കു​ട്ടി​ക​ള്‍ പ​ഠി​ക്കേ​ണ്ട​തെ​ന്ത്? പഠി​ക്കു​ന്ന​തെ​ന്ത്? 
Special Story

കു​ട്ടി​ക​ള്‍ പ​ഠി​ക്കേ​ണ്ട​തെ​ന്ത്? പ​ഠി​ക്കു​ന്ന​തെ​ന്ത്?

നമ്മുടെ വിദ്യാഭ്യാസ രംഗം വലിയ നിലവാരത്തില്‍ എത്തി എന്ന് അഭിമാനത്തോടെ നമ്മള്‍ പറയുന്നുണ്ടെങ്കിലും യഥാർഥത്തില്‍ അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിച്ചിട്ടുണ്ടോ? നമ്മുടെ കുട്ടികള്‍ പ്രാഥമികമായി പഠിക്കേണ്ടത് തന്നെയാണോ പഠിക്കേണ്ടത് എന്ന് പരിശോധിച്ചിട്ടുണ്ടോ..? നിലവിലെ പാഠപുസ്തകങ്ങളില്‍ പരിഷ്‌കാരം അതിക്രൂരമായി കക്ഷിരാഷ്‌ട്രീയമാക്കി മാറ്റിയത് വിദ്യാർഥികളുടെ ഭാവിയെ നശിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്നു എന്ന അതിദാരുണമായ കാര്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഒരു മലയാളിയെ മലയാളിയാക്കി മാറ്റുന്നതില്‍ ഭാഷ നല്‍കുന്ന സംഭാവനകള്‍ പ്രധാനമാണ്. കേരള പാഠാവലി എന്ന പേരില്‍ കേരള സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്ന ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒരുകാലത്ത് പഠിപ്പിച്ചിരുന്ന പാഠപുസ്തകങ്ങള്‍ എടുത്തു പറയേണ്ടതാണ്. അത് മലയാളികളില്‍ ചെലുത്തിയ ബോധപൂര്‍വവും അബോധപൂര്‍വവുമായ സ്വാധീനശക്തിയും അതിപ്രധാനമാണ്.

ഈ പാഠപുസ്തകങ്ങളിലൂടെ മലയാളികള്‍ നേടിയെടുത്തിരുന്ന അറിവും അനുഭവവും അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. മാതൃഭാഷാ പഠനത്തിന് സുപ്രധാനമായ സ്ഥാനമാണ് കേരള പാഠാവലി നല്‍കിയിരുന്നത്. എന്നാല്‍ പരിഷ്‌കാരങ്ങള്‍ പലതു വന്നപ്പോള്‍ പാഠാവലികള്‍ ലക്ഷ്യബോധമില്ലാതെ ആയിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.

മലയാള ഭാഷയുടെ ചരിത്രത്തില്‍ എഴുത്തച്ഛന്‍റെ സ്ഥാനവും, കുഞ്ചന്‍ നമ്പ്യാരുടെ നര്‍മബോധവും, രാമായണത്തിലേയും മഹാഭാരതത്തിലേയും ബൈബിളാലേയും ഖുറാനിലേയും കഥകളും ഇന്നത്തെ കുട്ടികള്‍ പഠിക്കുന്നുണ്ടോ...? സംസ്‌കൃത ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വന്ന വാക്കുകളെ കുറിച്ചുള്ള വിവരണം ഒരുകാലത്ത് മലയാളികളായ കുട്ടികള്‍ പഠിച്ചിരുന്നു.

മുഗള്‍ രാജാക്കന്മാരെക്കുറിച്ചും ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചും അവരോട് ഏറ്റുമുട്ടിയ പ്രമുഖ ഇന്ത്യൻ രാജാക്കന്മാരെക്കുറിച്ചും റാണിമാരെപ്പറ്റിയും പഠിച്ചിരുന്നു. ഛത്രപതി ശിവാജിയും റാണാ പ്രതാപസിംഹനും ഗുരു ഗോവിന്ദ സിംഹനും റാണി ലക്ഷ്മിഭായിയും റാണി ചന്നമ്മയും വേലുത്തമ്പി ദളവയും വീര പഴശിരാജയും വക്കം മൗലവിയും ഖാൻ അബ്ദുൾഖാദറും ചാവറ കുര്യാക്കോസ് അച്ചനുമൊക്കെ ആരെന്ന് ഇന്നത്തെ കുട്ടികൾ അറിയുന്നുണ്ടോ?

ഇന്ന് തുഞ്ചത്തെഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും മറ്റും നമ്മുടെ വിദ്യാർഥികള്‍ക്ക് അന്യം നിന്നു പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആശാനും ഉള്ളൂരും വള്ളത്തോളും മലയാള സാഹിത്യത്തിലെ കവിത്രയങ്ങളാണെന്നത് ഇന്ന് പഠിക്കുന്നുണ്ടോ...? അക്കിത്തത്തിന്‍റെ കവിതകളും വൈലോപ്പിള്ളിയുടെ കവിതകളും അങ്ങനെ ഒരുകാലത്ത് പഠിച്ചു പോയതൊക്കെ ചരിത്രമായി മാറിയിരിക്കുന്നു. ഇന്ന് കുട്ടികള്‍ക്ക് മലയാളഭാഷയുടെ വളര്‍ച്ചയെ കുറിച്ചുള്ള യഥാർഥ ചിത്രം ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പാഠപുസ്തകത്തിന്‍റെ പരിഷ്‌കാരങ്ങളാണ് ഇതൊക്കെ ഉണ്ടാക്കി തീര്‍ത്തത് എന്ന് പറയേണ്ടിയിരിക്കുന്നു.

കേവലം രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി ചരിത്രത്തെ തന്നെ വളച്ചൊടിക്കുകയും അത് പുതിയ തലമുറയിലുള്ള കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്ന അതി നീചമായ നടപടികളാണ് കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ കുട്ടികള്‍ വര്‍ത്തമാനകാലത്തെ "പരിഷ്‌കരിച്ച' പാഠപുസ്തകങ്ങളാണ് പഠിച്ചുകൊണ്ടിരിക്കുന്നത് എന്നത് വളരെ ദയനീയമാണ്. ശാസ്ത്രീയമായ ഭാഷാ പഠനങ്ങള്‍ നടക്കുന്നില്ല. ചരിത്രത്തെ വഴിമാറ്റി തല്പര രാഷ്‌ട്രീയം പാഠപുസ്തകങ്ങളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നമ്മുടെ ഒരു തലമുറയുടെ വിജ്ഞാനമാണ് നഷ്ടപ്പെടുത്തുന്നത്.

ഒരുവട്ടം കൂടി പഴയ പുസ്തകങ്ങള്‍ നമ്മളെല്ലാം മറച്ചു നോക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന് തിരിച്ചറിയുക. പഠിച്ചിരുന്ന പഴയ പുസ്തകങ്ങള്‍ ഒരിക്കല്‍ മറിച്ചു നോക്കുക എന്നുള്ളത് ഒരു ആനന്ദമായി നാം തീര്‍ച്ചയായും കാണേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ വര്‍ത്തമാനകാലത്തെ പാഠപുസ്തകങ്ങള്‍ കൂടി അതേ കാലയളവിലെ മറിച്ച് നോക്കുമ്പോഴാണ് ഭീകരമായ സാഹചര്യം നാം തിരിച്ചറിയുക.

സാങ്കേതികമായി നാം ഒട്ടേറെ മുന്നിലായിട്ടുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ആ വളര്‍ച്ചയാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് എന്നതാണെങ്കില്‍ അത് അംഗീകരിക്കുന്നതിന് ഒരു തടസവുമില്ല. ഇത് അപ്രകാരമല്ല എന്നുള്ളതാണ് വിമര്‍ശനത്തിന് കാരണമാകുന്നത്. പാളം തെറ്റി ഓടുന്ന വണ്ടിക്ക് മുന്നില്‍ ചുവന്ന കൊടി കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുള്ളതാണ് ഇതില്‍ നിന്ന് നാം തിരിച്ചറിയേണ്ടത്. മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളും നമുക്ക് ആവശ്യമാണ്. അടിത്തറ ദുര്‍ബലമായാല്‍ കെട്ടിടത്തിന്‍റെ സുരക്ഷ അപകടമായിരിക്കും. അതുപോലെ തന്നെയാണ് വിദ്യഭ്യാസ രംഗവും.

കുറ്റം വിദ്യഭ്യാസ പരിഷ്‌ക്കാരങ്ങളെ മാത്രം പറയുന്നതും ശരിയല്ല. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ പേപ്പറുകറില്‍ നിന്ന് പുതു തലമുറ അകന്ന് മാറുന്നു. അവര്‍ അക്ഷരങ്ങള്‍ മനസിലാക്കുകയും അത് അവരുടെ കൈകളില്‍ ഉള്ള ആധുനിക മൊബൈല്‍ ഫോണുകള്‍ വഴി കുറിക്കുകയും ആണ് ചെയ്ത്‌വരുന്നത്. കൈകള്‍കൊണ്ട് അക്ഷരങ്ങള്‍ എഴുതുന്ന കാലം അസ്തമിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല.

വികാരം പ്രകടിപ്പിക്കാന്‍ അക്ഷരങ്ങളില്‍ നിന്ന് പുതിയ സമൂഹം ഒഴിഞ്ഞുമാറി കൊണ്ടിരിക്കുകയാണ് എന്നും പറയാം. അവര്‍ കൂടുതലും ഇമോജികളെ വികാരം പ്രകടിപ്പിക്കാന്‍ ആശ്രയിക്കുന്നു. ഇന്ന് ആരും കത്തുകള്‍ എഴുതാറില്ല. പുതുതലമുറയിലെ എഴുത്തുകാരെല്ലാം കമ്പ്യൂട്ടറിലാണ് അവരുടെ കഥകളും കവിതകളും നോവലുകളും രചിക്കുന്നത്. പേപ്പറില്‍ കുറിക്കുന്ന വരികളുടെ കാലമസ്തമിച്ചിരിക്കുന്നു. ബുക്കുകള്‍ക്ക് പകരമായി സ്‌ക്രീനുകള്‍ എത്തിയിരിക്കുന്നു.

നമ്മുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ ജീവിതം ഒരുകാലത്ത് വിദ്യാർഥികള്‍ പഠിക്കുമായിരുന്നു. ആരെല്ലാമാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതെന്ന് ചോദിച്ചാല്‍ ഏതൊരു കുട്ടിയും വളരെ വേഗം പത്തു പേരെങ്കിലും പറയുമായിരുന്നു. ഇന്ന് സ്ഥിതിമറിച്ചായിരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നു എന്നുള്ള കാര്യം കൃത്യമായി പറയുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പറയുവാന്‍ അവര്‍ ആലോചിക്കേണ്ടി വരുന്നു.

നമ്മള്‍ അറിയാത്ത ഒട്ടേറെ മുഖങ്ങള്‍ പുതിയ പാഠപുസ്തകങ്ങളില്‍ തെളിഞ്ഞുവരുന്നത് ഞെട്ടലോടെ അറിയേണ്ടിയിരിക്കുന്നു. വര്‍ത്തമാനകാല രാഷ്‌ട്രീയ നേതാക്കളെ കുറിച്ചാണ് പല പാഠപുസ്തകങ്ങളിലും പഠിപ്പിക്കുന്നത്. ഇന്ത്യന്‍ രാഷ്‌ട്രീയരംഗം തന്നെ മലീമസമായിരിക്കുന്നു എന്നുള്ള യാഥാർഥ്യം നാം തിരിച്ചറിയണം.

ചരിത്രബോധമില്ലാത്ത ഒരു തലമുറയാണ് നമ്മുടെ സമൂഹത്തിന് ഏറ്റവും ശാപമായി മാറിയിരിക്കുന്നത്. നമ്മുടെ സമൂഹം എത്രമാത്രം പുരോഗതി നേടിയെന്നു പറഞ്ഞാലും അതിന്‍റെ നട്ടെല്ലായ സമൂഹത്തിന് ചരിത്രബോധം ഇല്ലെങ്കില്‍ അതൊരിക്കലും ശക്തവും ദ്യഡതയുമുള്ളതാകില്ല. ഇന്ത്യ എങ്ങനെ സ്വാതന്ത്ര്യം നേടിയെന്ന് ഇന്നത്തെ തലമുറ പൂര്‍ണമായി മനസിലാക്കേണ്ടതിന്‍റെ ആവശ്യം നമ്മളാണ് തിരിച്ചറിയേണ്ടത്.

ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്‍റെ സുഖമനുഭവിക്കുന്നവരാണ് ഇപ്പോഴുള്ള തലമുറകള്‍. ഈ സുഖത്തിന് മുന്‍പ് മുന്‍തലമുറക്കാര്‍ അനുഭവിച്ച യാതനകളും, പീഡനങ്ങളും, സമരങ്ങളും മനസിലാക്കുമ്പോള്‍ മാത്രമാണ് ആ സ്വാതന്ത്ര്യത്തിന്‍റെ രുചി പൂര്‍ണമായും ഉള്‍ക്കൊള്ളുവാന്‍ പുതിയ തലമുറയ്ക്ക് സാധിക്കുകയുള്ളൂ. പാഠ്യ പദ്ധതിയില്‍ നിന്ന് സ്വാതന്ത്രസമര കഥകള്‍ മാറ്റുമ്പോള്‍ നമ്മള്‍ തലമുറകളോട് ചെയ്യുന്ന അപരാധമാണ്. അത് സമൂഹത്തോട് കാട്ടുന്ന ക്രൂരമായ തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. അത് ദേശദ്രോഹമായി കാണേണ്ടതുണ്ട്.

നമ്മള്‍ ഇന്ത്യയെ അറിയുന്നത് ചരിത്ര വായനയിലൂടെ തന്നെയാകണം. ഇന്ത്യ എന്ന സങ്കല്പം, ജനാധിപത്യ രാഷ്‌ട്രമായി മാറിയ ഇന്ത്യയുടെ കഥകള്‍, സ്വാതന്ന്രത്തിനായി നടത്തിയ പോരാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം നമ്മുടെ പിന്‍തലമുറകള്‍ വായിച്ചറിയണം. അതിനുള്ള അവസരങ്ങള്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കേണ്ടത് നമ്മുടെ കടമയാണ്. അവിടെ സ്വാർഥ താല്പര്യങ്ങള്‍ക്ക് സ്ഥാനമില്ല.

വിസ്മരിക്കപ്പെടാതെ പോകേണ്ട പലരും വിസ്മരിക്കപ്പെട്ടു പോകുന്നത് നാം ദുഃഖത്തോടെയാണ് കാണേണ്ടത്. അത് അനുവദിച്ചു കൊടുക്കാന്‍ പാടുള്ളതല്ല. വി.കെ. കൃഷ്ണമേനോനും സര്‍ദാര്‍ വല്ലഭായി പട്ടേലും ഒക്കെ നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ സമരങ്ങളെക്കുറിച്ച് കുട്ടികള്‍ പഠിക്കണം. മഹാത്മാ ഗാന്ധിയും, ലോകമാന്യ തിലകനും സുഭാഷ് ചന്ദ്ര ബോസുമെല്ലാം നടത്തിയ സ്വാതന്ത്ര്യ സമര ചരിത്രം കുട്ടികള്‍ പഠിക്കണം.

എങ്കിലേ ശക്തമായ അടിത്തറയോടു കൂടിയ ഇന്ത്യ എന്ന സങ്കല്പം ഒരാളില്‍ ശക്തിപ്പെടൂ. ദേശസ്‌നേഹം വർധിക്കണമെങ്കില്‍ ഇത്തരം പ്രവര്‍ത്തികളില്‍ നമ്മള്‍ താല്‍പര്യം കാണിക്കണം. പുതിയ തലമുറകളില്‍ പെട്ടവര്‍ ദേശദ്രോഹികള്‍ ആകാതിരിക്കാന്‍, ഭീകരവാദികള്‍ ആകാതിരിക്കുവാന്‍ ഇത്തരം ചരിത്രങ്ങള്‍ യാഥാർഥ്യമായി തന്നെ കുട്ടികളിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്.

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് വൻവരവേൽപ്പ്