E P Jayarajan 
Special Story

പടിയിറങ്ങുന്നത് രണ്ടാമൻ

സിപിഎമ്മിന്‍റെ സംസ്ഥാനത്തെ നേതൃശ്രേണിയിലെ സീനിയോറിറ്റിയിൽ രണ്ടാമനാണ് ഇന്നലെ എൽഡിഎഫ് കൺവീന‌ർ സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ

എം.ബി. സന്തോഷ്

തിരുവനന്തപുരം: സിപിഎമ്മിന്‍റെ സംസ്ഥാനത്തെ നേതൃശ്രേണിയിലെ സീനിയോറിറ്റിയിൽ രണ്ടാമനാണ് ഇന്നലെ എൽഡിഎഫ് കൺവീന‌ർ സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സിപിഎമ്മിന്‍റെ പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ച് ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കാനിരിക്കേ ഇന്നലെ ഉണ്ടായ നടപടി ഇനി കേന്ദ്ര കമ്മിറ്റിയിലേക്ക് ഇദ്ദേഹത്തിനു തിരിച്ചുവരവുണ്ടാവുമോ എന്ന സംശയമുയർത്തിയിട്ടുണ്ട്.

സർക്കാരിലും പാർട്ടിയിലും പിണറായി വിജയന്‍റെ വലംകൈയായിരുന്നു ഇ.പി. ഡിവൈഎഫ്ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്‍റായ അദ്ദേഹം സിപിഎം പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടണമെന്ന് ആഗ്രഹിച്ചു. തന്നേക്കാൾ ജൂനിയർമാരായ കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, എ. വിജയരാഘവൻ, എം.വി. ഗോവിന്ദൻ എന്നിവർ പിബിയിൽ വരികയും താൻ തഴയപ്പെടുകയും ചെയ്തു എന്ന അതൃപ്തി അദ്ദേഹത്തിനുണ്ടായിരുന്നു. കോടിയേരിയുടെ വേർപാടിനു ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ച ഇപിക്ക് തന്‍റെ ജൂനിയറായ എം.വി. ഗോവിന്ദനെ മന്ത്രിസ്ഥാനം രാജിവയ്പിച്ച് സെക്രട്ടറിയും പിബി അംഗവും ആക്കിയത് ഉൾക്കൊള്ളാനായില്ല.

ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്സഭാ തെരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച ഇപിയുടെ നടപടി വലിയ വീഴ്ചയാണെന്ന് പാർട്ടി വിലയിരുത്തി. ആളെപ്പറ്റിക്കാൻ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ട് ഇപി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിലുള്ള അകൽച്ച പരസ്യമായി.

ഒന്നാം പിണറായി മന്ത്രിസഭയിൽ രണ്ടാമനായിരിക്കേ, ഭാര്യാ സഹോദരിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും സഹോദര പുത്രന്‍റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മാനെജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകൾ വലിയ വിവാദമുണ്ടാക്കിയതോടെ രാജി വയ്ക്കാൻ നിർബന്ധിതനായി. അന്ന് മുഖ്യമന്ത്രിയുടെ പിന്തുണയോടെ തിരിച്ചു വരാനായി.

ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനും വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനും ദല്ലാൾ നന്ദകുമാറുമൊക്കെ സുഹൃദ് വലയത്തിൽപ്പെട്ടതു മൂലമുള്ള വിവാദങ്ങളിൽ നടപടി ഇതിനു മുമ്പും ഇ.പിക്ക് നേരിടേണ്ടിവന്നു. സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്ന് "ദേശാഭിമാനി' 2 കോടി രൂപയുടെ ബോണ്ട് വാങ്ങിയതിൽ ജനറൽ മാനെജരായ ഇപിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം വിലയിരുത്തി. വി.എസ്. അച്യുതാനന്ദൻ സർക്കാർ അധികാരത്തിലെത്തിയ ദിവസം വി.എം. രാധാകൃഷ്ണന്‍റെ സ്ഥാപനത്തിന്‍റെ പരസ്യം പ്രസിദ്ധീകരിച്ച് വിവാദത്തിലായ അദ്ദേഹം "ദേശാഭിമാനി'യുടെ തലസ്ഥാനത്തെ വസ്തുവും കെട്ടിടവും വിപണിവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിറ്റു എന്ന ആരോപണവും നേരിടേണ്ടിവന്നു.

കണ്ണൂരിലെ റിസോർട്ടിലെ കുടുംബ ഷെയറിന്‍റെ പേരിൽ സിപിഎം സംസ്ഥാന സമിതിയിൽ ആരോപണമുയർത്തിയത് കണ്ണൂരിൽനിന്നുള്ള പി. ജയരാജനാണ്. എന്നാൽ, ഈ വിവാദങ്ങളിലെല്ലാം ഇപിയ്ക്കൊപ്പം പാർട്ടി നിന്നു. പക്ഷേ, എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള "നിസഹകരണം' അംഗീകരിക്കാൻ സിപിഎം തയാറാവാതെ വന്നതോടെ എൽഡിഎഫ് കൺവീനർ പദവിയിൽനിന്നുള്ള പടിയിറക്കം. കഴിഞ്ഞ മെയ് 28ന് 75 വയസ് കഴിഞ്ഞ ഇ.പിയ്ക്ക് ഇനി തിരിച്ചുവരവിനുള്ള ബാല്യമുണ്ടോ എന്ന് സിപിഎം സമ്മേളനങ്ങൾ കഴിയുമ്പോൾ വ്യക്തമാവും.

"കട്ടൻ ചായ' മുതൽ "ഇൻഡിഗോ' വരെ

"കട്ടന്‍ ചായയും പരിപ്പുവടയും ബീഡിയും വലിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ നിന്നാല്‍ ആളുണ്ടാവില്ലെ'ന്ന് ഇ.പി. ജയരാജൻ പ്രസംഗിച്ചത് സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. 2007ല്‍ മൊറാഴയിലായിരുന്നു ആ പ്രസംഗം. സമരം ചെയ്യരുതെന്ന് എസ്എഫ്ഐക്കാരോടും ഉപദേശിച്ചു. കർഷക സംഘം സംസ്ഥാന പ്രസിഡന്‍റായിരിക്കേ കുട്ടനാട്ടിൽ ആഡംബര കാറിൽ എത്തി സമരം ഉദ്ഘാടനം ചെയ്തതും വലിയ വിമർശനത്തിനിടയാക്കി. കണ്ണൂരിൽ കണ്ടൽക്കാട് വെട്ടിനിരത്തി പാർക്കുണ്ടാക്കാൻ മുൻകൈയെടുത്തതും പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത എതിർപ്പിനിടയാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിലും ഇ പി വിവാദങ്ങളില്‍ നിറഞ്ഞു. അദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. അതോടെ ഇൻഡിഗോ വിമാനത്തിൽ ഇനി കയറില്ലെന്നും ഇ.പി പ്രഖ്യാപിച്ചിരുന്നു.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത