കൊച്ചി: പന്തളം പുത്തന്‍കാവ് ക്ഷേത്രത്തിൽ അരിക്കൊമ്പനുവേണ്ടി ശത്രുസംഹാര പൂജ. ഒരു ഭക്ത നടത്തിയ വഴിപാടാണ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അരിക്കൊമ്പനുവേണ്ടി നടത്തിയ വഴിപാട് രസീതിൻ്റെയും പ്രസാദത്തിൻ്റെയും ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ചിന്നക്കനാലില്‍ നിന്ന് പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ എന്ന കാട്ടാനയ്ക്ക് നിരവധി ആരാധകരാണുള്ളത്. ആനയ്ക്കായി ആരാധകര്‍ പണപ്പിരിവ് നടത്തുകയും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് അരിക്കൊമ്പന് വേണ്ടി വഴിപാടുമായി പന്തളം സ്വദേശിയായ ഭക്ത രംഗത്തെത്തിയത്.
അരികൊമ്പൻ്റെ നക്ഷത്രത്തിൻ്റെ സ്ഥാനത്ത് ഉത്രം എന്നാണ് ഭക്ത നൽകിയിട്ടുള്ളത്. മുന്‍പ് അണക്കരയിലെ ഓട്ടോത്തൊഴിലാളികള്‍ അരിക്കൊമ്പൻ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യര്‍ കടന്നുകയറി അന്യായമായി ആനയെ പിടികൂടിയെന്നായിരുന്നു ആനപ്രേമികളുടെ ആരോപണം.
ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ട ആന തമിഴ്നാട് ജനവാസമേഖലയിലിറങ്ങി ഭീതി പരത്തിയതിനു പിന്നാലെ ആനയെ തമിഴ്നാട് വനം വകുപ്പ് മയക്കുവെടിവച്ച് അപ്പർ കോതയാർ വനമേഖലയിൽ തുറന്നു വിടുകയായിരുന്നു. തുമ്പിക്കൈയ്ക്ക് അടക്കം പരിക്കുണ്ടായിരുന്ന അരിക്കൊമ്പന് മതിയായ ചികിത്സ നൽകിയാണ് തുറന്നുവിട്ടത്. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്.