ഭാരതവർഷത്തെ ആസേതു ഹിമാചലം മനക്കണ്ണിൽ കണ്ട് രാമായണ കാവ്യം നിർമിക്കാൻ വാല്മീകി മഹർഷിക്ക് കഴിഞ്ഞിട്ടുണ്ട്. ഉത്തരദേശത്തെ അയോധ്യയാണ് ദശരഥന്റെ രാജ്യം. അദ്ദേഹത്തിന്റെ ഭാര്യമാർ പല സ്ഥലങ്ങളിൽ നിന്നും വന്നവരാണ്. രാമപത്നിയായ സീത മിഥിലാധിപനായ ജനകന്റെ പുത്രിയാണ്. ഇപ്പോഴും ഈ ഭാഗത്ത് ഉപയോഗിക്കുന്ന ഭാഷയാണ് മൈഥിലി. രാമൻ വനവാസത്തിനു പോയതാകട്ടെ തെക്ക് ഗോദാവരി തീരത്തു കൂടി പടിഞ്ഞാറേ പ്രദേശത്തു കൂടി മഹാരാഷ്ട്രത്തിലേയ്ക്ക് സഞ്ചരിച്ചു. ഇന്നത്തെ മധ്യപ്രദേശത്തിലുളള കിഷ്കിന്ധ എന്ന ദേശത്തു വച്ചാണ് രാമൻ വാനരൻമാരുമായി സഖ്യം ഉണ്ടാക്കിയത്. അവിടെ നിന്ന് രാമേശ്വരം വഴി ദക്ഷിണ ദിക്കിലെ മുനമ്പും കടന്ന് ലങ്കയിലെത്തി സീതയെ വീണ്ടെടുക്കുന്നു.
ഇപ്രകാരം ഭാരതഖണ്ഡത്തിന്റെ ചതുർദിശകളെയും സമർഥമായി യോജിപ്പിച്ചുകൊണ്ടാണു രാമായണ കാവ്യം രചിച്ചിരിക്കുന്നത്. ഇതിൽ അനേകം ദേശങ്ങളുടെ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സ്ഥലനാമങ്ങൾ സന്നിഹിതമായിരിക്കുന്നത് കിഷ്കിന്ധാ കാണ്ഡത്തിലാണ്. സുഗ്രീവൻ സീതാന്വേഷണാർഥം വാനരസൈന്യത്തിന് ആജ്ഞ നൽകുമ്പോൾ ഈ പേരുകൾ കടന്നുവരുന്നുണ്ട്.
കിഴക്ക് : വിദേഹം, മാളവം, കാശി, കോസലം, മഗധം, പുണ്ഡ്രം, വംഗം.
പടിഞ്ഞാറ് : സൗരാഷ്ട്രം, ശൂരം, ആഭീരം.
വടക്ക് : പുളിന്ദം, സൗരസേനം, പ്രസ്ഥലം, കുരു, മദ്രകം, കാബോജം, യവനം, ശകം, ആരട്ടകം, ബാഹ്ലീകം, ഋഷീകം, ചീനം, പരമ ചീനം.
തെക്ക് : ഉത്കലം, വിദർഭം, കലിംഗം, കൗശികം, ആന്ധ്രം, ചോളം, പാണ്ഡ്യം എന്നിങ്ങനെയാണത്.
ഇതിൽ ഋഷീകം എന്നത് ഇപ്പോഴത്തെ റഷ്യയാണെന്ന് അഭിപ്രായമുണ്ട്.
തെക്കുപടിഞ്ഞാറിന്റെ കഥ പറയുമ്പോൾ "മുരചീപത്തനം ചൈവരമ്യം, കെ ചൈവജടീപുരം "എന്നത് ഇന്നത്തെ കൊടുങ്ങല്ലൂർ ആണെന്നും അതല്ല പടിഞ്ഞാറേ സമുദ്രതീരത്തുള്ള ഒരു പട്ടണമാണെന്നും അഭിപ്രായമുണ്ട്. എന്തായാലും സൂക്ഷ്മമായ രീതിയിലല്ല സ്ഥലസൂചന. വിന്ധ്യപർവതം ദക്ഷിണസമുദത്തിനരികിലാണെന്നും പറയപ്പെടുന്നു. സൂര്യനിലേക്ക് പറക്കുന്ന ജടായു ജനസ്ഥാനത്തും സമ്പാതി വിന്ധ്യപർവ്വതത്തിലുമാണ് വീണത്.
ഒരേ പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഭാരതത്തിൽ അനേകം രാമഗിരികളും ചിത്രകൂടങ്ങളുമുണ്ട്. പമ്പാസരസ്സും ശബരിഗിരിയും കേരളത്തിലുണ്ടെങ്കിലും രാമായണത്തിലുള്ളത് വേറെയാണ്.
ഒരു വിഷയം പറയുമ്പോൾ എല്ലാ പേരുകളും ഒന്നിച്ചുകൂട്ടി പറയുന്നത് ഇതിഹാസ കാവ്യങ്ങളുടെ പ്രത്യേകതയാണ്. ഇക്കാരണത്താൽ
ഒരു വ്യക്തത വരുത്തുവാൻ വൃക്ഷലതാദികളുടെ കാര്യത്തിൽ സാധ്യമാവുന്നില്ല. സീതാവിരഹത്തിലകപ്പെട്ട രാമൻ സീതയെ കണ്ടുവോയെന്നന്വേഷിക്കുന്നത് കദംബം, ബില്വം, മരുത്, നീർമരുത്, അശോകം, താലം, ജംബു, കർണികാരം എന്നീ വ്യക്ഷങ്ങളോടാണ്. രാമൻ പമ്പാ തീരത്തു കൂടി നടക്കുമ്പോൾ ലക്ഷ്മണന് കാനനഭംഗി കാട്ടികൊടുക്കുന്നുണ്ട്. ഇതിൽ, ചന്ദനവും തെങ്ങും കുരുമുളകുമുണ്ട്. രാമായണത്തിൽ ഒട്ടേറെയിടങ്ങളിൽ പരാമർശിക്കപ്പെടുന്ന വൃക്ഷമാണ് സാലം. ഇപ്പോഴിത് കൂടുതലായി കണ്ടുവരുന്നത് നാഗ്പുർ, അസം എന്നിവിടങ്ങളിലാണ്. മുളയാണ് വില്ലിന് കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇരുമ്പും ഉപയോഗിച്ചതായി കാണുന്നു. ഈ വസ്തുതകളേക്കാളൊക്കെ പ്രധാനം ഇതിഹാസത്തിലെ സംസ്കാരമാണ്. അതിൽ ആയിരം കൊല്ലത്തെയെങ്കിലും ജനജീവിതത്തിന്റെ ചിത്രമുണ്ട്. ഇതു തന്നെയാണ് എല്ലാ ഇതിഹാസങ്ങളുടെയും ലക്ഷ്യവും ധർമവും. ഋഷിഭാവന മനോഹരമായി ഉപയോഗിച്ച കാവ്യമാണ് രാമായണം.
രാമായണത്തിന്റെ മഹത്വം എന്താണെന്നു ചോദിച്ചാൽ ഇത് എല്ലാക്കാലത്തും ഉപയുക്തമായ കാവ്യമാണെന്നതാണ്. മനുഷ്യ ജീവിതത്തിൽ അനുനിമിഷം അനുഭൂതമാകുന്ന എല്ലാ വിചാര വികാരങ്ങളും ചർച്ച ചെയ്യപ്പെടുകയും മുന്നോട്ടുള്ള ജീവിതത്തിന് കൃത്യമായ പോംവഴികൾ നിർദേശിക്കപ്പെടുകയും ചെയ്യുന്നു. കുടുംബത്തിലെ അന്തഃഛിദ്രം, അതിൻമേൽ വ്യക്തികൾക്കുണ്ടാകുന്ന മരണത്തോളമെത്തിനിൽക്കുന്ന മാനസികവ്യഥ, ശോകാകുലമായ ചുറ്റുപാടിലും ധർമ്മത്തെ പരിരക്ഷിക്കാനുളള വ്യഗ്രത, അധികാരത്തിന്റെ നിസ്സാരത, ദാമ്പത്യവിരഹം, മികച്ച സൗഹൃദങ്ങളുടെ സമാഗമം, എത്ര തടസ്സം വരുന്ന കാര്യമാണെങ്കിലും അതിനെ മറികടന്ന് വിജയം വരിക്കുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തി, അധർമത്തിനെതിരേയുള്ള നിരന്തര പോരാട്ടം എന്നിവയൊക്കെത്തന്നെ രാമായണത്തെ നിത്യനൂതനമാക്കുന്നു.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഭക്തിയുടെ അഗ്രിമ വിചാര വികാരത്തിൽ രചിച്ച അധ്യാത്മ രാമായണം കിളിപ്പാട്ട് കർക്കിടക മാസത്തിൽ ഭവനങ്ങളിലും ക്ഷേത്ര സങ്കേതങ്ങളിലും മുഴങ്ങുന്നു. മലയാളത്തിന് ആദ്യമായി ഒരു വായനാ മാസം സമ്മാനിച്ചത് അധ്യാത്മ രാമായണം കിളിപ്പാട്ടാണ്. ഇതിനായി ഒട്ടേറെ സുമനസ്സുകൾ അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. രാമകഥാശീലുകൾ എങ്ങും അലയടിക്കട്ടെയെന്ന പ്രാർത്ഥനയോടെ 'രാമകഥാമാധുരി' പര്യവസാനിപ്പിക്കട്ടെ.