അജയൻ
കഴിഞ്ഞ വർഷം തൃശൂർ പൂരത്തിന് പ്രശസ്തമായ ഇലഞ്ഞിത്തറ മേളത്തിന്‍റെ പ്രമാണിത്തം പെരുവനം കുട്ടൻ മാരാർക്കല്ല എന്നറിഞ്ഞതോടെ ലോകം മുഴുവനുള്ള മേളപ്രേമികൾ കടുത്ത വ്യഥയിലാണ്ടു. തുടർച്ചയായി 25 വർഷം ഇലഞ്ഞിത്തറ മേളത്തിന്‍റെ പ്രമാണിത്തം വഹിച്ചു എന്ന ഖ്യാതിയിൽ ഒരു വർഷത്തിന്‍റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടെങ്കിലും, കലയിലെ കാവ്യനീതിയെന്ന പോലെ അതിവിശിഷ്ടമായ മറ്റൊരവസരം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. വരുന്ന മാർച്ച് 23ന് പെരുവനം കുട്ടൻ മാരാർ 1442 വർഷം പഴക്കമുള്ള ആറാട്ടുപുഴ പൂരത്തിനു മേളം നയിക്കുമ്പോൾ, അവിടെ പ്രമാണിത്തത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികം കൂടിയാണ് ആഘോഷമാകുന്നത്.
1970കളിൽ മേളത്തിനൊപ്പമുള്ള പെരുവനത്തിന്‍റെ യാത്ര തുടങ്ങുന്നതും ഇതേ ആറാട്ടുപുഴയിൽ നിന്നായിരുന്നു. ഇപ്പോൾ മേളപ്രമാണിത്തത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികം ആറാട്ടുപുഴയിൽ പഞ്ചാരിമേളത്തിനൊപ്പമാകുമ്പോൾ പെരുവനം കലാജീവിതത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. ''ഇത് ദേവസംഗമമാണ്, ഭക്തിയുടെ സംഗമസ്ഥാനം. ഇത്ര വലിയ ആസ്വാദക സംഘത്തിനു മുന്നിൽ ദൈവാനുഗ്രഹത്തോടെ മേളം അവതരിപ്പിക്കുന്നത് ആവേശകരമായ അനുഭവമാണ്, എന്‍റെ കഴിവുകൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തവർക്കുള്ള എളിയ ആദരവ് കൂടിയാണത്'', ഭക്തിസാന്ദ്രമായ ശബ്ദത്തിൽ അദ്ദേഹം പറയുന്നു.
ആറാട്ടുപുഴയിൽ പൂരം നടക്കുമ്പോൾ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ അത്താഴപൂജ ഉണ്ടായിരിക്കില്ല. ഉച്ച പൂജയ്ക്കു ശേഷം ക്ഷേത്രം അടയ്ക്കും. കാശി വിശ്വനാഥൻ ദേവസംഗമത്തിൽ പങ്കെടുക്കാൻ അന്ന് ആറാട്ടുപുഴയിലേക്കു പോകുമെന്നാണ് വിശ്വാസം. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ, ആറാട്ടുപുഴ പൂരത്തിൽ നിന്നുമാണ് തൃശൂർ പൂരം ഉടലെടുത്തതെന്നു കാണാൻ കഴിയും. പ്രതികൂല കാലാവസ്ഥ കാരണം ആറാട്ടുപുഴ പൂരത്തിൽ കൃത്യസമയത്ത് എത്തിച്ചേരാൻ ചില ക്ഷേത്രങ്ങൾക്കു സാധിച്ചില്ല. അതോടെ ആ ക്ഷേത്രങ്ങളെയെല്ലാം പൂരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. ഈ തീരുമാനം അന്നത്തെ ഭരണാധികാരിയായിരുന്ന ശക്തൻ തമ്പുരാനെ ക്ഷുഭിതനാക്കി. അങ്ങനെയാണ് ശക്തൻ തമ്പുരാൻ ആറാട്ടുപുഴപൂരത്തിൽ നിന്ന് വിലക്കിയ ക്ഷേത്രങ്ങളെയെല്ലാം ഉൾപ്പെടുത്തി 1796ൽ തൃശൂർ പൂരത്തിനു തുടക്കം കുറിക്കുന്നത്. അതുകൊണ്ടു തന്നെ പാരമ്പര്യം കൊണ്ട് പേരുകേട്ട ആറാട്ടുപുഴ പൂരത്തിനൊപ്പം മേളപ്രമാണിത്തത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കാനാകുന്നത് പെരുവനത്തെ സംബന്ധിച്ച് മനോഹരമായൊരു കാവ്യനീതി തന്നെയാകുന്നു, അദ്ദേഹത്തിന്‍റെ പാരമ്പര്യത്തിന് ചേരും വിധമുള്ള, പ്രതീകാത്മകമായ ആദരവ്.
ചെണ്ട മേളത്തിനു പേരു കേട്ട പെരുവനം അപ്പു മാരാരുടെ മകനാണ് പെരുവനം കുട്ടൻ മാരാർ. അച്ഛനിൽ നിന്ന് മേളത്തിന്‍റെ അടിസ്ഥാന പാഠങ്ങൾ പഠിച്ചെടുത്ത ശേഷം മേളത്തിൽ അതികായനായ കുമാരപുരം അപ്പു മാരാർ അടക്കമുള്ള പ്രഗൽഭരുടെ ശിഷ്യത്വം സ്വീകരിച്ചു. 29 വയസ് മാത്രമുള്ളപ്പോൾ ഗുരുവായൂർ ദശമി വിളക്കിനാണു കുട്ടൻ മാരാർ ആദ്യമായി മേളപ്രമാണിയാകുന്നത്, 1982ൽ. അതുവരെ അദ്ദേഹത്തിന്‍റെ പിതാവ് അപ്പു മാരാർ, ചിതലി രാമൻ മാരാർ, പല്ലാവൂർ അപ്പു മാരാർ എന്നിവരെപ്പോലെ പ്രായം കൊണ്ടും അനുഭവസമ്പത്തു കൊണ്ടും ശ്രേഷ്ഠരായ മേളക്കാരാണ് ഗുരുവായൂർ ദശമി വിളക്കിൽ പ്രമാണിത്തം വഹിച്ചിരുന്നത്. പക്ഷേ, 1982ൽ യുവാക്കളുടെ സംഘത്തിന് മേളം കൈമാറി. ഗുരുവായൂരപ്പന്‍റെ അനുഗ്രഹം എന്നാണ് പെരുവനം ആ അവസരത്തെ വിശേഷിപ്പിക്കുന്നത്. അതിനു ശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുമില്ല.
പ്രധാന പൂരങ്ങളിൽ പിതാവിനൊപ്പം പെരുവനം 1968 മുതലേ പോയിരുന്നു. ചേർപ്പ്, ഊരകം, ചാത്തക്കുടം, പെരുവനം ക്ഷേത്രങ്ങളിൽ പല തവണ അപ്പു മാരാർ മേളം നയിച്ചിയിട്ടുണ്ട്. 1988ൽ പെരുവനം അപ്പു മാരാർ കാലയവനികയിൽ മറഞ്ഞതോടെ ഈ മേളങ്ങളുടെയെല്ലാം നേതൃത്വം കുട്ടൻ മാരാരിൽ നിക്ഷിപ്തമായി.
നിലവിൽ ചേർപ്പ്, ആറാട്ടുപുഴ ക്ഷേത്രങ്ങളിലെ മേളത്തിന് നേതൃത്വം നൽകുന്നത് പെരുവനമാണ്. ആറാട്ടുപുഴ പൂരത്തിന് വിവിധ ക്ഷേത്രങ്ങളിലെ മേളത്തിന് നേതൃത്വം നൽകുക എന്നത് അസാധ്യമാണെന്ന് പെരുവനം പറയുന്നു.
അച്ഛനിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും പകർന്നു കിട്ടിയ ജ്ഞാനം കൊണ്ടും കഴിവുറ്റ മേളക്കാരുടെ പിന്തുണ കൊണ്ടുമാണ് പെരുവനത്തിന്‍റെ ഗുരുവായൂരിലെ ആദ്യ മേളപ്രമാണിത്തം അനായാസമായത്. അതുല്യമായ കൃത്യതയോടെയും വൈദഗ്ധ്യത്തോടെയും ആഗോളതലത്തിൽ ഒരു അംബാസഡർ എന്ന പോലെ അദ്ദേഹം മേളത്തിന്‍റെ പര്യായമായി മാറിയിരിക്കുകയാണ്. കേരളത്തിലെ പേരു കേട്ട ക്ഷേത്രങ്ങളിലെല്ലാം അദ്ദേഹം മേളം അവതരിപ്പിച്ചിട്ടുണ്ട്. വർഷത്തിൽ 250 മേളങ്ങൾക്കു വരെ നേതൃത്വം കൊടുക്കാറുണ്ട്. ചെണ്ട മേളത്തിൽ പെരുവനം നൽകിയ അതുല്യ സംഭാവനകൾ തന്നെയാണ് അദ്ദേഹത്തെ പദ്മശ്രീ ബഹുമതിക്ക് അർഹനാക്കിയതും.
ആറാട്ടുപുഴ ക്ഷേത്രത്തിൽ നിന്ന് ഭഗവാനെ വൈകിട്ട് ഏഴു മണിയോടെ പുറത്തേക്ക് എഴുന്നള്ളിക്കും. ആ സമയത്ത് മൂന്നു മൂന്നര മണിക്കൂർ നിലയ്ക്കാതെ തുടരുന്ന പഞ്ചാരിമേളം തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ ആനന്ദസാഗരത്തിൽ ആറാടിക്കും. അതിവിശിഷ്ടവും വിഭിന്നവുമായ അനുഭവമാണതെന്ന് കുട്ടൻ മാരാൻ പറയുന്നു. ചടുലമായ പാണ്ടിമേളത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ശ്രവണസുഖദമായ പഞ്ചാരിമേളം. പതിഞ്ഞ താളത്തിൽ തുടങ്ങി സാവകാശം മേളം കൊട്ടിക്കയറും. ആറാട്ടുപുഴ പൂരത്തിന് തൊട്ടു മുൻപുള്ള ദിവസം നടക്കുന്ന തറയ്ക്കൽ പൂരത്തിന് പാണ്ടിമേളത്തിന് പ്രമാണിത്തം വഹിക്കുന്നതും പെരുവനമാണെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.
വർഷങ്ങൾക്കു മുൻപ് 1985ൽ എടക്കുന്നി ക്ഷേത്രത്തിലെ 10 നാഴിക (5 മണിക്കൂറോളം) പഞ്ചാരിമേളത്തിന് ഈ ലേഖകൻ സാക്ഷിയായിരുന്നു. മുപ്പത്തിരണ്ടുകാരനായ പെരുവനവും അന്നു മേളത്തിൽ പങ്കെടുക്കുന്നുണ്ട്. മുൻനിരയിൽ തന്നെയാണു ആ ചെറുപ്രായത്തിൽ അദ്ദേഹത്തിനു സ്ഥാനം നിശ്ചയിക്കപ്പെട്ടിരുന്നത്. അക്കാലത്തെ പേരുകേട്ട പല കലാകാരന്മാരും പ്രായം കുറഞ്ഞൊരു കലാകാരനു പുറകിൽ അണി നിരക്കാൻ ആദ്യം വൈമനസ്യം കാണിച്ചു. പക്ഷേ, പെരുവനത്തെ മുൻനിരയിൽ നിർത്താൻ തന്നെയായിരുന്നു മേളപ്രമാണിയുടെ തീരുമാനം. ആസ്വാദകരും ആ തീരുമാനത്തിന് പിന്തുണ നൽകിയതോടെ പെരുവനം ആദ്യ നിരയിൽ ഇടം പിടിച്ചു. പ്രതിഷേധിച്ച പല മുതിർന്ന കലാകാരന്മാരും ചെണ്ടയുമായി പിന്നോട്ടുമാറി. പക്ഷേ, തൊട്ടടുത്ത വർഷം ക്ഷേത്രത്തിലെ മേളത്തിന്‍റെ പ്രമാണിയായി തന്നെയാണ് പെരുവനം എത്തിയത്. തുടർന്ന് രണ്ടു പതിറ്റാണ്ടോളം പെരുവനം തന്നെ എടക്കുന്നി ക്ഷേത്രത്തിലെ മേളപ്രമാണിയായി തുടർന്നു.
മേളം നടക്കുമ്പോൾ പെരുവനത്തിന്‍റെ കണ്ണും കാതും സദാ ജാഗരൂകമായിരിക്കും. ഒപ്പമുള്ള കലാകാരന്മാരുടെ ചെറിയ തെറ്റുകൾ പോലും തിരുത്താൻ മടികാണിക്കാറില്ല. നിരവധി പേർ ഒരുമിച്ചുള്ള ഒരു പ്രയത്നമാണ് മേളം. ഒപ്പമുള്ള കലാകാരന്മാരിൽ മാത്രം വിശ്വാസമർപ്പിക്കേണ്ടി വരുന്ന നിരവധി മുഹൂർത്തങ്ങളിലൂടെയാണ് മേളപ്രമാണിമാർ കടന്നു പോയിരുന്നത്. ഇപ്പോൾ കാലം ഒരുപാട് മാറി, എങ്കിലും മേളത്തിന് പ്രമാണിത്തം വഹിക്കുന്നവർ തീർത്തും ജാഗരൂകർ തന്നെയായിരിക്കണമെന്നതിൽ അദ്ദേഹത്തിനു സംശയമില്ല. കണിശക്കാരനെന്ന പ്രതീതിയുണർത്തുമ്പോൾ തന്നെ, ഒപ്പമുള്ള കലാകാരന്മാർക്ക് അർഹിക്കുന്ന അംഗീകാരവും സാമ്പത്തിക നേട്ടവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെരുവനം മറക്കാറില്ല.
മാധ്യമങ്ങളോടുള്ള നന്ദിയും അദ്ദേഹം തുറന്നു പറയുന്നുണ്ട്. ടെലിവിഷന്‍റെയും ഇപ്പോൾ സമൂഹമാധ്യമങ്ങളുടെയും കടന്നു വരവ് മേളം ആസ്വദിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാക്കിയിട്ടുണ്ട്. ആസ്വാദകർ വളരെ സൂക്ഷ്മമായി മേളം ആസ്വദിക്കുന്നുണ്ടെന്നും പെരുവനം പറയുന്നു.
കാലം ചെല്ലുന്തോറും അസഹ്യതയുണ്ടാക്കും വിധമുള്ള ശൈലീമാറ്റത്തിനു പോലും വിധേയമാകുന്ന മേളത്തെ, പാരമ്പര്യ ശൈലി കൈവിടാതെ തികച്ചും നൈസർഗികമായ രീതിയിൽ പിന്തുടരുകയാണ് പെരുവനം ചെയ്യുന്നതെന്ന് പെരുവനത്തിന്‍റെ പല മേളങ്ങളിലും പങ്കെടുത്തിട്ടുള്ള ശ്രീവത്സൻ കുറുപ്പാൾ പറയുന്നു. പാണ്ടിയിലും പഞ്ചാരിയിലും ഒരു പോലെ വിദഗ്ധനാണ് പെരുവനം. ഇടയ്ക്കു ചില മേളങ്ങളിൽ
പലരും വല്ലപ്പോഴും ഒരു മേളത്തിൽ മികവു പുലർത്തുമ്പോൾ പെരുവനത്തിന്‍റെ സ്ഥിരത എടുത്തു പറയേണ്ടതാണ്. ആറാട്ടുപുഴ പൂരത്തിനും ഇലഞ്ഞിത്തറ മേളത്തിനും തുടർച്ചയായി 24 വർഷം മേളം നയിച്ചതു തന്നെ ആ വൈദഗ്ധ്യത്തിന്‍റെ തെളിവാണെന്ന് മുൻ അധ്യാപകൻ കൂടിയായ ശ്രീവത്സൻ. അതു മാത്രമല്ല ഒപ്പമുള്ള കലാകാരന്മാരെയെല്ലാം ചേർത്തു പിടിക്കാനും അവർക്ക് കഴിവ് പ്രടിപ്പിക്കാൻ അവസരം നൽകാനും അർഹമായ അംഗീകാരങ്ങൾ ഉറപ്പാക്കാനുമെല്ലാം പെരുവനം ശ്രദ്ധിക്കാറുണ്ടെന്ന് ശ്രീവത്സൻ.
മേളം ആസ്വാദകർക്കെല്ലാം പെരുവനം കുട്ടൻ മാരാർ എന്നാൽ വെറും പെരുവനമാണ്, അല്ലെങ്കിൽ വെറും കുട്ടനാണ്. ബാങ്ക് മാനേജരായ എം. ശന്തനു മേളപ്രേമിയായ തന്‍റെ മുത്തച്ഛനെക്കുറിച്ചുള്ള ഓർമ പങ്കു വയ്ക്കുമ്പോൾ പെരുവനത്തിന്‍റെ ജനപ്രീതി ഒന്നുകൂടി വ്യക്തമാകും. ഒരു വീഴ്ച മൂലം 2014ൽ മുത്തച്ഛന് പെരുവനം പൂരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്ന് ശന്തനു. പൂരത്തിന്‍റെ അന്ന് വീട്ടിലിരുന്ന് പേരക്കുട്ടിയോട് മുത്തച്ഛൻ പൂരത്തിന്‍റെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു, ''പിഷാരിക്കൽ ഭഗവതി ഇപ്പോൾ പെരുവനത്തെത്തിക്കാണും, ആറാട്ടുപുഴ ശാസ്താവിന്‍റെ എഴുന്നിള്ളിപ്പ് ഇപ്പോൾ തുടങ്ങിക്കാണും... ചാത്തക്കുടം ശാസ്താവിന്‍റെ മേളം നയിക്കുന്നത് പെരുവനം സതീശനാണ്, ഊരകത്തിന്‍റെ മേളം ചെറുശ്ശേരി കുട്ടൻ. പിന്നെ ആറാട്ടുപുഴ ശാസ്താവിന്‍റെയും ചേർപ്പ് ഭഗവതിയുടെ മേളം നയിക്കുന്നത് നമ്മുടെ കുട്ടൻ''. ആസ്വാദകരും പെരുവനവും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ശക്തിയാണ് ആ വാക്കുകളിലുണ്ടായിരുന്നതെന്ന് ശന്തനു ഓർത്തെടുക്കുന്നു. കലാപരമായ കഴിവുകൾക്കൊപ്പം ഈശ്വരാനുഗ്രഹവും ഗുരുത്വവുമാണ് പെരുവനം കുട്ടൻ മാരാരെ നയിക്കുന്നതെന്നും ശന്തനു.