പി.എച്ച്. സാബു
രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രൗഢിയും സാധ്യതയും പ്രസക്തിയും സഹകാരി സമൂഹം ചര്‍ച്ച ചെയ്യുന്ന സഹകരണ വാരാഘോഷം ഈ മാസം 14 മുതല്‍ 20 വരെ രാജ്യമെങ്ങും ആഘോഷിക്കുകയാണ്. കേരളത്തിൽ 71ാമത് സഹകരണ വാരാഘോഷത്തിന് എറണാകുളം ജില്ലയിലെ കളമശേരിയില്‍ തിരിതെളിഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രസക്തിയും പ്രതിബദ്ധതയും സാധ്യതയും വിളിച്ചോതുന്ന പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നു. ലോകത്ത് 3 ദശലക്ഷം സഹകരണ സ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ലോകത്ത് 120 കോടി ജനങ്ങള്‍ സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണെന്ന് പറയുമ്പോള്‍ തന്നെ സഹകരണത്തിന്‍റെ സാര്‍വദേശീയ പ്രസക്തി വ്യക്തമാവുകയാണ്. 28 കോടി ജനങ്ങള്‍ക്ക് ലോകത്തെ സഹകരണ മേഖല തൊഴില്‍ പ്രദാനം ചെയ്യുന്നു.
ഇന്ത്യയില്‍ വ്യത്യസ്ത മേഖലകളിലായി 8.5 ലക്ഷം സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തെ ആകെ സഹകരണ സ്ഥാപനങ്ങളുടെ 27% സഹകരണ സംഘങ്ങള്‍ ഇന്ത്യയിലാണ്. ഇവിടെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രസക്തിയും സാധ്യതയും പരിശോധിക്കേണ്ടത്. വവൈിധ്യവത്കൃതമായ ഇന്ത്യന്‍ സഹകരണ മേഖലയില്‍ കേരള മോഡലിന് ഏറെ പ്രസക്തിയുണ്ട്. കേരളത്തിലെ സഹകരണ രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തില്‍ 12,241 പ്രാഥമിക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 3,000ത്തിലധികം ക്ഷീര സഹകരണ സംഘങ്ങളും 600ലധികം മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും കേരളത്തിലെ സഹകരണ മേഖലയുടെ ഭാഗമാണ്. ആരോഗ്യ മേഖലയിലും വനിതാ മേഖലയിലും വ്യവസായ മേഖലയിലും മറ്റു പലവിധ മേഖലയിലും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സഹകരണ മേഖല നമ്മുടെ സാമൂഹ്യ ജീവിതത്തിന്‍റെ നേര്‍ പ്രതിനിധിയാണ്.
കേരളത്തിലെ സഹകരണ മേഖലയുടെ നേതൃത്വം വായ്പാ സഹകരണ സംഘങ്ങള്‍ക്കാണ്. സംസ്ഥാന സഹകരണ ബാങ്കും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും (സര്‍വീസ് സഹകരണ ബാങ്കുകള്‍) ആണ് ഇവിടെ പ്രധാനം. 60ഓളം അര്‍ബന്‍ ബാങ്കുകള്‍ നിക്ഷേപ വായ്പ ബാങ്കിങ്ങില്‍ സജീവം. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കിങ് മേഖല നേരിടുന്ന പ്രയാസങ്ങളും അത് ശക്തിപ്പെടേണ്ടത്തിന്‍റെ ആവശ്യകതയും ഈ വാരാഘോഷ വേളയില്‍ ചര്‍ച്ച ചെയ്യുന്നത് അഭികാമ്യമായിരിക്കും.
2019ല്‍ ജില്ലാ ബാങ്കുകള്‍ ലയിപ്പിക്കപ്പെടുകയും സംസ്ഥാന സഹകരണ ബാങ്ക് "കേരള ബാങ്ക്' എന്ന പേരില്‍ രൂപപ്പെടുകയും ചെയ്തു. രണ്ടര ലക്ഷം കോടി നിക്ഷേപവും 1.80 ലക്ഷം കോടി വായ്പ ബാക്കിയുമുള്ള കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ സുശക്തമായ സംവിധാനമായി കേരള ബാങ്ക് മാറി. 69,222 കോടി നിക്ഷേപവും 48,603 കോടി വായ്പ ബാക്കിയുമുള്ള കേരള ബാങ്ക് നിഷ്‌ക്രിയ ആസ്തി കുറച്ച് സഞ്ചിത നഷ്ടം ഓരോ വര്‍ഷവും കുറച്ചു കൊണ്ടുവരുന്നതായി കാണാം. കേരള ബാങ്കിന്‍റെ നിക്ഷേപത്തിന്‍റെ സിംഹഭാഗവും സഹകരണ സംഘങ്ങളുടെ നിക്ഷേപമാണ്. അതുകൊണ്ടു തന്നെ പ്രാഥമിക സഹകരണ മേഖലയില്‍ രൂപപ്പെടുന്ന പ്രതിസന്ധികള്‍ കേരള ബാങ്കിനേയും ബാധിക്കും.
സഹകരണ മേഖലയിലെ ചില ഒറ്റപ്പെട്ട പോരായ്മകള്‍ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണ് ചെയ്തത്. സംസ്ഥാന സഹകരണ മേഖലയോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍പ്പും ചിറ്റമ്മ നയവും മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കടന്നുവരവും പ്രാഥമിക സഹകരണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഒറ്റപ്പെട്ട സഹകരണ ക്രമക്കേടുകള്‍ മേഖലയില്‍ കരിനിഴല്‍ വീഴ്ത്തി. സഹകാരികളെ സഹകരണ പ്രസ്ഥാനത്തില്‍ നിന്നും അകറ്റാൻ കൊണ്ടുപിടിച്ച മാധ്യമ ശ്രമവുമുണ്ടായി.
എന്നാല്‍ ഈ കാര്യങ്ങളില്‍ സമൂര്‍ത്തമായ നടപടികളാണ് സംസ്ഥാന സഹകരണ വകുപ്പ് സ്വീകരിച്ചത്. 1969ലെ സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതികളാണ് കൊണ്ടുവന്നത്. സഹകരണ ചട്ട ഭേദഗതിയും ഒരുങ്ങി. "ക്രമക്കേടുകളോട് വിട്ടുവീഴ്ചയില്ല' എന്ന് പ്രഖ്യാപിക്കുന്നതാണ് ഈ നിയമ വ്യവസ്ഥകളുടെ അന്ത സത്ത. ടീം ഓഡിറ്റും ടീം ഇന്‍സ്പെക്‌ഷനും സഹകരണ മേഖലയില്‍ സജീവമായി. ഇതിനിടെ സംസ്ഥാനത്തെ ചില മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തകര്‍ച്ച നേരിട്ടു. അതിന്‍റെ പ്രത്യാഘാതവും ഫലത്തില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ബാധിച്ചു.
പ്രധാന പ്രതിസന്ധി വായ്പ സഹകരണ മേഖലയില്‍ വര്‍ധിച്ചു വരുന്ന കുടിശികയാണ്. സുദീര്‍ഘമായ കാലയളവില്‍ സഹകരണ മേഖലയില്‍ ജപ്തി നടപടികള്‍ നിലച്ച സ്ഥിതിയിലായിരുന്നു. മാരക രോഗങ്ങളുടെ വരവും വെള്ളപ്പൊക്കവും സഹകാരികളെ പ്രതിസന്ധിയിലാക്കി. തിരിച്ചടവ് മുടങ്ങുന്നതിന് അതും കാരണമായി. സംസ്ഥാനത്ത് അടുത്തിടെ വന്ന "ജപ്തി വിരുദ്ധ നിയമം' ഇനി ജപ്തി ഇല്ല എന്ന തെറ്റായ വിശ്വാസത്തിലേക്ക് വായ്പ കുടിശികക്കാരെ തള്ളിയിട്ടിട്ടുമുണ്ട്. കുടിശിക വര്‍ധിച്ചതും തിരിച്ചടവ് മുടങ്ങിയതും സഹകരണ വകുപ്പ് ഇപ്പോള്‍ ഗൗരവമായി എടുത്തിരിക്കുന്നു എന്നത് ആശ്വാസകരമാണ്. ചുരുക്കം ചില സ്ഥാപനങ്ങളില്‍ രൂപപ്പെട്ട നിക്ഷേപ പ്രതിസന്ധിയാണ് "നടപടിയില്‍ വിട്ടുവീഴ്ച ഇല്ല' എന്ന നിലപാടിലേക്ക് സഹകരണ വകുപ്പിനെ എത്തിച്ചത് എന്ന് കാണാം.
നിക്ഷേപം സ്വീകരിക്കുകയും അതുപയോഗിച്ച് വായ്പ നല്‍കുകയും ചെയ്യുന്ന വായ്പാ സഹകരണ സംഘങ്ങളെ സംബന്ധിച്ചിടത്തോളം നിക്ഷേപ സുരക്ഷ ഉറപ്പിക്കാന്‍ കൃത്യമായ തരള ധന വ്യവസ്ഥ പാലിക്കാന്‍ അവ ബാധ്യസ്ഥമാണ്. എന്നാല്‍ ചില സംഘങ്ങള്‍ തരള ധന വ്യവസ്ഥ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയുണ്ടായി. ഈ കാര്യത്തില്‍ കൂടുതല്‍ അവധാനത ഉണ്ടാകാന്‍ സഹകരണ രജിസ്ട്രാര്‍ അടുത്തിടെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സഹകരണ ഗ്യാരന്‍റി സ്‌കീമില്‍ അംഗമാകുകയും കൃത്യമായി ഓരോ വര്‍ഷവും വിഹിതം അടയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം. എങ്കിലേ സംഘങ്ങളുടെ നിക്ഷേപ സുരക്ഷ സംരക്ഷിക്കപ്പെടുകയുള്ളൂ.
മനസിലാക്കേണ്ട കാര്യം ഒരു സഹകരണ വായ്പാ സംഘത്തിന്‍റെപ്രവര്‍ത്തന മൂലധനത്തിന്‍റെ 90 ശതമാനത്തിലധികം സാധാരണ നിലയില്‍ നിക്ഷേപമാണ് എന്ന വസ്തുതയാണ്. 10 ശതമാനത്തില്‍ താഴെ മാത്രമേ അംഗങ്ങളുടെ ഓഹരി മൂലധനമുള്ളൂ. അപ്പോള്‍ വായ്പ നല്‍കാന്‍ ഉപയോഗിക്കുന്നത് ഇടപാടുകാരില്‍ നിന്നും സ്വീകരിച്ച നിക്ഷേപമാണെന്ന ധാരണയോടെ വേണം ഓരോ സഹകരണ സ്ഥാപനവും വായ്പാ നയം രൂപീകരിക്കാന്‍ എന്ന കാര്യം ഉറപ്പുവരുത്തേണ്ടതാണ്. തിരിച്ചടവ് ശേഷിയില്ലാത്തവര്‍ക്ക് വായ്പ നല്‍കിയാല്‍ വായ്പാ കുടിശിക വര്‍ധിക്കുകയും സംഘത്തെ അത് നിക്ഷേപ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യും.
വായ്പ എടുക്കുന്ന ആവശ്യത്തിനാണോ തുക വിനിയോഗിക്കുന്നത് എന്ന പരിശോധനയുടെ കാര്യത്തിലും കൂടുതല്‍ ജാഗരൂകമാകേണ്ടതുണ്ട്. ഒരു സമൂഹത്തെ കടക്കെണിയില്‍ നിന്നും സംരക്ഷിക്കാനുള്ള ബാധ്യത കൂടി സഹകരണ പ്രസ്ഥാനത്തിനുണ്ട്. പലപ്പോഴും ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ തുക വായ്പ എടുക്കുന്ന ഒരു സമീപനം സഹകരണ മേഖലയിലെ വായ്പക്കാരില്‍ പലപ്പോഴും കാണാറുണ്ട്. അംഗങ്ങള്‍ക്ക് നേരിട്ടു ബന്ധമുള്ള ഭരണ സമിതിയുടെ ലിബറല്‍ സമീപനം ഇത്തരം വായ്പക്കാര്‍ക്ക് സഹായമാവുകയും ചെയ്യും. സഹകാരികളോടുള്ള പ്രതിബദ്ധത മൂലം പലപ്പോഴും തിരിച്ചടവ് മുടങ്ങിയാലും ആര്‍ബിട്രേഷന്‍ എക്‌സിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ സംഘങ്ങള്‍ക്ക് മടിയുണ്ട്.
ഇത് വായ്പക്കാരനെയും സംഘത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കും. പലിശയും പിഴപ്പലിശയും പെരുകി, ഈടുവസ്തു ലേലത്തില്‍ വിറ്റാലും വായ്പ തീരാത്ത സ്ഥിതിയിലേക്ക് ഇത്തരം നടപടികള്‍ കാരണമാകാറുണ്ട്. സഹകാരികളെ ബന്ധപ്പെട്ട് കുടിശികയാകാതെ വായ്പ അടപ്പിക്കാൻ സഹകരണ ഭരണസമിതിക്കും ജീവനക്കാര്‍ക്കും കഴിയണം. ജീവനക്കാര്‍ക്കും ഭരണ സമിതിക്കും സഹകരണ വകുപ്പുദ്യോഗസ്ഥര്‍ക്കും കൂടുതല്‍ പ്രൊഫഷണല്‍ പരിശീലനങ്ങള്‍ അനിവാര്യമായി.
ഓരോ സഹകരണ സ്ഥാപനവും കൂടുതല്‍ സുതാര്യവും ക്രിയാത്മകവുമായ കര്‍മപദ്ധതികള്‍ക്ക് തയാറാവേണ്ട കാലഘട്ടത്തിലാണ് ഈ സഹകരണ വാരാഘോഷം സംഘടിപ്പിക്കപ്പെടുന്നത്. സഹകരണ പ്രസ്ഥാനത്തിന്‍റെ സമഗ്ര സാധ്യതകള്‍ അനന്തമാണ്. കരുത്തുറ്റ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളും കേരള ബാങ്കും ചേരുന്ന മോഡേണ്‍ ബാങ്കിങ് ശൃംഖല സംസ്ഥാനത്ത് സുസജ്ജമാകണം. പ്രാഥമിക സഹകരണ വായ്പാ സംഘങ്ങളിലൂടെ എല്ലാ സേവനങ്ങളും ഇടപാടുകര്‍ക്കു ലഭ്യമാക്കാന്‍ കഴിയണം. സഹകരണത്തിന്‍റെ കോട്ടങ്ങള്‍ കണ്ടെത്തി തിരുത്തുകയും നേട്ടങ്ങള്‍ കൃത്യമായി പ്രചരിക്കപ്പെടുകയും വേണം.
സുശക്തമായ സംസ്ഥാന സഹകരണ യൂണിയനും സര്‍ക്കിള്‍ യൂണിയനുകളും നമുക്കുണ്ട്. പ്രാദേശിക സഹകരണ ക്യാംപെയിനുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കിള്‍ യൂണിയനുകള്‍ക്ക് കഴിയും. സംസ്ഥാന സഹകരണ യൂണിയനും സംസ്ഥാന സഹകരണ വകുപ്പും സഹകരണ സ്ഥാപനങ്ങളും കൈകോര്‍ത്താല്‍ വലിയ വിജയഗാഥകള്‍ രചിക്കാം. സഹകാരികളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള ഏതൊരു നടപടികളെയും സഹകാരി സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കും. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ ശക്തിയും സാധ്യതയും കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഈ സഹകരണ വാരാഘോഷത്തിന് കഴിയട്ടെ.
(ആലുവ മുപ്പത്തടം സര്‍വീസ് സഹകരണ ബാങ്കിന്‍റെ സെക്രട്ടറിയാണ് ലേഖകന്‍. 9744190734)