എയർബസ്-ടാറ്റ പങ്കാളിത്തം പ്രചോദനത്തിന്‍റെ വഴിവിളക്ക് 
Special Story

എയർബസ്-ടാറ്റ പങ്കാളിത്തം പ്രചോദനത്തിന്‍റെ വഴിവിളക്ക്

സെന്‍റർ ഫോർ എയർ പവർ സ്റ്റഡീസ് അഡീഷണൽ ഡയറക്‌റ്റർ ജനറൽ എ.വി.എം. അനിൽ ഗോലാനി

വ്യോമസേനയുടെ കാലഹരണപ്പെട്ട അവ്രോ വിമാനങ്ങൾക്കു പകരമായി 56 സി-295 ഗതാഗത വിമാനങ്ങള്‍ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം 2021 സെപ്റ്റംബറില്‍ 21,935 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായുള്ള കരാർ പ്രകാരം കൈമാറേണ്ട ആദ്യ 16 വിമാനങ്ങൾ സ്പെയിനിലെ സെവില്ലെയിലെ അന്തിമ അസംബ്ലി ലൈനില്‍ നിർമിച്ച് നൽകും. തുടര്‍ന്നുള്ള 40 വിമാനങ്ങള്‍ ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള വ്യാവസായിക പങ്കാളിത്തത്തിനു കീഴില്‍ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എല്‍) ഇന്ത്യയില്‍ നിർമിച്ച് അസംബിള്‍ ചെയ്യും. ഇന്ത്യയില്‍ ഗതാഗത വിമാനങ്ങൾ നിര്‍മിക്കുന്നതിനുള്ള ഇത്തരത്തിലുള്ള ആദ്യ സഹകരണമാണിത്.

ഗുജറാത്തിലെ വഡോദരയില്‍ ടിഎഎസ്എല്‍ ഫൈനല്‍ അസംബ്ലി ലൈന്‍ കേന്ദ്രത്തിന് 2022 ഒക്‌റ്റോബര്‍ 30നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. 2023 സെപ്റ്റംബര്‍ 13ന് സ്‌പെയിനിലെ സെവില്ലെയില്‍ പ്രവർത്തനസജ്ജമായ ആദ്യ വിമാനം അന്നത്തെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആർ. ചൗധരിക്ക് കൈമാറി. ഇതിനകം ആറ് സി-295 വിമാനങ്ങള്‍ പറത്തുന്ന, വഡോദര ആസ്ഥാനമായുള്ള "റൈനോസ്' എന്നറിയപ്പെടുന്ന വ്യോമസേനയുടെ 11 സ്‌ക്വാഡ്രനെ 2023 സെപ്റ്റംബര്‍ 25ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഹിൻഡൻ വ്യോമസേനാ സ്റ്റേഷനില്‍ ഔദ്യോഗികമായി വ്യോമസേനയില്‍ ഉള്‍പ്പെടുത്തി.

9.5 ടണ്‍ വിക്ഷേപണ ഭാരവും 70 യാത്രക്കാരെയും 49 പാരാ ട്രൂപ്പറുകളെയും വഹിക്കാനുള്ള കഴിവും ഇതിനകം തെളിയിക്കപ്പെട്ട പ്രവർത്തന വിജയവുമുള്ള ബഹുമുഖ സൈനിക ഗതാഗത വിമാനമായ സി-295 വ്യോമസേനയുടെ ശേഷിക്ക് വളരെയധികം ഉത്തേജനം നല്‍കും. രാപകൽ ഭേദമെന്യേ ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കാൻ കഴിയുന്ന ഈ വിമാനം ലോകമെമ്പാടും വിവിധ വ്യോമസേനകള്‍ ഉപയോഗിക്കുന്നു. സൈനിക നീക്കം, എയര്‍ ലോജിസ്റ്റിക്‌സ്, പാരാ ട്രൂപ്പിങ്, മെഡിക്കല്‍ രക്ഷാപ്രവർത്തനം, തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, സമുദ്രനിരീക്ഷണം, അന്തര്‍വാഹിനികൾക്കെതിരേ പോരാടൽ, പരിസ്ഥിതി നിരീക്ഷണം, അതിര്‍ത്തി നിരീക്ഷണം, വാട്ടര്‍ ബോംബര്‍, വ്യോമ മാര്‍ഗമുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് എന്നിവയുള്‍പ്പെടെ നിരവധി കഴിവുകളുമായാണ് എയര്‍ബസ് സി -295 വരുന്നത്.

സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വഡോദരയിലെ ടിഎസിഎൽ നിർമാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സൈനിക വിമാന നിര്‍മാണ കേന്ദ്രമാണിത്. "ഇന്ത്യയില്‍ നിര്‍മിച്ച' ആദ്യ സി -295 വിമാനം 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങും. അവസാന വിമാനം 2031 ഓഗസ്റ്റോടെ ഇന്ത്യക്കു കൈമാറുമെന്നാണു പ്രതീക്ഷ. ഈ പദ്ധതി ഇന്ത്യയിലെ എയ്റോസ്പേസ് ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായ പ്രചോദനം നല്‍കും. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നിരവധി ചെറുകിട- ഇടത്തരം- സൂക്ഷ്മ (എംഎസ്എംഇ) വ്യവസായ സ്ഥാപനങ്ങള്‍ വിമാന ഭാഗങ്ങള്‍ നിര്‍മിക്കുന്നതില്‍ പങ്കാളികളാകും. മൊത്തം 33 എംഎസ്എംഇകളെ എയർബസ് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാന ഘടകങ്ങളുടെ ഉത്പാദനം ഹൈദരാബാദിലെ പ്രധാന ഘടക കേന്ദ്രത്തിൽ ഇതിനകം ആരംഭിച്ചു. ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡും (ബിഇഎൽ) ഭാരത് ഡൈനാമിക്സ് ലിമിറ്റഡും നൽകുന്ന ഇലക്‌ട്രോണിക് യുദ്ധ (ഇഡബ്ല്യു) സംവിധാനങ്ങൾ ഇതിനകം വിമാനത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, കരാർ ചർച്ചകളിലും അന്തിമ രൂപീകരണത്തിലും നീണ്ട കാലതാമസം വരുന്നതിനാൽ ഇവ നവീകരിക്കേണ്ടതുണ്ട്. കൂടാതെ തദ്ദേശീയ ഇലക്‌ട്രോണിക് യുദ്ധ സംവിധാനങ്ങളുടെ പ്രാധാന്യത്തിന് അമിതമായി ഊന്നൽ നൽകാനും കഴിയില്ല.

എയ്‌റോസ്പേസ് മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഈ പരിപാടി ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിലെ എയ്റോസ്പേസ്- പ്രതിരോധ മേഖലകളിൽ 42.5 ലക്ഷത്തിലധികം തൊഴിൽ മണിക്കൂറുകളുള്ള, ഉയർന്ന വൈദഗ്‌ധ്യംവേണ്ട, 600 തൊഴിലവസരങ്ങൾ നേരിട്ടും 3,000ത്തിലധികം തൊഴിലവസരങ്ങൾ പരോക്ഷമായും 3,000 ഇടത്തരം തൊഴിലവസരങ്ങളും ഈ പരിപാടി സൃഷ്‌ടിക്കും. മറ്റ് ഒഇഎമ്മുകളിൽ നിന്ന് എയർബസ് വാങ്ങുന്ന എയ്റോ എൻജിനും ഏവിയോണിക്‌സും ഒഴികെ, മറ്റ് ഘടനാപരമായ ഭാഗങ്ങൾ കൂടുതലും ഇന്ത്യയിൽ നിർമിക്കും. ഒരു വിമാനത്തിൽ ഉപയോഗിക്കുന്ന 14,000 ഭാഗങ്ങളിൽ 13,000 എണ്ണം അസംസ്കൃത വസ്തുക്കളിൽ നിന്ന് ഇന്ത്യയിൽ നിർമിക്കും. എന്നിരുന്നാലും, ടിഎസിഎൽ സമയബന്ധിതമായി 40 വിമാനങ്ങൾ നിർമിക്കുന്നതിലായിരിക്കും യഥാർഥ പരീക്ഷണം. ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നയിക്കുന്നത് എയർബസാണ്; ടിഎസിഎൽ നിർവഹണവും നടത്തുന്നു. ഇന്ത്യൻ എയ്റോസ്പേസ് ആവാസവ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കാനും പുരോഗതി ആർജിക്കാനും പ്രാദേശിക ഉത്പാദനം, ഗുണനിലവാര നിയന്ത്രണം, ഭാവി അംഗീകാരം, തദ്ദേശീയ പരിശോധന, വിലയിരുത്തൽ എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം.

കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ ഗവൺമെന്‍റിന്‍റെ സുസ്ഥിരമായ ശ്രമങ്ങൾ പ്രതിരോധ മേഖലയുടെ കുതിച്ചുചാട്ടത്തിന് സഹായകമായി. 43,726 കോടി രൂപയിൽ നിന്ന് 1,27,265 കോടി രൂപയായി വളർന്ന പ്രതിരോധ ഉത്പാദന കണക്കുകളിൽ ഇത് പ്രതിഫലിക്കുന്നു. ഇതിൽ 21 ശതമാനവും സ്വകാര്യ മേഖലയുടെ സംഭാവനയാണ്. 10 വർഷം മുമ്പ് 1,000 കോടി രൂപയിൽ താഴെയായിരുന്ന പ്രതിരോധ കയറ്റുമതി കഴിഞ്ഞ വർഷം 21,000 കോടിയിലേറെയായി ഉയർന്നു. മൂലധന ഉപകരണങ്ങൾ വാങ്ങാനായി പ്രതിരോധ ഏറ്റെടുക്കൽ നടപടിക്രമം 2020ൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമിച്ചതുമായ (ഐഡിഡിഎം) വിഭാഗത്തിന് ഉയർന്ന മുൻഗണന നൽകുന്നതും, ഈ കണക്കുകൾ കൈവരിക്കാൻ രാജ്യത്തെ സഹായിച്ച ചില നയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

ആധുനികവത്കരണ ബജറ്റിന്‍റെ 75 ശതമാനം ഈ സാമ്പത്തിക വർഷം ആഭ്യന്തര വ്യവസായങ്ങൾ വഴിയുള്ള സംഭരണത്തിനായി നീക്കിവച്ചിട്ടുണ്ട്. സംയുക്ത പ്രവർത്തനങ്ങളിലൂടെയുള്ള സ്വയംപര്യാപ്ത സംരംഭങ്ങൾക്കായുള്ള പോർട്ടലിന്‍റെ (SRIJAN) സമാരംഭം, ഗുണപ്രദമായ സ്വദേശിവത്കരണ പട്ടികകളുടെ (PIL) സമാരംഭം, പ്രതിരോധ മികവിനുള്ള നൂതനാശയങ്ങൾ (iDEX), 2024 സെപ്റ്റംബർ വരെ 50,083 കോടി രൂപയുടെ നിക്ഷേപത്തോടെ ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും പ്രതിരോധ വ്യവസായ ഇടനാഴികൾ സ്ഥാപിക്കൽ എന്നിവയാണ് ഗവൺമെന്‍റ് സ്വീകരിച്ച മറ്റു സംരംഭങ്ങളിൽ ചിലത്. എന്നിരുന്നാലും, പ്രതിരോധ ഏറ്റെടുക്കൽ സമിതിയുടെ പദ്ധതികളുടെ വേഗത്തിലുള്ള അനുമതിക്കും തുടർന്നുള്ള കരാർ ചർച്ചകൾക്കും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. 2013 മേയിൽ നിർദേശത്തി‌നായുള്ള അഭ്യർഥന പുറപ്പെടുവിച്ച് എയർബസുമായി കരാർ ഒപ്പിടാൻ മന്ത്രാലയത്തിന് ഏകദേശം 6 വർഷമാണു വേണ്ടിവന്നത്.

സി-295 സൈനികനീക്ക വിമാനങ്ങളുടെ സംയുക്ത നിർമാണത്തിനായുള്ള എയർബസ് - ടിഎഎസ്എൽ പങ്കാളിത്തം ഇന്ത്യയിൽ ഇതുവരെ പ്രതിസന്ധിയിലായിരുന്ന വ്യോമയാന ആവാസവ്യവസ്ഥയ്ക്ക് പ്രതീക്ഷയുടെയും പ്രചോദനത്തിന്‍റെയും വെളിച്ചമാണ്. എന്നിരുന്നാലും, സിവിൽ അംഗീകൃത പതിപ്പും ലഭ്യമായതിനാൽ ഈ വിമാനത്തെ ആ രീതിയിലേക്കും ടിഎസിഎൽ വിപുലീകരിക്കുമോ എന്ന് കണ്ടറിയണം. ഈ സഹകരണത്തിന്‍റെ മുഴുവൻ സാധ്യതകളും തിരിച്ചറിയാൻ ഇന്ത്യയിലെ ഉത്പാദനവും ഭാവിയിലെ കയറ്റുമതിയും പരിശോധിക്കേണ്ടതുണ്ട്. "ആത്മനിർഭരത'യുടെ, സ്വയം പര്യാപ്തതയുടെ, മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാണെന്ന് തോന്നാമെങ്കിലും, എയർബസും ടിഎഎസ്എല്ലും തമ്മിലുള്ള ഈ പങ്കാളിത്തത്തിലൂടെയാണ് ആ പാത വെട്ടിത്തുറന്നത്. ടിഎഎസ്എൽ 40 വിമാനങ്ങൾ സമയബന്ധിതമായി നിർമിക്കുന്നതിലൂടെ ആ വാഗ്ദാനങ്ങൾ നിറവേറ്റേണ്ടതുണ്ട്. പൊതുമേഖലയുമായുള്ള ഇന്ത്യയുടെ അനുഭവം വ്യോമസേനയുടെ പ്രതീക്ഷകൾ നിറവേറ്റിയിട്ടില്ല. ഈ ഇടപെടൽ വിജയകരമായി നടപ്പാക്കിയാൽ രാജ്യത്തെ സ്വകാര്യ മേഖലയുടെ കൂടുതൽ പങ്കാളിത്തത്തിന് ഇതു കാരണമായേക്കാം. അവരുടെ പിന്തുണയില്ലാതെ ഇന്ത്യയ്ക്ക് 2047ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകില്ല.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ