അരളിപ്പൂവ് file
Special Story

അരളിപ്പൂവിനു തീപിടിക്കുമ്പോൾ...

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള അരളിപ്പൂക്കൾ കേരളത്തിന്‍റെ ക്ഷേത്രപുഷ്പ വിപണി കീഴടക്കിയത്. ഒലിയാൻഡ്രിൻ നെറീൻ എന്ന രാസ വസ്തുവാണ് അരളിയെ വില്ലനാക്കുന്നത്.

റീന വർഗീസ് കണ്ണിമല

അരളി വിവാദം കത്തുകയാണ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിൽനിന്നും നിവേദ്യത്തിൽനിന്നും അരളിപ്പൂവിനെ പടിയടച്ചു പിണ്ഡം വച്ച് മാതൃകയായിരിക്കുകയാണ് ദേവസ്വം ബോർഡ്.

ക്ഷേത്രത്തിൽ പൂജയ്ക്ക് പുഷ്പങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക നിഷ്‍ഠയുണ്ട്. അനുവദിക്കപ്പെട്ട പുഷ്പങ്ങൾ മാത്രമേ പൂജാവിധികൾക്ക് ഉപയോഗിക്കാവൂ എന്നും, നിഷിദ്ധ പുഷ്പങ്ങൾ ഉപയോഗിച്ചാൽ ചൈതന്യത്തിന് ഹാനി വരുമെന്നും, തദ്വാരാ ദേവകോപത്തിന് ഇടയാകുമെന്നും മറ്റും പ്രശ്നം കൊണ്ടും മറ്റും സൂചിപ്പിക്കാറുണ്ടെന്ന് ഓർത്തെടുക്കുന്നു ഈ മേഖലയിൽ വൈദഗ്ധ്യമുള്ള സുധീർകുമാർ.

ക്ഷേത്ര പൂജാപുഷ്പമല്ല അരളിയെന്നും, ക്ഷേത്രത്തിലെ പൂജകൾക്ക് അത് ഉപയോഗിക്കരുതെന്നും സാമൂഹിക പ്രവർത്തകനായ മങ്കുഴി മുരളിയും സമർഥിക്കുന്നു.

തുളസി, തെച്ചി മുതലായ പുഷ്പങ്ങളാണ് പണ്ടു മുതൽക്കേ ക്ഷേത്ര പൂജകളിൽ നിഷ്ഠപ്രകാരം ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ, അവയ്ക്ക് നല്ല വിലയുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള അരളിപ്പൂക്കൾ കേരളത്തിന്‍റെ ക്ഷേത്രപുഷ്പ വിപണി കീഴടക്കിയത്. ഒലിയാൻഡ്രിൻ നെറീൻ എന്ന രാസ വസ്തുവാണ് അരളിയെ വില്ലനാക്കുന്നത്. എന്നു തന്നെയല്ല, എന്തിലും വിഷമടിച്ച് കേരളത്തിലേക്ക് അയയ്ക്കുന്ന തമിഴൻ അരളിപ്പൂമൊട്ടുകൾ എയർടൈറ്റായ കവറിൽ നിറച്ച് അതിൽ വിഷവുമടിച്ചാണ് കേരളത്തിലേക്കു കയറ്റി വിടുന്നത്. നിർഭാഗ്യവശാൽ ഇതൊന്നും നോക്കാനോ അന്വേഷിക്കാനോ നമുക്കു സമയവുമില്ല.

നിഷിദ്ധ പുഷ്പങ്ങൾ ഉപയോഗിച്ചാൽ ദേവചൈതന്യത്തിനു ഹാനി വരും, തദ്വാരാ ദേവകോപത്തിനും ഇടയാകും
സുധീർകുമാർ

ഏതു കാലാവസ്ഥയിലും വളർന്നു പുഷ്പിണിയാകുന്ന അരളി നട്ടു പരിപാലിക്കാൻ യാതൊരു പരിചരണവും ആവശ്യമില്ല. പൂത്തുലഞ്ഞു നിൽക്കുന്നതു കാണാനാണെങ്കിൽ നല്ല ഭംഗിയും. ഏതു മരുഭൂമിയിലും വളരുന്ന ഈ പൂച്ചെടി തമിഴനെ അനുകരിച്ചു നമ്മളും കേരളത്തിന്‍റെ വഴിയോരങ്ങളിൽ നട്ടു തുടങ്ങി. നേരാം വണ്ണം പാതയോരങ്ങളിൽ സാധാരണക്കാർക്ക് ഒരു പശുവിനെ പോലും അഴിച്ചു വിട്ടു തീറ്റിക്കാൻ പറ്റില്ലെന്നു സാരം!

പാലക്കാട് മേഖലയിൽ അരളിക്കായ അരച്ചു കഴിച്ച് ആത്മഹത്യ ചെയ്യുന്നത് സാധാരണമായിരുന്നു. പെൺശിശുഹത്യയ്ക്ക് കുപ്രസിദ്ധിയാർജിച്ച മധുരയിലെ ഉശിലംപട്ടി ഗ്രാമനിവാസികൾ പെൺകുഞ്ഞുങ്ങളെ കൊന്നിരുന്നത് മുലപ്പാലിനു പകരം അരളിക്കറ ഇറ്റിച്ചു നൽകിയാണ്. അരളിയിലെ വിഷം മനുഷ്യരിൽ ഹൃദയാഘാതമുണ്ടാക്കും. ആദ്യം ഹൃദയത്തിന്‍റെ പ്രവർത്തനത്തെ പതുക്കെയാക്കും, പിന്നീട് തടയും. അത് മരണത്തിലേക്കു നയിക്കും. എന്നു മാത്രമല്ല, അരളി വിഷം ശ്വാസകോശം, കരൾ, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കും. രക്തം കട്ടപിടിക്കുന്ന പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും.

ക്ഷേത്ര പൂജാപുഷ്പമല്ല അരളി, ക്ഷേത്രത്തിലെ പൂജകൾക്ക് അത് ഉപയോഗിക്കാനും പാടില്ല.
മങ്കുഴി മുരളി

തുളസി, തെച്ചി പുഷ്പങ്ങളെക്കാൾ വിലക്കുറവാണെന്നതും ദീർഘനാൾ വാടാതെ ഇരിക്കുമെന്നതും അരളിയെ വ്യാപാരികളുടെ പ്രിയങ്കരിയാക്കി. തെച്ചിയും തുളസിയും നന്ത്യാർവട്ടവുമൊക്കെ ഉള്ളിലേക്കു ചെന്നാലും ഔഷധ ഗുണമുള്ള നല്ല പുഷ്പങ്ങളാണ്. എന്നാൽ, അരളിയുടെ അവസ്ഥ അതല്ല. സകലം വിഷമയമാണ്. അരളി സുശ്രുതനും ചക്രദത്തനും ചികിത്സയിൽ പുറമേ പുരട്ടാൻ നിർദേശിക്കുന്നുണ്ട്. എന്നാൽ, അത് പാലിൽ ശുദ്ധി ചെയ്ത് വേണം എന്ന് പ്രത്യേകം പറയുന്നുമുണ്ട്. അരളി വിഷസസ്യമാണെന്ന് ഇതിൽ നിന്നു മനസിലാക്കാം. ആയുർവേദത്തിൽ അരളി അശ്വമാര എന്നാണ് അറിയപ്പെടുന്നത്. കുതിരയെ വരെ കൊല്ലാൻ ശേഷിയുള്ളത് എന്നു സാരം. ഇതിന്‍റെ വിഷം എത്ര ശക്തിയുള്ളതാണെന്ന് ഇതിൽ നിന്നും മനസിലാക്കാമല്ലോ. അരളിയുടെ ഇലയും വേരും വിത്തും പൂവും എല്ലാം വിഷമയമാണ്.

ഡോ. മരിയ ലിസ മാത്യു പറയുന്നു:

''മനുഷ്യർക്കെന്ന പോലെ മൃഗങ്ങൾക്കും അരളി വിഷമാണ്. അരളി അകത്തു ചെന്ന മൃഗങ്ങളുടെ വായിൽ നിന്ന് ഉമിനീര് ഒലിക്കും. മാംസപേശികളിൽ വിറയൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ മുതലായ ലക്ഷണങ്ങളും കാണിക്കും. അപസ്മാര ലക്ഷണങ്ങളോടെ പെട്ടെന്നു തന്നെ മരണം സംഭവിക്കുകയും ചെയ്യും.''

നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന കൃഷ്ണതുളസിയും മരുന്നു തെച്ചിയുമൊക്കെ ഇനിയെങ്കിലും പാതയോരങ്ങളിലും മറ്റും വളർത്തി പരിപാലിക്കാൻ പഞ്ചായത്തു തലത്തിൽ തീരുമാനിച്ചാൽ നിലവിലുള്ള തെച്ചി, തുളസിപ്പൂ ക്ഷാമത്തിന് വലിയൊരു പരിധി വരെ പരിഹാരമാകും. മാത്രമല്ല അവയെ വംശനാശഭീഷണിയിൽ നിന്നു രക്ഷപെടു

മനുഷ്യർക്കെന്ന പോലെ മൃഗങ്ങൾക്കും അരളി വിഷമാണ്
ഡോ. മരിയ ലിസ മാത്യു

ത്താനുമാകും. കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പു ജീവനക്കാരെയും ഉപയോഗിച്ച് തെച്ചിയും തുളസിയും നന്ത്യാർവട്ടവുമൊക്കെ വഴിയോരങ്ങളിലും പുറമ്പോക്കുകളിലും നട്ടു പരിപാലിച്ചാൽ നാടും നന്നാവും, പ്രകൃതിയും നന്നാവും.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം