"നിനക്കു നാശമടുത്തിരിക്കുന്നിതു പാര -
മെനിക്കു നിരൂപിച്ചാല് തടുത്തുകൂടാതാനും.
ഇത്തരം ചൊല്ലീടുവാന് തോന്നിയതെന്തേ ചണ്ഡി!
ധിഗ്ധിഗത്യന്തം ക്രൂരചിത്തം നാരികള്ക്കെല്ലാം.
വനദേവതമാരേ പരിപാലിച്ചുകൊൾവിൻ
മനുവംശാധീശ്വര പത്നിയെ വഴിപോലെ .
ദേവിയെദ്ദേവകളെബ്ഭരമേൽപ്പിച്ചു മന്ദം
പൂർവജൻതന്നെക്കാണ്മാൻ നടന്നു സൗമിത്രിയും. "
മായാമാനായി വന്ന മാരീചനെ തിരിച്ചറിയാത്ത സീത, മാനിനെ വേണമെന്ന ആഗ്രഹ പൂർത്തീകരണത്തിനായി രാമൻ പോയിക്കഴിഞ്ഞ് അകലെ കേട്ട രോദനം രാമന്റെയാണെന്ന് ഉറപ്പിക്കുന്നു. ജ്യേഷ്ഠന്റെ ദൈന്യമായ യാചനകേട്ടിട്ടും അക്ഷോഭ്യനായി പർണ്ണശാലയിൽത്തന്നെ നിലകൊളളുന്ന ലക്ഷ്മണനെ സംശയദൃഷ്ടിയോടെയാണ് സീത കാണുന്നത്. സ്ത്രീസഹജമായ വിചാരവിക്ഷോഭങ്ങൾ സീതയുടെ മനസ്സിനെ അത്യന്തം കലുഷിതമാക്കി. രാമനില്ലാതായാൽ തന്നെ നേടാനാണ്
ലക്ഷ്മണന്റെ ആഗ്രഹമെന്ന് സീത ഒരു മറയും കൂടാതെ കുറ്റപ്പെടുത്തി. അയോധ്യയിൽനിന്നും പോരുമ്പോൾ മാതാവ് സുമിത്ര നൽകിയ ഉപദേശത്തെ വാക്കിലും പ്രവൃത്തിയിലും അനുസരിച്ചുവന്നിരുന്ന ലക്ഷ്മണനെ സംബന്ധിച്ച് കർണ്ണകഠോരവും മനസ്സിൽ അനേകായിരം കാരമുളളുകൾ തറച്ചതുപോലെയുമത് അനുഭവപ്പെട്ടു. താൻ കേട്ട വാക്കുകൾ തന്റെ ജ്യേഷ്ഠത്തിയായ, താൻ നിമിഷംപ്രതി അമ്മയെപ്പോലെ പൂജിച്ചാരാധിക്കുന്ന സീതാദേവിയിൽ നിന്നുതന്നെയാണോ പുറപ്പെട്ടതെന്ന അവിശ്വസനീയതയോടെ അനുജൻ മിഥിലജയെ നോക്കി. പത്മാകാരസദ്യശവും ഉദയരവിചന്ദ്രികയുടെ സുസ്മേരദളങ്ങൾ നിത്യേന അരിയിട്ടുവാഴിക്കുന്നതുമായ ആ വദനത്തിങ്കൽ കത്തിയാളുന്ന അഗ്നിജ്വാലകൾ ലക്ഷ്മണനെ വല്ലാതെ പൊള്ളിച്ചു. തന്റെ ജന്മം നിഷ്ഫലമായല്ലൊ എന്നയാൾ സ്വന്തം മനസ്സിനോട് കേണു. അങ്ങകലെ ഗിരിശൃംഗപൗരുഷങ്ങളിൽ ഇഴഞ്ഞുകയറുന്ന സമീരകാമനകൾ ലക്ഷ്മണനെ നോക്കി സഹതപിച്ചു . കണ്ണുനീരോടെ, ഞാൺ വടിവാർന്ന കൈത്തലങ്ങൾ മുകുളീകൃതമാക്കി ലക്ഷ്മണൻ സീതയോട് പറഞ്ഞു:
"ദേവീ എനിക്ക് ദൈവതമാണ് . അവിടുന്ന് പറഞ്ഞതിനൊന്നും ഞാൻ ഉത്തരം പറയാനൊരുങ്ങുന്നില്ല. സ്ത്രീകളുടെ താദൃശ്യമനോവൃത്തികൾ ലോകപ്രസിദ്ധമാണ്. അവർ ധർമംവിട്ട് നടക്കുകയും കുടുംബഛിദ്രമുണ്ടാക്കുകയും വായിൽ തോന്നിയത് പറയുകയും ചെയ്യും . ദേവിയുടെ ഈ പരുഷവാക്കുകൾക്ക് വനദേവതമാർ സാക്ഷി . അവിടുത്തേക്ക് കൊടിയ വിപത്ത് വരാൻ പോകുന്നു. ജ്യേഷ്ഠൻ എവിടെയുണ്ടെങ്കിലും അവിടേയ്ക്ക് ഞാനിതാ പോകുന്നു .
വനദേവതമാരേ, അഷ്ടവസുക്കളേ, മരുത്തുക്കളേ, ദേവിയെ കാത്തുകൊള്ളേണമേ. രാമജ്യേഷ്ഠനോടൊത്ത് മടങ്ങിവരുമ്പോൾ ദേവിയെ എനിക്ക് കാണാനിട വരേണമേ "
നിർദ്ദോഷിയായ ലക്ഷ്മണകുമാരന്റെ വാക്കുകൾ സീതയിൽ ഒരു മാറ്റവും വരുത്തിയില്ല. വീണ്ടും അവർ ആക്രോശിച്ചു.
"ഉടൻ നീ പോകുന്നില്ലെങ്കിൽ ഞാനീ ഗോദാവരിയിൽ ചാടി മരിക്കും. അതല്ലെങ്കിൽ അഗ്നിയിൽ പ്രവേശിക്കും .
രാമനെയല്ലാതെ മറ്റൊരു പുരുഷനെ കാൽകൊണ്ടുപോലും ഞാൻ തൊടുമെന്ന് കരുതേണ്ട " .
മനോനിയന്ത്രണം നഷ്ടപ്പെട്ട സീതയുടെ വാക്കിന്നാഴങ്ങളിൽ ലക്ഷ്മണഹൃദയം നുറുങ്ങി. കുമാരൻ പിന്നെയൊന്നും പറഞ്ഞില്ല. രാമനെത്തേടി ആ ശിഥിലഹൃദയം പുറപ്പെട്ടു. നോട്ടമെത്തുവോളം മിഴികളിൽനിന്നും വഴിഞ്ഞൊഴുകുന്ന കണ്ണുനീർ ആരണ്യകഭൂവിൽ വീഴ്ത്തി പിന്തിരിഞ്ഞു നോക്കിക്കൊണ്ട് സൗമിത്രി നടന്നു .
സ്വച്ഛശാന്തമായി പോയി കൊണ്ടിരുന്ന ആ പർണശാലയിലെ മനുഷ്യബന്ധങ്ങൾക്ക് ഞെടിയിലാണ് മാറ്റം സംഭവിച്ചത്. പത്നിയുടെ ആഗ്രഹപ്രകാരം മായാമാനിന്നെത്തേടി പുറപ്പെട്ട ഭർത്താവും അകാരണമായി അനുജനെ സംശയിക്കുന്ന ജ്യേഷ്ഠപത്നിയും നമ്മിൽ എന്തൊക്കെ ചിന്താഭാവതരംഗങ്ങളാണ് ഉണർത്തിവിടുക ? രാമായണത്തിലെ ഈ സവിശേഷസന്ദർഭത്തിൽ കവി മാനവരാശിക്ക് വ്യക്തിബന്ധങ്ങളുടെ ആഴവും പരപ്പും അകാരണമായി ഉടലെടുക്കുന്ന സംശയദൃഷ്ടിയും വെളിപ്പെടുത്തിയിരിക്കുന്നു. ലക്ഷ്മണജന്മം സീതാരാമൻമാരുടെ ഭൃത്യനാണെന്ന് സ്വയം പ്രഖ്യാപിച്ച് ജീവിക്കുന്നതാണ്. അതിനെപ്പോലും അവിശ്വസനീയതയോടെ കാണുന്ന സ്ത്രൈണചിത്തത്തെ അപഗ്രഥനം ചെയ്യാൻ സാധ്യമല്ലാത്ത വിധം ചാഞ്ചല്യമുള്ളതാണത്.
ആശ്രമവാടിയിൽ സീതയിപ്പോൾ തനിച്ചാണ് ഭർത്താവിനെന്തു പറ്റിയെന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയോടെയിരിക്കുന്ന സീതയുടെ അരികിൽ ഒരതിഥി വന്നെത്തുന്നു. അപകടസാധ്യത മുന്നിൽക്കണ്ട് ലക്ഷ്മണൻ വരച്ചിട്ട രേഖയ്ക്കുള്ളിലിരിക്കുന്ന സീതയോട് സന്യാസിരൂപത്തിലെത്തിയ രാക്ഷസരാജാവായ സാക്ഷാൽ രാവണൻ അതിഥിസൽക്കാരം ഇല്ലേയെന്ന ഭാവത്തിൽ നിൽക്കുമ്പോൾ ഭിക്ഷാംദേഹിയെന്ന് തെറ്റിദ്ധരിച്ച് സൽക്കാരത്തിനൊരുങ്ങുന്ന സീത വലയത്തിൽ നിന്നും പുറത്തുവരുന്നു. തദനന്തരം, സീതയോട് തന്റെ പരമാർത്ഥവും ഇംഗിതവും രാവണൻ വെളിപ്പെടുത്തുന്നു . ഞെട്ടിത്തെറിച്ച സീത രാമബാണം ഏൽക്കേണ്ടയെങ്കിൽ രക്ഷപ്പെട്ടു പോകാൻ രാവണനോട് കയർക്കുന്നു. രാവണനാകട്ടെ, തന്റെ വ്യാജവേഷം വെടിഞ്ഞ് മഹാകായനും രൂക്ഷ നയനനുമായ രാക്ഷസപ്രവരനായി ഇടതുകൈ കൊണ്ട് സീതയുടെ തലമുടിക്കും വലതു കൈകൊണ്ട് തുടകളിലും മുറുകെപ്പിടിച്ച് അവളെ പൊക്കിയെടുത്തു പുഷ്പകവിമാനത്തിലേറി യാത്രയായി. രാവണന് പത്തു തലയും ഇരുപത് കൈയ്യുമുണ്ടെന്ന പ്രചരണം മൂലത്തിൽ കാണാനില്ല. ഇക്കാര്യം രാവണശ്രീ എഴുതുമ്പോൾ വിശദമാക്കാം.
ലക്ഷ്മണരേഖ എന്നത് സീതയ്ക്കു വേണ്ടി മാത്രം വരച്ചതാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല . നമ്മുടെയെല്ലാം മാനസിക, ശാരീരിക, സാമൂഹ്യ ചലനങ്ങളെ ഈ ലക്ഷ്ണരേഖയി നിന്ന് ശ്രദ്ധിച്ചാലത് മനസ്സിലാകും. എല്ലാത്തരം ബന്ധങ്ങൾക്കുമൊരു പരിധി നിശ്ചയിക്കണമെന്ന സന്ദേശമാണിതിനു പിന്നിലുള്ളത്. അല്ലെങ്കിൽ ആപത്തു വന്നുചേരും. പിന്നെ രക്ഷപെടുകയെന്നത് അത്യന്തം കഠിനമായ പ്രയത്നമായിരിക്കും.
ധർമനിഷ്ഠനായ ലക്ഷ്മണവാക്യം കേൾക്കാതെ അതിനെ സംശയ ദൃഷ്ടിയോടെ സമീപിച്ച സീതയ്ക്ക് നേരിടേണ്ടിവന്നതെല്ലാം ദുഃഖമയമായിരുന്നു .ഇത് രാമായണത്തിലെ സീതയുടെ മാത്രമല്ല അഭിനവസീതമാരുടെയും കാര്യമാണ്. സദ്ചിത്തരുടെ ഉപദേശാഭിപ്രായങ്ങൾ വകവയ്ക്കാതെ ധാർഷ്ട്യത്തോടെ സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്ന സീതമാർക്ക് എല്ലാക്കാലത്തും അപകടം പിണഞ്ഞിട്ടുണ്ട്. ഖിന്നനായി, ജ്യേഷ്ഠത്തിയുടെ വാക്കിന്റെ കൂരമ്പറ്റ് വനാന്തരത്തിലെവിടെയോയുള്ള ജ്യേഷ്ഠനെ അന്വേഷിച്ച് പുറപ്പെട്ടുപോകുന്ന ലക്ഷ്മണഹൃദയത്തെ എങ്ങനെയാണ് സാന്ത്വനിപ്പിക്കാനാവുക!! കാലകാലങ്ങളായി അക്ഷരത്തിരിയിട്ടു തെളിയിച്ച ഔപനിഷദ് ധാരയ്ക്ക് ഇത്തരം പ്രാണസങ്കടങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ലായിരുന്നു. ഇക്കാരണത്താലാണ് ഏതൊരുവന്റെയും പ്രജ്ഞയെ പിടിച്ചുലയ്ക്കും വിധം ഇത്തരമൊരു അഭിശപ്തരംഗം കവിക്ക് ചിത്രീകരിക്കേണ്ടിവന്നതെന്ന് ഞാൻ കരുതുന്നു. ലക്ഷ്മണത്വമെന്നത് എത്രകാലം കഴിഞ്ഞിട്ടും ഇന്നും സ്നേഹപ്രവാഹമായി, ആത്മസമർപ്പണമായി, അനീതിയുടെ കോട്ടകൊത്തളങ്ങളെ തച്ചുതകർക്കുന്ന ലക്ഷ്യവേധിയായ അസ്ത്രമായി ഇന്നും നിലനിൽക്കുന്നു .
(തുടരും )