വിരഹികൾക്കു മധുരവേദനയുളവാക്കുന്ന വസന്തകാലം. വൈഡൂര്യതുല്യം തിളങ്ങുന്ന പമ്പാജലവും മനോഹരങ്ങളായ തീരകാനനങ്ങളും സ്വരജതി പാടുന്ന കോകിലങ്ങളും ചുറ്റും മുരളുന്ന ഭ്രമരജാലവും വൃക്ഷങ്ങളിൽ ചുറ്റിപ്പിണയുന്ന ചെറുവല്ലികളും രാമഹൃദയത്തിലെ സീതാ സ്മരണയ്ക്ക് വിഷാദഭാവം പകർന്നു. വഴി പിന്നിടവേ, പെട്ടെന്നൊരു രൂപം അവർക്കെതിരെ വന്നു.
"അല്ലയോ ബാലകരേ, നിങ്ങളെങ്ങോട്ടാണ് യാത്ര? രാജർഷികളെപ്പോലെ തേജസിയന്ന നിങ്ങളാരാണ്? ശക്രതുല്യരായി, ദീർഘബാഹുക്കളായി, രൂപസമ്പന്നരായി, ശോഭവാന്മാരായി കാണപ്പെടുന്ന നിങ്ങളെവിടെ നിന്നും വരുന്നു?'
ആയുധപാണികളായി രണ്ടുപേർ നടന്നുവരുന്നതു മലമുകളിലിരുന്നു കണ്ട സുഗ്രീവൻ അവരാരെന്ന് അറിഞ്ഞുവരാൻ സ്നേഹിതൻ ഹനുമാനെ പറഞ്ഞയച്ചിരിക്കുകയാണ്. ഹനുമാനോ, തന്റെ വാനര രൂപമുപേക്ഷിച്ച് സന്യാസിയുടെ വേഷത്തിലും.
തന്റെ ചോദ്യത്തിന് രാമലക്ഷ്ണന്മാർ മാനവലംബിക്കുന്നത് ശ്രദ്ധിച്ച നയചതുരനായ ആഞ്ജനേയൻ തന്റെ സന്യാസീവേഷം ഉപേക്ഷിച്ച് ഇപ്രകാരം പറഞ്ഞുതുടങ്ങി: "ധർമാത്മാവായ സുഗ്രീവനാൽ അയയ്ക്കപ്പെട്ട ഹനുമാൻ എന്ന വാനരനാണ് ഞാൻ. സ്വന്തം സഹോദരനാൽ നിഷ്കാസിതനായ എന്റെ സ്വാമി നിങ്ങളുമായി സഖ്യംചെയ്യാൻ ആഗ്രഹിക്കുന്നു'.
വാക്യകുശലനായ ഹനുമാന്റെ അറിവും നെറിവും നിറഞ്ഞ വാക്കുകൾ കേട്ട രാമലക്ഷ്മണന്മാർ സന്തുഷ്ടരായി. ആഗതൻ ഋക്കും സാമവും യജുസും വ്യാകരണം പഠിച്ചതാണെന്നു രാമന് വ്യക്തമായി. ഇവിടെ, ഹനുമാന്റെ നയതന്ത്രജ്ഞതയാണ് വെളിവാകുന്നത്. വാക്കിന്റെ ആറ് ഗുണങ്ങളാണ് ഹനുമാൻ പ്രയോഗിക്കുന്നത്. മാധുര്യം, അക്ഷരവ്യക്തി, പദച്ഛേദം, അത്വര, ധൈര്യം, ലയസമത്വം എന്നിവകളാണ് വാക്കിന്റെ 6 ഗുണങ്ങൾ. സംശയഗ്രസ്തമായി, പേടിയോടെ, ആക്രോശിച്ച്, അവ്യക്തമായി, അനുനാസികമായി, കരയുന്നതു പോലെ അത്യുച്ചത്തിൽ, ഉച്ചാരണശുദ്ധിയില്ലാതെ, താളാത്മകയില്ലാതെ, പരുക്കനായി, അക്ഷരങ്ങൾ വിട്ടുകൊണ്ട്, വിപരീതാർഥ ധ്വനിയിൽ, പ്രയാസപ്പെട്ട്, ചുണ്ടു മാത്രം ചലിപ്പിച്ചുകൊണ്ട് എന്നിങ്ങനെ 14 രീതിയിൽ വേദങ്ങൾ പാരായണം ചെയ്തുകൂടാ. ഇത് എല്ലാത്തരം ഗ്രന്ഥ പാരായണത്തിനും ബാധകവുമാണ്.
ഹനുമാനെ സംബന്ധിച്ച് ഇതൊക്കെ ഹൃദിസ്ഥമായതിനാൽ തെളിഞ്ഞു പറഞ്ഞതിന്റെ ഊഷ്മളതയിൽ മികച്ചൊരു സഖ്യം രൂപം കൊള്ളാൻ അതു കാരണമായി. രണ്ടു കൂട്ടർക്കും പരസ്പരം ആവശ്യമുള്ളതിനാൽത്തന്നെ രാമലക്ഷ്മണന്മാരെ അവരുടെ വൃത്താന്തമറിഞ്ഞ് ആദരവോടെ സ്വീകരിച്ച്, ബാലിയിൽനിന്നും രക്ഷിക്കണമെന്ന തന്റെ ആവശ്യം പറഞ്ഞ് സുഗ്രീവൻ അഗ്നിസാക്ഷിയായി സഖ്യമുറപ്പിക്കുന്നു.
"സുഗ്രീവാ, താങ്കളുടെ പത്നിയെ അപഹരിച്ച ബാലിയെ ക്രുദ്ധിച്ച പാമ്പുകളെപ്പോലെയുള്ള എന്റെ നിശിതശരങ്ങളാൽ ഉടൻ സംഹരിക്കാം. ഭയം വേണ്ട'.
രാമനിങ്ങനെ പറഞ്ഞപ്പോൾ സീത, ബാലി, രാവണൻ എന്നിവരുടെ ഇടംകണ്ണുകൾ തുടിച്ചു. സ്ത്രീയുടെ ഇടതു കണ്ണ് തുടിക്കുന്നത് ശുഭസൂചകവും പുരുഷന്റേതാണെങ്കിലത് അശുഭ സൂചകവുമാണെന്ന് നിമിത്തശാസ്ത്രം.
സുഗ്രീവനാകട്ടെ, "സ്വാമിൻ, അങ്ങ് സമാധാനമായിരിക്കൂ. അങ്ങയുടെ ധർമപത്നി നഭസ്ഥലത്തിലാകട്ടെ, രസാതലത്തിലാകട്ടെ ഞാൻ കണ്ടുപിടിച്ചുതരും' എന്നു പറഞ്ഞ് പുഷ്പക വിമാനത്തിനിന്നും സീത താഴേയ്ക്ക് എറിഞ്ഞുകൊടുത്ത ആഭരണങ്ങൾ രാമനെ കാട്ടുന്നു. തുടർന്ന്, ബാലിയെപ്പറ്റി രാമലക്ഷ്മണന്മാരോട് വിസ്തരിക്കുന്നു.
"ഈ വാനര രാജ്യം പൈതൃകമായി ഞങ്ങൾക്ക് ലഭിച്ചതാണ്. മഹാ ബലവാനും എന്റെ ജ്യേഷ്ഠനുമായ കിഷ്കിന്ധാധിപൻ ബാലിക്ക് ഒരിക്കൽ സ്ത്രീനിമിത്തം മായാവി രാക്ഷസനുമായി ശത്രുതയുണ്ടായി. അവൻ ജ്യേഷ്ഠനെ പോരിനുവിളിച്ചപ്പോൾ ഞങ്ങൾ പോകരുതെന്നു പറഞ്ഞെങ്കിലും അദ്ദേഹമത് കേട്ടില്ല. ഞാനും കൂടെപ്പോയി. ഓടിമറഞ്ഞ മായാവി പുല്ലു മൂടിയ ഗുഹയിൽ പ്രവേശിച്ചപ്പോൾ ബാലി എന്നെ പുറത്ത് കാവൽനിർത്തി അവനുമായി യുദ്ധത്തിലേർപ്പെടുകയും, ഒടുവിൽ അസുരന്റെ അട്ടഹാസവും, ഗുഹാമുഖത്തേക്ക് ഒഴുകിവന്ന ചോരയും കണ്ട് ഞാൻ, ജ്യേഷ്ഠൻ അവനാൽ കൊല്ലപ്പെട്ടു എന്നു നിശ്ചയിച്ച് അസുരൻ രക്ഷപ്പെട്ടു പോകാതിരിക്കാനായി വലിയൊരു പാറ അടർത്തിയെടുത്ത് ഗുഹാകവാടം അടച്ച് ശോകാർത്തനായി കിഷ്കിന്ധയിലേക്കു മടങ്ങി'.
തുടർച്ചയായി, ജനാഭിപ്രായം മുൻനിർത്തി താൻ രാജാവായിക്കഴിഞ്ഞ് ഏറെനാൾ കഴിയും മുമ്പേ ബാലി ശത്രുവിനെ കൊന്ന് കൊട്ടാരത്തിലെത്തിയതും, തന്നെ പുറത്താക്കിയതും ശാപശക്തി കൊണ്ട് ആ ബാലികേറാമലയിൽ കഴിയുന്നതുമായ കാര്യങ്ങൾ സുഗ്രീവൻ രാമനോട് പറഞ്ഞു.
ഇവിടെ, ഒന്നു പിറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്. ബാലിക്ക് വാലി എന്നു കൂടി പേരുണ്ട്. ജനിച്ചയുടൻ അമ്മയുടെ വാലിൽ മുറുകെ പിടിച്ച കുട്ടിയെ പിതാവാണ് വാലി എന്നു വിളിച്ചുതുടങ്ങിയത്.
ബ്രഹ്മപുത്രനായ വിരജസ് ആണായി ജനിച്ചുവെങ്കിലും സ്ത്രൈണ ഹൃദയത്തിനുടമയായ വാനര യുവാവായിരുന്നു. സ്ത്രീയാക്കിത്തരണമെന്ന പുത്രന്റെ നിരന്തരാവശ്യം കേട്ട് മനമലിഞ്ഞ ബ്രഹ്മദേവൻ ചികിത്സ ആരംഭിക്കുകയും ഒരുനാൾ ഔഷധക്കുളത്തിൽ മുങ്ങിക്കുളിച്ച് അവൻ വിരജസ എന്ന അതിസുന്ദരിയായ വാനര യുവതിയാവുകയുമായിരുന്നു. ഒരിക്കലവൾ ഇന്ദ്രലോകത്തു വച്ച് കിഷ്കിന്ധയിലെ വാനര രാജാവായ ഋഷ്യരാജനെ കാണുകയും അവരിരുവരും പ്രണയബന്ധരായി വിവാഹിതരാവുകയും ചെയ്തു. എന്നാലവർക്കു കുട്ടികളുണ്ടാകാത്തത് വിരജസയുടെ പഴയ ആൺജന്മത്തിന്റെ പ്രഭാവമാണെന്നു മനസിലാക്കിയ ഋഷ്യരാജൻ ഇന്ദ്രസഹായത്തോടെ, അശ്വനീദേവന്മാർ തയാറാക്കിയ ഔഷധങ്ങൾ പത്നിക്കു നൽകുകയും വിരജസ ഒരാൺകുഞ്ഞിന് ജന്മമേകുകയും ചെയ്തു. അതാണ് വാലി. രണ്ടാമൻ സുഗ്രീവൻ, ശംഖു പോലെ കഴുത്തഴകുള്ള ബാലകന് മാതാപിതാക്കൾ നൽകിയ പേര്.
വാലിയെ അഭ്യാസങ്ങൾ ആദ്യം പഠിപ്പിച്ചത് അമ്മ വിരജസ തന്നെ. പിന്നീടവൻ ഇന്ദ്രനു പ്രിയപ്പെട്ടവനായി. മഹാശക്തനായ വാലി ദിവസവും നാലു സമുദ്രങ്ങളിലും ചെന്ന് സന്ധ്യാവന്ദനം ചെയ്ത് അക്ഷീണനായി തിരികെ വരുമായിരുന്നു. കൂറ്റൻ പാറകളെടുത്ത് അമ്മാനമാടി. വന്മരങ്ങളെ ഒറ്റപ്പിടിയിൽ കടപുഴുക്കി. സാക്ഷാൽ രാവണനെപ്പോലും വാലിൽ തൂക്കിയെടുത്ത് കിഷ്കിന്ധയിൽ കൊണ്ടുവന്നു തടവിലിട്ടു!
ഒരിക്കൽ ദുന്ദുഭി എന്ന മഹിഷരൂപധാരിയായ അസുരൻ വന്ന് ഈ വാലിയെ യുദ്ധത്തിനായി വെല്ലുവിളിക്കുകയും തുടർന്ന് അവർ തമ്മിൽ ഉഗ്രമായ പോര് നടക്കുകയുമുണ്ടായപ്പോൾ, മരണമടഞ്ഞ ദുന്ദുഭിയുടെ പർവതതുല്യമായ ശരീരം വാലി കൈയിലെടുത്ത് ചുഴറ്റിയെറിഞ്ഞത് ചെന്നുവീണത് ഒരു യോജന അകലെയുള്ള മതംഗ മഹർഷിയുടെ ആശ്രമപ്രാന്തത്തിലായിപ്പോയി. ജ്ഞാനദൃഷ്ടിയാൽ ആളെ വ്യക്തമായ മഹർഷി മേലിൽ ഒരു യോജന വിസ്തൃതിയുള്ള തന്റെ ആശ്രമ പ്രദേശത്ത് കാൽകുത്തിയാൽ നീ മരണപ്പെടുമെന്ന് വാലിയെ ശപിച്ചു. ശാപത്താൽ വാലിക്ക് വരാനാവാത്ത സ്ഥലമാകയാലാണ് സ്വജീവൻ രക്ഷിക്കാനായി സുഗ്രീവൻ അവിടം അഭയസ്ഥാനമാക്കിയത്.
വാലി എന്ന ബാലിയെ വധിക്കാൻ തക്ക ശക്തി രാമനുണ്ടോ എന്ന സ്വാഭാവിക സംശയം സുഗ്രീവനിലുണ്ടായിരുന്നു. നേരിട്ടു ചോദിക്കുന്നത് മര്യാദയുമല്ലല്ലോ. ഒരു ദിവസം അതിലുള്ള സംഭാഷണമധ്യേ അവസരമൊത്തുവന്നു. തുടർന്ന്, രാമൻ ആയിരം ആനകളുടെ കരുത്തുണ്ടായിരുന്നിട്ടു കൂടി ബാലി വധിച്ച ദുന്ദുഭിയുടെ അസ്ഥികൂടത്തെ പെരുവിരൽ കൊണ്ട് തൂക്കിയെടുത്ത് പത്തു യോജന ദൂരെയ്ക്കെറിഞ്ഞിട്ടും സുഗ്രീവന് തൃപ്തി വന്നില്ല. ദൂരെയുള്ള ഏഴു സാലവൃക്ഷങ്ങളിൽ ഒന്നിനെയെങ്കിലും ഒരസ്ത്രം കൊണ്ട് ഭേദിക്കണമെന്ന സുഗ്രീവാഗ്രഹപ്രകാരം രാമൻ ഒരസ്ത്രമയച്ച് ആ ഏഴിനെയും ഭേദിച്ച് ഭൂമിയും പിളർന്ന് തിരികെ ആവനാഴിയിൽ പ്രവേശിപ്പിച്ചു. അത്ഭുതത്തോടെ സുഗ്രീവനത് കണ്ടുനിന്നു. ആത്മവിശ്വാസം സുഗ്രീവ ഹൃദയത്തിൽ പ്രവേശിച്ചു.
ഈ ഏഴു സാലവൃക്ഷങ്ങൾക്കു പിന്നിൽ ഒരു പ്രണയ കഥയുണ്ട്. ഗന്ധർവ രാജനായ ചിത്രാംഗദന്റെ പുത്രനായ അശ്വകർണനും നാഗരാജാവായ പഞ്ചഫണന്റെ പുത്രിയും തമ്മിൽ അനുരാഗത്തിലായിരുന്നു. മനോഹരമായ ഋഷ്യമൂകാചലമായിരുന്നു അവരുടെ പ്രണയ സമാഗമവേദി. ഒരിക്കൽ ഇവിടെയെത്തിയ അശ്വകർണന്റെ കൈയിൽ സ്വർഗത്തു നിന്നും ലഭിച്ച വിശിഷ്ടമായ ഏഴു പഴങ്ങളുണ്ടായിരുന്നു. അയാളത് കാമിനിക്ക് സമ്മാനിച്ചു. അവർ പഴങ്ങൾ കഴിക്കാൻ തുടങ്ങവേ വാലി അവിടെയെത്തി. ആ പഴങ്ങളും സുന്ദരിയെയും ഉപേക്ഷിച്ച് പോകാൻ വാലി ഗന്ധർവനോട് ആജ്ഞാപിച്ചു. എന്നാൽ അശ്വകർണൻ തന്റെ പ്രേയസിയെ ഉപേക്ഷിക്കാനോ പഴങ്ങൾ വിട്ടുകൊടുക്കാനോ തയാറായില്ല. അവർ തമ്മിൽ ഭയങ്കരമായ യുദ്ധം ആരംഭിച്ചു. അത് അനേകകാലം നീണ്ടുപോയപ്പോൾ എഴു ഫലങ്ങളും എഴു വൃക്ഷമായി പരിണമിച്ചു. യുദ്ധത്തിനിടെ ബാലി അശ്വകർണനെ ചുഴറ്റിയെറിഞ്ഞപ്പോൾ അയാൾ ഈ വൃക്ഷങ്ങളിലൊന്നിൽ ചെന്നിടിച്ച് മരണപ്പെട്ടു. തന്റെ കാന്തന്റെ മരണത്തിൽ വേദനിച്ച് കാമിനി അവിടെത്തന്നെ തലതല്ലി പ്രാണൻ വെടിഞ്ഞു. മരണമടയുന്നതിനു മുമ്പ് ബാലിക്ക് ഉഗ്രശാപം കൊടുത്തു, നാഗകന്യക.
"ഈ ഏഴു സാലവൃക്ഷങ്ങളെയും ആരാണോ ഒരമ്പിനാൽ ഭേദിക്കുന്നത്, അയാളാൽ നിന്റെ കഥ കഴിയും'.
ശാപമേറ്റ വാലി ആ മരങ്ങളെ പിഴുതുകളഞ്ഞില്ല, പരിപാലിക്കുകയാണ് ചെയ്തത്. അതിനു ശേഷമാണ് മാതംഗ മുനിയുടെ ശാപവും വാലിക്കേറ്റത്. പിന്നീട് വാലി ആ മലയിലേയക്ക് പോയിട്ടേയില്ല.
കാലത്തിനിപ്പുറം, രാമൻ ബാലിവധത്തിനൊരുങ്ങുകയാണ്. സുഗ്രീവന്റെ ഹൃദയത്തെ ഒരേസമയം ഭയാശങ്കയും ആമോദവും മാറിമാറി ഭരിച്ചു.
ഇവിടെ സ്ഥാനഭ്രഷ്ടനും, പത്നിയെ ജ്യേഷ്ഠനാൽ തട്ടിയെടുക്കപ്പെട്ടവനും അപമാനിതനുമായ സുഗ്രീവൻ ജയിക്കാൻ വേണ്ടി കച്ചകെട്ടുന്ന അടിച്ചമർത്തപ്പെട്ട മനുഷ്യന്റെ പ്രതിരൂപമാണ്. എല്ലാം നഷ്ടമായിട്ടും അതീവ ബലവാനായ ശത്രുവിനെതിരെ പോരാടാൻ സമാന മനസ്കനുമായി ചേർന്ന് പടയണി തീർക്കുകയാണയാൾ. ഈ യുദ്ധം സുഗ്രീവന് വളരെ നിർണായകമാണ്. ഒരിക്കൽ തോറ്റോടിയതു പോലെ ഇനിയുമത് ആവർത്തിച്ചാൽ അന്ത്യമായിരിക്കും ഫലമെന്ന് അയാൾക്കറിയാം. എങ്കിലും നന്നായി ജീവിച്ചുകാണിച്ചു കൊടുക്കണമെന്ന ഏതൊരുവന്റെയും മോഹമാണ് സുഗ്രീവൻ എന്നത്. വന്യമായി ചുര മാന്തുന്ന പക അയാളെ കർമോന്മുഖനാക്കുകയാണ്. കാലം അതിന്റെ അടുത്ത രംഗത്തിന് സാക്ഷിയാകുവാൻ മിഴി തുറന്നുവച്ചു.
(തുടരും)