വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പു മുൻനിർത്തി ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യം രൂപീകരിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാകേണ്ട സമയത്ത് രാഷ്ട്രീയ തന്ത്രങ്ങളുടെ ആചാര്യനായ ശരദ് പവാർ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ ചില സിഗ്നലുകൾ നൽകുന്നതിനെക്കുറിച്ച് ഇതേ കോളത്തിൽ പരാമർശിച്ചത് മൂന്നാഴ്ച മുൻപാണ്. ബിജെപിക്ക് അനുകൂലമാവുന്ന തരത്തിലുള്ള ചില നിലപാടുകൾ അദ്ദേഹത്തിൽനിന്നുണ്ടായതാണ് "പവാറിന്റെ മനസിലെന്ത്' എന്ന തലക്കെട്ടിൽ വിശദീകരിച്ചത്. അദാനി വിഷയത്തിൽ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെട്ടപ്പോൾ പവാർ അതിനോട് ആദ്യം എതിർപ്പു പ്രകടിപ്പിച്ചു. അദാനിക്കെതിരേ രാഹുൽ ഗാന്ധി ആരോപണ ശരങ്ങളുതിർക്കുമ്പോൾ ഇന്ത്യൻ ബിസിനസ് പ്രമുഖൻ രാജ്യത്തിനു നൽകിയ സംഭാവനകൾ ഓർമിപ്പിക്കുകയായിരുന്നു പവാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച് പ്രതിപക്ഷ നിലപാടിനെതിരേയും അദ്ദേഹം രംഗത്തുവന്നു. രാജ്യം തൊഴിലില്ലായ്മയും പണപ്പെരുപ്പവും പോലുള്ള ഭീഷണികൾ നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയാണോ ചർച്ചയാവേണ്ടത് എന്നതായിരുന്നു ചോദ്യം. മാപ്പു പറയാൻ ഞാൻ സവർക്കറല്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ അതിനോടും പവാർ പരസ്യമായി വിയോജിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സവർക്കർ ചെയ്ത ത്യാഗം അവഗണിക്കാനാവില്ലെന്നായിരുന്നു വാദം. ഇതിനൊക്കെ പുറമേയാണ് അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന നാഗാലാൻഡിൽ എന്‍ഡിപിപി- ബിജെപി സർക്കാരിന് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചതും.
പ്രതിപക്ഷ ഐക്യത്തിന് പല ഭാഗത്തുനിന്നായി പല നേതാക്കൾ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഐക്യ നീക്കങ്ങളുടെ ചുക്കാൻ പിടിക്കേണ്ട നേതാവ് എന്നു പലരും കരുതുന്ന പവാർ വ്യത്യസ്തമായ നിലപാടുകളോടെ ആശയക്കുഴപ്പമുണ്ടാക്കിയത്. ഇപ്പോഴിതാ ആരും പ്രതീക്ഷിക്കാത്ത മറ്റൊരു നീക്കം കൂടി അദ്ദേഹത്തിൽ നിന്നുണ്ടായിരിക്കുന്നു. എന്‍സിപി അധ്യക്ഷസ്ഥാനം രാജിവച്ചുകൊണ്ടാണത്. ഏതാണ്ട് രണ്ടരപതിറ്റാണ്ടു മുൻപ് താൻ തന്നെ മുൻകൈയെടുത്ത് രൂപവത്കരിച്ച പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തുനിന്ന് നിർണായകമായൊരു സമയത്ത് പവാർ ഇറങ്ങിപ്പോവുന്നു എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. പവാർ തന്നെ വിവരിച്ചതുപോലെ 1960 മേയ് ഒന്നിന് ആരംഭിച്ച പൊതുജീവിതം ആറു പതിറ്റാണ്ടിലേറെ പിന്നിട്ട് എൺപത്തിമൂന്നാം വയസിൽ എത്തിനിൽക്കുമ്പോഴാണ് അദ്ദേഹം ഒരു ചുവട് പിന്മാറുന്നത്. അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് പാർട്ടി ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും തനിക്ക് ഏതാനും ദിവസത്തെ സമയം വേണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നീട് അദ്ദേഹത്തിൽ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ലെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ പവാർ തന്നെ പ്രഖ്യാപിച്ച പാർട്ടി നേതാക്കളുടെ സമിതി ഇന്നു മുംബൈയിൽ യോഗം ചേരുകയാണ്. ഇനിയില്ലെന്ന തീരുമാനത്തിൽ പവാർ ഉറച്ചുനിന്നാൽ അദ്ദേഹത്തിന്റെ മകളും എംപിയുമായ സുപ്രിയ സുലെ പാർട്ടി ദേശീയ അധ്യക്ഷയാവുമെന്നാണു ഊഹാപോഹങ്ങൾ. അങ്ങനെയാണെങ്കിൽ ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിന് സംസ്ഥാനത്തെ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. അങ്ങനെയാണോ സംഭവിക്കുന്നത്, അതോ അജിത് പവാർ പാർട്ടി പിടിക്കുമോ, ഇരുവർക്കും സ്വീകാര്യനായ മറ്റൊരു നേതാവ് തലപ്പത്തു വരുമോ, വർക്കിങ് പ്രസിഡന്റ് എന്നൊക്കെ പറഞ്ഞു കേൾക്കുന്ന സംവിധാനങ്ങൾ ഉണ്ടാകുമോ എന്നൊക്കെ അറിയാനിരിക്കുകയാണ്. എൻസിപിയുടെ ഭാവി സംബന്ധിച്ച നിർണായക മണിക്കൂറുകളാണ് ഇതെന്നർഥം.
നേരത്തേ, പാർട്ടി പിളർത്താനും ഗണ്യമായ ഒരു വിഭാഗത്തെയും കൊണ്ട് ബിജെപിക്കൊപ്പം ചേരാനും അജിത് പവാർ പദ്ധതിയിട്ടു എന്നു ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. പാർട്ടിയിലെ അട്ടിമറി നീക്കം തടയാനുള്ള തന്ത്രമായാണ് പവാർ അധ്യക്ഷസ്ഥാനത്തുനിന്നു രാജിവച്ചത് എന്നു ചില നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുപ്രിയ സുലെ അധ്യക്ഷസ്ഥാനത്ത് എത്തിയാലും പവാറിന് എന്‍സിപിയെ നിയന്ത്രിക്കാനാവും. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മഹാരാഷ്ട്രയിലും തനിക്ക് അനുകൂലമായ രാഷ്ട്രീയ നീക്കങ്ങൾ നടത്താനും അതുവഴി അദ്ദേഹത്തിനു കഴിയും. അജിത് പവാർ പാർട്ടിയിലെ നല്ലൊരു വിഭാഗത്തെ അടർത്തിയെടുത്ത് സംസ്ഥാന ഭരണത്തിന്റെ ഭാഗമായി മാറിയാൽ പിന്നെ എന്‍സിപിയെ തിരിച്ചുപിടിക്കാൻ സുപ്രിയയ്ക്കു കഴിയണമെന്നില്ല. പവാറിന്റെ പെട്ടെന്നുള്ള രാജിയിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ഒന്നാകെ അമ്പരന്നിരിക്കുകയാണ്. എല്ലാവരും പവാറിനു പിന്തുണ പ്രഖ്യാപിക്കുന്നു. അതു സുപ്രിയയ്ക്കുള്ള പിന്തുണ കൂടിയായി മാറുമെന്നാണു നിഗമനം. അതുകൊണ്ടു തന്നെ ഇപ്പോഴൊരു പിളർപ്പുണ്ടാക്കാൻ അജിത് പവാറിനു കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടുത്തവർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുമ്പോൾ എൻസിപിയുടെ താക്കോൽ ഭദ്രമായി കൈയിലുണ്ടാവുക പവാറിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. തെരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷത്തിനു പൊതു സ്വീകാര്യനായ നേതാവ് എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ സുപ്രധാനമായ പങ്കു വഹിക്കാൻ പവാറിനു കഴിയും. ബിജെപിക്കു ഭൂരിപക്ഷമില്ലാത്ത ഒരു സാഹചര്യം വന്നാൽ പിന്തുണയ്ക്കായി അവർ ഉറ്റുനോക്കാവുന്ന നേതാക്കളിൽ പ്രമുഖനും പവാർ ആയിക്കൂടെന്നില്ല. ഒരിക്കലും ഒന്നിച്ചു നിൽക്കാനാവില്ലെന്ന് രാഷ്ട്രീയ പണ്ഡിതർ കരുതിയിരുന്ന ഉദ്ധവ് താക്കറെയുടെ ശിവസേനയെയും കോൺഗ്രസിനെയും എന്‍സിപിയുടെ കുടക്കീഴിലുള്ള സഖ്യത്തിൽ കൊണ്ടുവന്ന പ്രായോഗിക രാഷ്ട്രീയ തന്ത്രശാലിയാണ് അദ്ദേഹം. ഏതു കക്ഷിയുമായും സൗഹൃദം സ്ഥാപിക്കാൻ പവാറിന്റെ സുദീർഘമായ അനുഭവപരിചയം ഉപകരിക്കും.
യുത്ത് കോൺഗ്രസിലെ തിളക്കമാർന്ന പ്രകടനത്തിലൂടെ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച പവാർ ഇരുപത്തേഴാം വയസിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയതാണ്. പിന്നീട് തുടർച്ചയായി ശരദ് പവാറും അതു കഴിഞ്ഞ് അജിത് പവാറുമാണ് ബരാമതിയുടെ എംഎൽഎ. ബരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് പല തവണ ശരദ് പവാർ പാർലമെന്റിലുമെത്തി. മകൾ സുപ്രിയ സുലെയാണ് ഇപ്പോൾ ബരാമതിയുടെ എംപി. നാലു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി, നിയമസഭയിലെ പ്രതിപക്ഷ നേതാവായി, നരസിംഹ റാവു സർക്കാരിൽ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി, ലോക്സഭയിലെ പ്രതിപക്ഷ നേതാവായി, മൻമോഹൻ സിങ്ങിന്റെ യുപിഎ സർക്കാരിൽ കേന്ദ്ര കൃഷി മന്ത്രിയായി.... ഇപ്പോഴും രാജ്യസഭാംഗമായ ശരദ് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ അകന്നുനിന്നത് പ്രധാനമന്ത്രിക്കസേര മാത്രമാണ്. അതിനുള്ള സാധ്യതകൾ എന്തെങ്കിലുമുണ്ടോ എന്നതിൽക്കവിഞ്ഞൊരു രാഷ്ട്രീയ അധികാര താത്പര്യം അദ്ദേഹത്തിനുണ്ടാവുമെന്ന് കരുതേണ്ടതില്ല. പിന്നെയുള്ളത് എൻസിപിയുടെ നിയന്ത്രണം മകളുടെ കൈവശം ഉറപ്പിക്കണം എന്നതാവും.