Special Story

പ്രഭ വിതറി വീണ്ടും പ്രഭാ വർമ...

കേരളത്തിൽ നിന്ന് ആദ്യമായി സരസ്വതി സമ്മാനത്തിനർഹയായത് പുരസ്കാരം ആരംഭിച്ച് അഞ്ചാം വർഷമാണ്

#എം.ബി. സന്തോഷ്

സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരങ്ങളിലൊന്നായ സരസ്വതി സമ്മാൻ ഒരു വ്യാഴവട്ടത്തിനുശേഷം പ്രഭാ വർമയുടെ “രൗദ്രസാത്വിക’ത്തിലൂടെ മലയാളത്തിലെത്തുന്നു. ഹരിവംശറായ് ബച്ചന് 1991ൽ കന്നിസമ്മാനം പ്രഖ്യാപിച്ച കെ.കെ. ബി‍ർള ഫൗണ്ടേഷൻ ഓരോ വ‍ർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹത്യ സൃഷ്ടിക്ക് നൽകുന്നതായി ഇതിനെ വളർത്തിയെടുത്തു. കേരളത്തിൽ നിന്ന് ആദ്യമായി സരസ്വതി സമ്മാനത്തിനർഹയായത് പുരസ്കാരം ആരംഭിച്ച് അഞ്ചാം വർഷമാണ്. ബാലാമണിയമ്മയിലൂടെയാണ് ഈ പുരസ്കാരം ആദ്യമായി മലയാളം ഏറ്റുവാങ്ങിയത്.

സാധാരണ അവാർഡുകൾക്കു നിന്നു കൊടുക്കാത്ത ഡോ. കെ. അയ്യപ്പപ്പണിക്കർക്ക് 2005ൽ സരസ്വതി സമ്മാൻ. മൂന്നാമത് ഈ സമ്മാനം മലയാളത്തിലേക്കു കൊണ്ടുവന്നത് 2012ൽ സുഗതകുമാരി. “രൗദ്ര സാത്വികം’എന്ന കാവ്യാഖ്യായികയിലൂടെ കവി പ്രഭാ വർമ ഇത്തവണ സരസ്വതി സമ്മാനം മലയാളിക്കായി നേടിയെടുത്തിരിക്കുന്നു.

“ലോകത്തിനുമുന്നിൽ നമ്മുടെ ഭാഷ വിളിച്ചുപറയുന്ന അവസരമായാണിതിനെ കാണുന്നത്. ഹരിവംശറായ് ബച്ചൻ, ബാലാമണിയമ്മ, രമാകാന്ത് രഥ്, സുനിൽ ഗംഗോപാധ്യായ, സുഗതകുമാരി എന്നീ അതിപ്രഗത്ഭരായ കവികൾക്കൊപ്പം എളിയവനായ ഞാനും... അതിന് എന്നെ പ്രാപ്തമാക്കിയത് നമ്മുടെ ഭാഷയാണ്’- പ്രഭാവർമ പറഞ്ഞു.

ഒരുമിച്ചു പോവുന്നതല്ല രൗദ്രവും സാത്വികവും. “രൗദ്ര സാത്വികം’ അതുകൊണ്ടുതന്നെ വേറിട്ടുനിൽക്കുന്നു. സര്‍ ചക്രവര്‍ത്തിയുടെ നിഷ്ഠുര ഭരണത്തിന്‍ കീഴില്‍ ഞെരിഞ്ഞമരുന്ന റഷ്യയിലെ ജനങ്ങള്‍ രക്തരൂഷിതമായ ഒരു വിപ്ലവത്തിലൂടെ മാത്രമേ മോചനമുണ്ടാകൂ എന്ന് കരുതുന്നു. അവര്‍ കവിയും വിപ്ലവ സംഘത്തിലെ അംഗവുമായ കാലിയേവ് എന്ന യുവാവിനെ സര്‍ ചക്രവര്‍ത്തിയെ വധിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചു. ഒരു മുള്‍പ്പടര്‍പ്പില്‍ ബോംബുമായി ഒളിച്ചിരിക്കുന്ന കാലിയേവ് വണ്ടിയില്‍ വരുന്ന ചക്രവര്‍ത്തിക്കു നേരെ ബോംബെറിയാന്‍ കൈയുയര്‍ത്തിയെങ്കിലും ചക്രവര്‍ത്തിയുടെ മടിയില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുഞ്ഞിനെക്കണ്ട് ആ ഘോരകൃത്യത്തില്‍ നിന്ന് പിന്തിരിയുന്നു. സന്ദര്‍ഭം ഒത്തുവന്നിട്ടും അവസരം നഷ്ടപ്പെടുത്തിയ കാലിയവേിനെ വിപ്ലവ സംഘം ശത്രുവായി മുദ്രകുത്തി.

കാലത്തിന്‍റെ കുത്തിയൊഴുക്കിൽ സർ ചക്രവർത്തി വിദൂര ഓർമ മാത്രമായി. ജീവിതം ഏൽപ്പിച്ച വടുക്കളും പേറി ജന്മനാട്ടിലെത്തിയ കാലിയേവ് എത്തിപ്പെടുന്നത് തന്‍റെ പേരില്‍ കെട്ടിപ്പൊക്കിയ പ്രതിമയുടെ മുന്നിലാണ്! അപരന്‍ താനായും താന്‍ അപരനായും പാപം പുണ്യമായും പുണ്യം പാപമായും നിറംപകര്‍ന്നാടുന്ന വൈരുധ്യം അനുഭവവേദ്യമാവുന്ന ആ കാവ്യാഖ്യായികയ്ക്കാണ് സരസ്വതി സമ്മാൻ.

വയലാർ, ഒഎൻവി, യൂസഫലി കേച്ചേരി എന്നിവർക്കുശേഷം മലയാളത്തിലേയ്ക്ക് ഗാനരചനയുടെ ദേശീയ പുരസ്കാരം 2021ൽ “കോളാമ്പി’ എന്ന ചിത്രത്തിലെ “ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം...’ എന്ന ഗാനത്തിലൂടെ നീണ്ട ഇടവേളയ്ക്കുശേഷം കൂട്ടിക്കൊണ്ടുവന്നതും പ്രഭാ വർമയാണ്. പി. ഭാസ്കരൻ മുതൽ ശ്രീകുമാരൻ തമ്പി ഉൾപ്പെടെ ഇന്ത്യയിലെ തന്നെ ഒന്നാംകിട ഗാനരചയിതാക്കൾക്ക് കിട്ടാത്തതാണ് ഈ അവാർഡ് എന്നത് മറ്റൊരവസരത്തിൽ ചർച്ച ചെയ്യേണ്ടതു തന്നെ. ആർ. ശരത് സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ “സ്ഥിതി’യിലെ “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ...’ അക്കാലത്തു മാത്രമല്ല, ഇപ്പോഴും സൂപ്പർഹിറ്റാണ്. ഈയിടെ പുറത്തിറങ്ങിയ “അയ്യർ ഇൻ അറേബ്യ’യിലെ “പറയാതെ പറയുന്നതെല്ലാം അറിയാതെ പോകുന്നുവെന്നോ... “എന്ന പാട്ട് വൻ ആസ്വാദപ്രീതിയാണ് നേടുന്നത്. മൂന്നു തവണ ചലച്ചിത്ര ഗാനരചനയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡിനർഹനായി.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്‌ , പത്മപ്രഭാ പുരസ്ക്കാരം തുടങ്ങിയ പ്രമുഖ പുരസ്കാരങ്ങളെല്ലാം ലഭിച്ച പ്രഭാ വർമ അർക്കപൂർണിമ, ശ്യാമ മാധവം, കനൽച്ചിലമ്പ് എന്നിവയടക്കം പതിനഞ്ചിലേറെ കൃതികളുടെ കർത്താവാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്‌.

കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ്, ദേശാഭിമാനി ഡൽഹി ലേഖകൻ, റസിഡന്‍റ് എഡിറ്റർ, കൈരളി- പീപ്പിൾ ടിവി ന്യൂസ് ഡയറക്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-2001ൽ ഇ.കെ. നായനാർ മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തും പ്രസ് സെക്രട്ടറിയായിരുന്നു.

“ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ’ എന്ന ജനുവരിയിൽ പ്രസിദ്ധീകരിച്ച കവിതാ സമാഹാരം പ്രകാശിപ്പിച്ചത് കനിമൊഴി കരുണാനിധിയാണ്. ഈയടുത്ത് പ്രഭാ വർമയുടെ കൃതികൾ ചിട്ടപ്പെടുത്തി ഡോ. കെ.ആർ. ശ്യാമ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കർണാടക സംഗീത രംഗത്ത് “നീലാഭ പ്രഭ നീ നീരാഴിയിൽ വീണായോ നിൻ നീലിമയാൽ കടലലനീലിച്ചായോ’, “പാവനം പരിപാവനം’ എന്നിവ ശ്രദ്ധിക്കപ്പെടുമെന്ന് പ്രമുഖ സംഗീതജ്ഞർ ചൂണ്ടിക്കാട്ടിയിരുന്നു.

രാഷ്‌ട്രീയം ഒരിക്കലും മറച്ചുവയ്ക്കാത്ത പ്രഭാ വർമ ഒരിക്കൽ പറഞ്ഞത് ഓർമ വരുന്നു: “എഴുത്തുകാരന്‍ രാഷ്‌ട്രീയക്കാരനാവുമ്പോള്‍ അയാളെ രണ്ട് പട്ടികകളിലും പെടുത്താന്‍ സമൂഹത്തിനു വൈമുഖ്യമുണ്ടായെന്നു വരും. “അയാള്‍ സാഹിത്യകാരനല്ലേ’ എന്ന ചോദ്യം കൊണ്ട് രാഷ്‌ട്രീയത്തില്‍ നിന്നും “രാഷ്‌ട്രീയക്കാരനല്ലേ’ എന്ന ചോദ്യം കൊണ്ട് സാഹിത്യത്തില്‍ നിന്നും പുറത്താക്കാനാവും. എഴുതുക എന്നത് അധിക യോഗ്യതയായല്ലാതെ അയോഗ്യതയായി കാണുന്ന നില ഉണ്ടായെന്നു വരും. എഴുതുന്നു എന്ന “അയോഗ്യത’ കഴിച്ചാല്‍ മറ്റുള്ളവര്‍ക്കൊപ്പമോ ചിലര്‍ക്കെങ്കിലും മേലെയോ തന്നെയാണ് എഴുത്തുകാരനും എന്നതു സൗകര്യപൂര്‍വം ചിലര്‍ വിസ്മരിച്ചുവെന്നു വരും. എങ്കിലും ഇത് എഴുത്തുകാരന്‍റെ ഉല്‍ക്കണ്ഠയല്ല’.

“എന്‍റെയല്ലെന്നുറയ്ക്കിലു-

ണ്ടായിടാവുന്ന നൊമ്പര-

ത്തോളമുണ്ടാവുമോ,

എന്‍റെയെന്നു കരുതുകയാൽ

മാത്രമിന്നു നെഞ്ചു

നീറ്റുന്നൊരീ നൊമ്പരം!’

മെട്രൊ വാർത്തയുടെ വാർഷികപ്പതിപ്പിൽ പ്രഭാവർമ എഴുതിയ കവിതയിലെ വരികളാണിത്.ഇത്തരം ഹൃദ്യ കാവ്യകല്പനാ പ്രഭാവം പ്രഭാ വർമ എന്ന അനുഗൃഹീത കവിയുടെ മേൽ ഇനിയും പുരസ്കാരങ്ങളായി വർഷിക്കട്ടെ.

കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ 20 കാരിയെ കണ്ടെത്തി

കോട്ടയത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പാലക്കാടിന്‍റെ മണ്ണും മനസും രാഹുലിനൊപ്പം: ഷാഫി പറമ്പിൽ എംപി

വിവാഹമോചനം പ്രഖ്യാപിച്ച് എ.ആർ. റഹ്മാന്‍റെ ബേസിസ്റ്റ് മോഹിനി ദേയും

ജനവിധി എഴുതി പാലക്കാട്: ഇതുവരെ 33% മാത്രം പോളിങ്