വിക്രം സിനിമയിൽ കമൽ ഹാസൻ 
Special Story

തീവ്രവാദിക്ക് ക്വൊട്ടേഷൻ വച്ച 'സീക്രട്ട് ഏജന്‍റ് വിക്രം': കഥയോ യാഥാർഥ്യമോ?

എയ്റ്റീസ് - നയന്‍റീസ് കിഡ്സിന് ഓർമ കാണും വിക്രം എന്ന ചിത്രകഥാ നായകനെ. ജയിംസ് ബോണ്ട് മോഡലിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍റായി രൂപകൽപ്പന ചെയ്യപ്പെട്ട കാർട്ടൂൺ കഥാപാത്രം. അതല്ലെങ്കിൽ 'വിക്രം' എന്ന തമിഴ് ബ്ലോക്ക്ബസ്റ്ററിൽ കമൽ ഹാസൻ അവതരിപ്പിച്ച ആക്ഷൻ ഹീറോ സീക്രട്ട് ഏജന്‍റിന്‍റെ പേരും വിക്രം എന്നു തന്നെ. ഇപ്പോഴിതാ, ഈ കഥകളിലെ നായകന്‍റെ പേരിൽ യഥാർഥത്തിൽ ഒരു സീക്രട്ട് ഏജന്‍റ് ഉണ്ടെന്നു പറയുന്നു യുഎസ് ദിനപത്രമായ വാഷിങ്ടൺ പോസ്റ്റ്.

ക്യാനഡയിലും യുഎസിലുമെല്ലാം ശൃംഖലകളുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ നേതാവ് ഗുർപത്‌വന്ത് സിങ് പന്നുനിനെ വധിക്കാൻ പദ്ധതി തയാറാക്കിയ കേസിലെ പ്രധാന പ്രതി വിക്രം യാദവ് എന്ന ഇന്ത്യൻ സീക്രട്ട് ഏജന്‍റാണെന്നാണ് പത്രം ആരോപിക്കുന്നത്.

ലൈല ഓ ലൈല

സീക്രട്ട് ഏജന്‍റ് വിക്രം എന്ന കാർട്ടൂൺ സ്ട്രിപ്പ് കഥാപാത്രം.

ഇനി ലൈല ഓ ലൈല എന്ന മോഹൻലാൽ ചിത്രത്തിലേക്കു പോകാം. സർക്കാരിന്‍റെ രഹസ്യാന്വേഷണ ഏജൻസികളിൽ ജോലി ചെയ്യുന്നവർ, അടുത്ത ബന്ധുക്കളോടു പോലും ജോലിയുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ലത്രെ.

അതുപോലെയായിട്ടാണോ എന്തോ, ഈ വിക്രം കഥയുടെ സത്യാവസ്ഥ യുഎസ് സർക്കാരോ അവിടത്തെ അന്വേഷണ ഏജൻസികളോ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയാകട്ടെ, ഇതു പാടേ നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് ഉന്നയിച്ച ആശങ്കകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും, അതിനിടെ അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ദുരുപദിഷ്ടിദമാണെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം.

യുഎസിന്‍റെ ക്വൊട്ടേഷൻ കഥ

ഗുർപത്വന്ത് സിങ് പന്നുൻ

യുഎസ് അന്വേഷണം നടത്തി തയാറാക്കിയ കുറ്റപത്രത്തിൽ സിസി1 എന്ന കോഡ് നാമം ഉപയോഗിച്ചിരിക്കുന്നത് വിക്രം യാദവിനെ ഉദ്ദേശിച്ചാണെന്നാണ് പത്രത്തിന്‍റെ വാദം. ഇന്ത്യയുടെ വിദേശ ഇന്‍റലിജൻസ് ഏജൻസിയായ റോ (RAW - റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥനാണത്രെ വിക്രം. യുഎസിൽ വച്ച് പന്നുനിനെ കൊല്ലാനായിരുന്നു പദ്ധതി എന്നും ആരോപിക്കുന്നു.

നിഖിൽ ഗുപ്ത എന്നയാളെയാണ് പന്നുനിനെ വധിക്കാൻ റോയ്ക്കു വേണ്ടി വിക്രം ചുമതലപ്പെടുത്തിയിരുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ നിഖിൽ ഗുപ്ത ഇപ്പോൾ ചെക്കോസ്ലോവാക്യയിലെ പ്രേഗിലുള്ള ജയിലിലാണ്. ഇയാളെ യുഎസിലെത്തിക്കാൻ ശ്രമം തുടരുകയും ചെയ്യുന്നു.

ആരാണ് വിക്രം?

Silhouette of a man with gun

ഇന്ത്യൻ അർധസൈനിക വിഭാഗമായ സിആർപിഎഫിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് വിക്രം യാദവിനെ റോയിലേക്ക് ഡെപ്യൂട്ട് ചെയ്തതെന്നാണ് വാഷിങ്ടൺ പോസ്റ്റിന്‍റെ കണ്ടെത്തൽ. സിആർപിഎഫ് പശ്ചാത്തലത്തിൽ നിന്നായതുകൊണ്ടു തന്നെ ഇത്തരം ഓപ്പറേഷനുകൾ നേരിട്ട് കൈകാര്യം ചെയ്യാനുള്ള പരിശീലനം വിക്രമിനു ലഭിച്ചിട്ടില്ല. അതിനാലാണ് നിഖിൽ ഗുപ്തയ്ക്ക് ക്വൊട്ടേഷൻ കൊടുത്തതെന്നും പറയുന്നു.

ഏതായാലും പദ്ധതി പരാജയപ്പെട്ട ശേഷം വിക്രം യാദവിനെ റോയിൽ നിന്ന് തിരികെ സിആർപിഎഫിലേക്ക് അയച്ചു എന്നു പറഞ്ഞാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.

വിക്രം യാദവും നിഖിൽ ഗുപ്തയും തമ്മിൽ നടത്തിയ കോഡ് ഭാഷയിലുള്ള സന്ദേശങ്ങളിൽ ഉൾപ്പെട്ട മറ്റൊരാളാണ് യുഎസ് അധികൃതർക്ക് ഈ വിവരം ചോർത്തിക്കൊടുത്തതെന്നും റിപ്പോർട്ടിലുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു