നട്ടിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, കൃത്യമായ പരിപാലനമില്ലാത്ത അവസ്ഥയിൽ ഇതിൽ എത്രയെണ്ണം ശേഷിക്കുന്നു എന്നു വ്യക്തമല്ല.
ഒപ്പം തുടങ്ങിയ ഹെർബൽ ഗാർഡൻ നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ്. കുട്ടികളുടെ പാർക്കിൽ മാത്രമാണ് എന്തെങ്കിലും നവീകരണം നടന്നു എന്നു പറയാവുന്നത്. ചില കളി ഉപകരണങ്ങൾ പുതിയതായി വാങ്ങി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികൾ വീണാൽ പരുക്കേൽക്കാതിരിക്കാനുള്ള മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിച്ചിട്ടില്ല. ഊഞ്ഞാലിന്‍റെയും സ്ലൈഡിന്‍റെയും താഴെ വരെ കൂർത്ത മെറ്റലാണ് വിരിച്ചിരിക്കുന്നത്.
മുപ്പത് രൂപയാണ് മുതിർന്നവർക്ക് ബയോളജിക്കൽ പാർക്കിൽ പ്രവേശിക്കാനുള്ള ഫീസ്, കുട്ടികൾക്ക് ഇരുപതും. പഠനാവശ്യത്തിനു വരുന്ന വിദ്യാർഥികൾക്ക് അഞ്ച് രൂപ വീതം. കൂടാതെ, പാർക്കിങ്ങിനും ക്യാമറ ഉപയോഗത്തിനുമെല്ലാം പ്രത്യേകം ഫീസുണ്ട്. ഇതെല്ലാം കൃത്യമായി പിരിച്ചെടുത്തു മാത്രമാണ് ചുരുക്കമായെങ്കിലുമെത്തുന്ന സന്ദർശകരെ പ്രവേശിപ്പിക്കുന്നതെങ്കിലും, അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പോലും കൃത്യമായി ഒരുക്കിയിട്ടില്ല. ആറ് ജീവനക്കാരെയാണ് വനം വകുപ്പ് ഇവിടെ നിയമിച്ചിട്ടുള്ളത്. ഇവരുടെ പ്രധാന ജോലി ഈ ഫീസ് പിരിക്കലും.
2017ൽ അന്നത്തെ വനം വകുപ്പ് മന്ത്രി കെ. രാജുവാണ് ബയോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തത്. 2019ൽ മിയവാക്കി ഫോറസ്റ്റ് പദ്ധതിയും തുടങ്ങി. റോക്ക് ഗാർഡൻ, പത്തോളം വ്യത്യസ്ത മുള ഇനങ്ങൾ ഉൾപ്പെടുന്ന മുളങ്കാട്, അത്തപ്പൂക്കളത്തിനും മറ്റും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പൂക്കളുണ്ടാകുന്ന ചെടികൾ, ചന്ദനക്കാവ്, റോസ് ഗാർഡൻ എന്നിവയാണ് ഇവിടെയുള്ള (ഉണ്ടായിരുന്ന) മറ്റ് ആകർഷണങ്ങൾ.
മരക്കൂട്ടങ്ങളുടെയും ജലാശയത്തിന്‍റെയും ഓരം ചേർന്നു കിടക്കുന്ന ടൈൽ വിരിച്ച നടപ്പാതയും, മുളങ്കൂട്ടങ്ങളുടെ തണലിലുള്ള ഇരിപ്പിടങ്ങളുമെല്ലാമായി ഒരുപാട് ടൂറിസം സാധ്യതകളാണ് അധികൃതരുടെ അനാസ്ഥ മൂലം പാഴായിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ മുന്നോട്ടു പോയാൽ അധികം വൈകാതെ മിയാവാക്കി ഫോറസ്റ്റ് സ്വാഭാവിക വനമായി വളർന്നു വികസിച്ച് പാർക്ക് തന്നെ ഉപയോഗശൂന്യമാകുമെന്നു വേണം കരുതാൻ.