Special Story

സഭാ നാഥന്മാരുടെ രാഷ്ട്രീയം

ജ്യോത്സ്യൻ

പാർലമെന്‍റിലാണെങ്കിലും നിയമസഭയിലാണെങ്കിലും സ്പീക്കർ എന്നത് ഒരു ഭണഘടനാ സ്ഥാപനമാണ്. പാർലമെന്‍റിന്‍റെയും നിയമസഭയുടെയും പ്രവർത്തന പാരമ്പര്യം പരിശോധിക്കുമ്പോൾ ഇത് വ്യക്തമാകും. സഭയുടെയും സഭയിലെ അംഗങ്ങളുടെയും സ്വാതന്ത്ര്യവും അവകാശവും മാന്യതയും കാത്തു സൂക്ഷിക്കേണ്ട ബാധ്യത സ്പീക്കർക്കാണ്. രാഷ്‌ട്രീയ പാർട്ടികളുടെ അംഗമായി സഭയിലെത്തുന്ന ജനപ്രതിനിധി സ്പീക്കറായിക്കഴിഞ്ഞാൽ ആ പ്രത്യയശാസ്ത്രത്തിൽ നിന്നെല്ലാം വിമുക്തരാകണം. അതുകൊണ്ടാണ് സ്പീക്കർമാർ അവർ പ്രതിനിധാനം ചെയ്യുന്ന പർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാത്തത്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി കേരള സ്പീക്കറായിരുന്ന വക്കം പുരുഷോത്തമൻ കോൺഗ്രസ് പാർട്ടിയുടെ പല ഔദ്യോഗിക പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

സഭയുടെ അന്തസ് സ്പീക്കറുടെയും അന്തസാണ്. എന്നാൽ ആ മാന്യത തകർക്കുന്ന വിധത്തിലാണ് പുതിയതായി രൂപം കൊണ്ട 18ാം ലോക്സഭയിൽ സ്പീക്കറായി വന്ന ഓം ബിർള പ്രവർത്തിച്ചത്. 1975 ജൂൺ 25ന് ഇന്ദിര ഗാന്ധി നയിച്ച സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ജനാധിപത്യ ധ്വംസനമായിരുന്നു എന്ന പ്രസ്താവന സ്പീക്കർ പാർലമെന്‍റിൽ അവതരിപ്പിച്ചു. മാത്രമല്ല, അടിയന്തിരാവസ്ഥയിൽ ദുരന്തം അനുഭവിച്ചവരെ സ്മരിച്ചുകൊണ്ട് സഭ മൗനമാചരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ഇതിനെതിരേ പ്രതിപക്ഷത്തു നിന്ന് ശക്തമായ മുദ്രാവാക്യം വിളിയാണ് ഉയർന്നത്. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ചാടിയിറങ്ങി സ്പീക്കറുടെ പ്രസ്താവന പൂർത്തിയാകുന്നതുവരെ ബഹളം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, പ്രതിപക്ഷത്തെ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടിയംഗങ്ങൾ പ്രതികരിക്കാതിരിക്കുകയും ചെയ്തു. കാരണം അവർ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ വേദനയും യാതനയും അനുഭവിച്ചവരാണ്.

അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തെ വിമർശിക്കുന്ന ഓം ബിർള കഴിഞ്ഞ ലോക്സഭയിൽ നൂറിലധികം അംഗങ്ങളെ സസ്പെൻഡ് ചെയ്തുവെന്നും അടിയന്തരാവസ്ഥയിൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷത്തെ ചില അംഗങ്ങൾ സൂചിപ്പിച്ചു. ഒരു രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് സ്പീക്കർ ഈ പ്രസ്താവന കൊണ്ടുവന്നത്; പ്രതിപക്ഷത്ത് ഭിന്നലുണ്ടാക്കുകയായിരുന്നു ലക്ഷ്യം. കാരണം അടിയന്തരാവസ്ഥയെ സോഷ്യലിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകൾക്കും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. മറിച്ച്, കോൺഗ്രസ് അംഗങ്ങൾക്ക് ഈ പ്രസ്താവനയ്ക്കെതിരേ ബഹളമുണ്ടാക്കാതിരിക്കാൻ മാർഗവുമില്ല. എന്നാൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ ഓം ബിർള നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല എന്നതാണ് പരമാർഥം.

പാർലമെന്‍റ് അംഗങ്ങളെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി ദ്രൗപദി മുർമുവും സ്പീക്കർ ഓം ബിർളയുടെ പാത തന്നെ പിന്തുടർന്നു കൊണ്ട് തന്‍റെ പ്രസംഗത്തിൽ അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെ അനുസ്മരിച്ചു. സ്പീക്കർ ആരംഭിച്ച പരിധി വിട്ട രാഷ്‌ട്രീയവത്കരണം രാഷ്‌ട്രപതിയും തുടർന്നു എന്നത് പുതിയ സർക്കാർ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് സൂചിപ്പിക്കുന്നു.

ഏതാണ്ട് സമാനമായ നടപടിയാണ് കേരള നിയമസഭയിലും നടന്നത്. മുഖ്യമന്ത്രി നൽകേണ്ട മറുപടി നിയമസഭാ സ്പീക്കറല്ല നൽകേണ്ടത്. സ്പീക്കർക്ക് സർക്കാർ വക്താവാകാൻ കഴിയില്ല. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാരിന്‍റെ ഗൂഢ നീക്കത്തിനെതിരേ കെ.കെ. രമ എംഎൽഎ നൽകിയ അടിയന്തിര പ്രമേയത്തിന്‍റെ അവതരണത്തിന് അനുമതി നിഷേധിച്ചപ്പോൾ കേരള നിയമസഭ സ്പീക്കറും തന്‍റെ പരിധി കടന്നു എന്ന പരാതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലുള്ളപ്പോൾ മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറയേണ്ടതല്ല. മാത്രവുമല്ല, ഒരു വനിതാ അംഗം നൽകിയ അടിയന്തിര പ്രമേയം അതിന്‍റെ ഗൗരവത്തിൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ടതുമാണ്.

ജനാധിപത്യത്തിന്‍റെ ആരോഗ്യകരമായ നിലനിൽപ്പിനും വളർച്ചയ്ക്കും ഭരണ- പ്രതിപക്ഷ പാർട്ടികൾ ജാഗരൂകരായി പ്രവർത്തിച്ച് പരസ്പര ബഹുമാനവും മാന്യതയും നിലനിർത്തണം. നിതാന്ത ജാഗ്രതയാണ് ജനാധിപത്യത്തിന്‍റെ വില എന്ന വാക്യം വിസ്മരിക്കരുത് എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു