വിജയ് 
Special Story

കാലമെല്ലാം കാത്തിരിപ്പേൻ...

ഒന്നല്ല, ഒരായിരം എതിരാളികൾ വന്നാലും അടിച്ചുവീഴ്ത്തുന്നതാണ് വിജയ്‌ എന്ന നായകന്‍റെ ശൈലി. എന്നാൽ, സിനിമയിലേതുപോലെ എളുപ്പമായിരിക്കുമോ തമിഴ് രാഷ്‌ട്രീയത്തിലെ വിജയം?

പ്രത്യേക ലേഖകൻ

എം.ജി. രാമചന്ദ്രൻ എന്ന എംജിആർ അണ്ണാ ഡിഎംകെ രൂപീകരിച്ചിട്ട് 52 വർഷം പിന്നിട്ടു. സുഹൃത്തായ കരുണാനിധിയുമായി അകന്നതിനു പിന്നാലെ ഡിഎംകെയിൽ നിന്നു പുറത്താക്കപ്പെട്ടപ്പോഴായിരുന്നു എംജിആർ പുതിയ പാർട്ടിയുമായി ഭാഗ്യാന്വേഷണത്തിനിറങ്ങിയത്. ആരാധകരുടെ അനുഗ്രഹം തേടിയിറങ്ങിയ സിനിമാ ദൈവത്തെ തമിഴകം കൈവിട്ടില്ല. അഞ്ചു വർഷത്തിനുശേഷം അവർ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. 1987ൽ മരിക്കുന്നതുവരെ അവർ മറ്റൊരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അന്വേഷിച്ചതുമില്ല. എംജിആറിന്‍റെ മരണശേഷം ആടിയുലഞ്ഞ അണ്ണാ ഡിഎംകെയെ പുരട്ചി തലൈവി ജയലളിത വീണ്ടും കരയ്ക്കടുപ്പിച്ചു.

ജയലളിതയുടെ മരണശേഷം തമിഴകത്തെ താര രാഷ്‌ട്രീയത്തിലുണ്ടായ വിടവിലേക്കാണ് ഇന്നലെ തമിഴക വെട്രി കഴകവുമായി ഇളയ ദളപതി വിജയ് എത്തുന്നത്.

പാർട്ടി പ്രഖ്യാപനം മാസങ്ങൾക്കു മുൻപേ നടത്തിയെങ്കിലും ഇന്നലെയായിരുന്നു തന്‍റെ രാഷ്‌ട്രീയ അജൻഡയും ശൈലിയും പ്രഖ്യാപിക്കുന്ന ആദ്യ പൊതുസമ്മേളനം. രണ്ടു വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. 2026ൽ സംസ്ഥാനത്തെ 234 സീറ്റുകളിലും മത്സരിക്കുമെന്ന് അമ്പതുകാരനായ താരം പറയുന്നു. ദ്രാവിഡ കക്ഷികളെപ്പോലെ തമിഴ് സ്വത്വത്തിൽ നിന്നു തന്നെയാകും ഇളയ ദളപതിയുടെയും പ്രവർത്തനം. നീറ്റ് ഉൾപ്പെടെ വിഷയങ്ങളിൽ ഡിഎംകെ പിന്തുടരുന്ന നയങ്ങളാകും തന്‍റേതുമെന്ന സൂചനകൾ പലവട്ടം നൽകിയിരുന്നു വിജയ്.

പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും സങ്കൽപ്പത്തിലെ സാമൂഹിക നീതിയെന്ന ആശയമാണു തന്‍റേതെന്നു വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഡിഎംകെ പിന്തുടരുന്ന യുക്തിവാദ ആശയങ്ങളാകില്ല തന്‍റേതെന്നും വിശ്വാസികൾക്ക് എതിരല്ലെന്നും വ്യക്തമാക്കുന്നു വിജയ്. തമിഴകത്തെ എക്കാലത്തെയും വലിയ കോൺഗ്രസ് നേതാവ് കെ. കാമരാജിനെയും ഉയർത്തിക്കാട്ടുന്നുണ്ട് താരം. ആരാധകരെ ചേർത്തുണ്ടാക്കിയ പാർട്ടിയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന പുതിയൊരു രാഷ്‌ട്രീയത്തിനാണു വിജയ് ശ്രമിക്കുന്നതെന്നാണു വിലയിരുത്തൽ. തകർന്ന അണ്ണാ ഡിഎംകെയുടെയും അസംതൃപ്തരായ ഡിഎംകെയുടെയും അണികളെ കൂടെക്കൂട്ടുന്നതിനൊപ്പം സംസ്ഥാനത്ത് ഇപ്പോഴും വേരോട്ടമുള്ള കോൺഗ്രസിന്‍റെ അടിത്തറയും താരം ലക്ഷ്യമിടുന്നു. വിജയ് ഹിന്ദുവിരുദ്ധനെന്ന ബിജെപിയുടെ പ്രചാരണത്തിനു തടയിടാനാണു വിശ്വാസികളെ ഒപ്പം നിർത്തുമെന്ന സൂചനകൾ.

എന്നാൽ, തമിഴകത്ത് പുതിയ താരോദയമുണ്ടാകുമോ എന്നത് ഇപ്പോൾ പറയാനാവില്ലെന്നാണു വിലയിരുത്തൽ. എംജിആറിന്‍റെ മാതൃക പിന്തുടർന്നു നിരവധി താരങ്ങൾ തമിഴകത്ത് രാഷ്‌ട്രീയത്തിലിറങ്ങിയിരുന്നു. എന്നാൽ, ഒരാൾക്കും കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. ആറു വർഷം മുൻപ് മക്കൾ നീതി മയ്യം എന്ന പാർട്ടിയുമായി ഏറെ പ്രതീക്ഷയോടെയെത്തിയ കമൽഹാസനാണ് ഇവരിൽ ഒടുവിലത്തെ താരം. സംസ്ഥാന രാഷ്‌ട്രീയത്തിൽ ഒരു തരംഗവും സൃഷ്ടിക്കാനാകാത്ത കമലിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒതുങ്ങേണ്ടി വന്നിരുന്നു. 2005ൽ ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകവുമായി ഭാഗ്യം പരീക്ഷിച്ച വിജയകാന്തിന് തുടക്കത്തിലുണ്ടായ നേട്ടം പിന്നീട് നിലനിർത്താനായില്ല.

ശരത് കുമാർ, സീമാൻ, നെപ്പോളിയൻ തുടങ്ങിയവരുടെയും രാഷ്‌ട്രീയ മോഹങ്ങൾ തുടക്കത്തിൽ തന്നെ കരിഞ്ഞു. എംജിആറിനെ പിന്തുടർന്ന് രാഷ്‌ട്രീയത്തിൽ പരീക്ഷണം നടത്തിയ ശിവാജി ഗണേശനും ഭാഗ്യരാജിനും ജനങ്ങളുടെ അംഗീകാരം ഇല്ലായിരുന്നു. ഇവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങളാകണം, പലതവണ രാഷ്‌ട്രീയ പ്രവേശത്തിന്‍റെ പടിവാതിലോളമെത്തിയ സൂപ്പർ സ്റ്റാർ രജനികാന്ത് ഒടുവിൽ പിന്തിരിഞ്ഞത്.

എന്നാൽ, മുൻഗാമികളെപ്പോലെയല്ല വിജയ്‌ വരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രജനികാന്ത് ഒഴികെയുള്ള താരങ്ങളെല്ലാം സ്വന്തം താരപ്പൊലിമയിൽ അമിതമായി വിശ്വസിച്ച് രാഷ്‌ട്രീയത്തിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ജയലളിതയുടെ ശക്തമായ നേതൃത്വമുള്ള അണ്ണാ ഡിഎംകെയോടും സംഘടനാശേഷിയിൽ എക്കാലവും മികവു പുലർത്തുന്ന ഡിഎംകെയോടും ഏറ്റുമുട്ടാനായിരുന്നു ഇവരുടെ ശ്രമം. ഇന്ന് തമിഴകം മാറി. ഡിഎംകെ, അണ്ണാ ഡിഎംകെ ഏറ്റുമുട്ടലിൽ നിന്ന് ബഹുകോണ ഏറ്റുമുട്ടലായി സംസ്ഥാന രാഷ്‌ട്രീയം മാറി.

കെ. അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം മികച്ച അടിത്തറ രൂപീകരിച്ച് പോരാട്ടത്തിനൊരുങ്ങുന്നു. അണ്ണാ ഡിഎംകെ പല വിഭാഗങ്ങളായി പിരിഞ്ഞ് ദുർബലമായി. കോൺഗ്രസും ഇടതുപാർട്ടികളുമടങ്ങുന്ന വിശാലസഖ്യമാണു ഡിഎംകെയുടെ കരുത്ത്. എന്നാൽ, 2026ൽ ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരും ഈ മുന്നണി.

ഒന്നല്ല, ഒരായിരം എതിരാളികൾ വന്നാലും അടിച്ചുവീഴ്ത്തുന്നതാണ് വിജയ്‌ എന്ന നായകന്‍റെ ശൈലി. എതിരാളികളുടെ കരുത്തു കുറയുമ്പോൾ നായകനു വിജയം സ്വന്തമാക്കാൻ എളുപ്പമാകുമോ? സിനിമയിലേതുപോലെ എളുപ്പമല്ല രാഷ്‌ട്രീയത്തിലെ വിജയമെന്നാണോ തമിഴകത്തെ ചുവരെഴുത്ത്? അതറിയാൻ 2026 വരെ കാത്തിരിക്കാം....

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും