അജയൻ
ഭൂതകാലത്തെക്കുറിച്ച് അജ്ഞനായിരിക്കുക എന്നാൽ എല്ലായ്പ്പോഴും ഒരു കുട്ടിയായിരിക്കുന്നതു പോലെയാണ്. 2000 വർഷങ്ങൾക്ക് മുൻപ് റോമൻ പണ്ഡിതൻ സിസറോ പറഞ്ഞു വച്ച വാക്കുകൾ ഇപ്പോൾ ഈ കൊച്ചു കേരളത്തിലെ സാഹചര്യത്തിനു യോജിച്ചതാണ്. അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിന്‍റെ തനിയാവർത്തനമാണിപ്പോൾ കേരളത്തിൽ നടക്കുന്നത്. എന്നാൽ, ഒരു ദശാബ്ദം മുൻപുണ്ടായ കാര്യങ്ങളെക്കുറിച്ച് എല്ലാവരും മറന്നു കാണുമെന്ന് സൗകര്യപൂർവം വിശ്വസിക്കുകയാണ് ചിലർ. ഓർമകൾ എല്ലാവർക്കുമുണ്ടെന്ന യാഥാർഥ്യം നേതാക്കളിൽ പലരു സൗകര്യപൂർവം വിസ്മരിക്കുന്നു.
കാൾ മാർക്സിനെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന സിപിഎമ്മിന്, ജനങ്ങൾക്ക് ചില കാര്യങ്ങളിൽ മാത്രം മറവിരോഗം ബാധിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലേ 10 വർഷങ്ങൾക്കു മുൻപ് ആളിക്കത്തിയ ബാർ കോഴ വിവാദവും അതിന്‍റെ പേരിൽ അന്ന് ഭരിച്ചിരുന്ന യുഡിഎഫിന്‍റെ രണ്ട് മന്ത്രിമാർ രാജി വച്ചതും മറവിയിലേക്ക് തള്ളാനാകൂ. പിന്നീട് എൽഡിഎഫ് സ്വന്തമാക്കിയ ഗംഭീര വിജയത്തിനു പിന്നിൽ ബാർ കോഴയുമായി ബന്ധപ്പെട്ട പ്രചാരണവും കാര്യമായ പങ്കു വഹിച്ചിരുന്നു.
ചരിത്രം പുറകോട്ടു നടക്കുന്നതു പോലെ കുപ്പിയിലടച്ച ഭൂതം തിരിച്ചു വന്നപ്പോൾ നിയമസഭയിൽ പണ്ടു കാട്ടിക്കൂട്ടിയ നാടകങ്ങളും പൊലിപ്പിച്ചുണ്ടാക്കിയ ആരോപണങ്ങളും പ്രതിഷേധങ്ങളുമെല്ലാം എല്ലാവരും മറക്കണമെന്നാണ് സിപിഎമ്മിന്‍റെ മോഹം. കെ.എം. മാണി ബാർ ഉടമസ്ഥരിൽ നിന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന്‍റെ പുറത്ത് അദ്ദേഹത്തെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് സിപിഎം നടത്തിയ പ്രഹസനങ്ങളായിരുന്നു അതെല്ലാം. പക്ഷേ, ബുദ്ധിമാനായ മാണി പിൻവാതിലിലൂടെ നിയമസഭയിൽ പ്രവേശിക്കുക തന്നെ ചെയ്തു. എന്നിട്ടും സത്യസന്ധതയും തീർച്ചയായും ജനാധിപത്യ ബോധ്യവുമുള്ള ഉൾപ്പെടുന്ന വിശുദ്ധ പശുക്കളെ സംരക്ഷിക്കുന്നതിനായി സിപിഎം പല്ലും നഖവും ഉപയോഗിച്ച് പൊരുതിക്കൊണ്ടിരുന്നു.
അക്കാലത്ത് കെ.എം. മാണിയുടെ വീട്ടിൽ ബാർ ഉടമസ്ഥർ കൈക്കൂലി നൽകുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി നോട്ടെണ്ണൽ യന്ത്രം ഉണ്ടെന്നു വരെ സിപിഎം ആരോപിച്ചിരുന്നു. കാലങ്ങൾ കടന്നു പോയി. രാഷ്‌ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന (കമ്യൂണിസ്റ്റുകൾ പോലും ആവർത്തിക്കുന്ന മന്ത്രം) സിദ്ധാന്തം വീണ്ടും വിജയിച്ചു. മാണിയുടെ മകൻ നയിക്കുന്ന പാർട്ടി ഇപ്പോൾ സിപിഎമ്മിന്‍റെ ശത്രുക്കളല്ല. ഒരു ഇടതുപക്ഷ അനുഭാവി ചൂണ്ടിക്കാണിച്ചതുപോലെ, കറൻസി എണ്ണൽ യന്ത്രം ഇപ്പോൾ ചുവന്ന മതിലുകൾക്കുള്ളിൽ ഒരു പുതിയ ഇടം കണ്ടെത്തിയിരിക്കുന്നു. ഏറ്റവും പുതിയ അഴിമതിയിൽ, വിഷയമാകുന്നത് മാണിക്കെതിരേ ആരോപിക്കപ്പെട്ടതു പോലെ വെറും ഒരു കോടി രൂപയല്ല. അതിനെക്കാൾ വളരെയേറെയാണ്. നാണ്യപ്പെരുപ്പം കൈക്കൂലിയെപ്പോലും ബാധിക്കുന്നുണ്ടെന്നു ചുരുക്കം.
ബാർ ഉടമകൾക്ക് സഹായകമാം വിധം മദ്യനയം രൂപീകരിക്കാൻ ഓരോ ബാർ ഉടമസ്ഥരിൽ നിന്നും രണ്ടര ലക്ഷം രൂപ ആവശ്യപ്പെടുന്ന ശബ്ദശകലം എൽഡിഎഫ് സർക്കാരിനെ ഒന്നു ഞെട്ടിച്ചു. ബാർ ഉടമകളിൽ നിന്ന് മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന പതിറ്റാണ്ട് പഴക്കമുള്ള ആരോപണമാണിപ്പോൾ പ്രതിധ്വനിക്കുന്നത്. പക്ഷേ, സിപിഎം ഇതൊന്നും അറിഞ്ഞ മട്ട് കാണിക്കുന്നില്ല. ഇത്തരം ആരോപണങ്ങളെയെല്ലാം ജനങ്ങൾ തള്ളിക്കളയണമെന്നാണ് അവർ ശാഠ്യം പിടിക്കുന്നത്. അതു മാത്രമല്ല, ഡ്രൈ ഡേ ഒഴിവാക്കിയും ബാർ പ്രവർത്തിക്കുന്ന സമയം വർധിപ്പിച്ചുമെല്ലാം മദ്യനയം മാറ്റിമറിക്കുന്നതിനുള്ള ശ്രമം നടക്കുന്നുവെന്ന യാഥാർഥ്യത്തെ പോലും അവർ അംഗീകരിച്ചു തരുന്നില്ല.
മദ്യനയത്തിൽ ഇതുവരെ ചർച്ച തുടങ്ങിയിട്ടില്ലെന്ന ഒറ്റ വാദത്തിൽ തൂങ്ങി പതിവു പോലെ സർക്കാർ സംശയകരമായ ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളെയെല്ലാം പതിവ് ലാഘവത്തോടെ തള്ളി. വിവാദം ഉയർന്നതിനു പിന്നാലെ സർക്കാർ നയത്തിന്‍റെ പേരിൽ ആരെങ്കിലും പണം ശേഖരിക്കാൻ ശ്രമിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രസ്താവനയിറക്കി. ശേഷം, എക്സൈസ് മന്ത്രി എം.ബി. രാജേഷ് സൗകര്യപൂർവം വിദേശ യാത്രയ്ക്കു പോയി.
സിപിഎമ്മിന്‍റെ വാദങ്ങളെല്ലാം പൊളിക്കുന്ന മറ്റൊന്ന് കൂടി നിർഭാഗ്യവശാൽ പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ ബാർ ഉടമസ്ഥർ അടക്കം പങ്കെടുത്ത ടൂറിസം വകുപ്പ് യോഗം മദ്യനയത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. പക്ഷേ, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് എക്സൈസ് വകുപ്പിൽ എന്താണ് കാര്യമെന്നു ചോദിക്കാനുള്ള ധൈര്യം ആർക്കുമുണ്ടായില്ല. അതിനൊരു ഉത്തരമേ ഉള്ളൂ, സിപിഎമ്മിന്‍റെ വഴികൾ മറ്റാർക്കും പിടികിട്ടാത്തതാണ്! മറ്റുള്ളവർക്ക് ഊഹിക്കാൻ മാത്രമുള്ള അവസരം നൽകിക്കൊണ്ട് പുതിയൊരു കോക്‌ടെയിൽ തയാറാക്കിക്കൊണ്ടിരിക്കുകയായിരിക്കും അവർ.
മാണി - ബാബു ബാർ കോഴ കേസിനു ശേഷം സിപിഎമ്മിന്‍റെ മദ്യവിരുദ്ധ പ്രചാരണങ്ങളെയെല്ലാം പ്രതിനിധീകരിച്ചിരുന്നത് കെപിഎസി ലളിതയും ഇന്നസെന്‍റുമായിരുന്നു. ജനങ്ങൾക്കിടയിൽ മതിപ്പ് ഉണ്ടാക്കാൻ ഈ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ പ്രചാരണ ക്യാംപെയിൻ സിപിഎമ്മിനെ ഒരുപാട് സഹായിച്ചു. അവരിരുവരും കാലത്തിന്‍റെ തിരശീലയിൽ മറഞ്ഞതു കൊണ്ട് സിപിഎമ്മിന് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി.
സന്ദേശം എന്ന സിനിമയിലെ സഖാവ് കുമാരപിള്ളയെപ്പോലുള്ള പാർട്ടി താത്വികാചാര്യൻമാർക്ക് വെള്ളത്തെ വീഞ്ഞാക്കാനും, വീഞ്ഞ് വെറും വെള്ളമാണെന്ന് വീണ്ടും സമർഥിക്കാനുമുള്ള മാന്ത്രിക വിദ്യ ഇപ്പോഴും വശമുണ്ട്. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 29 ൽ നിന്ന് 801 ലേക്ക് റോക്കറ്റ് പോലെ കുതിച്ചു കയറിയെങ്കിലും സിപിഎം ഇപ്പോഴും ജനങ്ങളെ മദ്യത്തിൽ നിന്ന് അകറ്റി നിർത്താനുള്ള പ്രയത്നത്തിലാണെന്ന് അവർ നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. സിപിഎമ്മിന്‍റെ മദ്യവിരുദ്ധ പ്രചരണം ഇപ്പോൾ കേരളത്തിലെ ഓരോ മുക്കിലും മൂലയിലും ബാർ എന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്.