കാർബൺ വമനവും അതുമൂലം പരിസ്ഥിതിക്കുണ്ടാകുന്ന കോട്ടവും ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് നാളേറെയായി. ലോക ഉച്ചകോടികൾ തന്നെ അതിനായി സമ്മേളിക്കുകയും പ്രധാന വിഷയമായി ഇത് വിലയിരുത്തപ്പെടുകയും അത് കുറച്ചു കൊണ്ടുവരാനുള്ള തീരുമാനങ്ങൾ എടുക്കുകയും അതിന് സമയപരിധി കൽപ്പിക്കുകയും ചെയ്തതടക്കമുള്ള കാര്യങ്ങൾ വർത്തമാനകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
വികസിത രാഷ്‌ട്രങ്ങൾക്ക് തന്നെ ഇക്കാര്യത്തിൽ സ്വയം നിയന്ത്രണം പാലിക്കാൻ കഴിയാത്തതു കാരണം ലക്ഷ്യം അകന്നു പോകുന്നതും ഏറെ വിമർശന വിധേയമായിട്ടുണ്ട്. പ്രശ്നത്തിന്‍റെ ഗൗരവം അതേപടി ഉൾക്കൊള്ളാൻ കഴിയാത്തതിന്‍റെ പ്രത്യാഘാതം എന്നോണം ഉണ്ടായിട്ടുള്ള കാലാവസ്ഥാ വ്യതിയാനം നമ്മെ തുറിച്ചു നോക്കുന്നത് ഗുരുതര പ്രശ്നമായി അവശേഷിക്കുന്നു.
നോമ്പ് വലിയൊരു വിഭാഗം ആളുകൾ പിൻപറ്റുന്ന അനുഷ്ഠാനമാണ്. അതിൽ ജാതിമത വ്യത്യാസങ്ങൾ ഒന്നുമില്ല. എല്ലാ വിഭാഗത്തിലുംപെട്ടവർ അവരുടെ ആത്മീയ അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇത് പിൻപറ്റുന്നുണ്ട്. ഇപ്പോൾതന്നെ ക്രൈസ്തവ വിശ്വാസികൾ എല്ലാവർഷവും അവരനുഷ്ഠിക്കുന്ന വലിയ നോമ്പിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇസ്‌ലാം മത വിശ്വാസികൾ റംസാൻ നോമ്പാചരണത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ശിവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായി വ്രതാനുഷ്ഠാനങ്ങളോടെ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് പ്രാർഥിക്കുന്ന ഹിന്ദുമത വിശ്വാസികളുടെ ആചാരപ്പെരുമയും ഇക്കഴിഞ്ഞ ദിവസം നാം കണ്ടു മടങ്ങിയിട്ടേയുള്ളൂ.
എന്നാൽ കാർബൺ നോമ്പ് ചർച്ച ചെയ്യാവുന്നത് ഏഴാഴ്ച നീളുന്ന കാർബൺ നോമ്പാചരണത്തിനുള്ള മാർത്തോമാ സഭാ പരിസ്ഥിതി കമ്മീഷന്‍റെ പ്രഖ്യാപനത്തോടെയാണ്. കാർബൺ നോമ്പിലൂടെ കാലാവസ്ഥാ സൗഹൃദ ജീവിതശൈലി രൂപപ്പെടുത്തുകയും പരിശീലിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. നമ്മുടെ കാർബൺ പാദ മുദ്രകൾ കുറയ്ക്കാനുള്ള ഒരു പരിശ്രമമായി ഈ നോമ്പാചരണത്തെ മാറ്റുന്നു.
എന്താണ് കാർബൺ പാദമുദ്ര? ഒരു വ്യക്തിയുടെ പ്രതിശീർഷ കാർബൺ നിർഗമനത്തിന്‍റെ അളവിനെയാണ് കാർബൺ പാദമുദ്രയെന്ന് പറയുന്നത്. നാം പ്രകൃതിയുടെ നെഞ്ചിൽ എത്ര അമർത്തി ചവിട്ടിയാണ് ജീവിക്കുന്നത് എന്നതിന്‍റെ അടയാള മുദ്ര.
ഓരോരുത്തരും പുറന്തള്ളുന്ന കാർബണിന്‍റെ അളവ് അതെത്രയായാലും അതിന്‍റെ പരിണിതഫലം പേറേണ്ടി വരുന്നത് എല്ലാവരുമാണ്. നമ്മുടെ കാർബൺ പാദമുദ്രയുടെ കനത്ത ഭാരം പേറേണ്ടി വരുന്നത് ആ അളവിൽ അതിനു ഉത്തരവാദികളല്ലാത്ത ജനവിഭാഗങ്ങൾ കൂടിയായിരിക്കും. ഈ യാഥാർഥ്യം ഉൾക്കൊണ്ട് നമ്മുടെ കാർബൺ പാദമുദ്രയുടെ ഭാരം കുറയ്ക്കാനുള്ള ഒരു പരിശ്രമവും സമർപ്പണവുമായി ഈ നോമ്പാചരണത്തെ മാറ്റിയെടുക്കണമെന്നാണ് ചുമതലക്കാർ ആഹ്വാനം നൽകിയിരിക്കുന്നത്. അതിലൂടെ രക്ഷയ്ക്കായി ഞരങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിന് വീണ്ടെടുപ്പ് സാധ്യമാക്കാം. സകല സൃഷ്ടികളുടെയും വീണ്ടെടുപ്പിനുള്ള സഹനവും ഉപവാസവും ആക്കി ഈ നോമ്പിനെ മാറ്റാം എന്നാണ് ആഹ്വാനം. ഈ വർഷത്തെ മാരാമൺ കൺവെൻഷന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ മാർത്തോമാ സഭാ അധ്യക്ഷൻ അഭിവന്ദ്യ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത അതിന്‍റെ പ്രാധാന്യവും അനിവാര്യതയും അടിവരയിട്ട് സൂചിപ്പിക്കുകയുണ്ടായി.
വലിയ നോമ്പിനെ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയത്തിലെ സമർപ്പണവും ഉപവാസവുമാക്കാനാണ് നിർദേശം. അങ്ങനെ 7 ആഴ്ച - 7 വിഷയങ്ങൾ. കാലാവസ്ഥയുടെ മാറ്റം കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളുടെയും കാലാവസ്ഥാ നീതിയെ കുറിച്ചുള്ള അജ്ഞത ഒഴിവാക്കുന്നതിലും തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിൽ എത്തിനിൽക്കുന്നു ആ പ്രത്യേക വിഷയങ്ങൾ. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം സമസൃഷ്ടികളുമായുള്ള നമ്മുടെ ജീവിതത്തെ അകറ്റിയിട്ടുണ്ടോ? എങ്കിൽ നഷ്ടപ്പെട്ടുപോയ ആ ബന്ധങ്ങളെ തിരിച്ചുപിടിക്കാനും അതിനായി കൂടുതൽ വ്യക്തികളോട് നേരിട്ട് സംഭാക്ഷിക്കാനും ഈ സമയം ഉപയോഗപ്പെടുത്തണമെന്നാണ് നിർദേശം.
അമിത വ്യയം ഒഴിവാക്കാനും പ്ലാസ്റ്റിക് ഉപയോഗം വേണ്ടെന്നു വയ്ക്കാനും വാഹന ഉപയോഗം കുറയ്ക്കുന്നതിനുമൊക്കെയുള്ള സമർപ്പണത്തിനും ഉപവാസത്തിനുമായി ഓരോരോ ആഴ്ചകൾ നീക്കിവച്ചിട്ടുണ്ട്. നാം അനാവശ്യമായി വാങ്ങിക്കൂട്ടുന്നതെല്ലാം പരിസ്ഥിതിക്ക് ദോഷകരമാകുന്നതും അതിന്‍റെ ഉപയോഗവും അതിൽ നിന്നുളവാകുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്രകൃതിക്ക് ഉണ്ടാക്കുന്ന വിനാശം ഗൗരവപൂർവം ചൂണ്ടിക്കാട്ടുന്നു. ഭൂമിയെ ഏറ്റവും അധികം നശിപ്പിക്കുന്ന തരത്തിൽ ഒരിക്കലും നശിക്കാതെ ഭൂമിയുടെ ജൈവഘടനയെ തന്നെ മുറിവേൽപ്പിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ വർജനത്തിനായുള്ള ആഹ്വാനം. പ്രകൃതിയുടെ നാശത്തിന് ഇടയാക്കുന്ന കാർബൺ വമനം ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾ അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനും നടപ്പും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗവും ശീലിക്കാനും സീറോ കാർബൺ വാഹനങ്ങൾ ശീലിക്കാനുമുള്ള ആഹ്വാനം.
നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും മനസിലാക്കി “അണ്ണാറക്കണ്ണനും തന്നാലായത് ‘ എന്ന് പറയുന്നതുപോലെ സ്വയം നിയന്ത്രിക്കാനും തിരുത്താനും ശുദ്ധീകരിക്കാനുമായുള്ള സമർപ്പണത്തിനു പ്രേരണയാകുന്ന മാതൃകാപരമായ നടപടി. പ്രപഞ്ചത്തിനും വരും തലമുറക്കും വേണ്ടിയുള്ള കരുതലും ജാഗ്രതയും.
സകല സൃഷ്ടിയും ഈറ്റുനോവോടെ ഞരങ്ങുമ്പോൾ ആ നിലവിളിക്ക് കാതോർക്കാനും രക്ഷ എന്നത് സർവ്വ സൃഷ്ടിക്കും സാധ്യമാകുന്ന ഒരു നോമ്പിനായുള്ള സമർപ്പണത്തിനും കാലാവസ്ഥാ നീതിയുടെ പ്രചാരകരാകാനുള്ള ആഹ്വാനത്തോടെയും അവസാനിക്കുന്ന മാർത്തോമാ സഭയുടെ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ ഫാ. ഡോ. വി.എം. മാത്യുവിന്‍റെ ഇത് സംബന്ധിച്ച കുറിപ്പ് നാം അഭിമുഖീകരിക്കുന്ന വിപത്തിന്‍റെ കാഠിന്യവും ആധിക്യവും അതിൽനിന്ന് കരകയറേണ്ടതിന്‍റെ അനിവാര്യതയുമാണ് വരച്ചുകാട്ടുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെയല്ലാ, പ്രപഞ്ചത്തിന്‍റെയും മനുഷ്യരാശിയുടെയാകെയും നിലനിൽപ്പ് അപായപ്പെട്ടുകൊണ്ടിരിക്കുന്നതിനെ കുറിച്ചുള്ള ധാരണയും അത് തിരുത്തേണ്ടതിന്‍റെ ആവശ്യകതയുമാണ് ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ഇത് പൊതുസമൂഹത്തിന്‍റെ പ്രശ്നമാണ്.
800 കോടി വരുന്ന ആഗോള ജനസംഖ്യയിൽ 100 കോടി ആളുകളെങ്കിലും അവരുടെ ദൈനംദിന ജീവിതത്തിൽ കാലാവസ്ഥാ സൗഹൃദ രീതികൾ സ്വീകരിക്കുകയാണെങ്കിൽ ആഗോള കാർബൺ ഉദ് വമനം ഏകദേശം 20% കുറയ്ക്കാൻ കഴിയുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമായ യുഎൻഇപി കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഈ ഉദ്യമത്തിൽ വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ ആവശ്യമായ പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിൽ കാലാവസ്ഥാ സൗഹൃദ ജീവിതശൈലി പിൻപറ്റിയാൽ ലക്ഷ്യപ്രാപ്തിയിലേക്ക് നമുക്ക് കുറയെങ്കിലും നടന്നടുക്കാനാവും. അവിടെയാണ് മാർത്തോമാ സഭയുടെ കാർബൺ നോമ്പാചരണം കൂടുതൽ പ്രസക്തമാകുന്നതും അഭിനന്ദനം അർഹിക്കുന്നതും.
ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം ഏറെ ഗൗരവത്തോടെ കാണുകയും ആപത്തിനെ കുറിച്ച് നിരന്തരമായി ശബ്ദമുയർത്തുകയും ചെയ്തു വരുന്നു. തിരിച്ചുപോക്ക് അസാധ്യമായ സ്ഥിതിയിലേക്ക് അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്ന ആഗോളതാപനം ചെറുക്കേണ്ടതിന്‍റെ ആവശ്യകതയും അനിവാര്യതയും ലോക നേതാക്കളെ ഓർമപ്പെടുത്തുന്ന മാർപ്പാപ്പയുടെ ചാക്രിക ലേഖനം വന്നത് കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ്. പരിസ്ഥിതി സംരക്ഷണം പ്രാർഥനയും ആത്മീയ അനുഷ്ഠാനവുമായി കരുതിയിരുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിവസമാണ് അതിനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്തത്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന് മുൻപെടുത്ത തീരുമാനങ്ങളോടും പ്രതിജ്ഞയോടും ആത്മാർഥത പുലർത്തണമെന്ന ആ ആഹ്വാനത്തിന് കാലിക പ്രസക്തി ഏറെയാണ്. “ പാപത്താൽ മുറിവേറ്റ നമ്മുടെ ഹൃദയങ്ങളിൽ നിലനിൽക്കുന്ന അക്രമം മണ്ണിലും വെള്ളത്തിലും വായുവിലും ജീവിതത്തിന്‍റെ എല്ലാ രൂപങ്ങളിലും പ്രകടമായ രോഗലക്ഷണങ്ങളിൽ പ്രതിഫലിക്കുന്നു’ എന്ന മാർപാപ്പയുടെ വാക്കുകൾ പ്രകൃതിയും പ്രപഞ്ചവും നേരിടുന്ന വിപത്തിന്‍റെ വർത്തമാനകാല യാഥാർഥ്യം വരച്ചുകാട്ടുന്നു.
ഇവിടെയാണ് മോചന മാർഗങ്ങൾ അനിവാര്യമാക്കുന്നത്. അതിനുള്ള ഉദ്യമങ്ങൾ അത്യാവശ്യമായി മാറുന്നത്. എന്നാൽ ഈ ഉദ്യമങ്ങൾ വിജയിക്കണമെങ്കിൽ ആദ്യം മാറേണ്ടത് മനുഷ്യ സമൂഹത്തിന്‍റെ മനസാണ്. പ്രകൃതിയിലെ വിഭവങ്ങൾ എല്ലാവർക്കും എല്ലാക്കാലത്തേക്കും ഉള്ളതാണ്. വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ട തലമുറാനന്തര സ്വത്താണ് ജലവും വായുവും മണ്ണും മറ്റ് പ്രകൃതി സമ്പത്തുകളും എന്ന തിരിച്ചറിവാണ് ഇന്നത്തെ ആവശ്യം.
എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവങ്ങൾ ഇവിടെയുണ്ട്, ആരുടെയും ആർത്തി ശമിപ്പിക്കുവാൻ തക്ക വിഭവശേഷി ഭൂമിക്കില്ല എന്ന ഗാന്ധിയൻ ആപ്തവാക്യം ഇന്നത്തെ സമൂഹത്തെ മനസിൽ കണ്ടുള്ളതാണ്. ആർത്തി പിടിച്ച നെട്ടോട്ടം അവസാനിപ്പിച്ച് എല്ലാവരും മണ്ണിലേക്കും പ്രകൃതിയിലേക്കും മടങ്ങാനുള്ള സമയമാണിത്. വന്യജീവി ഭീഷണി ഉൾപ്പെടെയുള്ള വെല്ലുവിളികളെ ഹോളിസ്റ്റിക് സമീപനത്തിലൂടെ കാണാൻ നമുക്ക് കഴിയണം.
നോമ്പുകാലം എല്ലാ തലങ്ങളിലും പരിവർത്തനത്തിനും ശുദ്ധീകരണത്തിനും തുടക്കമിടേണ്ട വേളയാണ്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രകടനപത്രികകളിലും നേതാക്കളുടെ പ്രസംഗങ്ങളിലുമെല്ലാം കൂടുതൽ പാരിസ്ഥിതിക അവബോധം കടന്നുവരാൻ ഈ കാലഘട്ടം സഹായകമാകുമെങ്കിൽ അത്രയും നന്ന്.