മലക്കപ്പാറ വീരൻകുടിയിലെ വീരന്‍റെ വീട് ആഷിൻ പോൾ
Special Story

നടന്നു തീരാത്ത ദൂരങ്ങൾ| പരമ്പര 3

മലക്കപ്പാറയിലെ വീരൻകുടി ആദിവാസിക്കോളനിയിലെ ജീവിതത്തെക്കുറിച്ച് തയാറാക്കിയ പരമ്പര, അപായച്ചൂരൊഴിയാത്ത ഊര്- ഭാഗം 3

സമുദ്ര നിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ് മലക്കപ്പാറ. അവിടെ നിന്ന് 200 അടിയോളം താഴെ‌ മലക്കപ്പാറ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള ഇടമലയാർ റേഞ്ചിലെ വനത്തിലാണ് വീരൻകുടി കോളനി.

നീതു ചന്ദ്രൻ

""ഒന്നും നടക്കാൻ പോണില്ല... ഒരു സർവേ പോലും നടക്കാതെ എങ്ങനെ റോഡുണ്ടാക്കാനാ....''

മലക്കപ്പാറയിൽ ചെന്നിറങ്ങി വീരൻകുടിയിലേക്കുള്ള വഴി തേടിയപ്പോൾ തന്നെ കൂട്ടം കൂടി നിന്ന ചെറുപ്പക്കാരുടെയുള്ളിലെ നിരാശ വാക്കുകളായി പുറത്തു വന്നു തുടങ്ങിയിരുന്നു. മലക്കപ്പാറയിൽ നിന്ന് അരിയും മറ്റു വസ്തുക്കളും ചാക്കിൽ കെട്ടി തലയിലേറ്റി നടക്കുന്നവർ ഇടയ്ക്കിടെ കടന്നു പോയിക്കൊണ്ടിരുന്നു. കുത്തനെയുള്ള ഇറക്കങ്ങളിൽ പ്രകൃത്യാ ഉള്ള ചുമടുതാങ്ങികളായ പാറക്കെട്ടുകളിൽ ഭാരം ഇറക്കി വച്ച് ഇടയ്ക്കിടെ അവർ വിശ്രമിക്കുന്നുണ്ട്.

കോളനിയിൽ നിന്ന് അടയ്ക്കയും മഞ്ഞളും മറ്റുമായി മല കയറുന്നവരുമായി കുശലപ്രശ്നങ്ങൾ നടത്തി യാത്ര പിന്നെയും തുടർന്നു. സമുദ്ര നിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ് മലക്കപ്പാറ. അവിടെ നിന്ന് 200 അടിയോളം താഴെ‌ മലക്കപ്പാറ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള ഇടമലയാർ റേഞ്ചിലെ വനത്തിലാണ് വീരൻകുടി കോളനി. പക്ഷേ, കോളനിയിലുള്ളവർക്ക് എളുപ്പത്തിൽ സഹായങ്ങൾ ലഭ്യമാക്കുന്നതിന് തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലെ ഒമ്പതാം വാർ‌ഡിലാണ് വീരൻകുടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കരടി, പുലി, ആന തുടങ്ങിയ ജീവികൾ വിഹരിക്കുന്ന കാടാണിത്.

വീരൻ കരിങ്കുഞ്ഞ്
വീരൻ കരിങ്കുഞ്ഞിന്‍റെ ഇരുപതു വർഷം പഴക്കമുള്ള വീട് ഏതാണ്ട് തകർന്നു വീഴാറായ അവസ്ഥയിലാണ്. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽ‌കിയാൽ‌ വീടു ലഭിച്ചേക്കും. പക്ഷേ, ഈ മഴയത്ത് മലയെല്ലാം കയറി മുകളിലെത്തി അപേക്ഷ നൽകാനുള്ള ആരോഗ്യം തനിക്കിപ്പോൾ ഇല്ലെന്ന് വീരൻ.

വീരന്‍റെ ജീവിതം

""വീടെല്ലാം പോയി... ഇനി ഇവിടെ വീടു വേണ്ട, മുകളിലൊരു വീടു പണിഞ്ഞ് മാറണം....''

മഴച്ചാറ്റലടിച്ചു നനയുന്ന ഇറയത്തിരുന്ന് വീരൻ കരിങ്കുഞ്ഞ് കാലിലെ ഉണങ്ങിത്തുടങ്ങിയ മുറിവിൽ വിരലോടിച്ചു. മൂന്നു മാസം മുൻപ് പതിവു പോലെ മലക്കപ്പാറയിൽ നിന്ന് വീരൻകുടിയിലേക്ക് നടക്കുന്നതിനിടെയാണ് വീരൻ കരിങ്കുഞ്ഞിനെ അപ്രതീക്ഷിതമായി കാട്ടുപോത്ത് ആക്രമിച്ചത്. അതോടെ ജീവിതം താളം തെറ്റി. തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ച് ഒടിഞ്ഞ കാലിൽ ശസ്ത്രക്രിയ ചെയ്ത് സ്റ്റീൽ ഇട്ടു. മൂന്നു മാസത്തിനു ശേഷം ഊരിലുള്ളവരുടെ സഹായത്തോടെ ഒരു വിധത്തിൽ കോളനിയിലേക്ക് തന്നെ തിരിച്ചെത്തി. പക്ഷേ, ഇപ്പോഴും വടി കുത്തിപ്പിടിച്ചേ നടക്കാനാകൂ.

കാട്ടു പോത്ത് തട്ടിയിട്ട് ആശുപത്രിയിലായിട്ടും സർക്കാരിൽ നിന്ന് ഇതു വരെ പെൻഷൻ അല്ലാതെ വേറൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലന്ന് വിജി.

""അച്ഛന് ഇപ്പോഴും കൈയ്ക്കും കാലിനുമൊക്കെ വേദനയുണ്ട്. പക്ഷേ, ഡോക്റ്ററെ കാണിക്കൽ എളുപ്പമല്ലാത്തതു കൊണ്ട് സഹിച്ചു കഴിയാണ്. ഇനി സ്റ്റീൽ എടുത്തു കളയാൻ ഒരു തവണ കൂടി പോണം'', വിജി പറയുന്നു.

വീരൻ കരിങ്കുഞ്ഞിന്‍റെ ഇരുപതു വർഷം പഴക്കമുള്ള വീട് ഏതാണ്ട് തകർന്നു വീഴാറായ അവസ്ഥയിലാണ്. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽ‌കിയാൽ‌ വീടു ലഭിച്ചേക്കും. പക്ഷേ, ഈ മഴയത്ത് മലയെല്ലാം കയറി മുകളിലെത്തി അപേക്ഷ നൽകാനുള്ള ആരോഗ്യം തനിക്കിപ്പോൾ ഇല്ലെന്ന് വീരൻ.

75 വയസ്സുണ്ട് വീരന്. ആരോഗ്യപ്രശ്നമില്ലാതിരുന്ന കാലത്തെല്ലാം വീരനായിരുന്നു തനിക്കും ഭാര്യ കമലമ്മയ്ക്കുമുള്ള അരിയും മറ്റ് അവശ്യ വസ്തുക്കളും മലക്കപ്പാറയിൽ പോയി വാങ്ങി വന്നിരുന്നത്. വീരൻ വീണതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായി. രക്തസമ്മർദം അലട്ടുന്ന കമലമ്മയ്ക്ക് ഇത്ര ദൂരം നടക്കാനുള്ള ആരോഗ്യമില്ല. അടുത്തു തന്നെ മാറിത്താമസിക്കുന്ന പെൺമക്കളുടെ റേഷൻ കാർഡിൽ നിന്നുള്ള ഒരോഹരിയാണ് വീരനും ഭാര്യയ്ക്കും ഇപ്പോൾ അന്നമാകുന്നത്.

വീരൻ കുടിയിലേക്ക് തലച്ചുമടുമായി നടക്കുന്ന കോളനി നിവാസി
കപ്പായക്കുടിയിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ട്രൈബൽ വകുപ്പ് ഒരു ആംബുലൻസ് നൽകിയിരുന്നു. പക്ഷേ, പെട്രോൾ ഇല്ല, ഡ്രൈവർ ഇല്ല, വ‍ണ്ടി കേടാണ് എന്നൊക്കെ പറഞ്ഞ് പലപ്പോഴും വേണ്ട സമയത്ത് ആംബുലൻസ് കിട്ടാറില്ലെന്ന് കോളനിയിലുള്ളവർ പറയുന്നു.

സർക്കാർകാര്യം മുറപോലെ...!

കപ്പായക്കുടിയിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ട്രൈബൽ വകുപ്പ് ഒരു ആംബുലൻസ് നൽകിയിരുന്നു. പക്ഷേ, പെട്രോൾ ഇല്ല, ഡ്രൈവർ ഇല്ല, വ‍ണ്ടി കേടാണ് എന്നൊക്കെ പറഞ്ഞ് പലപ്പോഴും വേണ്ട സമയത്ത് ആംബുലൻസ് കിട്ടാറില്ലെന്ന് കോളനിയിലുള്ളവർ പറയുന്നു. കുറച്ചു കാലം മുൻപു വരെ മുളങ്കാലുകളിൽ തുണി കെട്ടി അതിൽ കിടത്തിയാണു രോഗികളെ മലക്കപ്പാറ വരെ എത്തിച്ചിരുന്നതെന്ന് മൂപ്പൻ അനിൽ രാഘവൻ. കോളനിയിലെ ദുരിതം അറിഞ്ഞ് എംപിയായിരിക്കുമ്പോൾ സുരേഷ് ഗോപി സ്ട്രെച്ചർ അനുവദിച്ചതോടെ മുളങ്കാലുകൾക്കു പകരം സ്ട്രെച്ചറിൽ രോഗിയെ കിടത്തിക്കൊണ്ടുപോകാം എന്നൊരു മാറ്റം മാത്രം.

അടുത്തിടെ കോളനിയിൽ പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടു പോകേണ്ടിവന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അന്നു പൊള്ളലേറ്റ സ്ത്രീ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. പൊന്നുച്ചാമിയുടെ മകൾ രാധികയ്ക്കാണ് ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റത്. അതിനു ശേഷം വീരൻകുടിയിലുള്ളവരെ ഞണ്ടുതുട്ടൽ പാറയിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും, 8.7 ഏക്കർ ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും, പാത നിർമിക്കാൻ സൈനിക എൻജിനീയറിങ് വിഭാഗത്തിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും മറ്റുമായി പ്രഖ്യാപനങ്ങൾ പലതു വന്നു. പക്ഷേ, നടപടികൾ ഇപ്പോഴും കടലാസിൽ തന്നെ കുരുങ്ങിക്കിടക്കുന്നു. സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയും അപേക്ഷകൾ നൽകിയും മടുത്തുവെന്ന് ഊരു മൂപ്പൻ അനിൽ രാഘവൻ പറയുന്നു.

ഊരു മൂപ്പൻ അനിൽ രാഘവൻ

ഇവിടെ ഇപ്പോ ആകെ പറയാനുള്ളത് കറന്‍റ് ലൈൻ വലിച്ചിട്ടുണ്ടെന്നുള്ളതാണ്. അതിലും വല്യ കാര്യമൊന്നുമില്ല. മിക്കവാറും സമയത്തും കറന്‍റ് ഉണ്ടാകില്ല. വിളക്കു കത്തിക്കാനുള്ള മണെണ്ണ പോലും വേണ്ടത്ര കിട്ടുന്നുമില്ല. അരേകാപ്പിലേക്കിലുള്ള വഴിയെങ്കിലും ശരിയാക്കിയാൽ അത്രയും ആശ്വാസമാകുമെന്ന് മൂപ്പൻ.

(സ്വന്തം വീട്ടിൽനിന്ന് പഠിക്കാനുള്ള സാഹചര്യം വീരൻകുടിയിലെ കുട്ടികൾക്കില്ല. അതുകൊണ്ടു തന്നെ പഠനം പാതിവഴിക്കു മുടങ്ങുന്നതും പതിവ്. അതെക്കുറിച്ച് അടുത്ത ഭാഗത്തിൽ....)

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം