Priyanka Gandhi File
Special Story

വയനാട്ടിലെ പ്രിയങ്ക: കോൺഗ്രസിന് ആശ്വാസവും എൽഡിഎഫിന് ആശയക്കുഴപ്പവും

അജയൻ

റായ്ബറേലി നിലനിർത്തി വയനാട് കൈവിടാൻ രാഹുൽ ഗാന്ധി തീരുമാനിക്കുമ്പോൾ, വയനാട്ടിലേക്ക് പകരമെത്തുന്നത് പ്രിയങ്ക ഗാന്ധിയാണ് - കോൺഗ്രസിന്‍റെ ഭാഗത്തുനിന്നുള്ള തന്ത്രപരവും കൗശലപൂർണവുമായൊരു രാഷ്‌ട്രീയ നീക്കം. ഇതോടെ കേരളത്തിലെ കോൺഗ്രസ് പല നാണക്കേടുകളിൽ നിന്നും രക്ഷപെട്ടെന്നു മാത്രമല്ല, എൽഡിഎഫിന് നാണക്കേടിനുള്ള വകയുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.

കോൺഗ്രസിന്‍റെ ഉരുക്കു കോട്ടയായിരുന്ന അമേഠിയിലെ വോട്ടർമാർ കൈവിട്ടപ്പോഴും രാഹുലിനെ ചേർത്തുപിടിച്ച മണ്ഡലമാണ് വയനാട്. പക്ഷേ, ബിജെപിയുടെ ശാക്തിക മേഖലയായ ഹിന്ദി ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന റായ്ബറേലി ഇക്കുറി രാഹുലിനെ അംഗീകരിക്കുമ്പോൾ, ആ മണ്ഡലം നിലനിർത്തുന്നതു തന്നെയാണ് ബുദ്ധിപരമായ രാഷ്‌ട്രീയം. ഹിന്ദി ബെൽറ്റിൽ നിർണായക മുന്നേറ്റങ്ങൾ നടത്താൻ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സാധിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. വയനാട് വിടാൻ തന്ത്രപരമായ തീരുമാനമെടുക്കുമ്പോൾ തന്നെ, വയനാട്ടിലെ വോട്ടർമാരെ നിരാശപ്പെടുത്തില്ലെന്ന വാഗ്ദാനം പാലിക്കാനും രാഹുലിനു സാധിക്കുന്നു.

ഇക്കുറി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍റെ പിന്നണിയിൽ നിർണായക പങ്കു വഹിച്ച പ്രിയങ്ക ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്‍റെ മുന്നണിയിലേക്ക് വരുകയാണ് വയനാട്ടിലൂടെ. രാഹുൽ വയനാട്ടിൽ നേടിയ ഗംഭീര വിജയത്തിനു പിന്നിലും പ്രിയങ്കയുടെ പ്രയത്നമുണ്ടായിരുന്നു. 3.64 ലക്ഷം വോട്ടുകളുടെ ആ ഭൂരിപക്ഷം മറികടക്കാൻ, അല്ലെങ്കിൽ 2019ലെ 4.3 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കാൻ, പ്രിയങ്കയ്ക്കു കഴിയുമോ എന്നറിയാനാണ് നിരീക്ഷകർ കൗതുകത്തോടെ കാത്തിരിക്കുന്നത്. 2019ൽ രാഹുൽ സർപ്രൈസ് സ്ഥാനാർഥിയായെത്തിയ വയനാട് മണ്ഡലം പ്രിയങ്ക നിലനിർത്തും എന്ന കാര്യത്തിൽ സംശയങ്ങൾക്കു പ്രസക്തിയില്ലല്ലോ.

പ്രിയങ്ക വയനാട്ടിലേക്കു വരുമ്പോൾ കോൺഗ്രസിനു കേരളത്തിലെ അടിത്തറ ശക്തിപ്പെടുത്താനാവുമെന്നു മാത്രമല്ല, ദക്ഷിണേന്ത്യയിൽ ആകമാനം സ്വാധീനം വർധിപ്പിക്കാനും സാധിക്കും. ഇപ്പോൾ തന്നെ കർണാടകയും തെലങ്കാനയും ഭരിക്കുന്നത് കോൺഗ്രസ് സർക്കാരുകളാണ്. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ ജൂനിയർ പാർട്ണറായിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കോൺഗ്രസിനു സാധിച്ചു. അവിടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രിയങ്കയുടെ കേരളത്തിലെ സാന്നിധ്യത്തെ പാർട്ടി നേതൃത്വം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. സ്ഥാനാർഥിയായി പ്രിയങ്കയും താര പ്രചാരകനായി രാഹുലും കേരളത്തിലുള്ളപ്പോൾ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന്‍റെ സാധ്യതകൾ വർധിക്കുകയാണ്. അതിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വരാനിരിക്കുന്നു.

സ്ഥാനാർഥി നിർണയം എന്ന കടുത്ത പ്രതിസന്ധിയിൽ നിന്ന് സംസ്ഥാന കോൺഗ്രസിനെ ഒറ്റയടിക്ക് രക്ഷിച്ചെടുക്കുക കൂടിയാണ്, പ്രിയങ്കയെ വയനാട്ടിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതു വഴി പാർട്ടി 'ഹൈക്കമാൻഡ്' ചെയ്തത്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാട്ടം മാത്രമല്ല, മുസ്‌ലിം ലീഗിൽ നിന്നുള്ള കടുത്ത സമ്മർദ സാധ്യതയും ഇതോടെ ഇല്ലാതായി. മൂന്നാം ലോക്‌സഭാ സീറ്റ് ആവശ്യപ്പെടുന്നു എന്ന വ്യാജേന കോൺഗ്രസിന്‍റെ രാജ്യസഭാ സീറ്റ് തന്നെ സ്വന്തമാക്കാൻ ലീഗിനു സാധിച്ചിരുന്നു. വയനാടിന്‍റെ കാര്യത്തിൽ അങ്ങനെയുള്ള സാധ്യതകളെല്ലാം അപ്രസക്തമാക്കുന്നതാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വം. സിപിഎമ്മും എൽഡിഎഫും ന്യൂനപക്ഷ വോട്ടുകൾക്കു വേണ്ടി കിണഞ്ഞു ശ്രമിക്കുന്ന സാഹചര്യത്തിൽ, രാഹുൽ ഒഴിയുന്ന വയനാട്ടിൽ ഒരു മുസ്‌ലിം സ്ഥാനാർഥിയെ നിർത്തണമെന്ന നിർദേശം കോൺഗ്രസിൽ ശക്തമായിരുന്നു. എന്നാൽ, പ്രിയങ്ക വരുന്നതോടെ ഇത്തരം ജാതി സമവാക്യങ്ങൾക്കു കൂടിയാണ് പ്രസക്തിയില്ലാതെയാകുന്നത്.

ബിജെപിക്കു സംസ്ഥാനത്ത് ചെറിയ മുന്നേറ്റം നടത്താനും, സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിന്‍റെയും അദ്ദേഹം മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെയും ബലത്തിൽ തൃശൂർ സീറ്റ് പിടിച്ചെടുക്കാനും സാധിച്ചെങ്കിൽ പോലും പാർട്ടിക്ക് വയനാട്ടിൽ കാര്യമായ സ്വാധീനം ചെലുത്താനാവില്ല. വയനാടിനെ രാഹുൽ ഉപേക്ഷിച്ചെന്നു പരിഹസിക്കുന്ന കേരളത്തിലെ ബിജെപി നേതാക്കൾ, നരേന്ദ്ര മോദി 2014ൽ യുപിയിലെ വാരാണസിയിൽ നിന്നും ഗുജറാത്തിലെ വഡോദരയിൽ നിന്നും ജയിച്ചപ്പോൾ, സ്വന്തം സംസ്ഥാനത്തെ ഉപേക്ഷിച്ച് യുപിയിലെ മണ്ഡലം നിലനിർത്തുകയായിരുന്നു എന്നതു മറന്നു പോകുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങളിൽ നിന്നു കടുത്ത തിരിച്ചടി ഏറ്റുവാങ്ങിയ എൽഡിഎഫിനെയും സിപിഎമ്മിനും വയനാട്ടിൽ വീണ്ടുമൊരു പരാജയമാണ് ഏറ്റുവാങ്ങേണ്ടിവരും. ഇതിനൊപ്പം, പല ആശയക്കുഴപ്പങ്ങൾ കൂടിയാണ് പ്രിയങ്കയ്ക്കൊപ്പം വയനാട്ടിൽ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന നിലയിൽ പ്രിയങ്കയ്ക്കെതിരേ സ്ഥാനാർഥിയെ നിർത്തേണ്ടെന്നു തീരുമാനിച്ചാൽ, കേരളത്തിൽ മേധാവിത്വം കോൺഗ്രസിനാണെന്നും, മുഖ്യ എതിരാളി ബിജെപിയാമെന്നും സമ്മതിക്കുന്നതിനു തുല്യമാകും. സിപിഎമ്മിനെ സംബന്ധിച്ച് തീരെ അംഗീകരിക്കാൻ സാധിക്കാത്തതാണ് കാര്യങ്ങളാണ് രണ്ടും. സ്വാഭാവികമായും സ്ഥാനാർഥിയെ നിർത്തും. അപ്പോൾ, ക്യാംപെയ്നു പറ്റിയ ഒരു നിലപാടുതറ കണ്ടെത്താനായിരിക്കും ബുദ്ധിമുട്ടുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, എൽഡിഎഫും ബിജെപിയും തമ്മിലാണ് സംസ്ഥാനത്തെ മത്സരം എന്നുപോലും ചിത്രീകരിക്കും വിധം താഴ്ന്ന നിലവാരത്തിലുള്ള ആക്രമണമാണ് രാഹുൽ ഗാന്ധിക്കെതിരേ സിപിഎം നടത്തിയത്. മോദിക്കെതിരേ പോരാട്ടം കടുപ്പിക്കാതെ, പൗരത്വ നിയമ ഭേദഗത‌ിയോട് ന്യൂനപക്ഷങ്ങൾക്കുള്ള എതിർപ്പിനെ വോട്ടാക്കി മാറ്റാനായിരുന്നു ശ്രമം. എന്നാൽ, സംസ്ഥാനത്ത് ബിജിപിയുടെ വോട്ട് വിഹിതം വർധിപ്പിക്കാനാണ് ഒരു പരിധി വരെ ഇതു സഹായിച്ചത്. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ സിപിഎമ്മിന് പുതിയതായൊന്നും പ്രചാരണത്തിൽ മുന്നോട്ടുവയ്ക്കാനില്ല എന്നതാണ് വസ്തുത. പാർട്ടിയുടെ പരാജയപ്പെട്ട ബുദ്ധികേന്ദ്രങ്ങൾ പ്രചാരണത്തിനു പുതിയ ആയുധങ്ങൾ കണ്ടെത്താൻ കഷ്ടപ്പെടും.

മിക്ക നേതാക്കളും പരാജയത്തെ മാന്യമായി അംഗീകരിക്കുകയും, പാർട്ടിയെ പിന്തുണച്ച പുരോഹിതർ പോലും ജനവികാരത്തെ മാനിക്കുകയും ചെയ്തപ്പോഴും ഒരേയൊരു പ്രമുഖ നേതാവിനു മാത്രം അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായി. പാർട്ടി അനുഭാവികളെപ്പോലെ ഉറച്ച പിന്തുണ നൽകിവന്ന വൈദികനെ, വിമർശനത്തിന്‍റെ പേരിൽ 'വിവരദോഷി' എന്നു മുദ്രകുത്തുകയാണ് ഈ പ്രമുഖൻ ചെയ്തത്. ഇതുവഴി വോട്ടർമാർക്കു ലഭിക്കുന്ന സന്ദേശം വളരെ വ്യക്തമാണ്- പാർട്ടിയെ നേരായ വഴിയിൽ തിരിച്ചെത്തിക്കാനുള്ള ബോധമുണർത്താൻ വലിയൊരു തെരഞ്ഞെടുപ്പ് ദുരന്തത്തിനു പോലും സാധിച്ചിട്ടില്ല!

സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും പക്കൽനിന്ന് കാര്യങ്ങൾ വഴുതുകയാണ്. വയനാടിന്‍റെ കാര്യത്തിൽ, തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ മൂന്നാം കോളത്തിൽ വയ്ക്കാനൊരു പേരു മാത്രമാണ് ബിജെപി. ഗ്രൂപ്പ് തർക്കങ്ങൾക്ക് അതീതമായി, അടിത്തറ ബലപ്പെടുത്താൻ കോൺഗ്രസിനു കിട്ടുന്ന സുവർണാവസരമാണിത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു