#സുധീര്‍ നാഥ്
ഇന്ത്യ വൈവിധ്യമാർന്ന സംസ്കാരം പേറുന്ന രാജ്യമാണ്. വ്യത്യസ്ത സംസ്കാരങ്ങൾ പോലെ വേറിട്ട ആചാരങ്ങളും, വിശ്വാസങ്ങളും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു. ഇതിന് ജാതിമത വ്യത്യാസമില്ലെന്നതാണ് എടുത്തു പറയേണ്ടത്. എല്ലാ മതങ്ങളിലും വിചിത്രങ്ങളായ ഒട്ടേറെ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. വിശ്വാസം തെറ്റല്ല. എന്നാൽ, അതിന്റെ പേരിലെ അന്ധവിശ്വാസം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ആചാരങ്ങളിലും വിശ്വാസങ്ങളിലും ചിലതൊക്കെ സമൂഹത്തിന് അംഗീകരിക്കാൻ പറ്റുന്നതാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
വ്യത്യസ്തമായ ഒട്ടേറെ ആചാരങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് പഠന വിഷയമാണ്. ചില ആചാരങ്ങൾ നമ്മളെ അദ്ഭുതപ്പെടുത്തുമ്പോൾ മറ്റു ചിലത് നമ്മളെ അലോസപ്പെടുത്തുന്നതാണ്. അറപ്പുളവാക്കുന്നവുയും വെറുപ്പു തോന്നിക്കുന്നവയും യുക്തിക്ക് നിരക്കാത്തതുമായ ആചാരങ്ങളുമുണ്ട്. ചില ആചാരങ്ങൾ നമുക്ക് ചിരിയായിരിക്കും സമ്മാനിക്കുക.
അടുത്ത കാലത്ത് വായിക്കാൻ ഇടയായ ഒരു പുസ്തകമുണ്ട്. അനിൽ എഴുത്തച്ഛൻ എന്ന യുവ മാധ്യമ പ്രവർത്തകൻ എഴതിയ ശ്രദ്ധേയമായ ഒരു പുസ്തകം. മതപ്പാടുകൾ എന്നാണ് പുസ്തകത്തിന്റെ പേര്. നമ്മൾക്ക് ചുറ്റും നടക്കുന്ന വിചിത്രമായ വിശ്വാസങ്ങളും ആചരങ്ങളാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ വഞ്ചിതരായവരുടെ ജീവിതങ്ങളിലൂടെ ഒരു യാത്രയാണ് ഈ പുസ്തകം. ഇത്തരം ജീവിതങ്ങൾ തേടി വിവിധ സ്ഥലങ്ങളിൽ പോയി അവരുമായി സംഭാഷണം നടത്തി, അവരുടെ ജീവിതകഥകൾ മനസിലാക്കുന്ന ഒരു യാത്രാവിവരണമാണ് ഈ പുസ്തകം. അതുകൊണ്ട് തന്നെ ഒറ്റ ഇരിപ്പിൽ ഈ പുസ്തകത്തിലെ എല്ലാ അധ്യായങ്ങളും വായിച്ചു. ഈ പുസ്തകത്തിൽ പരാമർശിക്കാത്ത ഒട്ടേറെ വിചിത്ര ആചാരങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന് തോന്നിയത് കൊണ്ട് അതു കൂടി പരാമർശിക്കണം എന്ന് തോന്നി. ആദ്യം പുസ്തകത്തിൽ ഉൾപ്പെടുത്തിയ ചില ആചാരങ്ങളറിയാം.
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്ന ആചാരമുണ്ട്. തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ മാത്രമല്ല എല്ലാ ഗണപതി ക്ഷേത്രങ്ങളിലും ഇതുണ്ട്. ഇവിടെ എല്ലാം ക്ഷേത്രത്തിലെ കരിങ്കൽ പാളിയിലാണ് തേങ്ങ ഉടയ്ക്കുന്നത്. പക്ഷെ, തലയിൽ തേങ്ങ എറിഞ്ഞ് ഉടയ്ക്കുന്ന തമിഴ്നാട്ടിലെ ആടി 18 ഉത്സവത്തെക്കുറിച്ച് ഒരു അധ്യായം ഈ പുസ്തകത്തിൽ വായിച്ചു. ഉദ്ദിഷ്ട കാര്യത്തിന് തലയിൽ തേങ്ങയറ് ഏറ്റുവാങ്ങി മുറിവുമായി മടങ്ങേണ്ടി വരുന്ന വിശ്വാസികൾക്ക് പക്ഷെ, ആ വേദനയും നിർവൃതി. തലയിൽ കുഞ്ഞുനാളിലെ ഏന്തിയ വിശ്വാസമാണ് അവരെ അങ്ങനെ ചിന്തിപ്പിക്കുന്നത്.
കുലത്തൊഴിൽ ആയി ലൈംഗികത്തൊഴിൽ ചെയ്യുന്ന മധ്യപ്രദേശിലെ ബാംച്ഡ സമുദായത്തിലെ സ്ത്രീകളെക്കുറിച്ചാണ് മറ്റൊരു അധ്യായം. ആൺകുട്ടികൾ ഉണ്ടാകുന്നത് ശാപമായി കരുതുന്നവരാണ് ഇവിടത്തെ വീട്ടുകാർ. ലിംഗനിർണയം നടത്താനാവാത്തതിനാൽ ഇപ്പോൾ ആൺഭ്രൂണങ്ങളെ അവർക്ക് നശിപ്പിക്കാനാവുന്നില്ല. ദേവദാസി മക്കളുടെ ദയനീയാവസ്ഥയെപ്പറ്റിയും പുസ്തകം പറയുന്നുണ്ട്. രേഖകളിൽ അച്ഛൻ ഇല്ലാത്തതിനാൽ സമൂഹത്തിൽ നിന്ന് തിരസ്കൃതരാകുന്ന ദൈവമക്കൾ. അവർക്ക് പിതൃസ്വത്തിൽ അവകാശവും ഇല്ല.
വിവാഹം കഴിക്കാൻ അനുമതി ഇല്ലാത്ത ഹിരേസിന്ദോഗിയിലെ പെണ്ണുങ്ങളുടെ കഥയാണ് ഇനിയൊന്ന്. ഇവർ ഉന്നത സമുദായത്തിൽ പെട്ടവരോടൊപ്പം കിടക്ക പങ്കിട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നു. എന്നാൽ, വിവാഹത്തിന് അനുമതിയില്ല. മക്കൾക്ക് അച്ഛനിൽ അവകാശവുമില്ല.
തമിഴ്നാട്ടിൽ തന്നെയുള്ള വൈത്തീശ്വരൻ കോവിലിൽ ജാതകത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെയും ഒരു അധ്യായത്തിൽ തുറന്നു കാട്ടാൻ ശ്രമിച്ചിരിക്കുന്നു. റിവേഴ്സ് ക്വിസിലൂടെ ആളുകളെ പറ്റിച്ച് അവരുടെ ഭൂതകാലം കണ്ടെത്തി എന്നു പറയുകയും ഭാവി പ്രവചിക്കുകയും ചെയ്യുന്ന തട്ടിപ്പാണ് ഇവിടെ നടക്കുന്നത്. ഹിപ്പ്നോട്ടീസവും മാജിക്കും ക്കൈ മുതലായുള്ള പലരും ആൾ ദൈവങ്ങളായി നാട്ടിൽ വിലസുന്നുണ്ട്.
ശ്മശാനത്തിൽ നിന്ന് ശവശരീരം എടുത്തു കൊണ്ടു വന്ന് ആടിപ്പാടുകയും അതിൽ കടിക്കുകയും (തിന്നുകയും?) ചെയ്യുന്ന ചെങ്കോട്ടയിലെ ഒരാഘോഷത്തെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെ ചെയ്തതിന് കേസ് ആയിട്ടുണ്ടെങ്കിലും മൃതദേഹത്തോടുള്ള ആദരവായിട്ടാണ് ആ സമുദായം ഈ ചടങ്ങിനെ കാണുന്നത്. ഓരോ സമുദായവും സമൂഹവും മൃതദേഹത്തോട് ആദരവ് കാണിക്കേണ്ടത് എങ്ങനെയെന്നത് അവരുടെ സ്വാതന്ത്ര്യമല്ലേ എന്ന ചോദ്യം ബാക്കിയാവുന്നു. ശവശരീരം തിന്നുന്ന അഘോരി വിഭാഗം വടക്കേ ഇന്ത്യയിൽ ഉണ്ട്. അതേക്കുറിച്ച് പുസ്തകത്തിൽ പരാമർശമില്ല. ശിവ ഭക്തരായ ഇവർ ദേഹം മുഴുവൻ ഭസ്മം പൂശി ഭക്തിയുടെ കൊടുമുടിയിൽ എത്തുന്ന സമയത്താണത്രെ മൃതശരീരം ഭക്ഷിക്കുന്നത്.
തിരുനെൽവേലിയിൽ ജാതിയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും സംഘർഷങ്ങളുമാണ് പിന്നെയൊരു അധ്യായം. ജാതിക്കൊലപാതകങ്ങളെ അതത് ജാതിക്കാർ അകമഴിഞ്ഞ് ന്യായീകരിക്കുന്നു. എതിർ ജാതിയിൽ പെട്ടവർ മരിക്കേണ്ടവർ തന്നെയെന്ന് അവർ ആത്മാർഥമായി വിചാരിക്കുന്നു. കൊലപാതകികൾക്കു വേണ്ടി സ്മൃതികുടീരങ്ങൾ പണിതിരിക്കുന്നു, ഇവിടെ. സവർണരും അവർണരും തമ്മിലല്ല ഈ പോരാട്ടങ്ങൾ. അവർണർക്കിടയിൽ തന്നെയുള്ള വിഭാഗങ്ങൾ തമ്മിലാണ്.
ബിഹാറിൽ വ്യാജ തോക്ക് നിർമിക്കുന്ന ആളുകളെയും കാണുന്നുണ്ട്. ഒരു കാലത്ത് തോക്ക് നിർമിക്കുന്നത് കുലത്തൊഴിൽ ആയി കണ്ടിരുന്നവരാണ് ഈ സമുദായങ്ങൾ. പെട്ടെന്ന് ഒരു ദിവസം തോക്കിന് ലൈസൻസ് ഏർപ്പെടുത്തുന്നു. ഇതോടെ ഇവരുടെ തോക്ക് നിർമാണം അനധികൃതമായി. അതായത്, കുലത്തൊഴിൽ ഒരു സുപ്രഭാതത്തിൽ നിയമവിരുദ്ധമാക്കപ്പെടുന്നു.!! അവർക്ക് വേറെന്തു തൊഴിൽ അറിയാൻ?. അവർ വ്യാജ തോക്ക് നിർമിച്ച് നക്സലുകൾക്ക് കൈമാറി ഉപജീവനം നടത്തുന്നു. കേരളത്തിലടക്കം ഇന്നെത്തുന്ന അനധികൃത തോക്കുകൾ നർമിക്കപ്പെടുന്നത് ബിഹാറിലാണ്.
ഇത്രയും കഥകളാണ് പുസ്തകത്തിലുള്ളത്. ഇനി പുസ്തകത്തിൽ പരാമർശിക്കാത്ത ചില ആചാരങ്ങൾ കൂടി പറയാതെ ഈ ലേഖനം പൂർത്തിയാക്കുന്നത് ശരിയാകും എന്ന് തോന്നുന്നില്ല. തെയ്യം തിറകളുടെ കാലമാണ് ഇപ്പോൾ വടക്കേ കേരളത്തിൽ . വളരെ വിചിത്രമായ ഒട്ടേറെ തെയ്യങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തന്നെ നിലകൊള്ളുന്നു. ഇതിൽ തെങ്ങിൽ ഓടി കയറുന്ന ഒരു തെയ്യമുണ്ട്. ബിപ്പിരി തെയ്യം എന്നാണ് അത് അറിയപ്പെടുന്നത്. 2023 ൽ ഇത്തരം തെയ്യങ്ങൾക്ക് അപകടം പറ്റിയിട്ടുണ്ട്. മുൻപ് പലരും ഈ തെയ്യം കെട്ടി അപകടത്തിൽ പെട്ട് കിടപ്പിലാണ്. എന്നിട്ടും ഇത്തരം തെയ്യം കെട്ടാൻ ആളുകളുണ്ട്.
മാംസവും മദ്യവും പ്രസാദമായി നൽകുന്ന എത്രയോ ക്ഷേത്രങ്ങളുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രഗതി മൈതാനിയുടെ സമീപമുള്ള പുരാനകിലയോട് ചേർന്ന ബൈരവൻ ക്ഷേത്രത്തിൽ വിദേശ മദ്യമാണ് പൂജയ്ക്കായി കൊണ്ടു പോകേണ്ടത്. മദ്യമാണ് പ്രസാദമായി ലഭിക്കുക. കേരളത്തിലും മദ്യവും ഇറച്ചിയും പ്രസാദമായി ലഭിക്കുന്ന ക്ഷേത്രങ്ങളുണ്ട്.
അമ്മയുടെ പ്രതിരൂപമാണ് കൊടുങ്ങല്ലൂർ ഭഗവതി. കൊടുങ്ങല്ലൂർ ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനായി സ്ത്രീകൾ വെളിച്ചപ്പാടായി തുള്ളുകയും സ്വയം തല പൊട്ടിച്ച് രക്തം പ്രസാദമായി ദേവിക്ക് സമർപ്പിക്കുകയും ചെയ്യുന്നതും ഒരു ആചാരമാണ്. പ്രത്യേക സമുദായങ്ങളിൽപ്പെടുന്നവർ അവിടെ ഭക്തിയുടെ ഭാഗമായി ഭരണിപ്പാട്ടു പാടുന്ന ആചാരവുമുണ്ട്. പുതിയകാലത്ത് ഭരണിപ്പാട്ടിനെ തെറിപ്പാട്ടായി ചിത്രീകരിക്കുകയും അത് നിരോധിക്കുകയും ഉണ്ടായി. മനുഷ്യന്റെ പച്ചമാംസത്തിൽ ഇരുമ്പ് കൊളുത്ത് കോർത്ത് ഉയരമുള്ള ചാടിൽ തൂക്കിയിരുന്ന ഇളവൂർ തൂക്കവും നിരോധിക്കപ്പെട്ടു. മുരുകന്റെ അനുഗ്രഹത്തിനായി നാക്കിൽ ശൂലം കയറ്റുന്ന ആചാരം വ്യാപകമാണ്. പഴനി മുരുകന്റെ നടയിലെത്തി മുടിയെടുക്കുന്ന ഭക്തരുടെ വിശ്വാസവും ഈ ഗണത്തിൽ പെടുന്നത് തന്നെ.
ബാലാരിഷ്ടതകൾ മാറാനായി എരൂർ മാരൻ കുളങ്ങര ക്ഷേത്രത്തിൽ ചെറിയ കുട്ടികളെ ക്ഷേത്രസന്നിധിയിൽ കുളിപ്പിക്കുന്ന വഴിപാടുണ്ട്. ക്ഷേത്രത്തിനകത്ത് നിന്ന് നൽകുന്ന ജലത്തിലാണ് കുട്ടികളെ കുളിപ്പിക്കേണ്ടത്. മറ്റൊന്ന്, തൃശ്ശൂർ ജില്ലയിലെ നെല്ലുവായ ധന്വന്തരി ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം പ്രധാനമാണ്. ഇഞ്ചി, കുരുമുളക്, പച്ചമഞ്ഞള്‍, ആടലോടകവേര്, കുടകപ്പാലവേര് എന്നിവ മോരില്‍ അരച്ച് തിളപ്പിച്ചാണ് ഇതുണ്ടാക്കുക. ഉദര രോഗങ്ങള്‍ക്കെല്ലാം പരിഹാരമായ ഈ ഔഷധം ഭക്തർ സേവിക്കുന്നു. മണ്ണാർശാല നാഗരാജ ക്ഷേത്രത്തിലെ ഉരുളി കമിഴ്ത്തൽ വഴിപാടും ഇത്തരത്തിലൊന്നാണ്. സന്താന ലബ്ധിക്കായാണ് ഇവിടെ ഭക്തർ ഉരുളി കമിഴ്ത്തൽ നേർച്ച നടത്തുന്നത്.
കർണ്ണാടക, തമിഴ് നാട് സംസ്ഥാനങ്ങളിൽ ബ്രാഹ്മണരുടെ എച്ചില് ഇലയില്‍ കിടന്ന് ദലിതര്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്നാന. ഇതിനെതിരേ പ്രതിഷേധമുണ്ടായപ്പോഴാണ് എഡെ സ്നാന കൊണ്ടുവന്നത്. പ്രസാദം നിവേദിച്ച ഇലയില്‍ ഉരുളുന്ന ചടങ്ങാണിത്. രണ്ടും നിരോധിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ക്ഷേത്രത്തിൽ ഈ വിചിത്രമായ ആചാരം ഉണ്ടായിരുന്നു. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ ജീവിത കഥയായ കാല പ്രമാണം എന്ന പുസ്തകത്തിൽ ഗുരുവോ / മേൽജാതിക്കാരോ ഭക്ഷണം കഴിച്ച ഇലയിൽ തന്നെ ഭക്ഷണം കഴിച്ച് പുണ്യം നേടുന്ന ആചാരത്തെക്കുറിച്ച് പരാമർശിച്ചത് ഓർക്കുന്നു.
കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭഗവതി അല്ലെങ്കിൽ ആദി ശക്തിയുടെ ക്ഷേത്രമാണ് കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം. പ്രധാന ആചാരമായ ചമയവിളക്ക് ഏറെ പ്രശസ്തമാണ്. മീനം പത്ത്, പതിനൊനാന്ന് രാത്രിയിലാണ് ചമയ വിളക്ക് നടത്തുക. അഭീഷ്ടകാര്യ സാധ്യത്തിനാണ് പുരുഷൻമാർ സ്ത്രീ വേഷത്തിൽ ചമയവിളക്ക് എടുക്കുന്നത്. ആൺ മക്കളെ പെൺകുട്ടികളാക്കിയും ഭർത്താക്കൻമാരെ യുവതികളാക്കിയും വിളക്ക് എടുപ്പിക്കുന്നു.
പാലക്കാട് ജില്ലയിൽ പൂജാരി ക്ഷേത്രത്തിലെ കിണറിൽ കണ്ണുകൾ കെട്ടി ഇറങ്ങി പൂജ നടത്തും. ഭക്തിയുടെ മറ്റൊരു രൂപമാണ്. ഭക്തർ കിണറിനെ നോക്കി പ്രാർത്ഥിക്കും. പാലക്കാട് ജില്ലയിലെ മൂലംകോടിന് സമീപം ഇടിക്കാവ് ക്ഷേത്രത്തിലാണ് ഇങ്ങനെ ഒരാചാരം ഉള്ളത്. കരിങ്കല്ലിലുള്ള രണ്ടു ശിലാ ഹസ്തങ്ങൾ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രം. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഹേമാംബിക കുടികൊള്ളുന്നത്. പ്രഭാതത്തില്‍ സരസ്വതിയായും മധ്യാഹ്നത്തില്‍ ലക്ഷ്മിയായും പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ദേവിയെ ആരാധിക്കുന്നു. ഇവിടത്തെ
കൈപ്പത്തിവിഗ്രഹമാണ് കോൺഗ്രസിന്റെ ചിഹ്നമായി മാറിയത്. കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനടുത്ത് ചിറക്കടവ് ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്റെ നട കോടതി നടപടികളിൽ അനുകൂല വിധിയുണ്ടാവാൻ ഭക്തർ ആശ്രയിക്കുന്ന ഇടം എന്ന നിലയിൽ പ്രശസ്തമാണ്. പ്രധാന ദേവതയുടെ നട അടച്ച ശേഷം രാത്രിയാണ് ഇവിടുത്തെ വഴിപാട്. അട നേദ്യമാണ് പ്രധാനം. ആർ. ബാലകൃഷ്ണയടക്കമുള്ള പ്രമുഖർ ഇവിടെയെത്തിയത് വാർത്തയായിരുന്നു.
കോട്ടയം ജില്ലയിൽ തന്നെ തിരുവാർപ്പ് ഗ്രാമത്തിൽ മീനച്ചിലാന്റെ കൈവരി തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണ്. കംസ വധത്തിന് ശേഷം തളർന്ന് അവശനായി വിശന്നിരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ സങ്കൽപ്പമുള്ള നാലു കരങ്ങളോട് കൂടിയിരിക്കുന്ന പ്രതിഷ്ഠയാണ് ക്ഷേത്രത്തിൽ ഉള്ളത്. പുലർച്ചെ രണ്ടുമണി സമയത്തോണ് ക്ഷേത്രനട തുറക്കുക. ഉദയാല്പരം എന്ന കണക്കടിസ്ഥാനത്തിലാണ് നട തുറക്കുന്നത്. മുഖ്യപൂജാരി തിളച്ച പായസവുമായി വിശന്നിരിക്കുന്ന ഭഗവാന് പൂജാരി കൊണ്ടുവരും. നടതുറക്കാൻ സാധിച്ചില്ലെങ്കിൽ വാതിൽ വെട്ടിപ്പൊളിച്ച് പായസം ഭഗവാന് സമർപ്പിക്കണം എന്നാണ് വിശ്വാസം. നടയിൽ വെട്ടി പൊളിക്കാൻ മഴു വച്ചിരിക്കുന്നത് കാണാം.
കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ അത്താഴപ്പൂജയ്ക്കുശേഷം മാത്രമേ അകത്തു കയറി തൊഴുവാൻ പാടുള്ളു. കേരളത്തിന് പുറത്തുള്ള പ്രമുഖരായ പലരും സ്ഥിരമായി ഇവിടെ എത്താറുണ്ട്. ജയലളിതയും, ദേവഗൗഡയും അതിൽ എടുത്ത് പറയാവുന്നതാണ്.
ബിസ്രക് എന്ന പേരിൽ ഉത്തർപ്രദേശിൽ ഒരു ഗ്രാമം ഉണ്ട് . രാജ്യ തലസ്ഥാനം ആയ ഡൽഹിയോട് ചേർന്ന നോയിഡയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലാണ് രാവണൻ ജനിച്ചത്. ദീപാവലിക്ക് രാവണ നിഗ്രഹവുമായി വലിയ ബന്ധവും ഉണ്ട് . രാവണൻ നിഗ്രഹിക്കപ്പെട്ടതുകൊണ്ടാണ് രാജ്യത്താകമാനം രാവണന്റെ വലിയ കോലങ്ങൾ ദീപാവലി നാളിൽ കത്തിക്കുന്നത്. എന്നാൽ രാവണ ജന്മഭൂമിയായ ബിസ്രക്കിലെ ജനങ്ങൾ ദീപാവലി നാളിൽ അവിടെ രാവണനെ കത്തിക്കുന്നില്ല. പടക്കം പൊട്ടിക്കുന്നില്ല. അവർ രാവണന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. പൂജകൾ നടത്തുന്നു. ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമത്തിലെ എല്ലാ കടകൾക്കും രാവണനെ സ്തുതിക്കുന്ന പേരുകളാണ് നമുക്ക് കാണുവാൻ സാധിക്കുക. ഇത്തരം വിചിത്ര ആചാരങ്ങളുടെയും വിശ്വാസങ്ങളുടേയും നീണ്ട നിര തന്നെ നമ്മുടെ രാജ്യത്തുണ്ട്. വൈവിദ്യമാർന്ന സംസ്കാരം പോലെ വൈവിദ്യമാർന്ന ആചാരങ്ങളും വിശ്വാസങ്ങളും കൗതുകമാണ്. യുക്തിക്ക് എല്ലാം നിരക്കുന്നതല്ല. വിശ്വാസം, അതല്ലേ എല്ലാം...