ഗോവയിലെ മഡ്ഗാവ് സ്റ്റേഷനിൽ തിരുവനന്തപുരത്തേയ്ക്കുള്ള രാജധാനി എക്സപ്രസ് എത്തേണ്ടത് രാവിലെ 6.45ന്. എത്തിയത് 8നു ശേഷം. 7. 45നാണ് ട്രെയ്ൻ രണ്ടാം പ്ലാറ്റ്ഫോമിലാണ് വരുന്നതെന്ന അറിയിപ്പ് കിട്ടിയത്. ഉടൻ പടിയും റാമ്പും കയറി ലഗേജുകളുമായി മുതിർന്നവർ ഉൾപ്പെടെയുള്ളവർ ഓടേണ്ടിവന്ന കാഴ്ച കഷ്ടമായിരുന്നു. എന്തുകൊണ്ട് പ്ലാറ്റ്ഫോം അരമണിക്കൂർ മുമ്പെങ്കിലും തീരുമാനിച്ച് അറിയിക്കാനാവുന്നില്ല?
ഒന്നര മണിക്കൂർ വൈകി പുറപ്പെട്ടെങ്കിലും എറണാകുളത്ത് കൃത്യസമയത്ത് എത്തി. അവിടെനിന്ന് കൊല്ലത്ത് അർധരാത്രി 12നാണ് എത്തേണ്ടതെങ്കിലും അതിനു മുമ്പേ എത്തി. 12 കഴിഞ്ഞ് ഇഴഞ്ഞിഴഞ്ഞ് കൊച്ചുവേളി സ്റ്റേഷന്റെ ഔട്ടറിലെ കാട്ടിൽ അരമണിക്കൂറോളം കിടന്നു. പിന്നെ, പേട്ടയിലും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഔട്ടറിലും അരമണിക്കൂറോളം നിർത്തിയിട്ട ശേഷം കൃത്യസമയമായ 1.50 കഴിഞ്ഞാണ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കൊണ്ടിട്ടത്.
കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള പാസഞ്ചർ ട്രെയ്ൻ എത്തിച്ചേരാനെടുക്കുന്ന സമയം 2 മണിക്കൂർ. ദൂരം 64 കിലോമീറ്റർ. അതേ ദൂരം സഞ്ചരിക്കാൻ ഏറ്റവും കൂടുതൽ യാത്രക്കൂലി ഈടാക്കുന്ന ട്രെയ്നായ രാജധാനിക്കു വേണ്ടത് ഒന്നേ മുക്കാൽ മണിക്കൂർ! എന്നാൽ ഇതേ ട്രെയ്ൻ ന്യൂഡൽഹിയിലേക്കു പോവുമ്പോൾ ഇതേദൂരം താണ്ടാൻ എടുക്കുന്നത് 54 മിനിറ്റ് മാത്രം! ഇപ്പോഴത്തെ ഗ്ലാമർ ട്രെയ്നായ വന്ദേഭാരതിന് 48 മിനിറ്റാണ് ഈ ദൂരം സഞ്ചരിക്കാൻ വേണ്ടത്. ജനശതാബ്ദിക്കും മറ്റ് എക്സ്പ്രസ് ട്രെയ്നുകൾക്കും ഒരു മണിക്കൂർ വേണ്ടിവരുമെന്നു പറയുമ്പോൾ ഇതെല്ലാം അങ്ങോട്ടുപോകുമ്പോൾ മാത്രമാണ്.
തിരുവനന്തപുരത്തു നിന്ന് ഷൊർണൂരിലേക്കു പോകുന്ന വേണാടിന് കൊല്ലത്തേത്താൻ വേണ്ടിവരുന്നത് ഒരുമണിക്കൂർ 10 മിനിറ്റ്. രാത്രി തിരിച്ച് 8.48ന് കൊല്ലത്തെത്തുന്ന വേണാട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തേണ്ടത് രാത്രി 11ന്. അതായത് രാവിലെ എടുക്കുന്നതിന്റെ ഇരട്ടിയോളം സമയമെടുത്താണ് വേണാട് തിരിച്ചെത്തുമ്പോൾ അതേ ദൂരം താണ്ടാനെടുക്കുന്നത്!
നോവലിസ്റ്റും കഥാകൃത്തുമായ കോളമിസ്റ്റ് യശശ്ശരീരനായ എം.പി. നാരായണപിള്ളയാണ് കേരളത്തോട് താല്പര്യമില്ലാത്ത ഉത്തരേന്ത്യക്കാരുടെ "കുതന്ത്ര'ങ്ങളെ "ചപ്പാത്തികളുടെ ധിക്കാരം' എന്ന് വിശേഷിപ്പിച്ചത്. കേരളത്തിൽ ട്രെയ്നുകൾ വൈകിയോടുന്നില്ലെന്ന് വരുത്തിത്തീർക്കാൻ തിരുവനന്തപുരം ഡിവിഷന്റെ തലപ്പത്തുള്ള "ചപ്പാത്തി'കൾ കണ്ടെത്തിയ എളുപ്പവഴിയാണ് കൊല്ലത്തു നിന്ന് തിരുവനന്തപുരം വരെ തീവണ്ടികൾ "ഇഴയ്ക്കുക' എന്ന ധാർഷ്ട്യം. അത് തിരിച്ചറിയാനും അതനുസരിച്ച് പ്രതികരിക്കാനും കഴിയാത്ത എംപിമാരടക്കമുള്ള ജനപ്രതിനിധികളെയോർത്ത് സഹതപിക്കാം.
ഇപ്പോൾ, ഏറ്റവുമൊടുവിൽ ഒരു ചപ്പാത്തി തീരുമാനിക്കുന്നു: "കേരളത്തിലെ ഇൻഫർമേഷൻ കൗണ്ടറുകൾ അടച്ചുപൂട്ടാം'. ഇതിന് ഒരുത്തരവുമില്ല. ഈ ദേഹം സ്റ്റേഷനുകളിലെത്തി വാക്കാൽ ഉത്തരവ് നൽകുന്നു, അവിടെയുള്ളവരെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുന്നു. ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരായ മലയാളികളും അവരുടെ നേതാക്കളായ ജനപ്രതിനിധികളും ഇതൊന്നും കാണുന്നേയില്ല! കേന്ദ്ര ഭരണകക്ഷി നേതാക്കൾക്കൊക്കെ ഇപ്പോൾ തോളിൽ പിടിച്ച് "വാത്സല്യം' പ്രകടിപ്പിക്കാനാണ് താല്പര്യം! അവർ വിചാരിച്ചാൽ ചപ്പാത്തികളുടെ ധിക്കാരം ഒഴിവാക്കി അത് കേരളത്തോടുള്ള "വാത്സല്യ'മാക്കാൻ കഴിയുമായിരുന്നു. അവർക്ക് അതിനൊന്നും താല്പര്യമില്ലാത്തതിനാൽ തന്നെ ജനം അവരോടും ഒരു വാത്സല്യവും കാട്ടാതെ മാറിനിൽക്കുകയാണ്!
ഏത് ട്രെയ്ൻ പുതിയതായി അവതരിപ്പിച്ചാലും അതിനുവേണ്ടി മറ്റുള്ള ട്രെയ്ൻ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുക എന്നത് റെയ്ൽ ഉന്നതരുടെ സ്ഥിരം കലാപരിപാടിയാണ് . അതിൽ ഒടുവിലത്തേതാണ് വന്ദേഭാരതിന് വേണ്ടി എക്സ്പ്രസ് ട്രെയ്നുകൾ ഉൾപ്പെടെ പിടിച്ചിടുന്നത്. നേരത്തേ ജനശതാബ്ദിക്കുവേണ്ടിയായിരുന്നു. അതിനു മുമ്പ് രാജധാനിക്കു വേണ്ടിയായിരുന്നു മറ്റ് ട്രെയ്നുകൾ നിർത്തിയിട്ടത്.
തിരുവനന്തപുരം സെൻട്രലിൽ വേണാടിന്റെ 5.15 എന്ന പഴയ സമയമാണ് ആദ്യ വന്ദേഭാരതിന് നൽകിയിരിക്കുന്നത്. വേണാടിന്റെ സമയത്തിൽ മാറ്റം വരുത്താതെ അഞ്ചോ പത്തോ മിനിറ്റിന് മുമ്പ് വന്ദേഭാരതിന് സമയക്രമം നിശ്ചയിച്ചിരുന്നെങ്കിൽ കുറഞ്ഞപക്ഷം വേണാടെങ്കിലും വന്ദേഭാരതിനു വേണ്ടി കാത്തുകിടക്കേണ്ടി വരില്ലായിരുന്നു.
എക്സ്പ്രസ് ട്രെയിനുകൾക്ക് എത്തിച്ചേരേണ്ട (അവസാന) സ്റ്റേഷനിൽ അമിതമായി നൽകിയിരിക്കുന്ന മണിക്കൂറുകൾ വരുന്ന ബഫർ ടൈമുകളിൽ നേരിയ കുറവ് വരുത്തിയശേഷം വേഗത വർധിപ്പിച്ചെന്ന് നോട്ടിഫിക്കേഷൻ അടിച്ചിറക്കിയിരിക്കുകയാണ് റെയ്ൽവേ. ഉദാഹരണത്തിന് കുമ്പളത്ത് പിടിച്ചിടുന്ന 25 മിനിറ്റ് എറണാകുളം ജംക്ഷനിലേക്കു മാറ്റിയത് മാത്രമാണ് കായംകുളം പാസഞ്ചറിൽ നടത്തിയ പരിഷ്കാരം. ചേപ്പാട് നിന്ന് 7 കിലോമീറ്റർമാത്രം ദൂരമുള്ള കായംകുളം ജംക്ഷനിലേയ്ക്കുള്ള 55 മിനിറ്റ് ബഫർ ടൈമിൽ വരുത്തിയ കുറവിനെയാണ് സ്പീഡ് വർധനയായി അവകാശപ്പെടുന്നത്. അധിക സമയമെന്ന ബഫർ ടൈമിലൂടെ കാലാകാലമായി റെയ്ൽവേയുടെ കാപട്യം തിരുത്തുന്നതിന് വലിയ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.
നിലവിൽ കായംകുളം പാസഞ്ചറിന്റെ സമയമാറ്റത്തിലൂടെ എറണാകുളം ജംക്ഷനിൽ നിന്ന് ഏറനാടിന് ശേഷമുള്ള ഇടവേള 2 മണിക്കൂറിന് മുകളിലേക്കു വർധിച്ചു. ഇതുമൂലം തീരദേശ പാതയിലൂടെയുള്ള യാത്രാക്ലേശം ഇരട്ടിച്ചു. നിലവിൽ വൈകുന്നേരം 6.05ന് പുറപ്പെടുന്ന കായംകുളം എക്സ്പ്രസിൽ മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ പോലുള്ള സ്റ്റേഷനുകളിൽ നിന്ന് ബസ് മാർഗം വീട്ടിലെത്തുന്നവരാണ് ഭൂരിപക്ഷം യാത്രക്കാരും. സ്റ്റേഷനിൽ നിന്ന് പ്രാദേശിക ബസ് സർവീസുകൾ ഈ സമയത്ത് ലഭ്യമല്ല. ഇതേ സ്ഥിതി തന്നെയാണ് വേണാടിന്റെ കാര്യത്തിലും. മുമ്പ്, രാത്രി 9.30ന് വേണാട് എത്തുമ്പോൾ തിരുവനന്തപുരത്ത് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ വീടുകളിലേക്കെത്താൻ കിട്ടുമായിരുന്നു. എന്നാൽ, ഇപ്പോൾ വേണാട് 11നോ അതിലും വൈകിയോ എത്തുമ്പോൾ ലാസ്റ്റ് ബസു പോലും കിട്ടില്ല. തുടർന്ന് മറ്റു ഗതാഗത സൗകര്യം ലഭ്യമല്ലാതെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരായ സ്ത്രീകളുടെ എണ്ണം കുറവല്ല.
കൊച്ചുവേളിയിലേക്കു വരുന്ന മൈസൂർ എക്സ്പ്രസ് കായംകുളത്ത് എത്തുന്നത് രാവിലെ 6ന്. ഇതിന് പിന്നീട് സ്റ്റോപ്പുള്ളത് കൊല്ലത്തു മാത്രമാണ്. എന്നാൽ, കായംകുളത്ത് 5.45ന് എത്തുന്ന മലബാർ കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂർ, വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ്, മുരുക്കുംപുഴ, കഴക്കൂട്ടം എന്നിവിടങ്ങളിൽ നിർത്തി തിരുവനന്തപുരത്തെത്തും വരെ മൈസൂർ ട്രെയ്ൻ ഇഴയേണ്ടിവരുന്നു. എന്നാൽ, കായംകുളത്തു വച്ച് മൈസൂറിനെ മലബാറിന്റെ മുന്നിൽ കയറ്റിവിട്ടാൽ ഒറ്റ സ്റ്റോപ്പിന്റെ മാത്രം ഗുണം യാത്രക്കാർക്ക് ലഭിക്കും. ഇപ്പോൾ, 9.15ന് കൊച്ചുവേളിയിലെത്തുന്ന മൈസൂറിന് എങ്ങനെ വന്നാലും ഒരു മണിക്കൂറിലേറെ ലാഭിക്കാം.
ഒരു ട്രെയ്ൻ ഒരു മണിക്കൂറിലേറെ അനാവശ്യമായി ട്രാക്കിൽ ഇഴയുമ്പോൾ റെയ്ൽവേയ്ക്ക് കനത്ത നഷ്ടമാണ്. നൂറുകണക്കിന് യൂണിറ്റ് വൈദ്യുതിയാണ് ദുരുപയോഗം ചെയ്യുന്നത്. ഇങ്ങനെ അനാവശ്യമായി കനത്ത നഷ്ടം വരുത്തുന്ന ഈ "ചപ്പാത്തികൾ'ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ട്രെയ്നുകളെ മനഃപൂർവം വൈകിക്കുമ്പോൾ അധികമാവുന്ന വൈദ്യുതിച്ചെലവ് ഇവരിൽ നിന്ന് വ്യക്തിപരമായി ഈടാക്കിയാലേ ഇക്കൂട്ടരുടെ ധിക്കാരം അവസാനിക്കൂ. അതിന് അടയന്തരമായി ടൈംടേബിൾ കമ്മിറ്റി യോഗം ചേരേണ്ടതുണ്ട്.
യാത്രക്കാർക്കു വേണ്ടിയാണ് ട്രെയ്ൻ എന്ന ബോധം "ചപ്പാത്തികൾ' മറന്നുപോവുന്നതിന് അവരെ കുറ്റം പറയാനാവില്ല. സ്വകാര്യ സംരംഭമെന്ന നിലയിൽ അടിമക്കൂട്ടങ്ങളെ സൃഷ്ടിച്ച് അവരുടെ ഔദാര്യത്തിന് കാത്തുകെട്ടിക്കിടക്കുന്ന പുഴുക്കളായി യാത്രക്കാരെ കാണുന്നു. അതിന് ഒത്താശ പാടുന്ന ജനപ്രതിനിധികളെയാണ് പാഠം പഠിപ്പിക്കേണ്ടത്. പെരുവഴിയിൽ നട്ടം തിരിയിച്ച് "ചപ്പാത്തികളുടെ' താളത്തിന് പാവപ്പെട്ട യാത്രക്കാരെ തുള്ളിക്കളിപ്പിച്ച ശേഷം അടുത്ത തെരഞ്ഞെടുപ്പിന് ഇളിച്ചുകൊണ്ടുവരുന്നവരെ നോക്കിവയ്ക്കണം. അവരെ ഇനി മുൻ ജനപ്രതിനിധിയുടെ പാസിലല്ലാതെ "എംപി പാസിൽ' ട്രെയ്നിൽ കയറ്റില്ലെന്ന് തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.