ആ അടി ബസുടമയുടെ കരണത്തല്ല, ഹൈക്കോടതിയുടെ മുഖത്താണ് ഏറ്റത്''- കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷിന്റെ ആത്മനൊമ്പരം ധ്വനിപ്പിക്കുന്ന ഈ വാക്കുകൾ കേരള പൊലീസ് സേന എത്തപ്പെട്ടിരിക്കുന്ന തകർച്ചയിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കോട്ടയം തിരുവാർപ്പിൽ ബസുടമയെ പൊലീസ് സാന്നിധ്യത്തിൽ സിഐടിയു നേതാവ് മർദിച്ച സംഭവത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം. ഒരു മാസത്തേക്കു പൊലീസ് സംരക്ഷണം നൽകാൻ ജൂൺ 23നു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു നിലനിൽക്കേയാണ് ബസുടമ രാജ് മോഹനെ സിഐടിയു നേതാവ് കെ.ആർ. അജയ് മർദിച്ചത്. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയെ കോടതിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
"പോയി ഒന്ന് തല്ലിക്കോളൂ, ഞങ്ങൾ നോക്കിക്കൊള്ളാം' എന്ന രീതിയിലാണ് പൊലീസ് പ്രവർത്തിച്ചതെന്നും അവർ നാടകം കളിക്കുകയായിരുന്നുവെന്ന ശക്തമായ തോന്നലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ""കരണത്തടിച്ച പ്രതിയെ അതിനു ശേഷം പൊലീസ് കീഴടക്കി എന്ന് പറയുന്നതിൽ എന്തർഥം? പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും ശക്തരായവർക്ക് നിങ്ങളെ ആക്രമിക്കാമെന്നും ഒന്നും സംഭവിക്കുകയില്ലെന്നുമുള്ള സന്ദേശമല്ലേ പൊതുജനങ്ങൾക്കിത് നൽകുന്നത്? ഹൈക്കോടതിയിൽ പോകുന്നതിനേക്കാൾ നേതാക്കളുമായി ഒത്തുതീർപ്പിലെത്തുന്നതാണ് നല്ലത് എന്ന സന്ദേശമല്ലേ ഇതിലുള്ളത്'' - കോടതി ചോദിച്ചു.
എത്ര പ്രസക്തമായ ചോദ്യങ്ങൾ! ഇതിനുത്തരം നൽകാൻ പൊലീസിലെ ഉന്നതർക്കും ആഭ്യന്തര മന്ത്രിക്കും കഴിയുമോ? നിയമ നീതിന്യായ സംവിധാനങ്ങളെ അപ്രസക്തമാക്കുന്നതല്ലേ ഇത്തരം നടപടികൾ? അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്താനല്ലേ ഇത് ഉപകരിക്കൂ?
ഹർജിക്കാരന് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് മനഃപൂർവമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് വസ്തുതകൾ തെളിയിക്കുന്നതായും കോടതി പറഞ്ഞു.
എന്നാൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന നേതാവ് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്ന് കോടതിയിൽ ഹാജരായിരുന്ന എസ്പി വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഇത് മുൻകൂട്ടി കാണണമായിരുന്നുവെന്നു കോടതി പറഞ്ഞു. സാധാരണക്കാരെപ്പോലെ പൊലീസിന് പെരുമാറാനാവില്ല. സംരക്ഷണത്തിന് ഉത്തരവുണ്ടായിട്ടും ബസ് ജീവനക്കാർ ജോലിക്ക് എത്തിയത് രണ്ടാം ദിവസമാണ്. കോടതി ഉത്തരവുണ്ടെങ്കിലും തല്ലു കിട്ടുമെന്നു ഭയന്നല്ലേ ഇതെന്നും കോടതി ചോദിച്ചു.
നാട്ടിലെ യാഥാർഥ്യം അപ്പാടെ മനസിലാക്കിയുള്ള കോടതിയുടെ നിരീക്ഷണം. ഇത്തരം യാഥാർഥ്യങ്ങളിലേക്ക് കോടതികൾ ഇതിനു മുമ്പ് കടന്നിട്ടുണ്ടാവുമെന്ന് കരുതാനാവില്ല.
കോടതി വിളിച്ചുവരുത്തിയിട്ടും ഇത്രയേറെ വിമർശനശരങ്ങൾ ഉതിർത്തിട്ടും മുഖം രക്ഷിക്കാനാണെങ്കിലും എസ്പി കോടതിയെ ധരിപ്പിക്കുന്ന വസ്തുതകൾ സത്യമാവേണ്ടേ? പ്രതിയെ അറസ്റ്റ് ചെയ്തെന്നും പൊലീസുകാരുടെ വീഴ്ചയെ കുറിച്ച് ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്നുമാണ് എസ്പി കോടതിയെ അറിയിച്ചത്. എന്നാൽ, കേസെടുക്കാൻ പൊലീസ് തയാറായില്ലെന്നതും സ്റ്റേഷനു മുന്നിൽ പ്രതിഷേധ നടത്തിയ ശേഷമാണ് കേസെടുത്തതെന്നുമുള്ള വസ്തുത നിലനിൽക്കുന്നു. പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
അപ്പോൾ എന്തു നടപടിയാണ് പൊലീസ് സ്വീകരിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാനുള്ള എന്ത് ചുമതലാ നിർവഹണം? യാതൊരു നീതീകരണവുമില്ലാത്ത വീഴ്ചയാണ് ഉണ്ടായത്. മനഃപൂർവമായി വരുത്തിയ ഈ വീഴ്ചയ്ക്കു ശേഷം അതിനെയും വെല്ലുന്ന രക്ഷാ നടപടികൾ! എന്നിട്ട് ഒരുളുപ്പുമില്ലാതെ കോടതിയുടെ മുന്നിൽ അത് വിളമ്പുന്ന ഐപിഎസ് ഓഫീസർ! എവിടെയെത്തി നിൽക്കുന്നു നമ്മുടെ പൊലീസ്! അന്വേഷണം നടക്കുന്നുണ്ടു പോലും! എന്താ ഇത് തുമ്പില്ലാത്ത ഏതോ അജ്ഞാത കുറ്റകൃത്യമാണോ? ദൃശ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ട ധാർഷ്ട്യത്തിന്റെ പ്രതിരൂപമായിരുന്നില്ലേ അത്? എസ്പിയുടെ മൂക്കിനു താഴെ നടന്ന ആ അതിക്രമത്തിന്റെ വസ്തുതകൾ തേടാനും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാനും എന്തിനീ കാലതാമസം? അപ്പോൾ നിയമത്തെയും നിയമ സംവിധാനങ്ങളെയുമല്ല, ഭരണ യജമാനന്മാരെ അനുസരിക്കാനാണ് താത്പര്യം. അപ്പോൾ റിപ്പോർട്ടും നടപടിയുമൊക്കെ വൈകും. ഒക്കുമെങ്കിൽ ഉണ്ടാവുകയുമില്ല. എന്നാൽ അതിനെതിരായ താക്കീതാണ് കോടതി നൽകിയിരിക്കുന്നത്.
പൊലീസുകാരുടെ വീഴ്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് ഡിവൈഎസ്പിയും കേസെടുത്തതിനെക്കുറിച്ച് കുമരകം സിഐയും സത്യവാങ്മൂലം നൽകാനും 18ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇവർ നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
കോടതിയിലും ലേബർ ഓഫിസിലും ചർച്ച പരാജയപ്പെടുമ്പോൾ ആക്രമിക്കുന്നത് ട്രേഡ് യൂണിയനുകളുടെ സ്ഥിരം സ്വഭാവമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇവിടെയും അതാണ് സംഭവിച്ചത്. കോടതി ഉത്തരവു പ്രകാരം രാജ്മോഹൻ ബസ് നിരത്തിലിറക്കാൻ ശ്രമിക്കുന്നു. സിഐടിയു പ്രവർത്തകരെത്തി തടയുകയും രാജ് മോഹനനെ ക്രൂരമായി മർദിക്കുകയും ചെയ്യുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാതൃഭൂമി ലേഖകൻ എസ്.ഡി. റാമിനേയും മർദിക്കുന്നു. പൊലീസ് കൈയും കെട്ടി നോക്കി നിൽക്കുന്നു. ഇതാണോ കോടതി ഉത്തരവിന് പൊലീസ് കൽപ്പിക്കേണ്ട വില?
"വരവേൽപ്പ് ' സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് ഇവിടെ മുൻ സൈനികൻ കൂടിയായ രാജ് മോഹനനെ കാണാനാവുക. വിദേശത്ത് വിയർത്തുണ്ടാക്കിയ പണവുമായി എത്തി ബസ് സർവീസ് തുടങ്ങുന്നു. സമരവും തടയലുമായി അത് മുടങ്ങുന്നു. സിഐടിയു കൊടികുത്തിയ ബസിനു മുന്നിൽ കോട്ടും സൂട്ടുമണിഞ്ഞു കസേരയിലിരുന്ന് ലോട്ടറി കച്ചവടം നടത്തുന്ന രാജ് മോഹനെയാണ് പിന്നെ ലോകം കണ്ടത്. തുടർന്നാണ് കേസും മർദനവുമടക്കമുള്ള കലാപരിപാടികളും കോടതിയുടെ ഈ രൂക്ഷ വിമർശനവും.
ഈ സംഭവവികാസങ്ങൾ പൗര സമൂഹത്തിന് ഏറെ ആശങ്ക ഉണർത്തുന്നതാണ്. ഈ പൊലീസ് എങ്ങോട്ടാണ് എന്ന നിരാശാപൂർണമായ ചോദ്യമാണവിടെ ഉയരുന്നത്. ചില കേസുകളിൽ അമിതാവേശവും ചടുലതയും. മറ്റു ചിലതിൽ തികഞ്ഞ നിസംഗത. ഇതെങ്ങനെ ഒത്തുപോകും.
ഒട്ടേറെ കേസുകളിൽ പ്രതിയായി അറസ്റ്റ് വാറന്റു നിലനിൽക്കുന്ന, സമ്മേളനങ്ങളിലും സമരങ്ങളിലും പങ്കെടുത്തു ദൃശ്യ- അച്ചടി മാധ്യമങ്ങളിൽ ഫോട്ടൊ പ്രത്യക്ഷപ്പെടുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ കാണാനില്ലെന്ന പരിഹാസ്യമായ റിപ്പോർട്ട് നൽകുന്ന പൊലീസിനെ നാം കണ്ടു. ഇതേ വ്യക്തി എഴുതാത്ത പരീക്ഷ ജയിച്ചതായി വെബ്സൈറ്റിൽ വന്ന റിസൾട്ട് ഷീറ്റിന്റെ അടിസ്ഥാനത്തിൽ അത് റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായി ഗൂഢാലോചനയ്ക്ക് കേസെടുക്കുന്ന പൊലീസ്. വ്യാജ ഡിഗ്രി കേസിൽ പ്രതിക്ക് ആവുന്നത്ര സമയം ഒളിവിൽ കഴിയാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സംരക്ഷണ കവചമൊരുക്കുന്ന പൊലീസ്.
മോൻസൻ മാവുങ്കൽ കേസ് തന്നെ നോക്കുക. അവിടെയെത്തുകയും മോൻസന് എല്ലാ സഹായങ്ങളും ഒരുക്കുകയും ആ ബ്രാൻഡിന് വിശ്വാസ്യത ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ ഒരു നടപടിയുമില്ല. മോൺസന്റെ "സിംഹാസനത്തിൽ' ഡിജിപി ലോക്നാഥ് ബെഹ്റയും തൊട്ടടുത്ത് "അംശവടിയുമായി' എഡിജിപി മനോജ് എബ്രഹാമും അരങ്ങുവാണിട്ട് കണ്ടതും കേട്ടതുമില്ല. എന്നാൽ അവിടെ പോയ കെപിസിസി പ്രസിഡന്റിനെതിരെ കേസും അറസ്റ്റും. ഇതു താൻ കേരള പൊലീസ്! പക്ഷപാത പരമ്പര ഇങ്ങനെ തുടരുന്നു.
ഒടുവിൽ "മറുനാടൻ മലയാളി' എന്ന ഓൺലൈൻ മാധ്യമത്തെ പൂട്ടാൻ അവരുടെ ഓഫിസുകളിൽ കയറിയിറങ്ങി സംഹാര നൃത്തം ചവിട്ടുന്ന പൊലീസിനെയാണ് കണ്ടത്. മുഴുവൻ കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും കൊണ്ടുപോകുന്നു. യുവതികളടക്കമുള്ള ജീവനക്കാരുടെ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. അതും പോരാഞ്ഞ് രാത്രിയുടെ യാമങ്ങളിൽ അവരുടെയൊക്കെ ബന്ധുവീടുകളിലും കയറി പരിശോധനയുടെ പേരിലുള്ള തേർവാഴ്ച. ഇതുപോലൊരു മാധ്യമ വേട്ട ഒരുകാലത്തും ഉണ്ടായിട്ടില്ലെന്ന് എല്ലാവരും ഒരുപോലെ സാക്ഷീകരിക്കുന്നു. ആരാണ് പൊലീസിന് ഇതിനൊക്കെ അധികാരം നൽകിയത്? ഇല്ലാത്ത അധികാരത്തിന്റെ പേരിൽ നടക്കുന്ന അമിതാധികാര പ്രയോഗം.
കണ്ണൂരിലെ എലത്തൂരിൽ ട്രെയ്നിന് തീവച്ച പൊലീസ് പിടികൂടിയ പ്രതിയുടെ ദൃശ്യം പകർത്തിയതിന് പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന വിചിത്രമായ വകുപ്പിട്ട് മാതൃഭൂമി ന്യൂസ് സംഘത്തിനെതിരെ കേസെടുത്ത പൊലീസിനും കിട്ടി ഹൈക്കോടതിയുടെ കനത്തപ്രഹരം. ഇത്രയൊക്കെയായാലെങ്കിലും ഒരു നാണം വേണ്ടേ! യാതൊരു ഉളുപ്പുമില്ലാതെ അതൊക്കെ ആവർത്തിക്കുന്നു. യഥാർഥത്തിൽ ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടാൻ കഴിയുന്ന കോടതി വരെ സ്ഥിരീകരിക്കപ്പെട്ട കുറ്റാരോപണം.
ഒടുവിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് പത്തനംതിട്ടയിലെ മംഗളം സീനിയർ റിപ്പോർട്ടർ ജി. വിശാഖന്റെ വീട്ടിൽ കയറിയുള്ള പരിശോധനയും ഫോൺ പിടിച്ചെടുക്കലും. കേസുമായി ഒരു ബന്ധവുമില്ലാത്ത ഒരാളുടെ ഫോണാണ് പിടിച്ചെടുത്തത്. കാരണം വ്യക്തമാക്കാൻ വിശാഖൻ ആവശ്യപ്പെട്ടപ്പോൾ മുകളിൽ നിന്നുള്ള നിർദേശപ്രകാരമെന്നാണ് സിഐ പറഞ്ഞത്. നിയമം അനുസരിച്ചാണോ, അതോ മുകളിൽ നിന്നുള്ള നിയമവിരുദ്ധ നിർദേശമനുസരിച്ചാണോ പൊലീസ് പ്രവർത്തിക്കേണ്ടത്? ഇത്തരത്തിൽ വളയം വിട്ടു ചാടുന്നതു കൊണ്ടാണ് പൊലീസിന് ഹൈക്കോടതിയുടെ താക്കീത് വീണ്ടും വീണ്ടും ഏറ്റുവാങ്ങി തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുന്നത്. ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കാതെ ഫോൺ പിടിച്ചെടുക്കാനാവില്ലെന്ന് ഹൈക്കോടതിക്ക് ശക്തമായ ഭാഷയിൽ പറയേണ്ടി വന്നു.
ഷാജൻ സ്കറിയയുടെ പരാമർശങ്ങൾ അപകീർത്തിപരമാണെങ്കിൽ കൂടി അത് പട്ടികജാതി - പട്ടികവർഗ നിയമപ്രകാരമുള്ള കുറ്റമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുമ്പോൾ വൈര്യനിര്യാതന ബുദ്ധിയോടും പ്രതികാരദാഹത്തോടും കൂടി ഒരുങ്ങി പുറപ്പെട്ട പൊലീസിനുള്ള പ്രഹരമല്ലേ അത്? കുറ്റത്തിന് ചേർക്കേണ്ട യഥാർഥ വകുപ്പിന് പകരം നിയമവിരുദ്ധമായും അന്യായമായും വകുപ്പു ചേർത്തെന്നല്ലേ അത് വ്യക്തമാക്കുന്നത്. ഇത് പൊലീസിന് മുൻകൂട്ടി അറിയാഞ്ഞിട്ടാണോ? ഒരിക്കലുമാവില്ല. "മുകളിലുള്ള'വരെ പ്രീണിപ്പിക്കാനുള്ള അമിതാവേശം! അതുവഴി താൻ ഈ ജോലിക്ക് യോഗ്യനല്ലെന്ന കുറ്റസമ്മതം കൂടിയാണ് നടത്തുന്നതെന്ന കാര്യം അയാൾ വിസ്മരിക്കുന്നു.
ഹൈക്കോടതി നൽകുന്ന പൊലീസ് സംരക്ഷണ ഉത്തരവുകൾ ലംഘിക്കുന്നത് അവർ പതിവാക്കിയിട്ടുണ്ട്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകൾ സുഗമമായി നടത്താൻ നൽകുന്ന ഉത്തരവുകളോട് പൊലീസ് സ്ഥിരമായി പുറംതിരിഞ്ഞു നിൽക്കുകയാണ്. സംഘടിതമായി കള്ളവോട്ടുകൾ നടന്നാലും ഇടപെടില്ല. കള്ളവോട്ടിന് ശ്രമിക്കുന്നവരെ ബൂത്ത് ഏജന്റുമാർ തർക്കമുന്നയിച്ചു പിടികൂടിയാലും അവരെ കസ്റ്റഡിയിലെടുക്കില്ല. അടുത്ത ബൂത്തിൽ അടുത്ത കള്ളവോട്ട് ചെയ്യാനായി അവർ പോകുന്ന സ്ഥിതി.
ഒരു ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാൻ കടന്നുവന്ന അമ്പതോളം പേർ ബൂത്തിനകത്ത് തിങ്ങിക്കൂടി നിൽക്കുന്നതും ഡിവൈഎസ്പി അവർക്കിടയിൽ കാഴ്ചക്കാരനായി നിൽക്കുന്നതുമായ വീഡിയൊ ഞാൻ തന്നെ ഫോണിൽ പകർത്തി കോടതി ചുമതലപ്പെടുത്തിയ എസ്പിക്ക് അയച്ചുകൊടുത്തിട്ടും ഒരു നടപടിയുമുണ്ടായില്ല. ബൂത്തിൽ നിന്ന് ആൾക്കൂട്ടത്തെ പുറത്താക്കാനുള്ള സാമാന്യ നീതിനിർവഹണം പോലും അവിടെ സംഭവിച്ചില്ല. അതത് ബാങ്കുകളുടെ ഐഡന്റിറ്റി കാർഡ് ഉള്ളവരെയേ കോംപൗണ്ടിൽ പ്രവേശിപ്പിക്കാവൂ എന്നു കോടതി നിർദേശം നൽകിയാലും ഗേറ്റിൽ പരിശോധന നടത്തി അതുറപ്പാക്കേണ്ട പൊലീസ് അതു ചെയ്യാതെ വ്യാജ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് സംരക്ഷണം നൽകുന്ന കാഴ്ചയാണ് അടുത്തകാലത്തായി എല്ലായിടങ്ങളിലും കാണുന്നത്. പൊലീസിനെ രാഷ്ട്രീയവത്കരിച്ചും നിർവീര്യമാക്കിയുമുള്ള പിടിച്ചെടുക്കൽ. ഇവിടെ കോടതിവിധികൾക്ക് പുല്ലുവില!
ഇത്തരം നടപടികൾക്കെതിരായ താക്കീതാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. അതനുസരിച്ചുള്ള തിരുത്തലുകൾക്കുള്ള ആർജവം പ്രകടിപ്പിക്കുമോ?
പൊലീസിനെ സർക്കാരുകളുടെയോ ഭരണകക്ഷിയുടെയോ ഇംഗിതത്തിനനുസരിച്ച് തുള്ളുന്ന കിങ്കരന്മാരോ അവരുടെ മർദനോപാധികളോ ആയിട്ടല്ലാ നിയമം വിവക്ഷിക്കുന്നത്. നിയമത്തോടും നീതിന്യായ സംവിധാനങ്ങളോടുമാണ് അവർ കൂറും വിശ്വസ്തതയും പുലർത്തേണ്ടത്. അതിനുപകരം വഴിവിട്ട "മുകളിൽ നിന്നുള്ള നിർദേശം' പാർത്ത് കഴിയുമ്പോഴാണ് അപഥ സഞ്ചാരത്തിനും അതുവഴി അരാജകത്വത്തിനും വഴിവയ്ക്കുന്നത്.
അത്തരത്തിലേക്ക് കൂപ്പുകുത്തി അത് അസഹനീയമാം വിധം പടർന്നുപിടിച്ചതു കൊണ്ടാണ് കോടതി നൊമ്പരപ്പെട്ട് വടിയെടുത്തത്. അത് എത്രമാത്രം ഉൾക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും സമൂഹത്തിന്റെ സുരക്ഷിതത്വം. അത് ഉറപ്പാക്കാനാവുന്നില്ലെങ്കിൽ പിന്നെയെന്തു പൊലീസ്!
അത്തരമൊരു ദുരവസ്ഥയിലേക്ക് എത്തിക്കാതിരിക്കാനുള്ള വിവേകവും ജാഗ്രതയുമാണ് ഇപ്പോൾ അനിവാര്യം. ഹൈക്കോടതിയുടെ ചൂരൽ പ്രയോഗം അതിനു പ്രേരണയായാൽ അത്രയും നന്ന്.