അന്നു സുഷമ, ഇന്ന് അതിഷി 
Special Story

അന്നു സുഷമ, ഇന്ന് അതിഷി

കെജരിവാളിന്‍റെ ഈ രാഷ്‌ട്രീയ പരീക്ഷണം ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് അഞ്ചു മാസത്തിനിടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അറിയാം.

സുഷമ സ്വരാജാണ് ഡൽഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി. ദേശീയ രാഷ്‌ട്രീയത്തിലെ പോരാട്ടങ്ങൾക്കിടെയാണ് ഏതാനും മാസം മാത്രം സുഷമ മുഖ്യമന്ത്രിസ്ഥാനത്തിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടടുത്തുവച്ച് നിലവിലുള്ള മുഖ്യമന്ത്രിയെ മാറ്റി സുഷമയെ കൊണ്ടുവന്ന് അധികാരം തിരിച്ചുപിടിക്കാൻ കഴിയുമോയെന്നു പരീക്ഷിക്കുകയായിരുന്നു 26 വർഷം മുൻപ് ബിജെപി. ഫലമുണ്ടായില്ല എന്നു മാത്രമല്ല ആ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. ഡൽഹിക്കു രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയെയും കിട്ടി- കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്. പിന്നീട് 15 വർഷമാണ് അവർ ഡൽഹി ഭരിച്ചത്. ഡൽഹിയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയാണവർ.

കോൺഗ്രസിനു തുടർച്ചയായി മൂന്നു നിയമസഭാ തെരഞ്ഞെടുപ്പു വിജയങ്ങൾ ഷീല സമ്മാനിച്ചു. തുടർന്നാണ് ആദ്യം കോൺഗ്രസിന്‍റെ പിന്തുണയോടെയും പിന്നീട് ഒറ്റയ്ക്കും അരവിന്ദ് കെജരിവാൾ ഡൽഹി മുഖ്യമന്ത്രിയാവുന്നത്. ആം ആദ്മി പാർട്ടിയുടെ അവിശ്വസനീയമായ രാഷ്‌ട്രീയ ജൈത്രയാത്ര ഷീല ദീക്ഷിത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലെടുത്തുകൊണ്ടാണ് ആരംഭിക്കുന്നത്. ഇപ്പോൾ കെജരിവാൾ സർക്കാരിനെതിരേ ജനവികാരം ഉയരുമോ എന്ന സംശയം ദുരീകരിക്കാൻ എഎപി കണ്ടെത്തിയ മാർഗവും ഒരു വനിതാ മുഖ്യമന്ത്രി എന്നതിലാണ്. അങ്ങനെ നാൽപ്പത്തിമൂന്നുകാരിയായ അതിഷി സംസ്ഥാന മന്ത്രിയെന്ന നിലയിൽ നിന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കു കയറുന്നു. കെജരിവാളിന്‍റെ ഈ രാഷ്‌ട്രീയ പരീക്ഷണം ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് അഞ്ചു മാസത്തിനിടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അറിയാം.

തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കുറച്ചു നാളുകൾ മാത്രം ഭരിച്ച മുഖ്യമന്ത്രിമാർ എന്ന പ്രത്യേകത സുഷമയ്ക്കും അതിഷിക്കും പൊതുവായ ഘടകമാവും. സുഷമക്ക് പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കാനാവാതെ പോയതിന് അന്നത്തെ ഡൽഹി ബിജെപിയിലെ പടലപ്പിണക്കങ്ങളും കാരണമായിട്ടുണ്ട്. എഎപിയിൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാവുമെന്നു കരുതുന്നില്ല. എല്ലാം തീരുമാനിക്കുന്നതു കെജരിവാൾ ആയതുകൊണ്ട് അതിഷിയുടെ തലവേദനകളും കുറയും. എങ്കിലും പാർട്ടിക്കും നേതാക്കൾക്കും എതിരേ ഉയർന്ന അഴിമതിയാരോപണങ്ങൾ അടക്കം മറികടക്കേണ്ടതുണ്ട്. അതിഷിയുടെ പ്രതിച്ഛായ അതിനു സഹായിക്കുമെന്നാണു കെജരിവാൾ പ്രതീക്ഷിക്കുന്നത്.

ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ നേതാവാകും അതിഷി. ആദ്യ മുഖ്യമന്ത്രിയായിരുന്ന ബ്രഹ്മ പ്രകാശ് യാദവ് മുപ്പത്തിനാലാം വയസിലാണ് അധികാരത്തിലെത്തിയത്. രണ്ടാം സ്ഥാനത്ത് ഇപ്പോഴുള്ളത് കെജരിവാളാണ്. നാൽപ്പത്തഞ്ചാം വയസിൽ അദ്ദേഹം മുഖ്യമന്ത്രിയായി. എഎപിയുടെ രാഷ്‌ട്രീയകാര്യ സമിതി അംഗമായ അതിഷി കെജരിവാൾ സർക്കാരിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സംസ്കാരം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്നു. മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ ഉപദേശകയുമായിരുന്നു. പ്രത്യേകിച്ച് വിദ്യാഭ്യാസ നയകാര്യങ്ങളിൽ അതിഷിയുടെ ഉപദേശം സിസോദിയയെ സഹായിച്ചിട്ടുണ്ട്.

ഡൽഹിക്കു പുറമേ ഓക്സ്ഫോഡിലും വിദ്യാഭ്യാസം നേടിയിട്ടുള്ള അതിഷിയുടെ മാതാപിതാക്കൾ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർമാരായിരുന്നു. ആന്ധ്രപ്രദേശിൽ അധ്യാപികയായി ജോലി ചെയ്ത ശേഷമാണ് അതിഷി 2013ൽ എഎപി രാഷ്‌ട്രീയത്തിലെത്തുന്നത്. 2015ൽ അന്നത്തെ ഉപമുഖ്യമന്ത്രിയുടെ അഡ്വൈസറാവുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹിയിൽ മത്സരിച്ച അതിഷി ബിജെപി സ്ഥാനാർഥിയായിരുന്ന ഗൗതം ഗംഭീറിനോട് പരാജയപ്പെട്ടു. എന്നാൽ, തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ സംസ്ഥാന രാഷ്‌ട്രീയത്തിൽ നിറഞ്ഞു. മദ്യ അഴിമതി ആരോപണത്തിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായ സിസോദിയ മന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് 2023 മാർച്ചിൽ അതിഷി സംസ്ഥാന മന്ത്രിസഭയിലെത്തുന്നത്. സിസോദിയയും കെജരിവാളും ജയിലിലായിരുന്ന അവസരത്തിൽ ഏറ്റവും ശ്രദ്ധ നേടിയ എഎപി നേതാവായി അതിഷി മാറി. കെജരിവാളിനെപ്പോലെ സിസോദിയയും ജയിൽ മുക്തനായിട്ടുണ്ട്. താനും സിസോദിയയും ജനപിന്തുണ നേടിയേ ഇനി അധികാരത്തിൽ തിരിച്ചുവരൂ എന്നാണു കെജരിവാളിന്‍റെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ തങ്ങളെ രാഷ്‌ട്രീയമായി ഇല്ലാതാക്കാനാണ് മദ്യ അഴിമതിക്കേസിൽ കുടുക്കിയതെന്ന് കെജരിവാൾ അവകാശപ്പെടുന്നു.

തനിക്കും സർക്കാരിനുമെതിരേ പതിഞ്ഞ അഴിമതിയുടെ ലേബൽ അടർത്തിയെറിയാനും ഭരണവിരുദ്ധ വികാരം മറികടക്കാനും വോട്ടർമാരുടെ സഹതാപം പിടിച്ചുപറ്റാനും ഏറ്റവും നല്ല മാർഗം മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറിനിൽക്കുകയാണെന്നു കണക്കുകൂട്ടിയാണ് കെജരിവാളിന്‍റെ ഇപ്പോഴത്തെ നീക്കങ്ങൾ. ജയിലിൽ കിടക്കുന്ന സമയത്തൊന്നും രാജിവയ്ക്കാതിരുന്ന മുഖ്യമന്ത്രി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ രാജിയും പ്രഖ്യാപിക്കുകയായിരുന്നു. ജനങ്ങളുടെ അംഗീകാരം നേടിയേ ഇനി തിരിച്ചുവരൂ എന്നു വ്യക്തമാക്കുകയും ചെയ്തു. കർശന വ്യവസ്ഥകളോടെയാണ് സുപ്രീം കോടതി കെജരിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ പോകാനോ ഫയലുകളിൽ ഒപ്പുവയ്ക്കാനോ കഴിയില്ല. തെരഞ്ഞെടുപ്പിനു മുൻപ് കൂടുതൽ ജനപ്രിയ തീരുമാനങ്ങൾ നടപ്പാക്കാൻ അതുകൊണ്ടുതന്നെ കെജരിവാളിനു പരിമിതിയുണ്ട്. എന്നാൽ, പുതിയ മുഖ്യമന്ത്രി വരുന്നതോടെ അതെല്ലാം ഒഴിവാകുകയാണ്. വരും ദിവസങ്ങളിൽ അതിഷിയുടെ സർക്കാർ പല പുതിയ പ്രഖ്യാപനങ്ങളും നടത്തിയേക്കാം. മുഖ്യമന്ത്രി മാറിയതുകൊണ്ട് ജനവിരുദ്ധ സർക്കാരിനു വോട്ടർമാർ പിന്തുണ നൽകില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അഴിമതിക്കെതിരേ പോരാടുന്നതിന് പാർട്ടി രൂപീകരിച്ചവർ അഴിമതിയിൽ മുങ്ങിക്കുളിച്ചവരാണെന്ന് ബിജെപി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും അഴിമതി തെരഞ്ഞെടുപ്പിൽ വിഷയമായി ഉണ്ടാവും.

സുഷമ സ്വരാജ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനുണ്ടായ സാഹചര്യത്തിലേക്കു തിരിച്ചുവരാം. ഡൽഹിയിലെ ബിജെപിയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച മദൻ ലാൽ ഖുറാന 1996ൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവരുന്നത് ജയിൻ ഹവാല അഴിമതിക്കേസിനെത്തുടർന്നാണ്. പകരം മുഖ്യമന്ത്രിയായത് സാഹിബ് സിങ് വർമ. ഉള്ളിവില കുതിച്ചുക‍യറിയതടക്കം പ്രശ്നങ്ങൾ സാഹിബ് സിങ്ങിന്‍റെ സർക്കാരിനെ ജനപ്രിയമല്ലാതാക്കി. പാർട്ടി നേതാക്കൾക്കിടയിലെ അസ്വാരസ്യങ്ങളും ബിജെപിയെ തളർത്തുന്നതായി. ഈ അവസരത്തിലാണ് മുഖം മിനുക്കാൻ സുഷമ സ്വരാജിനെ കൊണ്ടുവരുന്നത്. വിലക്ക‍യറ്റം പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിക്കുകയും ഉള്ളി വിതരണത്തിനു വാനുകൾ ഏർപ്പെടുത്തുകയും ചെയ്തതടക്കം നടപടികൾ സുഷമയിൽ നിന്നുണ്ടായി. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയായിരുന്നു ഫലം. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഗംഭീര വിജയം നേടുമ്പോഴും പിന്നീട് ഇതുവരെ ഡൽഹി ഭരിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ല. അധികാരം തിരിച്ചുപിടിക്കാനുള്ള അവരുടെ ശ്രമങ്ങളെ അതിഷിയുടെ സർക്കാർ എങ്ങനെ പ്രതിരോധിക്കുമെന്ന് കണ്ടറിയണം.

യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മൂന്നു പേർ അറസ്റ്റിൽ

കേരളത്തിൽ ശക്തമായ മഴ തുടരും

റേഷൻ വ്യാപാരികൾ കടകളടച്ച് സമരം ചെയ്യും

യുപിയിലെ ആശുപത്രിയിൽ തീപിടിത്തം; 10 കുട്ടികൾ വെന്തുമരിച്ചു

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1, വിജയം 135 റൺസിന്