Special Story

പായൽ കപാഡിയയും പൂനെ ഇൻസ്റ്റിറ്റ്യൂട്ടും

"ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പറയുന്നത് കേരളത്തിൽ നിന്ന് മുംബൈയിൽ ജോലിക്കെത്തിയ 2 നഴ്സുമാരുടെ കഥയാണ്

കഴിഞ്ഞ വ്യാഴാഴ്ച. അന്നാണ് "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഢിയേറിയതും വിഖ്യാതവുമായ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചത്. ചിത്രം പ്രദർശിപ്പിച്ചു തീർന്നതും 8 മിനിട്ട് കാണികളില്‍ നിന്ന് നിലയ്ക്കാത്ത കൈയടി. ഒരു ഇന്ത്യൻ സിനിമ 30 വർഷത്തിന് ശേഷം മത്സരിക്കുകയായിരുന്നു. ഷാജി എൻ. കരുണിന്‍റെ സംവിധാനത്തിൽ വൈധവ്യം പെയ്തിറങ്ങിയ "സ്വം' എന്ന മലയാള സിനിമയായിരുന്നു ഇതിനു മുമ്പ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്.

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ പ്രധാന മത്സരത്തിൽ ഒരു ഇന്ത്യൻ വനിതാ സംവിധായികയുടെ ആദ്യ ചിത്രവുമായിരുന്നു പായൽ കപാഡിയ നിർമിച്ച് സംവിധാനം ചെയ്ത "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. അതോടെ, ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്ര നിർമാതാവായി കാനിൽ പായൽ കപാഡിയ ചരിത്രം കുറിച്ചു. ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലാനിയുടെ മകളാണ് പായൽ.

"ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പറയുന്നത് കേരളത്തിൽ നിന്ന് മുംബൈയിൽ ജോലിക്കെത്തിയ 2 നഴ്സുമാരുടെ കഥയാണ്. മലയാളത്തിലും ഹിന്ദിയിലുമായാണ് എടുത്തിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രമേയം തന്നെയാണ് മലയാളം ഉൾപ്പെടുത്താൻ കാരണം. മുംബൈയിലും കൊങ്കണിലെ രത്നാഗിരിയിലുമാണ് സിനിമ ചിത്രീകരിച്ചത്.

ഇനി 9 വർഷം മുമ്പുള്ള നാണം കെട്ടൊരു ചരിത്രത്തിലേക്ക്. 2015ൽ ഗജേന്ദ്ര ചൗഹാൻ എന്ന മൂന്നാം കിട ടിവി നടൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (എഫ്ടിഐഐ) ഡയറക്റ്ററാവുന്നു. മഹാഭാരതം സീരിയലിലെ നടനെന്നതായിരുന്നു യോഗ്യത. സ്വാഭാവികമായും അവിടെ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾ അതിനെതിരെ പ്രതിഷേധിച്ചു. ആ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത പായൽ കപാഡിയ എന്ന പെൺകുട്ടിക്കെതിരേ നടപടിയെടുത്തു. അവൾ ക്ലാസ് ബഹിഷ്കരിച്ച് പുറത്തിറങ്ങി ചൗഹാനെതിരേ 4 മാസം നീണ്ടുനിന്ന വലിയ സമരത്തിന് നേതൃത്വം കൊടുത്തു. അവളുടെ സ്റ്റൈപ്പന്‍റ് കട്ട് ചെയ്താണ് എഫ് ടിഐഐ അധികൃതർ പ്രതികാരം തീർത്തത്. 139 ദിവസം നീണ്ട പ്രക്ഷോഭത്തിൽ 5 വിദ്യാർഥികൾ അറസ്റ്റിലായി. പായലുൾപ്പെടെ 25 വിദ്യാർഥികളുടെ പേര് കുറ്റപത്രത്തിലുണ്ട്. സമരത്തിന്‍റെ പേരിൽ പായലിന് സ്കോളർഷിപ്പ് നഷ്ടമായി. വിദേശത്തെ പഠന പരിപാടിയിൽ പങ്കെടുക്കാൻ വിലക്കും നേരിട്ടു. പൊലീസ് കപാഡിയ ഉള്‍പ്പെടെ 35 വിദ്യാര്‍ഥികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 149, 323, 353, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 2016 ലാണ് കോടതി കുറ്റപത്രം സമര്‍പ്പിച്ചത്. ഇനി ജൂണിലാണ് കേസില്‍ വാദം കേള്‍ക്കുക.

പായലിനു ഗ്രാൻ പ്രി കിട്ടിയതിനെ പ്രശംസിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിൽ കേസിലെ 25ാം പ്രതിയാണ് പായലെന്നും അടുത്തമാസം കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്നും പറയുന്നു. പായലിനും മറ്റ് വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസ് എഫ്ടിഐഐ ഇപ്പോള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പായലിന്‍റെ നേട്ടം ആഘോഷിക്കുന്ന എഫ് ടിഐഐയുടെ ഇരട്ടത്താപ്പിനെ ബോളിവുഡ് നടൻ അലി ഫസൽ വിമർശിച്ചു. ഇന്ത്യൻ മുഖ്യധാരാ സിനിമാ വ്യവസായത്തിന് ഈ നേട്ടങ്ങളിൽ എന്തെങ്കിലും പങ്കുണ്ടോ? "ഒന്നുമില്ല. ഇന്ത്യാ സർക്കാർ കാനിൽ ഓരോ വർഷവും കൊണ്ടുപോകുന്ന പ്രതിനിധികളെ നോക്കിയാൽ മതി' -അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പായൽ കപാഡിയ ഉൾപ്പെടെ 4 എഫ് ടിഐഐ പൂർവ വിദ്യാർഥികളാണ് കാൻ മേളയിൽ ശ്രദ്ധാകേന്ദ്രമായത്. പിയർ ആഞ്ജിനോ പുരസ്കാരം നേടിയ പ്രമുഖ ഛായാഗ്രാഹകനും മലയാളിയുമായ സന്തോഷ് ശിവൻ, ലാ സിനിഫ് പുരസ്കാരം നേടിയ ‘സൺഫ്ലവേഴ്സ് വേർ ദി ഫസ്റ്റ് വൺസ് ടു നോ’യുടെ സംവിധായകൻ ചിദാനന്ദ് നായ്ക്, ആസിഡ് കാൻസ് സൈഡ് ബാർ പദ്ധതിയിൽ പ്രദർശിപ്പിച്ച ഇൻ റിട്രീറ്റ് സിനിമയുടെ സംവിധായകൻ മയ്സം അലി എന്നിവർ ഇവിടത്തെ പൂർവ വിദ്യാർഥികളാണ്.

"ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രകാരിയായി ചരിത്രം സൃഷ്ടിച്ചതിന് പായൽ കപാഡിയയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കപാഡിയയുടെ നേട്ടത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി മോദി "എക്‌സി'ൽ പോസ്റ്റ് ചെയ്തു: "ഈ അഭിമാനകരമായ അംഗീകാരം നേടിയ പായലിന്‍റെ അസാധാരണമായ കഴിവുകളെ ബഹുമാനിക്കുക മാത്രമല്ല , പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.ഈ ചരിത്ര നേട്ടത്തിന് ഇന്ത്യ അഭിമാനിക്കുന്നു. ഇന്ത്യയിലെ സമ്പന്നമായ സർഗാത്മകതയുടെ ഒരു നേർക്കാഴ്ച, ഈ അഭിമാനകരമായ അംഗീകാരം അവളുടെ അസാധാരണമായ കഴിവുകളെ ആദരിക്കുക മാത്രമല്ല, ഒരു പുതിയ തലമുറയിലെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു' .

"അഭിമാനകരമായ ഗ്രാൻഡ് പ്രിക്സ് അവാർഡ് കരസ്ഥമാക്കിയതിന് പായൽ കപാഡിയയ്ക്കും "ഓൾ വി ഇമാജിൻ അസ് ലൈറ്റിന്‍റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഈ സ്ത്രീകൾ ചരിത്രം രചിക്കുകയും ഇന്ത്യൻ സിനിമാ സാഹോദര്യത്തെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെയ്തു' - രാഹുൽ ഗാന്ധി .

"ഈ നേട്ടത്തോടെ സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായൽ കപാഡിയ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണെന്നത് മലയാളികൾക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഇനിയും നല്ല സിനിമകൾ സൃഷ്ടിക്കാൻ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിനന്ദനം.

"ഞാൻ പൂന ഫിലിം ഇൻസ്റ്റ്യൂട്ടിൽ പഠിക്കുന്ന കാലത്താണ് മലയാളി നഴ്സ് വീട്ടിൽ മുത്തശിയെ പരിചരിക്കാനെത്തിയത്. അവരുടെ ജീവിതകഥ മനസിനെ തൊട്ടു. അത് പഠനത്തിന്‍റെ ഭാഗമായി ഡിപ്ലോമ ചിത്രമാക്കാൻ ആലോചിച്ചെങ്കിലും നടന്നില്ല. വലിയൊരു സിനിമയുടെ ത്രെഡ് അതിലുണ്ടായിരുന്നതിനാൽ മനസിൽ നിന്നു മാഞ്ഞതുമില്ല. അങ്ങനെ അത് "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന പേരിൽ 2018ൽ എഴുതാൻ തുടങ്ങി. 2023ൽ ചിത്രീകരണം ആരംഭിച്ചു. ഇപ്പോഴിതാ കാനിൽ എത്തിനിൽക്കുന്നു – കാൻ ചലച്ചിത്രോത്സവ വേദിയിൽ നിന്ന് സംവിധായിക പായൽ കപാഡിയ പറയുന്നു.

"ഈ സിനിമ സൗഹൃദത്തെക്കുറിച്ചാണ്, തികച്ചും വ്യത്യസ്തമായ 3 സ്ത്രീകളെക്കുറിച്ചാണ്. പലപ്പോഴും, സ്ത്രീകൾ പരസ്പരം ഏറ്റുമുട്ടുന്നു. ഇതാണ് നമ്മുടെ സമൂഹം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശരിക്കും നിർഭാഗ്യകരമാണിത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം സൗഹൃദം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, കൂടുതൽ ഐക്യദാർഢ്യം, ഉൾക്കൊള്ളൽ, സഹാനുഭൂതി എന്നിവയിലേക്ക് അത് മുന്നോട്ട് നയിക്കും' - അവാർഡ് വേദിയിൽ പായൽ തുറന്നു പറഞ്ഞു. സിനിമയിലെ 3 മുൻനിര നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം എന്നിവരുടെ സംഭാവനകളെ അംഗീകരിച്ച സംവിധായക പ്രഖ്യാപിച്ചു: "അവരില്ലാതെ സിനിമ സാധ്യമാകുമായിരുന്നില്ല. ഞങ്ങളുടെ സിനിമ ഇവിടെയുണ്ടായതിന് കാൻ ഫിലിം ഫെസ്റ്റിവലിന് നന്ദി. മറ്റൊരു ഇന്ത്യൻ സിനിമ ലഭിക്കാൻ ദയവായി 30 വർഷം കാത്തിരിക്കരുത്' പായലിന്‍റെ മറുപടി പ്രസംഗത്തിലെ ഈ അഭ്യർഥനയെ നിറഞ്ഞ കൈയടിയോടെയാണ് ഇന്ത്യൻ ചലച്ചിത്രലോകം ഏറ്റെടുത്തത്.

കാനിന്‍റെ വേദിയിൽ മലയാളത്തെ പ്രശംസിക്കാൻ പായൽ തയാറായി എന്നതിൽ കേരളീയർക്കും അഭിമാനിക്കാം. "വൈവിധ്യമാർന്ന ചിത്രങ്ങൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട്. അവിടെ ആര്‍ട്ട്‌ ഹൗസ് ചിത്രങ്ങൾക്കുപോലും ഡിസ്ട്രിബ്യൂഷൻ ലഭിക്കുന്നു. രാജ്യത്ത് മറ്റൊരിടത്തും ഇങ്ങനെ സംഭവിക്കുന്നില്ല. വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളെ സ്വീകരിക്കാൻ കേരളത്തിലെ പ്രേക്ഷകർ തയ്യാറാണ്‌'- പായൽ കാനിൽ ഇതു പറയുമ്പോൾ അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവരും ഒപ്പമുണ്ടായിരുന്നു.

ലോക സിനിമയിലേക്കുള്ള ഇന്ത്യൻ സംഭാവനയായാണ് പായൽ കപാഡിയ ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. 2017ലാണ് പായലിന്‍റെ കാനിലേക്കുള്ള അരങ്ങേറ്റം. "ആഫ്റ്റർനൂൺ ക്ലൗഡ്‌സ്' എന്ന ഹ്രസ്വ ചിത്രമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 60 വയസായ വിധവയുടെ കഥയായിരുന്നു അത്. 2021ൽ "എ നൈറ്റ് ഓഫ് നോയിങ് നതിങ്' എന്ന ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന രണ്ടുപേർ പ്രണയിക്കുന്നതും വ്യത്യസ്ത ജാതിയിൽ നിന്നുള്ളവരായതിനാൽ പിരിയേണ്ടി വന്നതുമായിരുന്നു പ്രമേയം.

"വിയോജിപ്പ് എന്നത് ജീവിതത്തിലും സിനിമയിലും തെരഞ്ഞെടുക്കാൻ പ്രയാസമുള്ള വഴിയാണ്. പായലിന് അത്തരത്തിലൊരു വിയോജിപ്പിന്‍റെ ചരിത്രം കൂടി പറയാനുണ്ട്. അത് കാനിൽ ചരിത്രം സൃഷ്ടിച്ച ആ യാത്രയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു'- ഗാനരചയിതാവും ചലച്ചിത്ര നിർമാതാവുമായ വരുൺ ഗ്രോവർ വിലയിരുത്തുന്നു.

അപ്പോൾ നമ്മൾ ഓർക്കേണ്ടത് ഇത്രയേയുള്ളൂ: പായൽ കപാഡിയ പഠിച്ച സ്ഥാപനം എന്ന നിലയിൽ കൂടി എഫ്ടിഐഐ അറിയപ്പെടും. ഗജേന്ദ്ര ചൗഹാൻ ബഫൂണായിപ്പോലും ചിത്രത്തിലില്ല. ഒരുപക്ഷേ, പായൽ അയാൾക്കെതിരേ പ്രക്ഷോഭം നടത്തി എന്ന നിലയിലാവും ഭാവിയിൽ അയാൾ അറിയപ്പെടുക.

മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മരണം

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിൽ

ഉറക്ക ഗുളിക ചേർത്ത ഫ്രൈഡ് റൈസ് നൽകി, പെട്രോളൊഴിച്ച് കത്തിച്ചു; ഭർതൃമാതാവിനെ കൊന്ന കേസിൽ യുവതിയും കാമുകനും പിടിയിൽ

കൂടിയും കുറഞ്ഞും ഉറച്ചു നിൽക്കാതെ സ്വർണം; 480 രൂപ കൂടി പവന് 55,960 രൂപയായി

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർ‌ട്ട് നൽകാൻ വനിതാ കമ്മിഷൻ