ജ്യോതിരാദിത്യ എം. സിന്ധ്യ, കേന്ദ്ര മന്ത്രി  
Special Story

രാജ്യത്തിന്‍റെ ഡിജിറ്റൽ ഭാവി ഭദ്രമാക്കുന്നു

ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയെന്നതിലുപരി, വികസനത്തിന്‍റെ പാർശ്വവത്കൃതമേഖലകളിൽ ജീവിക്കുന്നവരെ കൈപിടിച്ച് ഉയർത്താൻ സഹായിക്കുന്ന ഒരു നിർണായക ഉപാധി കൂടിയാണ് ഇന്ത്യയിലെ ടെലികോം മേഖല

ജ്യോതിരാദിത്യ എം. സിന്ധ്യ, കേന്ദ്ര മന്ത്രി

സാങ്കേതിക പുരോഗതിക്കൊപ്പം ഉയർന്നുവരുന്ന ഭീഷണികളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ ഇന്ത്യ ശക്തമായ സൈബർ സംവിധാനം നിർമിക്കേണ്ടതുണ്ട്.

ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയെന്നതിലുപരി, വികസനത്തിന്‍റെ പാർശ്വവത്കൃതമേഖലകളിൽ ജീവിക്കുന്നവരെ കൈപിടിച്ച് ഉയർത്താൻ സഹായിക്കുന്ന ഒരു നിർണായക ഉപാധി കൂടിയാണ് ഇന്ത്യയിലെ ടെലികോം മേഖല. കഴിഞ്ഞ ദശകത്തിൽ ഡിജിറ്റൽ കണക്റ്റിവിറ്റിയിലെ വൻ കുതിച്ചുചാട്ടത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകൾ നിലനിൽക്കുന്ന ഇന്ത്യയിലിപ്പോൾ 95.44 കോടി ഇന്‍റർനെറ്റ് വരിക്കാരുണ്ട്. അതിൽ 398.35 ദശലക്ഷം ഇന്‍റർനെറ്റ് വരിക്കാർ ഗ്രാമീണമേഖലയിലാണ്. കഴിഞ്ഞ ദശകത്തിൽ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ 6.4 കോടിയിൽ നിന്ന് 92.4 കോടിയായി ഉയർന്നു. ഈ വിപുലമായ കണക്‌റ്റിവിറ്റി മൊത്തം സമ്പദ് വ്യവസ്ഥയുടെ 10% സംഭാവന ചെയ്യുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ആക്കം കൂട്ടി. ഇത് 2026-ഓടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) അഞ്ചിലൊന്ന് അഥവാ 20% ആകുമെന്ന് പ്രതീക്ഷിക്കുന്നു. ബാങ്കിങ് സേവനങ്ങൾ, കെവൈസി പരിശോധന, ഡിജിറ്റൽ പേയ്‌മെന്‍റുകൾ, മൊബൈൽ അധിഷ്‌ഠിത പ്രാമാണീകരണം എന്നിവ ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്‍റെ നട്ടെല്ലാണ്. ഇത് ജൻധൻ, ആധാർ, മൊബൈൽ (ജെഎഎം) ത്രിത്വ സേവനങ്ങൾ വളരാൻ സഹായകമായി വർത്തിക്കുന്നു. 2024 ഒക്റ്റോബറിൽ മാത്രം, രാജ്യത്ത് 12.6 കോടി ഡിജിറ്റൽ ഇടപാടുകൾ ആധാർ അധിഷ്ഠിത പേയ്‌മെന്‍റ് സംവിധാനത്തിലൂടെ രേഖപ്പെടുത്തി.

എന്നിരുന്നാലും, സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം അതിന്‍റെ ദോഷഫലങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുകയെന്ന കനത്ത വെല്ലുവിളിയും ഡിജിറ്റൽ വിപ്ലവം ഉയർത്തുന്നു. സ്‌പാം കോളുകൾ, സ്‌കാം സന്ദേശങ്ങൾ, അനുചിതമായ ടെലിമാർക്കറ്റിങ് കോളുകൾ, ഫിഷിങ് തട്ടിപ്പുകൾ, വ്യാജ നിക്ഷേപം, വായ്പാ അവസരങ്ങൾ എന്നിങ്ങനെയുള്ള സൈബർ കുറ്റകൃത്യങ്ങൾക്കും ഈ ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളിലൂടെ പൗരന്മാർ ഇരയാക്കപ്പെടുന്നു.

ഒരു സവിശേഷ വെല്ലുവിളി അതിൽ വേറിട്ടുനിൽക്കുന്നു: ''ഡിജിറ്റൽ അറസ്റ്റ'' കുഭകോണമെന്ന ആ വെല്ലുവിളി അപകടകരമാം വിധം പെരുകുകയാണ്. സർക്കാർ ഉദ്യോഗസ്ഥരായി വേഷമിടുന്ന കുറ്റവാളികൾ നിരപരാധികളെ ഭയപ്പെടുത്താനും കൊള്ളയടിക്കാനും ഇതിലൂടെ ശ്രമിക്കുന്നു. കേവലം സാമ്പത്തിക നഷ്ടത്തിനപ്പുറം, ദുരുദ്ദേശ്യപരമായ ഈ കുറ്റകൃത്യം ഉപജീവനമാർഗത്തെ തടസ്സപ്പെടുത്തുകയും അവിശ്വാസം സൃഷ്ടിക്കുകയും പൗരന്മാർക്ക് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സ്വീകരിക്കുന്നതിനുള്ള ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു.

വിപുലമാകുന്ന ഭീഷണികളോട് അതിവേഗം പ്രതികരിച്ചുകൊണ്ട്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സജീവമായി പ്രവർത്തിക്കുകയും തെറ്റിദ്ധരിപ്പിച്ച് നേടിയ മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തു. 7.6 ലക്ഷം പരാതികൾ കൈകാര്യം ചെയ്തതിലൂടെ 2,400 കോടി രൂപ സംരക്ഷിച്ചു. നമ്പറുകൾ മാത്രമല്ല, ജീവനും സംരക്ഷിച്ച് സ്വപ്നങ്ങൾ സുരക്ഷിതമാക്കുന്നു.

ഡിജിറ്റൽ ഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്, പൗരന്മാരുടെ പിന്തുണ കൂടാതെയുള്ള പ്രവർത്തനങ്ങൾ വ്യർഥമായ അഭ്യാസമായിരിക്കും. "റുകോ, സോച്ചോ ഔർ ആക്ഷൻ ലോ' എന്ന പ്രധാനമന്ത്രി (പിഎം) നരേന്ദ്ര മോദിയുടെ പൗരന്മാരോടുള്ള സമീപകാല ആഹ്വാനം വർധിച്ചുവരുന്ന ഇന്‍റർനെറ്റ് ഭീഷണികൾ നേരിടുന്നതിനുള്ള പ്രാധാന്യം അടിവരയിടുന്നു. ഈ ആഹ്വാനം വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളോടുള്ള പ്രതികരണം മാത്രമല്ല, ജാഗ്രത്തായതും സജീവവുമായ ഒരു പൊതുസമൂഹത്തിനായുള്ള അഭ്യർഥന കൂടിയാണ്. 1930 എന്ന സമർപ്പിത ഹെൽപ്പ്‌ലൈൻ വഴിയും www.cybercrime.gov.in പോർട്ടലിലൂടെയും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകത പ്രധാനമന്ത്രി മോദി തന്‍റെ സമീപകാല "മൻ കി ബാത്തി'ൽ ആവർത്തിച്ചു. സൈബർ കുറ്റവാളികൾക്കെതിരായ പോരാട്ടത്തിൽ പൗരന്മാരുടെ പങ്കാളിത്തത്തിന് ഊന്നൽ നൽകുകയെന്നതും ഏറെ പ്രധാനമാണ്.

എന്നാൽ, സൈബർ കുറ്റവാളികൾ തന്ത്രങ്ങൾ മാറ്റുകയും, പ്രാദേശിക കോളുകൾ എന്ന് തോന്നിപ്പിക്കുന്ന അന്തർദേശീയ നമ്പറുകൾ (+91- xxxxxxxxxx) ഉപയോഗിച്ച് പുതിയ തട്ടിപ്പുകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കോളിങ് ലൈൻ ഐഡന്‍റിറ്റിയിലെ (സിഎൽഐ) ഈ സമർഥമായ കൃത്രിമത്വം ഈ കോളുകൾ നിയമാനുസൃതമായ പ്രാദേശിക നമ്പർ കോളുകളാണെന്ന് തോന്നിപ്പിക്കുന്നു. ഇത് തട്ടിപ്പിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ഈ പ്രശ്നത്തിൽ സജീവമായി ഇടപെടുകയും തദ്ദേശീയമായി വികസിപ്പിച്ച ഇന്‍റർനാഷണൽ ഇൻകമിങ് സ്പൂഫ്ഡ് കോൾ പ്രിവൻഷൻ സിസ്റ്റം വികസിപ്പിക്കുകയും ചെയ്തു. 86 ശതമാനം വ്യാജ കോളുകളും അതായത് പ്രതിദിനം ഏകദേശം 1.35 കോടി കോളുകൾ തടയുന്ന ഒരു മികച്ച പ്രതിരോധമാണ് ഈ ഉപകരണം സൃഷ്ടിക്കുന്നത്.

പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണമാണ് സൈബർ സുരക്ഷിത ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തിന്‍റെ കാതൽ. സംശയാസ്പദമായ സന്ദേശങ്ങൾ, കോളുകൾ, വാട്ട്‌സ്ആപ്പ് പ്രവർത്തനങ്ങൾ എന്നിവ റിപ്പോർട്ടുചെയ്യാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ചക്ഷു പോലുള്ള ടൂളുകളുള്ള 'സഞ്ചാർ സാഥി ' പ്ലാറ്റ്‌ഫോം ഈ ദൗത്യം ഏറ്റെടുക്കുന്നു. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ശക്തി പ്രയോജനപ്പെടുത്തി, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് 2.5 കോടിയിലധികം വ്യാജ മൊബൈൽ കണക്ഷനുകൾ കണ്ടെത്തി വിച്ഛേദിച്ചു. 2.29 ലക്ഷത്തിലധികം മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്‌തു, 71,000 വില്പനക്കാരെ കരിമ്പട്ടികയിൽപ്പെടുത്തി, ടെലികോം സേവന ദാതാക്കളെ (ടിഎസ്‌പി) അറിയിച്ചിട്ടുണ്ട്) 1.900 ക്രിമിനലുകൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങളുടെ പ്രയോജനപ്പെടുത്തുന്നതിനായി താഴെത്തട്ടിലുള്ള സംരംഭങ്ങളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള കോളെജ് വിദ്യാർഥികൾ സഞ്ചാർ മിത്ര വോളന്‍റിയർമാരായി രംഗത്തിറങ്ങി. ഈ സന്നദ്ധപ്രവർത്തകർ "സഞ്ചാർ സാഥി' പോർട്ടലിലൂടെ സാമൂഹിക വിഭാഗങ്ങളിലേക്ക് എത്തുകയും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. ടെലികോം തട്ടിപ്പ് തടയാൻ ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിക്കാൻ ഈ യുവാക്കൾ പൗരന്മാരെ സഹായിക്കുന്നു. 2023 മെയ് മാസത്തിൽ ആരംഭിച്ചതിന് ശേഷം, 7.7 കോടി പേർ സഞ്ചാർ സാഥി പോർട്ടൽ സന്ദർശിക്കുകയും പ്രതിദിനം ശരാശരി രണ്ട് ലക്ഷം ഉപയോക്താക്കളെന്ന വൻ ജനപ്രീതി നേടുകയും ചെയ്തു. മോഷ്ടിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായ 12.59 ലക്ഷം മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിലും ഈ പോർട്ടൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സൈബർ പ്രതിരോധവും സുരക്ഷയും ഒരു കൂട്ടുത്തരവാദിത്തമാണെന്ന ധാരണ ശക്തിപ്പെടുത്തിക്കൊണ്ട്, തങ്ങളുടെ ഡിജിറ്റൽ അനുഭവങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ പൗരന്മാർക്ക് പോർട്ടൽ ഒരു അവശ്യ ഘടകമായി മാറിയിരിക്കുന്നു. സ്പാം കോളുകൾ, ആവശ്യമില്ലാത്ത എസ്എംഎസ്- ടെലിമാർക്കറ്റിങ് ഭീഷണികൾ എന്നിവ നേരിടാനുള്ള നിർണായക ശ്രമത്തിന്‍റെ ഭാഗമായി, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ പ്രതിരോധ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. നിയമ ലംഘനങ്ങൾ കർശനമായ പിഴകൾക്ക് വിധേയമായിരിക്കും. ഇത് ഡിജിറ്റൽ വിശ്വാസ ലംഘനത്തോടുള്ള വിട്ടു വീഴ്ച്ചയില്ലാത്ത നയത്തെ പ്രതിഫലിപ്പിക്കുന്നു. ഇതുവരെ, വിശ്വാസ്യതയില്ലാത്ത പ്രമോഷണൽ കോളുകളിൽ ഏർപ്പെട്ട 800 സ്ഥാപനങ്ങളേയും വ്യക്തികളേയും ട്രായ് കരിമ്പട്ടികയിൽപ്പെടുത്തി.1.8 ദശലക്ഷത്തിലധികം നമ്പറുകൾ വിച്ഛേദിക്കപ്പെട്ടു. എസ്എംഎസ് തട്ടിപ്പുകൾ തടയുന്നതിലേക്കും നടപടികൾ വ്യാപിച്ചു. ഉപയോഗിക്കാത്തതും സ്ഥിരീകരിക്കാത്തതുമായ 350,000 മെസേജിങ് ഹെഡേഴ്‌സും 1.2 ദശലക്ഷം ഉള്ളടക്ക ടെംപ്ലേറ്റുകളും തടഞ്ഞു. 460 ബാങ്കുകളും നിയമ നിർവ്വഹണ ഏജൻസികളും ഉൾപ്പെടെ 520ലധികം പങ്കാളികളെ ഒന്നിപ്പിക്കുന്ന ഡിജിറ്റൽ ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോം (ഡിഐപി) ആണ് സൈബർ പ്രതിരോധ തന്ത്രത്തിന്‍റെ കാതൽ. ഈ സഹകരണം സൈബർ ഭീഷണികൾക്കെതിരേ തത്സമയ വിവരങ്ങൾ പങ്കുവച്ച് ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ സാധ്യമാക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ, സൈബർ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് ഒരു മുൻകരുതൽ മാത്രമല്ല; നമ്മുടെ രാജ്യത്തിന്‍റെ ഡിജിറ്റൽ ഭാവി സംരക്ഷിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ശക്തമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം, സാങ്കേതിക വിദഗ്ദ്ധരായ യുവജനങ്ങൾ, ശക്തമായ സ്ഥാപന ചട്ടക്കൂടുകൾ എന്നിവയുടെ പിൻബലത്തിൽ ഇന്ത്യ ഡിജിറ്റൽ ആവാസവ്യവസ്ഥയിലെ നേതൃനിരയിൽ സ്ഥാനം പിടിച്ചു. ഈ സങ്കീർണമായ ഭൂമികയിൽ നാം യാത്ര തുടരുമ്പോൾ, സ്ഥായിയായ മെച്ചപ്പെടുത്തലിനും പൊരുത്തപ്പെടുത്തലിനും ഉള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് അനുസൃതമായി പ്രവർത്തിക്കുന്നതിലൂടെ, ഈ ഡിജിറ്റൽ യുഗത്തിൽ ഓരോ പൗരനും സംരക്ഷിക്കപ്പെടുകയും ശാക്തീകരിക്കപ്പെടുകയും അഭിവൃദ്ധി പ്രാപിക്കാൻ സജ്ജമാക്കപ്പെടുകയും ചെയ്യുന്ന സൈബർ സുരക്ഷിത ഇന്ത്യ നാം കെട്ടിപ്പടുക്കും. (വാർത്താവിനിമയ മന്ത്രാലയത്തിന്‍റെയും രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലാ വികസനത്തിന്‍റെയും ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രിയാണ് ലേഖകൻ)

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി