Special Story

പാട്ടിന്‍റെ കൽഹാരപുഷ്പങ്ങൾ പെയ്തു തീരുമ്പോൾ...| Video

MV Desk

നമിത മോഹനൻ

പ്രണയമൂറുന്ന ഈണങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് കൽഹാരപുഷ്പങ്ങൾ പെയ്യിച്ച സംഗീതജ്ഞൻ, കെ. ജെ. ജോയ് എന്ന അതുല്യ പ്രതിഭ... ജോയ് വിട വാങ്ങുമ്പോഴും ഈണങ്ങൾ കൊണ്ട് അദ്ദേഹം സൃഷ്ടിച്ച സാഗരം സംഗീതപ്രേമികളുടെ ഹൃദയത്തിൽ അലയടിച്ചു കൊണ്ടിരിക്കും. പാട്ടുകൾ കൊണ്ട് പ്രണയവും വിരഹവും ഭക്തിയും നർമവുമെല്ലാം നിറഞ്ഞ പല ലോകങ്ങൾ സൃഷ്ടിച്ച് ജോയ് എന്നും മലയാളികളുടെ മനസുകളിൽ നിറഞ്ഞു നിന്നു.. ഓർമകളുടെ ലോകത്തേക്ക് സംഗീതജ്ഞൻ കുടിയേറുമ്പോഴും അദ്ദേഹം സൃഷ്ടിച്ച ഈണങ്ങൾ മനസുകളിൽ വാട്ടമില്ലാതെ തുടരും...

K. J. Joy

ഈണങ്ങളുടെ പ്രപഞ്ചം

കസ്തൂരി മാൻ മിഴി മലർശരമെയ്തുവെന്ന പാട്ടിനൊപ്പം നാം പ്രണയലോകം സ്വപ്നം കണ്ടു, എൻ സ്വരം പൂവിടും ഗാനമേ , ഈ വീണയിൽ നീ അനുപല്ലവി എന്നു മൂളുമ്പോൾ വിരഹത്തിന്‍റെ ലോകത്തേക്കു പറന്നു, കാലിത്തൊഴുത്തിൽ പിറന്നവനേയെന്ന ഈണത്തിനൊപ്പം ഭക്തിയുടെ മിഴിനീർത്തുള്ളികൾ വാർത്തു, മണിയൻ ചെട്ടിക്ക് മണിയ മിഠായിയെയും അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരുമെന്നും പാടി ചടുലതയോടെ താളം പിടിച്ചു...പാട്ടുകളൊരുക്കി അദ്ദേഹത്തിനോ ആസ്വദിച്ച് പ്രേക്ഷകർക്കോ കൊതി തീർന്നിട്ടില്ല. മനസിനെ കുളിരണയിപ്പിക്കുന്ന ഈണവും താളവുമുള്ള രചനകളായിരുന്നു അദ്ദേഹത്തിന്‍റേത്. ജീവനുറ്റ നിരവധി ഗാനങ്ങളാണ് അദ്ദേഹം നമുക്കായി സമ്മാനിച്ചിരിക്കുന്നത്.

അരങ്ങേറ്റം 'ലൗ ലെറ്ററിലൂടെ'

തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ നിന്നെത്തിയ കെ.ജെ. ജോയ് അക്കോർഡിയൻ വായനക്കാരനായിട്ടാണ് സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്. കെ.വി. മഹാദേവന്‍റേയും എം.എസ്. വിശ്വനാഥന്‍റേയും വാദ്യവൃന്ദത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കഴിവു മനസ്സിലാക്കിയ എം.എസ്. വിശ്വനാഥനാണ് സംഗീത സംവിധാനമെന്ന പുതിയ വഴിയിലേക്ക് ജോയെ തിരിച്ചു വിട്ടത്. അങ്ങനെ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ മലയാള സംഗീത ലോകത്ത് ജോയ് അരങ്ങേറ്റം കുറിച്ചു. അന്നുവരെ ഉണ്ടായിരുന്ന സംഗീത വഴികളിലൂടെ സഞ്ചരിക്കാതെ പുതിയൊരു വഴി വെട്ടി സഞ്ചരിക്കാനായിരുന്നു ജോയിക്കു താത്പര്യം. ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവുമുണ്ട് കെ.ജെ. ജോയ്ക്ക്. കീ ബോർഡ് ഉൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങൾ എഴുപതുകളിൽ മലയാള സിനിമയിൽ എത്തിച്ചയാൾ. പാട്ടുകളെഴുതി ഈണമിടുന്ന പതിവു രീതിയിൽ നിന്നും ഈണങ്ങൾക്ക് അനുസരിച്ച് പാട്ടെഴുതുന്ന രീതി ആദ്യമായി പരീക്ഷിച്ചത് കെ.ജെ. ജോയ് ആയിരുന്നു.

62 ചിത്രങ്ങൾ, 200 പാട്ടുകൾ

എൻ സ്വരം പൂവിടും ഗാനമേ... (അനുപല്ലവി) കസ്തൂരി മാൻ മിഴി....(മനുഷ്യ മൃഗം) സ്വർണ മീനിന്‍റെ ചേലൊത്ത.... ,കുങ്കുമ സന്ധ്യകളോ... (സർപ്പം) ഹൃദയം മറന്നു.... മണിയൻ ചെട്ടിക്ക്(ചന്ദനച്ചോല) അക്കരയിക്കരെ നിന്നാലെങ്ങനെ.. (ഇതാ ഒരു തീരം) കാലിത്തൊഴുത്തിൽ പിറന്നവനെ...(സായൂജ്യം) തുടങ്ങി ഒന്നിനു പിറകെ ഒന്നായി ഹിറ്റുകളുടെ പെരുമഴയായിരുന്നു. 62 പടങ്ങളിലായി ഇരുന്നൂറിലധികം പാട്ടുകൾക്കായ് ജോയ് സംഗീതം നൽകിയത്. 1994 ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ദാദയിലായിരുന്നു അദ്ദേഹം അവസാനമായി ഈണമിട്ടത്. 'സതേൺ കമ്പൈൻസ്' എന്ന 'ശബ്ദലേഖനനിലയ'ത്തിന്‍റെ ഉടമസ്ഥനുമാണ് ജോയ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ