#പ്രൊഫ. കെ.വി. തോമസ്, മുൻ കേന്ദ്ര മന്ത്രി
ഇന്നസെന്റ് എന്ന വലിയ സിനിമാനടനെ എനിക്കിഷ്ടമായിരുന്നു. കാരണം, ഞാനൊരു സിനിമാപ്രേമിയാണ്. പുറത്തിറങ്ങുന്ന ഏതാണ്ട് എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്. സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന പല നടൻമാരിൽ നിന്നു വ്യത്യസ്തനായിരുന്നു അദ്ദേഹം.
അദ്ദേഹം ജനങ്ങളെ ചിരിപ്പിക്കുക മാത്രമല്ല, സ്വയം ചിരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം എഴുതിയ ലേഖനങ്ങൾ ക്രോഡീകരിച്ച് പുസ്തകമാക്കിയപ്പോൾ ഞങ്ങൾ തമ്മിൽ മാനസികമായി കൂടുതൽ അടുത്തു. ഇന്നസെന്റിന്റെ "ചിരിക്ക് പിന്നിൽ' എന്ന ആത്മകഥ എന്റെ കുമ്പളങ്ങി കഥയ്ക്ക് സമാനമായിരുന്നു. ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങൾ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം എഴുതിയത്.
ക്യാൻസർ വന്നതിനുശേഷം രോഗത്തെ ധീരമായി നേരിട്ട രീതിയും ഇന്നസെന്റിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചു. രോഗത്തിന് മുന്നിൽ പരിഭ്രാന്തനായില്ല എന്നു മാത്രമല്ല, ക്യാൻസറിനെ കീഴടക്കാൻ കഴിയുമെന്ന് മറ്റ് രോഗികൾക്ക് കൂടി ബോധ്യപ്പെടുത്താൻ ഇന്നസെന്റിന് കഴിഞ്ഞു. ചിരിച്ചുകൊണ്ട് ക്യാൻസറിനെ നേരിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ സന്ദേശം. 2014 ൽ ചാലക്കുടിയിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട് ഡൽഹിയിൽ എത്തിയപ്പോൾ എനിക്ക് ഇന്നസെന്റിനെ കൂടൂതൽ അടുത്ത് കാണാൻ കഴിഞ്ഞു.
സിൽക്ക് ജുബ്ബയും കരയുള്ള മുണ്ടുമെടുത്ത് ആരെയും ആകർഷിക്കുന്ന പുഞ്ചിരിയോടെയാണ് ഇന്നസെന്റ് പാർലമെന്റ് കവാടത്തിലൂടെ കടന്നു വന്നത്. ഞാനൊരു കന്നി അയ്യപ്പനാണെന്നും നിങ്ങളൊക്കെ എന്നേ ഇവിടെയെത്തിയ പെരിയ സ്വാമികളെണെന്നുമാണ് പുതിയതായി ലോക്സഭയിലേക്ക് വരുന്നവരെ സ്വീകരിച്ച കൂട്ടത്തിൽ ഇന്നസെന്റ് ഞങ്ങളോടു പറഞ്ഞത്.
പാർലമെന്റിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗം തന്നെ ക്യാൻസറിനെ എങ്ങനെ നേരിടാം എന്നതായിരുന്നു. എല്ലാ ചർച്ചകളിലും പങ്കെടുക്കില്ലെങ്കിലും ശ്രദ്ധയോടുകൂടി ലോക്സഭയുടെ പിൻസീറ്റിൽ ഇരിക്കുമായിരുന്നു. പതിനൊന്ന് മണിക്ക് ചോദ്യോത്തരവേളയിൽ വന്ന് കഴിഞ്ഞാൽ ചടങ്ങെല്ലാം കഴിഞ്ഞേ തിരിച്ചു പോകാറുള്ളൂ. അതിനുശേഷം ഞങ്ങൾ ഇന്ത്യൻ കോഫി ഹൗസിൽ ഒത്തുകൂടും. പൊരിച്ച ബ്രഡും കാപ്പിയും ഇന്നസെന്റിന്റെ തമാശകളും കൂടിച്ചേരലിന്റെ രുചി കൂട്ടി.
സുരേഷ് ഗോപി പാർലമെന്റ് അംഗമായി വന്നതോടുകൂടി ഈ കൂട്ടായ്മ കൂടുതൽ ആസ്വാദ്യകരമായി. സുരേഷ് ഗോപി തിരുവനന്തപുരത്തുനിന്ന് വരുമ്പോൾ പ്രത്യേക തരത്തിൽ പാചകം ചെയ്ത കോഴിക്കറിയും പലഹാരങ്ങളും കൊണ്ടു വരും. അതെല്ലാം ഞങ്ങൾ ഇന്നസെന്റിന്റെ തമാശപ്പടക്കങ്ങൾ കേട്ട് കൊണ്ട് കഴിക്കും. പലപ്പോഴും സുരേഷ് ഗോപി ഞങ്ങൾക്ക് വീട്ടിൽ കൊണ്ടു പോകാനുള്ള പാഴ്സൽ കൂടി എത്തിച്ചിരുന്നു.
ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഇന്നസെന്റും ഭാര്യ ആലീസും ഞാനും ഭാര്യ ഷേർലിയും മിക്കവാറും ഒന്നിച്ചായിരിക്കും യാത്ര. ആ യാത്രയിലുടനീളം ഇന്നസെന്റിന്റെ തമാശകളും ചെറുകഥകളും തുടർന്നുള്ള പൊട്ടിച്ചിരികളും ആയിരിക്കും. ആലീസ് അധികം സംസാരിക്കാറില്ലെങ്കിലും ഇന്നസെന്റിന്റെ നിഴലായിട്ടുണ്ടാകും. ഇന്നസെന്റിന്റെ തമാശകൾ കേട്ട് ഞങ്ങൾ പൊട്ടിച്ചിരിക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയാണ് ആലീസിന്റെ ചുണ്ടിൽ വിരിയുന്നത്. ചില യാത്രകളിൽ എന്റെ ഭാര്യ ഷേർലി തനിച്ചായിരിക്കും. അപ്പോഴും ഇന്നസെന്റും ഭാര്യയും കൂട്ടിനുണ്ടാകുമായിരുന്നു.
എനിക്ക് ഇന്നസെന്റിൽ നിന്ന് പഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വെല്ലുവിളികൾ പുഞ്ചിരിയോടെ സ്വീകരിക്കുകയെന്നതാണ്. 2019ൽ എനിക്ക് സീറ്റ് നിഷേധിച്ച്, ഡൽഹിയിലെ കേരള ഹൗസിൽ അൽപ്പം കുണ്ഠിതനായിരിക്കുമ്പോഴാണ് ഞാൻ ഇന്നസെന്റിനെ കണ്ടത്. ""നന്നായി മാഷെ, ഇത് പുതിയൊരു വഴിത്തിരിവാണ്. എല്ലാം നല്ലതിനായിരുന്നുവെന്ന് ചിന്തിക്കാം'' എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്.
അദ്ദേഹം അഭിനയിച്ച സിനിമകളിലെ പല കഥാപാത്രങ്ങളും ഒരിക്കലും നമുക്ക് വിസ്മരിക്കാനാവില്ല. ഓരോന്നും വ്യത്യസ്തമാണെങ്കിലും ഓരോ കഥാപാത്രത്തിലും ഒരു നല്ല മനുഷ്യനെക്കൂടി കാണാൻ കഴിയും.
വേർപാട് അറിഞ്ഞ് ഇന്ന് രാവിലെ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഞാനും ഭാര്യ ഷേർലിയും കൂടി അന്ത്യോപചാരം അർപ്പിക്കാൻ ചെന്നപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഉറങ്ങിക്കിടക്കുന്ന ഇന്നസെന്റിനെയാണ് കണ്ടത്.
പലപ്പോഴും ക്യാൻസർ രോഗത്തിൽ നിന്നു രക്ഷ നേടി, തന്നെ കൂട്ടിക്കൊണ്ടു പോകുവാൻ വന്ന ദൈവങ്ങളെ കബളിപ്പിച്ചതിനെക്കുറിച്ച് ഇന്നസെന്റ് കഥകൾ പറയാറുണ്ട്. എന്നെ മുകളിലേക്കു കൊണ്ടുപോയാൽ അവരുടെ സ്ഥാനം എന്നെക്കാൾ താഴെയാവുമോ എന്ന് ദൈവങ്ങൾ ഭയപ്പെടുന്നു എന്നാണ് ഇന്നസെന്റ് തമാശയായി പറയാറുള്ളത്. ഇന്ന് അന്ത്യോപചാര സമയത്ത് ഞാൻ ആത്മഗതം പറഞ്ഞു ""പ്രിയ ഇന്നസെന്റേ, അങ്ങ് ഇപ്പോഴും സുസ്മേരവദനനായി, ദൈവങ്ങളെക്കാൾ വലിയവനായി സ്വർഗ്ഗരാജ്യത്തുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു''.