അഡ്വ. ജി. സുഗുണന്
ഏതു രാജ്യത്തേയും ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും അടിസ്ഥാന കാരണം തൊഴിലില്ലായ്മയാണ്. നമ്മുടെ രാജ്യത്ത് തൊഴില്‍രഹിതരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണെന്നത് ഏവര്‍ക്കും ബോധ്യമുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും രാജ്യത്തെ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ ഏജന്‍സികളും തൊഴിലില്ലായ്മ സംബന്ധിച്ച് ഒരു ദശാബ്ദകാലമായി ആധികാരിക രേഖകള്‍ വച്ചുകൊണ്ട് പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്. മുതലാളിത്ത സമ്പദ്ഘടനയും ആഗോളവത്കരണ നയങ്ങളുമാണ് തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. ഈ വസ്തുതകള്‍ സര്‍ക്കാരിന്റേയും ജനങ്ങളുടേയും മുന്പില് ചൂണ്ടിക്കാട്ടിയ പ്രമുഖരായ പല സാമ്പത്തിക വിദഗ്ധന്മാരും നമ്മുടെ രാജ്യത്തുണ്ട്. ഇതില്‍ പലര്‍ക്കും കേന്ദ്ര സര്‍ക്കാരുമായി യോജിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി.
പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അതിലൂടെ 5 വര്‍ഷം കൊണ്ട് 10 കോടി തൊഴില്‍ നല്‍കുമെന്നുമായിരുന്നു ഒന്നാം മോദി സര്‍ക്കാരിന്റെ വാഗ്ദാനം. പ്രകടന പത്രികയിലെ ഈ വാഗ്ദാനം നരേന്ദ്ര മോദി മുതല്‍ പ്രാദേശിക തലങ്ങളിലെ നേതാക്കള്‍ വരെയുള്ളവര്‍ ആവര്‍ത്തിച്ചതുമാണ്. എന്നാല്‍ അധികാരം കിട്ടിയതോടെ അതേക്കുറിച്ച് പിന്നീട് ഒരക്ഷരം മിണ്ടാതെയായി.
140 കോടി ജനസംഖ്യയുള്ള രാജ്യത്ത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 40 കോടിക്കും താഴെയാണ്. ഓരോ മാസം കഴിയും തോറും തൊഴിലെടുക്കുന്നവരുടെ സംഖ്യ കുറഞ്ഞുകുറഞ്ഞു വരുന്നതായാണ് ചില കണക്കുകള്‍. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും വലിയ രീതിയില്‍ വർധിച്ചുവരുന്നെന്ന് സിഎംഐഇ.
ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ തൊഴിലില്ലായ്മ മുന്‍പ് ഒരു കാലത്തും ഉണ്ടാവാത്ത നിലയില്‍ വർധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തൊഴില്‍ രഹിതരില്‍ 83% ചെറുപ്പക്കാരാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ ഡവലപ്പ്മെന്റുമായി (ഐഎച്ച്ഡി) ചേര്‍ന്ന് ഐഎല്‍ഒ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരായ യുവതയുള്ള രാജ്യമായി അങ്ങനെ ഇന്ത്യ മാറുകയാണ്. രാജ്യത്തെ തൊഴില്‍ രംഗം നൂറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
ലോകത്ത് അതിദരിദ്രര്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. 112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 100 കോടിയിലേറെ പേര് അതിദരിദ്രാവസ്ഥയിലാണെന്ന് യുഎന്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 23.4 കോടി പേര് അതിദരിദ്രാവസ്ഥയിലുള്ള ഇന്ത്യയാണ് പട്ടിണിയില്‍ ഒന്നാമത്. പാക്കിസ്ഥാന്, എത്യോപ്യ, നൈജീരിയ, കോംഗോ എന്നീ രാജ്യങ്ങളാണ് തൊട്ടു പുറകില്‍. ലോകത്താകെയുള്ള അതിദരിദ്രരരില് പകുതിയും ഈ 5 രാജ്യങ്ങളിലാണ്.
ഓക്സഫഡ് പ്രോവര്‍ട്ടി ആൻഡ് ഹ്യൂമണ്‍ ഡവലപ്പ്മെന്റ് ഇനിഷ്യറ്റേവീവുമായും (ഒപിഎച്ച്ഐ) സഹകരിച്ചാണ് യുഎന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ലോകത്ത് 18 വയസിന് താഴെയുള്ള 58 കോടി പേരാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്- ലോകമെമ്പാടുമുള്ള കുട്ടികളുടെ 27.9%. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ആഗോള വിശപ്പ് സൂചികയിലും ഇന്ത്യയുടെ സ്ഥാനം പരിതാപകരം.
വിലക്കയറ്റം ഇന്ത്യയില്‍ ഒരു വസ്തുതയാണ്. ഇതിനൊപ്പമാണ് കേന്ദ്രം ഒരിക്കലും അംഗീകരിക്കാന്‍ തയാറാവാത്ത ആഗോള പട്ടിണി സൂചികയുടെ കണക്കുകളും പുറത്തുവന്നിരിക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത്തരം പഠനങ്ങള്‍ ലോകത്താകെ നടത്തുന്നത്. ഇത്തവണ ഇന്ത്യ 127 രാജ്യങ്ങളുടെ പട്ടികയില്‍ 105ാം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്. മാത്രമല്ല വിവിധ വിഭാഗങ്ങളെ തരംതിരിച്ചതില്‍ ഗുരുതര വിഭാഗത്തിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്ക്കൊപ്പം 41 രാജ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവ ഇതേ വിഭാഗത്തിലാണ്. മറ്റ് അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെട്ട വിഭാഗത്തിലാണ്. 2023ല്‍ 125 രാജ്യങ്ങളുടെ പട്ടികയില്‍ 111ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്.
2021ല്‍ 116 രാജ്യങ്ങളുടെ ആഗോള പട്ടിക സൂചിക അനുസരിച്ച് ഇന്ത്യയ്ക്ക് 101ാം സ്ഥാനമായിരുന്നു. അതിന് മുന്‍വര്‍ഷം 94. അന്ന് പാകിസ്ഥാന് ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു. ഐറിഷ് സഹായ ഏജന്‍സിയായ കണ്സേന് വേള്‍ഡ് വൈഡും, ജര്‍മന്‍ സംഘടനയായ വെല്റ്റ്ഹംഗര് ഹില്‍ഫേയും ചേര്‍ന്ന് തയാറാക്കിയതാണ് 2021ലെ ഈ റിപ്പോര്‍ട്ട്. തൊട്ടടുത്ത വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശ്, പാകിസ്ഥാന്, സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക എന്നീ രാജ്യങ്ങളെക്കാള്‍ പിന്നില്‍ 107ാം സ്ഥാനത്താണ് ഇന്ത്യ എന്നാണ് കണക്കാക്കപ്പെട്ടത്.
എന്നാല്‍ തങ്ങള്‍ക്ക് അനുഗുണമല്ലെങ്കില്‍ അതിന്റെ വിശ്വാസ്യതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കാറുള്ളത്. 2021ലും 22ലും അങ്ങനെയാണ് ചെയ്തത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടിനേയും അവര്‍ അംഗീകരിക്കണമെന്നില്ല. ഇത്തരം സാര്‍വദേശീയ റിപ്പോര്‍ട്ടുകളെ മറികടക്കാൻ ഇന്ത്യ സ്വന്തമായി സര്‍വെ നടത്താൻ തീരുമാനിച്ച വിവരവും പുറത്തുവന്നിരുന്നു. ഇത്തരം ഏജന്‍സികളെ സംബന്ധിച്ച് ചില ദേശീയ മാധ്യമങ്ങള്‍ അന്വേഷിച്ചപ്പോള്‍ പറ്റ്നനയിലും ലഖ്നൗവിലും ബിജെപിക്കാരുടേയും അവരുടെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണെന്നാണ് കണ്ടെത്തിയത്.
ഒരു വശത്ത് പട്ടിണിയും ദുരിതവും വര്‍ധിക്കുമ്പോള്‍, നമ്മുടെ രാജ്യം കുറേ മുതലാളിമാരും അവരുടെ പണപ്പെട്ടിക്ക് കാവല്‍ നില്ക്കുന്ന ഭരണക്കാരും എന്ന നിലയിലേക്കു മാറിയിരിക്കുന്നു. 144 കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ സമൂഹത്തിന്റെ അധ്വാനം മുഴുവന്‍ അതിസമ്പന്നര്‍ കൊള്ളയടിക്കുന്നു. വിദേശനാണ്യ പ്രതിസന്ധിയുടെ മറവില്‍, 1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച "നവ ഉദാര സാമ്പത്തിക നയം' ബിജെപി അതിതീവ്രമായി നടപ്പാക്കി.
2024 മാര്‍ച്ച് 18ന് "വേള്‍ഡ് ഇന്‍ക്വാളിറ്റി ലാബ്' പ്രസിദ്ധീകരിച്ച അസമത്വ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. 2022ല്‍ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 22.6% ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനം അതിസമ്പന്നരുടെ കൈകളിലായി. 1951ല്‍ ഇത് 11.5% ആയിരുന്നു. ഇപ്പോള്‍, സ്വത്തിന്റെ 40.10% ഇവരുടെ കൈയിലെത്തി. അതിസമ്പന്നരില്‍ തന്നെ 0.1 ശതമാനത്തിന്റെ ദേശീയവരുമാനത്തിലെ പങ്കാളിത്തം 10%ആണ്. 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയശേഷം 1980 വരെ അസമത്വം കുറഞ്ഞു വരികയായിരുന്നു. എന്നാല്‍, നവ ഉദാര നയം നടപ്പാക്കിയതോടെ അസമത്വം റോക്കറ്റ് വേഗത്തില്‍ കുതിച്ചു. മോദിയുടെ ഭരണക്കാലയളവില്‍ 2014-15നും 2022-23നും ഇടയില്‍ സമ്പത്തിന്റെ അതിഭീമമായ കേന്ദ്രീകരണമാണ് സംഭവിച്ചത്. 2022ല്‍ ദേശീയ വരുമാനത്തിന്റെ 57.7% മുകള്‍ത്തട്ടിലെ 10% സമ്പന്നരുടെ കൈയിലായി. 1951ല്‍ ഈ 10%ത്തിന്റെ കൈയിലുണ്ടായിരുന്നത് 36.7% ആയിരുന്നു. ഇതേസമയം, 2022ല്‍ അടിത്തട്ടിലെ 50% പേരുടെ ദേശീയ വരുമാനത്തിലെ പങ്കാളിത്തം 15% മാത്രം. 1951ലെ 20.6%ത്തില്‍ നിന്ന് ഇവരുടെ വരുമാനം ഇടിഞ്ഞു. അത് 42.8% ആയിരുന്നത് 27.3% ആയി.
വിണ്ടുകീറിയ വയലേലകളില്‍ കോടിക്കണക്കിന് കൃഷിക്കാര്‍ ഉരുകിത്തീരുമ്പോള്‍, 18 കോടിയോളം പരമദരിദ്രര്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അലയുമ്പോള്‍, അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരുടെ കൈകള്‍ അതിസമ്പന്നര്‍ക്കു വേണ്ടി മാത്രമാണ് ചലിച്ചത്. ഭരണക്കാര്‍ ഇന്ത്യന്‍ ജനതയുടെ ആരാച്ചാര്‍മാരായി. അവര്‍ കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിയിട്ടു. പാവങ്ങളെ പട്ടിണി മരണത്തിന് എറിഞ്ഞുകൊടുത്തു. 2024 ലെ ആഗോള വിശപ്പ് സൂചികയും ഇത് വെളിപ്പെടുത്തുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ അതിദരിദ്രരുള്ളത് നമ്മുടെ രാജ്യത്താണെന്ന ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട് വ്യാകുലപ്പെടുത്തുന്നതാണ്. ലോകത്തെ മൂന്നാം ശക്തിയായി രാജ്യം മാറുകയാണെന്ന് പ്രചരണം നടത്തുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ വസ്തുതയ്ക്ക് നേരെ മുഖംതിരിക്കുന്നു. പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റേയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികളൊന്നും ഭരണാധികാരികള്‍ കൈക്കൊന്നില്ല, അതിനവര്‍ തയാറാകുമെന്നു തോന്നുന്നുമില്ല.
കൊടും പട്ടിണിയെപ്പറ്റിയുള്ള ഈ റിപ്പോര്‍ട്ട് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്തായാലും അധികകാലം ഇത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.
(ലേഖകന്റെ ഫോണ്‍- 9847132428)