വേഗം തീരട്ടെ ഈ പ്രശ്നങ്ങൾ 
Special Story

വേഗം തീരട്ടെ ഈ പ്രശ്നങ്ങൾ

മുനമ്പത്തെ അറുന്നൂറോളം വരുന്ന കുടുംബങ്ങൾ വളരെ വർഷങ്ങളായി കൈവശം വച്ചു താമസിച്ചിരുന്ന സ്ഥലത്തു നിന്ന് വഖഫ് ബോർഡും വഖഫ് സംരക്ഷണ സമിതിയും അവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രക്ഷോഭത്തിന് കാരണം

ജ്യോത്സ്യൻ

എറണാകുളത്തെ മുനമ്പം ഭൂമി പ്രശ്നം മുനമ്പത്ത് മാത്രമല്ല കേരളത്തിനകത്തും പുറത്തും ഇന്ന് നീറികൊണ്ടിരിക്കുകയാണ്. മുനമ്പത്തെ അറുന്നൂറോളം വരുന്ന കുടുംബങ്ങൾ വളരെ വർഷങ്ങളായി കൈവശം വച്ചു താമസിച്ചിരുന്ന സ്ഥലത്തു നിന്ന് വഖഫ് ബോർഡും വഖഫ് സംരക്ഷണ സമിതിയും അവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രക്ഷോഭത്തിന് കാരണം. ഇതേ പ്രശ്നം വയനാട്ടിലും തളിപ്പറമ്പിലും ചാലക്കുടിയിലും അടക്കം പല സ്ഥലങ്ങളിലും ഇപ്പോൾ പൊങ്ങി വരുന്നുണ്ട്.

വഖഫിന്‍റെ കൈവശമുള്ള ഭൂമികൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. ഒപ്പം, കാലാകാലങ്ങളായി ഈ ഭൂമി ഉപയോഗിച്ചിരിക്കുന്നവരുടെ ന്യായമായ അവകാശവും സംരക്ഷിക്കപ്പെടേണ്ടതാണ്.

വഖഫിന്‍റെ നോട്ടീസ് ലഭിച്ചിട്ടുള്ള ജനങ്ങളുടെ പരിഭ്രാന്തിക്കും ബുദ്ധിമുട്ടിനും പരിഹാരമുണ്ടാക്കുന്നതിന് പകരം വർഗീയവത്കരിക്കുന്നതിനും മതഭ്രാന്തന്മാരെ കെട്ടഴിച്ചുവിടുന്നതിനും ചില തൽപ്പരകക്ഷികൾ ശ്രമിക്കുന്നുണ്ടെന്നത് അത്യന്തം ആശങ്കാജനകമാണ്. രാഷ്‌ട്രീയ ലക്ഷ്യത്തോടെ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതും ഭൂഷണമല്ല. ചില മതാധിഷ്ഠിത പ്രസ്ഥാനങ്ങൾ ഒഴിച്ചുള്ള രാഷ്‌ട്രീയ പാര്‍ട്ടികൾ, പ്രത്യേകിച്ച് മുസ്‌ലിം ലീഗും മറ്റ് സംഘടനകളും മുനമ്പത്ത് നിന്ന് ഒരാളെയും കുടിയൊഴിപ്പിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന വ്യക്തമാക്കിയിട്ടുണ്ട്.

മുൻകാലത്തെപ്പോലെ വാർത്തകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ പ്രശ്നം. നിർമിത ബുദ്ധിയും സാമൂഹ്യ മാധ്യമങ്ങളും ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നതിനാൽ വർഗീയത ഉണ്ടാക്കുന്ന പ്രചരണങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല.

ജനകീയ സമരങ്ങളിൽ പങ്കുചേരുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ അത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറരുത്. പ്രധാനപ്പെട്ട എല്ലാ ഉത്തരവാദിത്തപ്പെട്ട സാമൂഹ്യ പാർട്ടികളും സംഘടനകളും പ്രശ്നം പരിഹരിക്കുന്നതിന് പകരം തങ്ങളുടെ പാർട്ടിയുടെ വളർച്ചയ്ക്ക് രാഷ്‌ട്രീയ നേട്ടത്തിനുമായി മുനമ്പം പ്രശ്നം വഴി തിരിച്ചു വിടുന്നതായി കാണാൻ കഴിയുന്നു.

മുനമ്പം പ്രശ്നം ഇപ്പോൾ കോടതിക്ക് മുമ്പിലാണ്. പ്രശ്നപരിഹാരത്തിന് സർക്കാർ എടുക്കേണ്ട നിയമപരമായ നിലപാട് കൃത്യവും സമയബന്ധിതവുമായിരിക്കണം. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കാൻ ഇടയാക്കരുത്.

മതസൗഹൃദത്തിനും സാമൂഹ്യനീതിക്കും പേരുകേട്ട നാടാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾ ജാതിയുടെയും പേരിൽ ഏറ്റുമുട്ടുമ്പോൾ കേരളം അവർക്ക് ഒരു മാർഗദർശിയാണ്. തെരഞ്ഞെടുപ്പുകൾ വരികയും പോവുകയും ചെയ്യും. വോട്ടിനു വേണ്ടി മനുഷ്യമനസുകളിൽ വർഗീയ വികാരം തീർക്കാൻ ശ്രമിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിനും അംഗീകരിക്കാനാവില്ല. മുനമ്പം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാകട്ടെ എന്നാണ് ജോത്സ്യൻ ആഗ്രഹിക്കുന്നത്.

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം; ഡ്രൈവർ പൊലീസ് പിടിയിൽ