Special Story

റഷ്യയില്‍ വീണ്ടും പുടിന്‍

കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാർഥി നിക്കോളായി ഖാരിറ്റനോവ് 4 ശതമാനം വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി

അഡ്വ. ജി. സുഗുണന്‍

20ാം നൂറ്റാണ്ടിലെ ലോക രാഷട്രീയത്തില്‍ വലിയ നിര്‍ണായക സ്വാധീനം ചെലുത്തിയ രാജ്യമാണ് ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ റഷ്യ. 1924ല്‍ യുഎസ്എസ്ആറിന്‍റെ രൂപവത്കരണത്തോടെ റഷ്യ പ്രബലശക്തിയായി. എന്നാല്‍ 91ല്‍ യുഎസ്എസ്ആര്‍ തകര്‍ന്നതോടെ ദാരിദ്ര്യത്തിന്‍റേയും രാഷ്‌ട്രീയ അസ്ഥിരതയുടേയും പിടിയിലായി. ഒരു ദശകത്തോളം നീണ്ട ദാരിദ്രത്തിനൊടുവില്‍ 21ാം നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ റഷ്യ വീണ്ടും വികസന പാതയിലേക്ക് എത്തുകയും ചെയ്തു.

എണ്ണ, പ്രകൃതിവാതകം എന്നിവയാല്‍ സമ്പന്നമായ റഷ്യ ഊര്‍ജരംഗത്തെ ലോകത്തെ ഏറ്റവും വലിയ ശക്തിയാണ്. എണ്ണയുടെയും പ്രകൃതി വാതകങ്ങളുടേയും കയറ്റുമതിയിലൂടെ റഷ്യയുടെ സാമ്പത്തിക രംഗം ശക്തമാണ്. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങളില്‍ ഒന്നാണ് 14 രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യ. ചൈനയാണ് മറ്റൊന്ന്. നോര്‍വെ, ഫിന്‍ലൻഡ്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ബെലാറസ്, യുക്രെയ്ന്‍, ജോര്‍ജിയ, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, ചൈന, മംഗോളിയ, വടക്കന്‍ കൊറിയ എന്നിവയാണ് റഷ്യയുടെ അയല്‍രാജ്യങ്ങള്‍. അമെരിക്കയുമായും ജപ്പാനുമായും ഭൂമിശാസ്ത്രപരമായി ഏറെ അടുത്തുനില്‍ക്കുന്ന രാജ്യം കൂടിയാണ്. ഏഷ്യയിലും യൂറോപ്പിലുമായി ലോക വിസ്തൃതിയുടെ എട്ടിലൊരുഭാഗം സ്വന്തമായ റഷ്യ ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് ഒമ്പതാം സ്ഥാനത്താണ്.

1922 മുതല്‍ 1991 വരെ നിലനിന്നിരുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ഏകീകൃത റിപ്പബ്ലിക്കാണ് യുഎസ്എസ്ആര്‍ (യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്). സോഷ്യലിസ്റ്റ് ആശയത്തിലതിഷ്ഠിതമായ കൊണ്‍സിലുകളുടെ സോവിയറ്റ് ആയ യുഎസ്എസ്ആര്‍ സോവിയറ്റ് യൂണിയന്‍ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് നിലവില്‍ വന്ന ലെനിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് യുഎസ്എസ്ആറിന്‍റെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയത്. 1922 ഡിസംബര്‍ 30നാണ് യുഎസ്എസ്ആര്‍ നിലവില്‍ വന്നത്. 1924 ഫെബ്രുവരി ഒന്നിന് യുഎസ്എസ്ആറിനെ ബ്രിട്ടൻ അംഗീകരിച്ചു. തുടര്‍ന്ന് പ്രമുഖ രാജ്യങ്ങളെല്ലാം ആ പാത പിന്തുടർന്നു.

യുഎസ്എസ്ആറിന്‍റെ അതിരുകള്‍ പല ഘട്ടങ്ങളില്‍ മാറിക്കൊണ്ടിരുന്നു. എങ്കിലും ഏറ്റവും പ്രതാപകാലത്ത് 15 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂണിയനായിരുന്നു അത്. റഷ്യ, അര്‍മേനിയ, അസര്‍ബൈജാന്‍, ബലാറസ്, എസ്തോണിയ, ജോര്‍ജിയ, കസാക്കിസ്ഥാന്‍, കിർഗിസ്ഥാന്‍, ലാത്വിയ, ലിത്ത്വാനിയ, മുള്‍ഡോവ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, യുക്രെയ്‌ന്‍, ഉസ്‌ബെസ്‌കിസ്ഥാന്‍ എന്നിവയാണ് യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്നത്.

ഒരു ഘട്ടത്തില്‍ സോവിയറ്റ് യൂണിയന്‍റെ കീഴില്‍ ലോകം സോഷ്യലിസ്റ്റ് ഭരണക്രമത്തിലേക്ക് മാറാന്‍ പോകുകയാണെന്ന ചിന്ത ശക്തമായിരുന്നു. എന്നാല്‍ 80കളുടെ ഒടുവില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടം ദുര്‍ബലമായതും സോവിയറ്റ് യൂണിയനെ തകര്‍ത്തു. 91ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായി. ഘടക രാഷ്‌ട്രങ്ങള്‍ സ്വതന്ത്രമായി.

സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് റഷ്യന്‍ ഭരണകൂടത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഭരണകക്ഷിയായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ശിഥിലമായി. ജനാധിപത്യ പാര്‍ട്ടികള്‍ ശക്തമാവുകയും അധികാരത്തിലേക്കെത്തുകയും ചെയ്തു. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് അവിടെ നടക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ റഷ്യന്‍ ഭരണകൂടത്തിന്‍റെ ചുക്കാന്‍ വ്ലാദിമിർ പുട്ടിനാണ്. കഴിഞ്ഞയാഴ്ച നടന്ന റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പുടിന് വീണ്ടും വന്‍ വിജയം ലഭിച്ചു. 87.8 ശതമാനം വോട്ടുകള്‍ നേടിയാണ് അഞ്ചാം തവണയും പുട്ടില്‍ അധികാരത്തിലെത്തുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ പ്രസിഡന്‍റായ നേതാവായി പുട്ടിന്‍ മാറി. സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെയാണ് പുടിന്‍ മറികടന്നത്. റഷ്യന്‍ ഫെഡറേഷന്‍റെ രൂപീകരണത്തിന് ശേഷം രാജ്യത്ത് ഒരു നേതാവിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് പുട്ടിന്‍ നേടിയത്. 2030 വരെ പുട്ടിന്‍ പ്രസിഡന്‍റായി തുടരും. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാർഥി നിക്കോളായി ഖാരിറ്റനോവ് 4 ശതമാനം വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി.

റഷ്യയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചവരാരും ജയിച്ചിട്ടില്ലെന്നും ഭാവിയിലും അവര്‍ ജയിക്കുകയില്ലെന്നും വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു. സംഘര്‍ഷം വര്‍ധിപ്പിക്കാനല്ല, സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയാണ് ഇപ്പോള്‍ ഫ്രാന്‍സ് ചെയ്യേണ്ടതെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി. യുക്രെയ്‌നെ സഹായിക്കാന്‍ സൈന്യത്തെ അയക്കാനുള്ള സാധ്യത പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ലെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പ്രസ്താവനയെ പരാമര്‍ശിച്ചായിരുന്നു ഈ പ്രതികരണം.

അതേസമയം, മരണപ്പെട്ട പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ അനുകൂലികള്‍ തെരഞ്ഞെടുപ്പ് ദിവസം “ന്യൂണ്‍ എഗന്‍സ്റ്റ് പുടിന്‍’ എന്ന പേരില്‍ വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. അലക്‌സിയുടെ ഭാര്യ യൂലിയ ബര്‍ലിനില്‍ റഷ്യന്‍ എംബസിക്കു മുമ്പില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

പുട്ടിന്‍റെ വിജയപ്രഖ്യാപനത്തിനു പിന്നാലെ വലിയ വിമര്‍ശനങ്ങളുമായി പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തി. തെരഞ്ഞെടുപ്പു ഫലം നീതിയുക്തവും സ്വതന്ത്രവുമല്ലെന്ന് യുഎസും യുകെയും കുറ്റപ്പെടുത്തി. റഷ്യയിലെ ഏകാധിപതി മറ്റൊരു തെരഞ്ഞെടുപ്പിനേയും കടപമാക്കിയെന്ന് യുക്രെയ്‌ല്‍ പ്രസിഡന്‍റ് വ്ലാഡിമീര്‍ സെലന്‍സ്‌കി വിമര്‍ശിച്ചു.

എന്നാല്‍ റഷ്യയിലല്ല, യുഎസിലാണ് ജനാധിപത്യം ഭീഷണി നേരിടുന്നെതന്ന് പുടിന്‍ പറഞ്ഞു. യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഒരാളെ ഭരണകൂടം കള്ളക്കേസുകളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാർഥി റോണാള്‍ഡ് ട്രംപിനെതിരായ ക്രമിനല്‍ കേസുകള്‍ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

2000ലാണ് പുടിന്‍ റഷ്യയുടെ പ്രിസഡന്‍റായത്. അക്കാലത്ത് ഭരണഘടന പ്രകാരം ഒരാള്‍ക്ക് രണ്ട് ടേമില്‍ കൂടുതല്‍ പ്രസിഡന്‍റായി തുടരാന്‍ കഴിയില്ലായിരുന്നു. അതോടെ 2008ൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഭരണഘടനയില്‍ മാറ്റം വരുത്തി വീണ്ടും പ്രസിഡന്‍റായി. റഷ്യയിലിപ്പോള്‍ പുടിന് കാര്യമായ എതിരാളികള്‍ ആരുമില്ല. പ്രതിപക്ഷ നേതാക്കളില്‍ ഭൂരിപക്ഷവും രാജ്യം വിട്ടു. അവശേഷിച്ചവര്‍ ജയിലിലാണ്. പുടിന്‍റെ ഏറ്റവും വലിയ വിമര്‍ശകനായ അലക്‌സ് നവാല്‍നി ജയല്‍വാസത്തിനിടെയാണ് മരിച്ചത്. അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന അരോപണവും വളരെ ശക്തമായി തന്നെ നിലനില്‍ക്കുന്നുമുണ്ട്.

ചൈന, ഉത്തര കൊറിയ, ഹോണ്ടുറാസ്, നിക്കരാഗ്വ, വെനിസ്വേല, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ പുടിനെ അഭിനന്ദിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനെ അഭിനന്ദിച്ചവരില്‍ ഉള്‍പ്പെടുന്നു.

തെരഞ്ഞെടുപ്പില്‍ പുടിന് പ്രതീക്ഷയ്ക്കൊത്ത ഏകപക്ഷീയ വിജയമാണ് നേടാന്‍ കഴിഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നിക്കോലയ് ഖാറീറ്റനോവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ലിയോ നിഡ് സ്ലട്സ്റ്റീ, ന്യൂ പീപ്പള്‍സ് പാര്‍ട്ടി നേതാവ് വ്‌ലാദിസ് സ്‌ലാവ് ദാവന്‍കോ എന്നിവര്‍ക്ക് പുടിന് വെല്ലുവിളി ഉയര്‍ത്താനായില്ല.

1951 വരെയുള്ള 29 വര്‍ഷം ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയന്‍ ഭരിച്ചു. വരുന്ന 6 വര്‍ഷം കൂടി പുടിന്‍ ഭരണം പൂര്‍ത്തിയാക്കിയാല്‍ സ്റ്റാലിന്‍റെ റെക്കോഡ് മറികടക്കും. പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മരണത്തില്‍ പുടിന്‍ ആദ്യമായി പ്രതികരിച്ചതു ശ്രദ്ധേയായി. മരണം ദൗര്‍ഭാഗ്യകരമാണെന്നും പാശ്ചാത്യ ജയിലുകളിലുള്ള റഷ്യന്‍ തടവുകാരുടെ മോചനത്തിന് പകരം നവാല്‍നിയേയും മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യന്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വമാണ് നടന്നതെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പല രാജ്യങ്ങളും വിശ്വസിക്കുന്നുണ്ട്. പുടിനും റഷ്യയും സാമ്രാജ്യത്വത്തിനെതിരേ പലപ്പോഴും നിലപാട് എടുത്തിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. എന്നാല്‍ ഇതിന്‍റെ പേരില്‍ എല്ലാ കാര്യങ്ങളിലും പുടിനെ ന്യായീകരിക്കാന്‍ ലോകത്തെ ജനാധിപത്യവാദികളും സാമ്രാജ്യത്വ വിരുദ്ധരുമായ ജനതയ്ക്ക് കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടു തന്നെ റഷ്യന്‍ തെരഞ്ഞെടുപ്പും പുടിന്‍റെ വീണ്ടുമുള്ള വന്‍ വിജയത്തേയും സംശയദൃഷ്ടിയോടെയാണ് ലോകവും ജനതയും വീക്ഷിക്കുന്നതും.

(ലേഖകന്‍റെ ഫോണ്‍: 9847132428)

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?