Special Story

അംഗീകാരത്തിന്‍റെ നെറുകയിൽ മലയാളത്തിന്‍റെ മരഗതമണി

മലയാളികളുടെ നിത്യഹരിത ഗാനങ്ങളായ "ശശികല ചാർത്തിയ...", "യയയാ യാദവാ എനിക്കറിയാം...." തുടങ്ങിയ ഗാനങ്ങൾ വിരിഞ്ഞതും കീരവാണിയുടെ മാന്ത്രിക സ്പർശത്തിലാണ്.

#ആർദ്ര ഗോപകുമാർ

മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പൊരു ഐ.വി. ശശി പടത്തിന്‍റെ ടൈറ്റിലിൽ സംഗീതം മരഗതമണി എന്നു തെളിഞ്ഞിരുന്നു. ഇന്ന് അതേ സംഗീതകാരൻ അംഗീകാരത്തിന്‍റെ കൊടുമുടിയേറി. ഓസ്കർ പുരസ്കാരത്തിൽ ആ സംഗീതജ്ഞന്‍റെ പേരു തെളിയുമ്പോൾ ഒരു വ്യത്യാസമുണ്ടെന്നു മാത്രം, അന്നത്തെ മരഗതമണി, ഇന്നത്തെ കീരവാണിയായിരിക്കുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളിൽ മരഗതമണി, കീരവാണി എന്നീ പേരുകളിലും ഹിന്ദിയിൽ, MM kreem എന്ന പേരിലുമാണ് അദ്ദേഹം സാന്നിധ്യമറിയിച്ചത്. പേരുകൾ മാറിയപ്പോഴും സർവസ്വീകാര്യമായ സംഗീതത്തിന്‍റെ ഈരടികൾ അദ്ദേഹം പൊഴിച്ചു കൊണ്ടേയിരുന്നു.

വളരെ കുറച്ചു കാലം കൊണ്ടാണു കീരവാണി മലയാളത്തിന്‍റെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറുന്നത്. 1991ൽ കീരവാണിയുടെ  ആദ്യ മലയാള ചിത്രമായ  "നീലഗിരി" യിലെ ഓരോ ഗാനങ്ങളും മലയാളിയുടെ മനസിൽ പ്രത്യേകം ഇടം നേടി. കീരവാണി പിന്നീട് തീർത്ത ഓരോ ഗാനങ്ങളും എക്കാലത്തും ഒർത്തുവയ്ക്കാവുന്നവയാണ്. 1992-ൽ "സൂര്യമാനസ" ത്തിലെ " തരളിത രാവിലെ മയങ്ങിയോ..." എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടാവില്ല. അഭിനയമികവിലൂടെ പുട്ടുറുമീസായി മമ്മൂട്ടി പ്രേക്ഷകരുടെ കണ്ണു നനയിച്ചപ്പോൾ, കീരവാണിയുടെ ഈണങ്ങൾ ആ സന്ദർഭത്തോടും അഭിനയമുഹൂർത്തങ്ങളോടും ചേർന്നു നിന്നു.

മലയാളികളുടെ നിത്യഹരിത ഗാനങ്ങളായ "ശശികല ചാർത്തിയ...", "യയയാ യാദവാ എനിക്കറിയാം...." തുടങ്ങിയ ഗാനങ്ങൾ വിരിഞ്ഞതും കീരവാണിയുടെ മാന്ത്രിക സ്പർശത്തിലാണ്. അതിമനോഹരമായ ചീത്രീകരണവും കീരവാണിയുടെ ഈണവും ഇണചേർന്നപ്പോൾ പ്രണയകാവ്യമായ ദേവരാഗത്തിലെ ഓരോ ഗാനങ്ങളും മലയാളിയുടെ മനസിൽ പതിഞ്ഞു. 1996ൽ ഭരതന്‍റെ സംവിധാനത്തിൽ പിറന്ന "ദേവരാഗ"ത്തിലെ ഗാനങ്ങളാണ് കീരവാണി മലയാളികൾക്കു നൽകിയ എക്കാലത്തെയും വിലപിടിപ്പുള്ള സമ്മാനം. മാണിക്യ ചെമ്പഴുക്ക എന്ന ചിത്രത്തിലെ "മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ...." എന്ന ഗാനം ആലപിച്ചതും മരഗതമണിയാണ്.

കൊഡൂരി മരഗതമണി കീരവാണി എന്നതാണ് അദ്ദേഹത്തിന്‍റെ യഥാർഥനാമം. വിവിധ ഭാഷകളിൽ 220ൽ പരം ചിത്രങ്ങളിലായി സൂപ്പർഹിറ്റായി മാറ്റിയ അനവധി ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഏറിയ പങ്കും ആലപിച്ചത് കെ. എസ്. ചിത്രയും. സംവിധായകന്‍ രാജമൗലിയുടെ പിതൃസഹോദരനാണ് കീരവാണി. ബ്രഹ്മാണ്ഡ ചിത്രമായ " ബാഹുബലി" കീരവാണിക്കും രാജമൗലിക്കും ആഗോളതലത്തിൽ ശ്രദ്ധനേടിക്കൊടുത്തു. ഇപ്പോഴിതാ "ആർആർആർ" എന്ന ചിത്രത്തിലെ "നാട്ടുനാട്ടു...." എന്ന ഗാനത്തിലൂടെ നീണ്ട 15 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ അഭിമാനമായി ഓസ്കർ വേദിയിലും കീരവാണി എത്തുന്നു. ആ സംഗീതസപര്യക്ക് ലോകവേദിയിൽ ആദരവ് ലഭിക്കുന്നു.

കീരവാണി ആലപിച്ച മലയാള ഗാനങ്ങൾ
1. പാണൻ പാട്ടിൻ പഴംതാളിൽ ( ആലഞ്ചേരി തമ്പ്രാക്കൾ )
2. മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ ( മാണിക്യച്ചെമ്പഴുക്ക )
3. അദ്വൈതാമൃത മന്ത്രം ( പുന്നാരംകുയിൽ )
4. മെല്ലെ ഇന്നെൻ ( വാരിക്കുഴിയിലെ കൊലപാതകം )

മലയാളത്തിൽ ഈണം നൽകിയ ചില ഗാനങ്ങൾ
1. കിളി പാടുമേതോ - നീലഗിരി
2. മേലേ മാനത്തെ തേര് - നീലഗിരി
3. തരളിത രാവിൽ - സൂര്യമാനസം
4. ശിശിരകാല മേഘമിഥുന - ദേവരാഗം
5. യയയാ യാദവാ - ദേവരാഗം
6. ശശികല ചാർത്തിയ - ദേവരാഗം

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്