കോടികളുടെ കണക്കുകൾ സിനിമയുടെ മൂല്യത്തെ നിർണയിക്കാത്ത കാലം. "നൂറു കോടി ക്ലബ്ബ് ' എന്നതൊരു മാനദണ്ഡമായി വെള്ളിത്തിരയിൽ തിരയാട്ടം ആരംഭിച്ചിരുന്നില്ല. അക്കാലത്ത്, സ്വന്തം സിനിമയുടെ പൂർണതയ്ക്കായി എന്തും ചെയ്യാൻ സന്നദ്ധനായൊരു നിർമാതാവുണ്ടായിരുന്നു. നാളെ അതൊരു വാർത്തയാക്കി വിസ്മയിപ്പിക്കാം എന്ന ലക്ഷ്യത്തോടെയായിരുന്നില്ല, സ്വന്തം സൃഷ്ടിയുടെ പൂർണതയ്ക്കു വേണ്ടി മാത്രം. നല്ല സിനിമയുടെ പ്രയാണം തുടങ്ങുന്നതൊരു നല്ല നിർമാതാവിൽ നിന്നാണെന്നും, അതിന്റെ അനിവാര്യമായ തുടർച്ച നല്ല കഥയിൽ നിന്നാണെന്നും തിരിച്ചറിഞ്ഞു സിനിമകളൊരുക്കിയ വ്യക്തി.
കലാമൂല്യമുള്ള ജീവിതഗന്ധിയായ സിനിമയൊരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത നിയോഗം. കറുപ്പിലും വെളുപ്പിലുമൊരുങ്ങിയ തിരശീലക്കാഴ്ച്ചകളിൽ തുടങ്ങി സാങ്കേതിക വിദ്യയാൽ ജന്മമെടുക്കുന്ന നവസിനിമകളുടെ വരെ കപ്പിത്താനായി തുടർന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സിനിമ എന്നതു മാത്രം കുടുംബവുമൊത്തു കാണാവുന്ന സിനിമയെന്ന ഗ്യാരണ്ടിയായി മാറി. സിനിമാ ഭ്രമമായിരുന്ന കൗമാരത്തില്‍ നിന്ന് സിനിമയുടെ സ്പന്ദനങ്ങളറിഞ്ഞ കാലയളവിലൂടെ തുടർന്ന്, നല്ല സിനിമയെന്ന നിയോഗം പേറിയുള്ള ജീവിതമായിരുന്നു പി.വി. ഗംഗാധരന്റേത്. അഭ്രപാളിയിൽ അരനൂറ്റാണ്ട് നീളുന്ന ജീവിതത്തിനാണ് 80ാം വയസിൽ തിരശീല വീഴുന്നത്. ജീവിതത്തിന്റെ അരങ്ങിൽ നിശ്ചലമാകുമ്പോഴും, അണിയറയിൽ അദ്ദേഹമൊരുക്കിയ അഭ്രകാവ്യങ്ങളുടെ അലയൊലികൾ കാലത്തെയും അതിജീവിച്ച് അവശേഷിക്കുന്നു.
ജീവിതത്തിലെ സൂക്ഷ്മാനുഭവങ്ങളെ കലാമൂല്യം ചോരാതെ അഭ്രപാളിയിലേക്കു പകര്‍ത്തുന്നതിന്റെ അമരക്കാരനായിരുന്നു ഗംഗാധരൻ. എഴുപതുകള്‍ മുതല്‍ ഇന്നുവരെ മലയാളിക്കു നല്ല സിനിമകള്‍ മാത്രം സമ്മാനിച്ച സിനിമാക്കാരന്. നല്ല ആസ്വാദകനില്‍ നിന്നും നല്ല നിര്‍മാതാവിലേക്കുള്ള ദൂരം വളരെ കുറവാണെന്നു സ്വജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ മലയാളിയുടെ ആത്മാവറിഞ്ഞു. നല്ല കഥയുടെ കാതലറിഞ്ഞ നിർമാതാവ്. അതുകൊണ്ടു തന്നെയാണ് ആ കഥകളിൽ നിന്നു വ്യത്യസ്ത ആശയങ്ങളുടെ അഭ്രകാഴ്ചകളൊരുക്കാൻ അദ്ദേഹത്തിനു സാധിച്ചതും.
കാഴ്ചയുടെ വസന്തകാലം
പ്രമുഖ വ്യാപാരിയും വ്യവസായിയുമായിരുന്ന ഇ.വി. സ്വാമിയുടേയും മാധവിയുടെയും മകനായാണ് ഗംഗാധരന്റെ ജനനം. കോഴിക്കോട് ആഴ്ചവട്ടം സ്കൂളിലും ചാലപ്പുറം ഗണപതി ഹൈസ്ക്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസിലെ ഒരു സ്വകാര്യ കോളെജില്‍ നിന്ന് ഓട്ടോമൊബൈല്‍ ആൻഡ് ബിസിനസ് മാനെജ്മെന്റില്‍ ഡിപ്ലോമ നേടി. 1961ല്‍ ചൈനയുടെ ഇന്ത്യാ ആക്രമണ സമയത്ത് യുദ്ധത്തിനെതിരായി മലബാറിലെ ചാലയില്‍ നടന്ന കുട്ടികളുടെ പ്രകടനം നയിച്ചതോടെ ഗംഗാധരനിലെ രാഷ്ട്രീയ മുഖം തെളിഞ്ഞു.
പിന്നീടുള്ള നിയോഗം ബിസിനസിലായിരുന്നു. 1965ല്‍ മദ്രാസില്‍ നിന്ന് മടങ്ങിവന്ന ശേഷം ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി തുടങ്ങി, കേരളാ റോഡ് ലൈന്‍സ് ട്രാന്‍സ്പോര്‍ട്ട് കമ്പനി. തുടര്‍ന്ന് അച്ഛന്റെയും ജ്യേഷ്ഠൻ പി.വി. ചന്ദ്രന്റെയും ഉടമസ്ഥതയിലുള്ള സംരംഭത്തിൽ പങ്കാളിയായി. എന്നാൽ സിനിമയുടെ വിത്ത് പാകുന്നത് അതിനൊക്കെ വളരെ മുമ്പാണ്. കാഴ്ചയുടെ അനുഭൂതി ബാല്യത്തിലെ തന്നെ ആവേശമായിരുന്നു. നല്ല സിനിമകളുടെ തെരഞ്ഞെടുപ്പിനുള്ള വഴി പാകുന്നതു ബാല്യത്തിലെ ഇത്തരം കാഴ്ചയുടെ വസന്തകാലങ്ങളാണ്. ബാല്യം മനസില്‍ രേഖപ്പെടുത്തിയ നിരവധി നല്ല സിനിമകളുണ്ടായിരുന്നു. വിശപ്പിന്റെ വിളി, ജീവിത നൗക പോലെയുള്ള മനസിലുറച്ച സിനിമാക്കാഴ്ച്ചകൾ. ഭ്രമമായിരുന്നു സിനിമ. എക്കാലത്തും ഭ്രമിപ്പിച്ച കലാരൂപം.
1971 ലാണ് ആദ്യമായി സിനിമ നിര്‍മിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്, "സംഗമം'. സൗഹൃദക്കൂട്ടായ്മയില്‍ അണിയിച്ചൊരുക്കിയ ചിത്രം. വിട്ടുകാരുടെ സമ്മതത്തോടെയും അച്ഛന് പി.വി. സാമിയുടെ സഹകരണത്തോടെയും സിനിമ പൂര്‍ത്തിയാക്കി. 1977ലാണു ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറിന്റെ പേരിലുള്ള സിനിമാ പ്രയാണത്തിന്റെ തുടക്കം, ഹരിഹരന് സംവിധാനം ചെയ്ത "സുജാത'. രവീന്ദ്ര ജെയിന്റെ സംഗീതവും ആശാ ബോണ്‍സ്ലെ, ഹേമലത തുടങ്ങിയവരുടെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. സുജാത മുതല്‍ നോട്ട് ബുക്ക് വരെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനുഷ്യരും ജീവിതവും നിറയുന്ന സിനിമകളൊരുക്കി.
പ്രേക്ഷകരുടെ പ്രതീക്ഷ കാത്ത്
സ്നേഹവും സൗഹൃദവും നിറഞ്ഞ കൂട്ടായ്മയിലൂടെ മാത്രമേ നല്ല സിനിമ പിറവിയെടുക്കൂ എന്നുറച്ചു വിശ്വസിച്ച നിർമാതാവാണ് പി.വി. ഗംഗാധരൻ എന്ന പിവിജി. എക്കാലത്തും പ്രാധാന്യം നൽകിയിരുന്നതു കഥയ്ക്കാണ്. നല്ല കഥയില്‍ നിന്നാണു കലാമൂല്യമുള്ള സിനിമയിലേക്കുള്ള വഴി തുടങ്ങുന്നതെന്ന തിരിച്ചറിവിൽ നിന്നാണ് ഗൃഹലക്ഷ്മിയുടെ ഓരോ സിനിമയും ഉണ്ടായത്. പ്രേക്ഷകരുടെ പ്രതീക്ഷ കാക്കുക എന്ന വലിയ ദൗത്യവും പരാജയങ്ങളില്ലാതെ നിറവേറ്റി.
ഗൃഹലക്ഷ്മി അണിയിച്ചൊരുക്കിയ സുജാത, മനസാ വാചാ കര്‍മ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, അദ്വൈതം, ഒഴിവുകാലം, എന്നും നന്മകള്, കാണാക്കിനാവ്, ശാന്തം, യെസ് യുവര്‍ ഓണര്‍, ഏകലവ്യന്, തൂവല്‍ക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, നോട്ട്ബുക്ക് തുടങ്ങിയവയെല്ലാം മലയാള സിനിമയിലെ അനിഷേധ്യ ചിത്രങ്ങളാണ്. ഐ.വി. ശശിയും സത്യൻ അന്തിക്കാടുമൊക്കെ ഗൃഹലക്ഷ്മി എന്ന ബാനറിൽ നിരവധി സിനിമകൾ അണിയിച്ചൊരുക്കി.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം പുതുമുഖങ്ങളെ അവതരിപ്പിക്കാന്‍ ഗൃഹലക്ഷ്മിക്കു കഴിഞ്ഞു. കാണാക്കിനാവ്, ശാന്തം, ഒരു വടക്കന്‍ വീരഗാഥ, തൂവല്‍ക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ചു നിന്നതു കൊണ്ടാണ് സംസ്ഥാന- ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനെ തേടിയെത്തിയത്.
സിനിമയുടെ കപ്പിത്താൻ സംവിധായകൻ
ഒരോ സിനിമയൊരുക്കുന്നതിനും പി.വി. ഗംഗാധരന് അദ്ദേഹത്തിന്റേതായ രീതിയുണ്ടായിരുന്നു. സിനിമ എന്ത് സംവദിക്കുന്നു, എത്രത്തോളം കലാമൂല്യമുള്ളതാണ് എന്നു പരിശോധിക്കും. കഥകള്‍ കേള്‍ക്കുന്നത് ഭാര്യ ഷെറിനാണ്. ഭാര്യയുടെ അഭിപ്രായപ്രകാരമാണ് സിനിമകള്‍ തെരഞ്ഞെടുത്തിരുന്നത്. ശേഷം കാസ്റ്റിങ്, സംഗീത സംവിധാനം, ഛായാഗ്രാഹകന്‍, തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കും. പിന്നീടുളള കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ല, ഇടപെടാറുമില്ല. കാരണം സിനിമയുടെ കപ്പിത്താന് സംവിധായകനാണ്.
22 സിനിമകളില്‍ മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഹരിഹരന്, ഐ.വി. ശശി, സിബി മലയില്‍, സത്യന് അന്തിക്കാട്, റോഷന് ആന്‍ഡ്രൂസ്, വി.എം. വിനു തുടങ്ങിയ സംവിധായകരുമായി നല്ല സൗഹൃദമുണ്ടായിരുന്നു. നല്ല സൗഹൃദമുണ്ടെങ്കിലേ നല്ല സിനിമ ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നിര്‍മാതാവ് പണമിറക്കുന്ന ഒരാള്‍ മാത്രമല്ല. സിനിമ പണം സമ്പാദിക്കാന്‍ മാത്രമായുള്ള ഉപാധിയുമല്ല. സിനിമയുടെ ആദ്യാവസാനം മുതല്‍ നിർമാതാവിനു പങ്കുണ്ടാകാറുണ്ട്. സിനിമ അറിഞ്ഞ് അതിന് അനുയോജ്യമായതെല്ലാം നല്‍കണം. അതിന് ഏതറ്റവും വരെ പോകണം.
ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ ചിത്രീകരണ സമയം. റോള്‍ഡ് ഗോള്‍ഡ് ധരിച്ചാല്‍ ചൊറിയുമെന്നതിനാല് ഒറിജിനല്‍ ആഭരണങ്ങള്‍ ധരിച്ചാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. താരങ്ങള്‍ക്ക് അഭിനയിക്കുമ്പോള്‍ നല്കിയിരുന്നതു പുതിയ വസ്ത്രങ്ങളായിരുന്നു. ഇത്തരം ആവശ്യങ്ങളെല്ലാം പരിഗണിച്ചാണ് എല്ലാ സിനികളുമൊരുക്കിയത്. മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് എസ് ക്യൂബ് എന്ന കമ്പനി രൂപീകരിച്ച് "ഉയരെ' എന്ന സിനിമ നിര്‍മിക്കുന്നത്. ആദ്യ സിനിമയെന്ന നിലയില്‍ മികച്ച ചിത്രമായിരുന്നു അത്. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ എന്ന ചിത്രവും എസ് ക്യൂബിന്റെ ബാനറിലാണു നിർമിച്ചത്.
കുടുംബത്തിന്റെ പിന്തുണയോടെയാണു സിനിമാ നിർമാണത്തിലേക്കു കടന്നത്. അതുകൊണ്ടു തന്നെ ആ സിനിമാ യാത്രയിൽ എക്കാലവും കുടുംബം ഒപ്പം നിന്നു. അടുത്തകാലം വരെ നിരവധി കഥകൾ കേൾക്കുമായിരുന്നു. മുന്നിലെത്തുന്ന ആരെയും അവഗണിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യാറില്ല. സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരുമായും അടുത്ത സൗഹൃദം. അമെരിക്കൻ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ സഹോദരൻ റോബര്‍ട്ട് കെന്നഡിയില്‍ നിന്നു സിനിമക്കാരന് എന്ന നിലയില്‍ വളരെയധികം ആദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. ഏഷ്യ പസഫിക് ഫിലിം അവാര്‍ഡിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കുന്നതു വരെ ആ സൗഹൃദത്തിന്റെ ഊഷ്മളത നിറഞ്ഞു.
സംഘടനകളുടെയും അമരക്കാരന്
13 വര്‍ഷത്തോളം കേരള ഫിലിം ചേംബറിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ എക്സിക്യുട്ടിവ് മെമ്പറും വൈസ് പ്രസിഡന്റുമായിരുന്നു. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയില്‍ എക്സിക്യൂട്ടിവ് മെംബര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ സിനിമയിലെ നിരവധി പേര് ഉള്‍പ്പെടുന്ന സംഘടനയിലൂടെ സിനിമാ മേഖലയിലേക്ക് മികച്ച സംഭാവനകളാണ് നല്‍കിയത്. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററിയുടെ പേറ്റന്റില്‍ വരുന്ന സിനി ആര്‍ടിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചപ്പോള്‍ മലയാളികളായ നിരവധി പേര്‍ക്ക് പെന്ഷന് നല്കാന് സാധിച്ചിട്ടുണ്ട്. കേരള ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. കൂടാതെ ഫെഡറേഷന് ഓഫ് ഇന്റര്‍നാഷനല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അംഗമാകാനും, ആദ്യത്തെ വൈസ് പ്രസിഡന്റാകാനും കഴിഞ്ഞു.
നല്ല സിനിമകൾക്കു നിലമൊരുക്കുക എന്നൊരു വലിയ ദൗത്യം പൂർത്തിയാക്കിയാണു പി.വി. ഗംഗാധാരൻ മടങ്ങുന്നത്. കലാമൂല്യവും സന്ദേശവുമുള്ള സിനിമകളൊരുക്കുക എന്ന നിയോഗം അദ്ദേഹം അടുത്ത തലമുറയിലേക്കും കൈമാറുന്നുണ്ട്. നിർമാതാവെന്നാൽ പണം മുടക്കുന്നയാൾ മാത്രമല്ലെന്നു സ്വന്തം സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചു. അതിപ്രഗത്ഭരെന്ന വിശേഷണത്തിനർഹരായ നിരവധി പേരുമായി സഹകരിക്കാനായി. നല്ല സൃഷ്ടികൾ ഒരുക്കാനായി. കാഴ്ചയുടെ നീതി പുലർത്തുന്നതിൽ എല്ലാകാലത്തും അമരക്കാരനായി തന്നെ പിവിജി തുടർന്നിരുന്നു. പകർത്താനാവാത്ത, പകരം വയ്ക്കാനാവാത്ത സിനിമാ രീതികളെ ഉപാസിച്ച തലമുറയിലെ അതികായൻ നിശബ്ദം മടങ്ങിപ്പോകുന്നു. ശേഷം സ്മരണയുടെ സ്ക്രീനിൽ.