അജയൻ
''വിസ്മയം...!''
ത്രിഗർഭ കുടിയിലെ 50 ദിവസത്തെ അനുഭവം കല്യാണ ചക്രവർത്തി മിരിയാല ഒറ്റ വാക്കിലൊതുക്കി. നവയൗവനത്തിനുള്ള ആയുർവേദ രസായന ചികിത്സയ്ക്ക് ഒറ്റപ്പാലത്തെ പടിഞ്ഞാർക്കര ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസെർച്ച് സെന്‍ററിൽ മകൻ തീർ മിരിയാലയുമുണ്ടായിരുന്നു കല്യാണ ചക്രവർത്തിക്കു കൂട്ടിന്.
പിഎഎച്ച്ആർസിയിൽ ( PAHRC ) കായകൽപ്പ ചികിത്സ തനത് രീതിയിൽ സ്വീകരിക്കുന്ന എട്ടാമത്തെയും ഒമ്പതാമത്തെയും വ്യക്തികളാണിവർ. യുഎസിലെ ടെക്സസിൽ ജെപി മോർഗൻ ചേസിന്‍റെ വൈസ്-പ്രസിഡന്‍റാണ് അമ്പത്തിമൂന്നുകാരനായ കല്യാണ ചക്രവർത്തി. കൊവിഡ്-അനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് പലതരത്തിലുള്ള ചികിത്സാരീതികളും പരീക്ഷിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. ദീർഘകാല പരിഹാരത്തിനു വേണ്ടിയുള്ള അന്വേഷണമാണ് ഡോ. പി. സേതുമാധവൻ നടത്തുന്ന പിഎഎച്ച്ആർസിയിൽ അദ്ദേഹത്തെ എത്തിക്കുന്നത്.
''ഇവിടെ വരുമ്പോൾ നടക്കാനോ നിൽക്കാനോ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു ഞാൻ'', ചികിത്സ കഴിഞ്ഞ് കുടിയിൽ നിന്നു പുറത്തിറങ്ങിയ വ്യാഴാഴ്ച അദ്ദേഹം മെട്രൊ വാർത്തയോടു പറഞ്ഞു. ദഹന പ്രശ്നങ്ങൾ കാരണം ശരീരഭാരം 79 കിലോഗ്രാമിൽ നിന്ന് 57 കിലോഗ്രാമായി കുറഞ്ഞിരുന്നു. ഇപ്പോൾ എല്ലാം ഉഷാറായി തോന്നുന്നു- അദ്ദേഹം പറയുഞ്ഞു.
ആശയവിനിമയ പ്രശ്നങ്ങളുണ്ടായിരുന്ന പത്തൊമ്പതുകാരനായ മകൻ തീർ അപൂർവമായി മാത്രമാണു സംസാരിച്ചിരുന്നത്. ചെറിയ ക്ലാസുകളിൽ മിടുക്കനായ വിദ്യാർഥിയായിരുന്ന അവൻ, പെട്ടെന്ന് മൗനിയായിപ്പോകുകയായിരുന്നു. ചലനങ്ങളിലും ബുദ്ധിമുട്ടുകൾ വർധിച്ചു. നിരന്തരം അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ആളുകളുടെ മുഖത്തു നോക്കാതാകുകയും ചെയ്തു. വാചകങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. സംസാരം വല്ലാതെ കുറഞ്ഞു, അതും അവ്യക്തമായി മാത്രം.
എന്നാൽ, കുടിയിൽ നിന്നു പുറത്തിറങ്ങിയ തീർ, അതിനുള്ളിൽ വച്ചു പഠിച്ച നിരവധി മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലിക്കേൾപ്പിച്ചു. കുടിക്കു പുറത്ത് കാത്തുനിന്ന ചെറിയ ആൾക്കൂട്ടത്തെ അവൻ അഭിസംബോധന ചെയ്തതു കൂടി കണ്ടപ്പോൾ അച്ഛനു പോലും അദ്ഭുതമായി. ആദ്യമായാണ് അവൻ അങ്ങനെയൊരു ആൾക്കൂട്ടത്തെ അഭിമുഖീകരിക്കുന്നത്, അതും 20 മിനിറ്റോളം. ഇതു വലിയ നേട്ടമാണെന്ന് ഡോ. സേതുമാധവൻ അഭിപ്രായപ്പെടുന്നു.
കാര്യങ്ങൾ അവലോകനം ചെയ്യാനുള്ള ശേഷി അതിശക്തമായതു കാരണം, എന്താണു പറയേണ്ടതെന്ന് ആവർത്തിച്ചാവർത്തിച്ച് ഉറപ്പിക്കുന്നതാണ് അവനു സംസാരിക്കുമ്പോൾ തപ്പിത്തടയലുണ്ടാകാൻ കാരണമായിരുന്നതെന്നാണ് ഡോക്റ്ററുടെ വിലയിരുത്തൽ. ചിന്തകളും വാക്കുകളും തമ്മിൽ സന്തുലനം കണ്ടെത്തുകയായിരുന്നു ആവശ്യം.
ആയുർവേദത്തിന്‍റെ അപൂർവശാഖ
1970കളുടെ മധ്യത്തിലേക്ക് ഒരു ഫ്ളാഷ്ബാക്ക്:
ഒല്ലൂരിലെ തൈക്കാട്ട് മൂസ്സ് ആയുർവേദ കോളെജിലെ ആദ്യ ബാച്ച് ബിരുദ വിദ്യാർഥികളുടെ ക്ലാസാണ് രംഗം.
ആയുർവേദത്തിന്‍റെ ശാഖകളെക്കുറിച്ച് അധ്യാപകൻ പ്രാഥമിക പാഠങ്ങൾ പകരുകയാണ്. എട്ടു ശാഖകളിൽ ആറും വേഗത്തിൽ പറഞ്ഞു തീർത്തു. ഏഴാമത്തേതിന്‍റെ പേരാണ് ജര ചികിത്സ (ജീറിയാട്രിക്സ് - Geriatrics) അഥവാ രസായന ചികിത്സ എന്ന കായകൽപ്പം. പുരാതന കാലത്ത് അനുവർത്തിച്ചു പോന്ന ഈ ചികിത്സാരീതി ഇപ്പോൾ പ്രയോഗത്തിലില്ലെന്നും പറഞ്ഞ് അധ്യാപകൻ എട്ടാമത്തെ ശാഖയിലേക്കു കടക്കാനൊരുങ്ങുമ്പോൾ, പെട്ടെന്ന‌് ഒരു വിദ്യാർഥി എഴുന്നേറ്റു:
''പ്രയോഗത്തിൽ ഇല്ലെങ്കിൽ പിന്നെന്തിനാണു നമ്മൾ ഏഴാമത്തെ ശാഖ പഠിക്കുന്നത്? ആയുർവേദത്തിന് എട്ടു ശാഖകളുണ്ടെന്നു പറയുന്നതിനു പകരം ആകെ ഏഴു ശാഖകളുണ്ടെന്നു പറഞ്ഞാൽ മതിയല്ലോ?''
അധ്യാപകൻ അന്ധാളിച്ചു. ചോദ്യം യുക്തിസഹമാണ്. പക്ഷേ, ആയുർവേദത്തിലെ ഒരു ശാഖ വെട്ടിമാറ്റാൻ അധ്യാപകൻ അശക്തനാണല്ലോ. രസായന ചികിത്സ ഇപ്പോൾ പ്രയോഗത്തിലില്ലെന്നു പറഞ്ഞ് അദ്ദേഹം ആ സംവാദം അന്ന് അവസാനിപ്പിച്ചു.
പക്ഷേ, ആ വിദ്യാർഥിയുടെ മനസിൽ വാദപ്രതിവാദങ്ങളും തർക്കവിതർക്കങ്ങളും തുടർന്നുകൊണ്ടേയിരുന്നു.
ഇപ്പോൾ സാധ്യമല്ലെങ്കിൽ ആ ശാഖ ചരിത്രത്തിന്‍റെ മാത്രം ഭാഗമാകണം. പക്ഷേ, ഗ്രന്ഥങ്ങളിലുള്ളതിനാൽ അപ്രായോഗികമെന്നു പറഞ്ഞ് അങ്ങനെ ഉപേക്ഷിക്കാനുമാകില്ല. ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും, ഏതെങ്കിലും സമയത്ത് പ്രയോഗത്തിൽ വരുത്താനും ആ വിദ്യാർഥി തീരുമാനിച്ചു.
അയാളുടെ പേര് സേതുമാധവൻ എന്നായിരുന്നു. ഡോ. സേതുമാധവൻ വർഷങ്ങളോളം ഈ ചികിത്സാരീതിയെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി. വിദൂര സ്ഥലങ്ങളിൽ പോയി പുരാതന ഗ്രന്ഥങ്ങൾ ശേഖരിച്ചു. വിദഗ്ധരായ ഗവേഷകരെ കണ്ട് അവയുടെയെല്ലാം വ്യാഖ്യാനങ്ങളുണ്ടാക്കി. ഒടുവിൽ, 2011ൽ യുവത്വം വീണ്ടെടുക്കുന്ന ഈ ചികിത്സാരീതി പ്രായോഗികതലത്തിൽ സാധ്യമാണെന്ന് തെളിയിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിൽ കായകൽപ്പം നടത്തിയ ഒമ്പത് പേർക്കും വലിയ തോതിൽ നവ യൗവനമാർജിക്കാൻ സാധിക്കുകയും ചെയ്തു.
ആഴ്ചകൾ നീളുന്ന ഏകാന്തവാസം
തീർ മിരിയാല ആയിരിക്കാം മധ്യവയസിനും മുൻപേ ഈ ചികിത്സയ്ക്കു കുടി പ്രവേശം നടത്തുന്ന ആദ്യ വ്യക്തി. ഗുരുതരമായ പ്രശ്നങ്ങളുള്ള ആദ്യത്തെയാളുമാകാം.
യുഗൽ ശരൺ മഹാരാജ്‌ജി എന്ന 91 വയസുള്ള യോഗിയാണ് 2011ൽ ഡോ. സേതുവമാധവന്‍റെ അടുത്തുനിന്ന് ആദ്യമായി ഈ ചികിത്സ സ്വീകരിക്കുന്നത്. 1938ൽ സാമൂഹിക പരിഷ്കർത്താവ് മദൻ മോഹൻ മാളവ്യക്ക് രസായന ചികിത്സ നടത്തുമ്പോൾ അതിൽ പങ്കാളിയായിരുന്നു യുഗൽ ശരൺ. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന കായകൽപ്പമായിരുന്നു അത്.
രോഗിക്കും ഡോക്റ്റർക്കും ഒരു പോലെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണിതെന്ന് സേതുമാധവൻ പറയുന്നു. കുടിപ്രവേശികയ്ക്കു കീഴിലുള്ള ചികിത്സയിൽ രോഗി മൂന്ന് അറകളുള്ള കുടിയിൽ ആഴ്ചകളോളം ഒറ്റയ്ക്ക് കഴിയണം. രസായനവും പാലും മാത്രമായിരിക്കും ഭക്ഷണം. ദീർഘായുസും ഓർമശക്തിയും യുവത്വവും ശരീരത്തിന്‍റെയും മനസിന്‍റെയും ബലവുമാണ് ഇതിലൂടെ ലഭിക്കുന്നത്. ശ്രവണശക്തിയും മെച്ചപ്പെട്ടതായി യുഎസ് പൗരൻ വിൽ ഫോക്സ് (കേദാർ എന്ന പേരിൽ ഉത്തരകാശിയിൽ താമസിക്കുന്നു) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ധാതുപരിണാമം, അഥവാ ദഹന പ്രക്രിയയാണ് ഈ ചികിത്സയിലൂടെ ശരിയായ മാർഗത്തിലെത്തുന്നത്. നിർദിഷ്ട സമയത്തേക്ക്, സൂര്യപ്രകാശവും വായുസഞ്ചാരവും വരെ നിയന്ത്രിക്കപ്പെട്ട സ്ഥലത്താണ് പൂർണമായും ഒറ്റയ്ക്ക് ഇത് അനുഷ്ഠിക്കേണ്ടത്. ഇതിനു വേണ്ടി പ്രത്യേകം തയാറാക്കുന്ന മൂന്ന് അറകളുള്ള ഗൃഹമാണ് തിഗർഭ കുടി. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ഘടകങ്ങളെല്ലാം അവിടെ സംയോജിപ്പിച്ചിരിക്കും.
മൂന്ന് അറകളുള്ള കുടിയുടെ ഏറ്റവും ഉള്ളിലെ അറയിൽ 45 ദിവസം ഒറ്റയ്ക്ക് കഴിയുന്നത് ഒട്ടും എളുപ്പമല്ലെന്ന് നൂറാം വയസിൽ മരിക്കും മുൻപ് യുഗൽ ശരൺ പറഞ്ഞിട്ടുണ്ട്.
''ദുർബലർക്കും ചഞ്ചലചിത്തർക്കും പറഞ്ഞിട്ടുള്ളതല്ല ഇത്'' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്. താൻ ഈ ചികിത്സയ്ക്കു വിധേയനായതിന്‍റെ ലക്ഷ്യവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട് - ''ഇത് എനിക്കു വേണ്ടി ചെയ്യുന്നതല്ല. ചെറുപ്പമാകാനുമല്ല. ഇതെല്ലാം ആയുർവേദത്തിനു വേണ്ടിയാണ്. ജര ചികിത്സ അഥവാ രസാസയന ചികിത്സയെക്കുറിച്ചുള്ള അറിവ് മറ്റു ഡോക്റ്റർമാരിലും എത്തണം. ആയുർവേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ പ്രായോഗിക ജ്ഞാനം അവർക്കും ലഭിക്കണം''. ഗർഭപാത്രത്തിലേക്കു മടങ്ങിപ്പോയി വീണ്ടും ജനിക്കുന്നതു പോലെയാണതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
''കുടിക്കുള്ളിലെ ആളുടെ ശരീര - മാനസിക ഘടന അനുസരിച്ചാണ് രസായനത്തിന്‍റെ ഘടകങ്ങൾ നിർണയിക്കുന്നത്'', ഡോ. സേതുമാധവൻ പറയുന്നു. ഇത്തവണ നാഡീരോഗ ചികിത്സയ്ക്കും ബുദ്ധിവികാസത്തിനുമുള്ള മേധ്യാ രസായനങ്ങളാണ് ഉപയോഗിച്ചത്. രോഗിക്കുന്ന നൽകാനുള്ള പാൽ തരുന്ന പശുവിന് മുൻകൂറായി രസായനങ്ങൾ കൊടുക്കണം.
കുടിക്കുള്ളിൽ മേധ്യാ രസായനങ്ങൾ കഴിക്കുന്നവരുടെ മുടിയും നഖവും പല്ലും കൊഴിയാനിടയുണ്ട്. എന്നാൽ, ഇവിടെ ചികിത്സ നടത്തിയ ആരുടെയും പല്ല് കൊഴിഞ്ഞിട്ടില്ല. പകരം, കൂടുതൽ ശക്തമാകുകയാണ് ചെയ്തത്. കറുത്ത മുടി പുതിയതായി കിളിർത്തു വരുകയും ചെയ്തു.
കുടിക്കുള്ളിൽ ആദ്യ ദിവസങ്ങളിൽ മോഹാസക്തിയുണ്ടായത് നിയന്ത്രിക്കാൻ യോഗിയായ യുഗൽ ശരൺ ചികിത്സ തേടിയിരുന്നു. അദ്ദേഹത്തിന്‍റെ പ്രായത്തിലുള്ളവർക്ക് അസാധ്യമായ 15.5 എന്ന ഹീമോഗ്ലോബിൻ ലെവൽ വരെയെത്താനായി. വൃക്ക, കരൾ, ഹൃദയം എന്നിവയുടെ പ്രവർത്തനം യുവാക്കളുടേതു പോലെയുമായിരുന്നു. കാലിലെ നീരും മാറിയ അദ്ദേഹം, മരിക്കുന്നതിന് രണ്ടും ദിവസം മുൻപ് വരെ മൈലുകളോലം നടന്നു പോയി രാജസ്ഥാനിൽ രോഗികളെ ചികിത്സിച്ചിരുന്നു. താൻ 100 വയസ് കടക്കില്ലെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.
2012ൽ കോലാചെക് അന്‍റോണിൻ എന്ന ചെക്ക് റിപ്പബ്ലിക്ക് പൗരൻ 60 ദിവസമാണ് കുടിയിൽ കഴിഞ്ഞത്. 59 വയസുള്ള അദ്ദേഹത്തിന് അപ്പോഴേക്കും കറുകറുത്ത മുടി കിളിർത്തിരുന്നു. ഇന്നും യൗവനം നിലനിർത്താൻ സാധിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ സാക്ഷ്യം.
അതിനു ശേഷം ക്യാനഡയിൽ നിന്നുള്ള ലളിതയാണ് 60 ദിവസം കുടിയിൽ കഴിഞ്ഞത്, 2014ൽ. വെളിച്ചം കടക്കാത്ത അറയ്ക്കുള്ളിൽ ഓരോ ദിവസവും തനിക്ക് അനുഭവപ്പെടുന്ന മാറ്റങ്ങൾ അവർ കുറിച്ചുവച്ചിരുന്നു. ഒരു ദിവസം സാനിറ്ററി നാപ്കിൻ ആവശ്യപ്പെട്ട് അവരുടെ ഒരു കുറിപ്പ് ഡോക്റ്റർക്കു കിട്ടി. 69ാം വയസിൽ ആർത്തവം പുനരാരംഭിച്ചിരിക്കുന്നു! മാനസികവും ശാരീരികവുമായി അനുഭവപ്പെട്ട മാറ്റങ്ങളെല്ലാം എഴുതിവച്ചത് പുസ്തകരൂപത്തിലക്കിയാണ് അവർ അറയിൽ നിന്നു പുറത്തുവന്നത്.
2016ലായിരുന്നു ഇവിടെ അടുത്ത രസായന ചികിത്സ. 69 വയസുള്ള ബ്രന്‍റൺ മക്‌നട്ട് എന്ന ബ്രിട്ടിഷ് പൗരൻ 90 ദിവസം കുടിയിൽ കഴിഞ്ഞു. 15-20 വയസെങ്കിലും കുറഞ്ഞതായി തോന്നുന്നു എന്നാണ് പുറത്തുവന്നപ്പോൾ അവകാശപ്പെട്ടത്.
ഏറ്റവും കൂടുതൽ ദിവസം കുടിയിൽ കഴിഞ്ഞത് കേദാർ ആണ്, 152 ദിവസം. മുൻ ബ്യൂറോക്രാറ്റ് ശശി ഗുലാത്തി വോളന്‍ററി റിട്ടയർമെന്‍റ് എടുത്ത ശേഷമാണ് ചികിത്സയ്ക്കു തയാറെടുത്തത്. 2020ൽ 108 ദിവസത്തെ ചികിത്സ പൂർത്തിയാക്കി. അതേ വർഷം 71 വയസുള്ള ഗുജറാത്ത് സ്വദേശി രമൺ ഷാ 74 ദിവസം കുടിയിൽ കഴിഞ്ഞു.
സർവേസന്തു നിരാമയ
യുഗൽ ശരണിന്‍റെ ചികിത്സ പൂർത്തിയായതിനു പിന്നാലെ ഇതിനായി നിരവധി പേരുടെ അപേക്ഷകൾ വന്നു തുടങ്ങി. ഇരുനൂറിലധികം അപേക്ഷകൾ നിരസിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ചികിത്സ സ്വീകരിക്കാൻ പ്രാപ്തരല്ലെന്ന് പലരോടും തുറന്നു പറയേണ്ടി വന്നു.
''എല്ലാവർക്കും കുടിയിൽ കടക്കാനാവില്ല. അതിനുള്ള തെരഞ്ഞെടുപ്പ് കടുപ്പമുള്ളതാണ്. യുവാക്കൾക്കും മധ്യവയസിലുള്ളവർക്കുമായിരിക്കും കൂടുതൽ മികച്ച ഫലം ലഭിക്കുക. വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പരിഗണിക്കണം. അതിനുപുറമേ, ഈ വ്യക്തിക്ക് നവ യൗവനം ലഭിച്ചതുകൊണ്ട് സമൂഹത്തിന് എന്തു ഗുണമുണ്ടാകും എന്നു നോക്കണം. അവരുടെ ഭാഗത്തു നിന്ന് ജനങ്ങൾക്കു കിട്ടാവുന്ന സേവനങ്ങൾ എന്താണെന്നത് പ്രധാനമാണ്'', ഡോ. സേതുമാധവൻ വിശദീകരിക്കുന്നു.
ആയുർവേദ ഗൈനക്കോളജിസ്റ്റായ മകൾ ഡോ. അദ്രിജയും സേതുമാധവനെ ചികിത്സയിൽ സഹായിക്കുന്നു. കുടിയിൽ പ്രവേശിക്കുന്നവരുടെ രക്തസമ്മർദം, ഹീമോഗ്ലോബിൻ നിരക്ക് തുടങ്ങി ഏറ്റവും സൂക്ഷ്മമായ കാര്യങ്ങൾ പോലും രേഖപ്പെടുത്തുന്നുണ്ട്. അഖിൽ, അഞ്ജന, ലക്ഷ്മി എന്നീ ഡോക്റ്റർമാരുടെ സംഘം തന്നെ ചികിത്സയുടെ ഭാഗമാണ്.
അറിയുന്നതോ അറിയാത്തതോ ആയ രോഗങ്ങളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നതിനും, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, രോഗങ്ങളിൽനിന്നും മരുന്നുകളിൽ നിന്നും മുക്തമായൊരു ജീവിതം പ്രദാനം ചെയ്യുന്നതിനുമാണ് ആയുർവേദമെന്നാണ് ഡോ. സേതുമാധവന്‍റെ വാദം. 'സർവേസന്തു നിരാമയ' - രോഗത്തിൽനിന്നും മരുന്നിൽനിന്നും മുക്തമായ ജീവിതം - എന്ന മന്ത്രത്തിന്‍റെ പൂർത്തീകരണമാണത്.
എല്ലാവരും മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരായി മാറിയാൽ ഡോക്റ്റർമാർക്ക് എങ്ങനെ രോഗികളെ കിട്ടുമെന്നു ചോദിച്ചപ്പോൾ,''എന്‍റെ ശാസ്ത്രം സമ്പൂർണ വിജയം കണ്ടതിൽ ഞാൻ നൂറു ശതമാനം സംതൃപ്തനായിരിക്കും'' എന്നായിരുന്നു ഡോ. സേതുമാധവന്‍റെ മറുപടി.