#അഡ്വ. ജി. സുഗുണന്
സമൂഹത്തിലെ പിന്നാമ്പുറങ്ങളില്‍ അകപ്പെട്ടുപോയ ജനവിഭാഗമാണ് രാജ്യത്തെ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനകോടികള്‍. എല്ലാ നിലയിലും അവഗണന മാത്രം അനുഭവിക്കുന്ന ഇക്കൂട്ടരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഭരണഘടനയില്‍ തന്നെ ഈ വിഭാഗത്തിനായി സംവരണവും മറ്റു ചില പരിരക്ഷകളും എഴുതിച്ചേര്‍ത്തത്. എന്നാല്‍ ഭരണഘടന നിലവില്‍ വന്ന് ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ പൊതുസ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15ല്‍ സമത്വത്തെ സംബന്ധിച്ച് വിശദീകരിക്കുന്ന ഭാഗത്തിലെ 15(4) സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നാക്കം നില്ക്കുന്ന ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ട പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടിയോ പട്ടികജാതി - പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയോ ഏതെങ്കിലും പ്രത്യേകവ്യവസ്ഥ ഉണ്ടാക്കുന്നതില്‍ നിന്നും രാജ്യത്തെ തടയുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് പട്ടികജാതി- പട്ടികവര്‍ഗ സംവരണം നടപ്പിലാക്കിയത്.
ഭരണഘടനയിലെ 17ാം വകുപ്പ് അയിത്തം നിര്‍ത്തലാക്കുകയും ഏതെങ്കിലും വിധത്തിലുള്ള അയിത്താചരണം ശിക്ഷാര്‍ഹമായ കുറ്റമാക്കുകയും ചെയ്യുന്നു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയാണ് പാര്‍ലമെന്റിലും നിയമസഭകളിലും ഈ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തിയത്. ആര്‍ട്ടിക്കിള്‍ 330 പ്രകാരം ലോക്സഭയില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും സ്ഥാനങ്ങള്‍ സംവരണം ചെയ്തിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 332 അനുസരിച്ച് സംസ്ഥാന നിയമസഭകളില്‍ പട്ടികജാതിക്കാര്‍ക്കും പട്ടിക- ഗോത്ര വര്‍ഗക്കാര്‍ക്കും സ്ഥാനങ്ങള്‍ സംവരണം ചെയ്തിട്ടുമുണ്ട്.
സാമൂഹ്യമായും, വിദ്യാഭ്യാസപരമായും, സാംസ്കാരികമായും പിന്നാക്കം നില്ക്കുന്ന ചില സമുദായക്കാര്‍ക്ക് ചില പ്രത്യേക സംരക്ഷണങ്ങള്‍ നല്കപ്പെട്ടതിനെതിരേ ചിലര്‍ ഭരണഘടനയെ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഭരണഘടനാ നിര്‍മാണ സമിതിയിൽ പോലും പിന്നാക്ക സംരക്ഷണത്തിനെതിരേ വിമര്‍ശനം വന്നിട്ടുള്ളതാണ്. ഈ വകുപ്പിലടങ്ങിയിരിക്കുന്ന വിവേകത്തെ പ്രശംസിച്ചു കൊണ്ട് ഡോ. അംബേദ്ക്കര്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ""എന്നെ സംബന്ധിച്ചിടത്തോളം സമൂഹത്തിലെ പിന്നാക്കക്കാര്‍ക്ക് ഇങ്ങനെ ചില സംരക്ഷണങ്ങള്‍ ഭരണഘടനാ നിര്‍മാണസഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വമാണെന്ന കാര്യത്തില്‍ അശേഷം സംശയമില്ല''.
ലോകത്ത് ഏറ്റവും കൂടുതല്‍ ജാതിയും ഉപജാതിയും, കടുത്ത ജാതിവിവേചനങ്ങളും നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. ജാതീയമായ ഉച്ചനീചത്വവും അയിത്തവുമെല്ലാം ഇവിടെ നൂറ്റാണ്ടുകളായി നടന്നുവരികയും ചെയ്യുന്നു. സമൂഹവും രാജ്യവും വലിയ പുരോഗതി പ്രാപിച്ചെന്നും, ജാതീയ ഉച്ചനീചത്വങ്ങള്‍ അവസാനിച്ചെന്നും ഭരണ തലപ്പത്തുള്ളവര്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ഇവിടെത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടുത്ത ജാതിവിവേചനവും, അതിന്റെ ഭാഗമായുള്ള പിന്നാക്ക- ദളിത് വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യകളും നടന്നുകൊണ്ടിരിക്കുന്നത്. യൂണിവേഴ്സിറ്റി ക്യാംപസുകളില്‍ ജാതിവിവേചനത്തിന്റെ പേരിലുള്ള ആത്മഹത്യകള്‍ തുടര്‍ക്കഥയാണ്. നിരന്തരമായ ഇത്തരം ഹൃദയഭേദകമായ സംഭവങ്ങളെ തുടര്‍ന്നാണ് രാജ്യത്തെ പരമോന്നത കോടതി തന്നെ ഈ പ്രശ്നത്തില്‍ ശക്തമായി ഇടപെട്ടിരിക്കുന്നത്.
ക്യാംപസുകളിലെ ജാതിവിവേചനം ഇല്ലാതാക്കാന്‍ എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കാന്‍ യുജിസിക്ക് സുപ്രീം കോടതി നിർദേശം നല്‍കിയിരിക്കുകയാണ്. ക്യാംപസിനുള്ളിലെ ജാതിവിവേചനം ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശം നല്‍കിയത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17ന് ജീവനൊടുക്കി. മുബൈയിലെ ടി.എന്‍ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളെജിലെ രണ്ടാംവര്‍ഷ പിജി വിദ്യാർഥിയായ ഡോ. പായല്‍ തഡ്വി 2019 മെയ് 22 ന് ജീവനൊടുക്കി. അവിടെ 3 സീനിയര്‍ വിദ്യാർഥികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ജാതിവിവേചനം മൂലം പലര്‍ക്കും ജീവന് നഷ്ടപ്പെട്ടതും, അത് തടയാന്‍ എന്തെല്ലാം ചെയ്തുവെന്നതും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും താത്പര്യമാണ്. ഭാവിയില്‍ ഇതു സംഭവിക്കാതിരിക്കാന്‍ അല്പമെങ്കിലും ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി ബഞ്ച് യുജിസിയോട് പറഞ്ഞു.
ക്യാംപസുകളിലെ ജാതിവിവേചനം തടയാനുള്ള മാര്‍ഗരേഖ രൂപീകരിക്കാന്‍ നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, പായല്‍ തഡ്വിയുടെ മാതാവ് അബിദാ സലിം തഡ്വി എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രോഹിത് വെമുലയുടെയും, പായല്‍ തഡ്വിയുടെയും ആത്മഹത്യയ്ക്കു പിന്നില്‍ ജാതി പീഡനമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
ഹര്‍ജിയെ എതിര്‍ത്ത് മറുപടി പറയുന്നതിന് പകരം ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആശങ്കകള്‍ എങ്ങനെ പരിഹരിക്കാനാണ് യുജിസി ലക്ഷ്യമിടുന്നതെന്ന് മറുപടിയില്‍ വ്യക്തമാക്കാന്‍ കോടതി നിർദേശിച്ചു. ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നും ഇനി എന്തെല്ലാമാണ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കണം. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ സഹായവും തേടാം.
ദളിത് വിഭാഗത്തില്‍ നിന്നുള്ള വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാന്‍ എന്തെല്ലാം ചെയ്യുന്നുവെന്നും ഇനി എന്ത് ചെയ്യാനാവുമെന്നും അറിയിക്കണം. വ്യത്യസ്ത സാഹചര്യത്തില്‍ നിന്നും വരുന്നവരായതിനാല്‍ പലര്‍ക്കും കൂടുതല്‍ ശ്രദ്ധ കിട്ടേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജാതി വിവേചനത്തെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ 2012ല്‍ യുജിസി രൂപീകരിച്ച ചട്ടങ്ങള്‍ അപര്യാപ്തമാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. കേസ് 4 ആഴ്ച കഴിഞ്ഞ് പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
മുഖ്യധാരയിലെത്താന്‍ പട്ടികജാതി- പട്ടികവര്‍ഗ വിദ്യാർഥികളെ എങ്ങനെ സഹായിക്കും എന്നതു സംബന്ധിച്ച് യുജിസി അഭിപ്രായം പറയണമെന്നും, ഹോസ്റ്റലില്‍ ജീവനൊടുക്കിയ ഇത്തരം ദൗര്‍ഭാഗ്യകരമായ നടപടികള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നിയമനിര്‍മാണമടക്കം യുജിസി ആലോചിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുവെന്നത് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമായി കോടതി വിലയിരുത്തി.
ക്യാംപസിനകത്തെ ജാതിവിവേചനം തടയുന്നതിന് 2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് രാജ്യത്തെ പ്രമുഖ 5 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ യുജിസി നിർദേശം നല്‍കിയിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഐഐടി, ഐഎംഎന്ഐടി, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 103 വിദ്യാർഥികള്‍ ആത്മഹത്യ ചെയ്തുവെന്ന കണക്ക് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്.
പ്രമുഖവും പ്രശസ്തവുമായ ക്യാംപസുകളിലെ ജാതിവിവേചനം അനുസ്യൂതമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിദ്യാസമ്പന്നരും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായ ഇക്കൂട്ടര്‍ക്കു പോലും ഒരു രീതിയിലും ഈ ജാതിവിവേചനം അവസാനിപ്പിക്കാന്‍ കഴിയാത്ത ഗുരുതരമായ ഒരു സാഹചര്യമാണു ക്യാംപസുകളില്‍ വർധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദുഃസ്ഥിതിക്ക് പരിഹാരം കണ്ടേമതിയാവൂ. ഇക്കാര്യമാണ് പരമോന്നത കോടതി ഉയര്‍ത്തിപ്പിടിക്കുകയും, യുജിസിക്ക് ശക്തമായ നിർദേശങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയുടെ ഈ ധാര്‍മിക രോഷത്തെ അര്‍ഹിക്കുന്ന രീതിയില്‍ ഗൗരവമായിത്തന്നെ പരിഗണിക്കാന്‍ യുജിസിയും, അധികൃതരും തയാറാകണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.