എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ രാജ്യം മുഴുവൻ അതു ശ്രദ്ധിക്കുകയാണ്. ഒരു ദശകക്കാലത്തിനു ശേഷമാണ് അവിടെ നിയമസഭയിലേക്കു വോട്ടെടുപ്പു നടക്കുന്നത്. അതു മുൻപത്തേതിൽ നിന്ന് ഏറെ പ്രത്യേകതകളോടെയുമാണ്. ജമ്മു കശ്മീർ സംസ്ഥാനം ജമ്മു കശ്മീരും ലഡാഖും എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വേർതിരിച്ചത് 2019 ഓഗസ്റ്റിലാണ്; നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാർ അധികാരമേറ്റതിനു പിന്നാലെ. സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിനൊപ്പമായിരുന്നു ഈ തീരുമാനം. കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ തന്നെയാണ് ഇപ്പോൾ ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. അവിടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാതായിട്ട് ആറു വർഷത്തിലേറെയായി.
പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാരിൽ നിന്ന് ബിജെപി പിൻവാങ്ങുന്നത് 2018 ജൂണിൽ. അതിനുശേഷം കേന്ദ്ര ഭരണമാണ്. ഈ വർഷം സെപ്റ്റംബർ 30നു മുൻപ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പു പൂർത്തിയാക്കണമെന്നു നേരത്തേ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ സമയപരിധി മുന്നിൽക്കണ്ടുകൊണ്ട് തെരഞ്ഞെടുപ്പു കമ്മിഷൻ നടപടികൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം മൂന്നു ഘട്ടമായുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 18നു തുടങ്ങി ഒക്റ്റോബർ ഒന്നിന് അവസാനിക്കുകയാണ്. ഒക്റ്റോബർ നാലിനു വോട്ടെണ്ണിക്കഴിഞ്ഞാൽ ജമ്മു കശ്മീരിൽ ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരമേറാൻ അവസരമാവും.
കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ 2020 മാർച്ചിലാണ് അവിടെ മണ്ഡല പുനർനിർണയത്തിനുള്ള കമ്മിഷനെ നിയോഗിക്കുന്നത്. സുപ്രീം കോടതി റിട്ടയേഡ് ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലുള്ള കമ്മിഷൻ 2022 മേയിൽ മണ്ഡല പുനർനിർണയം പൂർത്തിയാക്കി. ഇതനുസരിച്ച് കേന്ദ്രഭരണ പ്രദേശത്ത് ആകെ 90 നിയമസഭാ സീറ്റുകളാണുള്ളത്. ലഡാഖ് മാറ്റിനിർത്തിയാൽ ജമ്മു, കശ്മീർ മേഖലകളിലായി നേരത്തേ 83 സീറ്റാണ് ഉണ്ടായിരുന്നത്. ജമ്മു മേഖലയിൽ ആറു സീറ്റ് വർധിപ്പിച്ചപ്പോൾ കശ്മീർ മേഖലയിൽ ഒരു സീറ്റിന്‍റെ വർധനയുണ്ടായി. കശ്മീരിൽ 47, ജമ്മുവിൽ 43 എന്നിങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ. മുൻപ് കശ്മീരിൽ 46, ജമ്മുവിൽ 37 എന്നതായിരുന്നു സീറ്റുകളുടെ എണ്ണം. പൊതുവിഭാഗത്തിൽ 74 മണ്ഡലങ്ങളും ഒമ്പത് എസ്ടി സംവരണ മണ്ഡലങ്ങളും ഏഴ് എസ് സി സംവരണ മണ്ഡലങ്ങളുമാണ് ഇപ്പോഴുള്ളത്.
ജമ്മു മേഖലയിൽ സീറ്റുകൾ കൂടുന്നത് ബിജെപിക്കു നേട്ടമാവുമോ എന്നത് ഈ തെരഞ്ഞെടുപ്പിൽ കണ്ടറിയാനുള്ളതാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള വലിയ ആവേശം തന്നെ ജനങ്ങൾക്കിടയിൽ കാണുകയുണ്ടായി. 58 ശതമാനത്തിലേറെ പോളിങ്ങാണ് അന്നു രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിൽ മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്ങാണത്. 2019ൽ 45 ശതമാനത്തിനടുത്തു മാത്രമായിരുന്നു സംസ്ഥാനത്തെ പോളിങ്. വോട്ടു ചെയ്യാൻ കൂടുതൽ ആളുകൾ മുന്നോട്ടുവന്നത് കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായതിന്‍റെ പ്രതിഫലനമായാണ് കേന്ദ്ര സർക്കാരും ബിജെപിയും കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വോട്ടിങ് ശതമാനം കൂടുതൽ മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷ തെരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ജമ്മു കശ്മീരിന്‍റെ പുരോഗതിക്ക് ജനാഭിലാഷപ്രകാരമുള്ള തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നിർണായക ഘടകമാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഡാഖ് അടക്കം ആറു ലോക്സഭാ മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുണ്ടായിരുന്നത്. അതിൽ മൂന്നിടത്ത് (ലഡാഖ്, ഉധംപൂർ, ജമ്മു) ബിജെപിയാണു ജയിച്ചത്. ബാക്കി മൂന്നിടത്ത് (ബരാമുള്ള, ശ്രീനഗർ, അനന്തനാഗ്) ഫറൂഖ് അബ്ദുള്ളയുടെയും ഒമർ അബ്ദുള്ളയുടെയും നാഷണൽ കോൺഫറൻസും. കോൺഗ്രസും പിഡിപിയും സമ്പൂർണ തോൽവി ഏറ്റുവാങ്ങി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉധംപൂരും ജമ്മുവും ബിജെപി നിലനിർത്തിയപ്പോൾ ശ്രീനഗറും അനന്തനാഗ്-രജൗരിയും ഇന്ത്യ സഖ്യത്തിൽ നിന്നുകൊണ്ട് നാഷണൽ കോൺഫറൻസ് നേടി. ബരാമുള്ളയിൽ ഒമർ അബ്ദുള്ള സ്വതന്ത്ര സ്ഥാനാർഥിയോടു തോറ്റു. അനന്തനാഗ്-രജൗരിയിൽ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയാണ് നാഷണൽ കോൺഫറൻസ് പരാജയപ്പെടുത്തിയത്. അങ്ങനെ രണ്ടു മുൻമുഖ്യമന്ത്രിമാരും (ഒമറും മെഹബൂബയും) ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിടേണ്ടിവന്നു. നേതാവു തോറ്റെങ്കിലും രണ്ടു സീറ്റുകൾ നേടിയതിന്‍റെ ആത്മവിശ്വാസം പക്ഷേ, ഒമറിന്‍റെ പാർട്ടിക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു വരുമ്പോൾ രാഷ്ട്രീയ ചിത്രം തങ്ങൾക്കു കൂടുതൽ അനുകൂലമാവുമെന്ന് ഓരോ കക്ഷിയും പ്രതീക്ഷിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 24.36 ശതമാനം വോട്ടാണു ലഭിച്ചത്. നാഷണൽ കോൺഫറൻസിന് 22.3 ശതമാനവും കോൺഗ്രസിന് 19.38 ശതമാനവും പിഡിപിക്ക് 8.48 ശതമാനവും വോട്ടു കിട്ടി. ഈ കണക്ക് ബിജെപിക്കു ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത നൽകുന്നതല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് നില അനുസരിച്ച് 34 അസംബ്ലി മണ്ഡലങ്ങളിൽ നാഷണൽ കോൺഫറൻസിനാണ് ഒന്നാംസ്ഥാനം. ബിജെപിക്ക് 29 മണ്ഡലങ്ങളിൽ മുൻതൂക്കമുണ്ട്. ഏഴിടത്താണ് കോൺഗ്രസ് മുന്നിലുള്ളത്; പിഡിപി അഞ്ചിടത്തും. സജാദ് ലോണിന്‍റെ പീപ്പിൾസ് കോൺഫറൻസിന് ഒരിടത്ത് ലീഡുണ്ട്.
നാഷണൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും ഇന്ത്യ മുന്നണിയായി ഒന്നിച്ചുനിന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് നില വച്ച് അവർക്കു ഭരണം പിടിക്കാനുള്ള സാധ്യത കൂടുതലുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിനു മുൻപ് സഖ്യസാധ്യത തെളിഞ്ഞിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് തർക്കം മൂലം മുന്നണി കക്ഷികൾ പരസ്പരം മത്സരിക്കുന്ന അവസ്ഥയുണ്ടായി. അനന്തനാഗ്- രജൗരിയിൽ നാഷണൽ കോൺഫറൻസ് തന്നെ പിന്തുണയ്ക്കണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. ഇതിനു നാഷണൽ കോൺഫറൻസ് തയാറായില്ല. ഇതേത്തുടർന്ന് കശ്മീർ താഴ്വരയിലെ മൂന്നു സീറ്റിലും പിഡിപിയും നാഷണൽ കോൺഫറൻസും മത്സരിച്ചു. കോൺഗ്രസ് നാഷണൽ കോൺഫറൻസിനാണു പിന്തുണ നൽകിയത്. ജമ്മുവിലെയും ലഡാഖിലെയും കോൺഗ്രസ് സ്ഥാനാർഥികളെ നാഷണൽ കോൺഫറൻസും പിന്തുണച്ചു. കോൺഗ്രസിന് പിഡിപിയും പിന്തുണ നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലും നാഷണൽ കോൺഫറൻസും പിഡിപിയും ഒന്നിച്ചു നിൽക്കാനുള്ള സാധ്യതയില്ല. തെരഞ്ഞെടുപ്പിനു മുൻപ് ആരുമായും സഖ്യമില്ലെന്നും പാർട്ടി സർക്കാരുണ്ടാക്കുമെന്നുമാണ് നാഷണൽ കോൺഫറൻസ് അവകാശപ്പെടുന്നത്. പിഡിപി ദുർബലപ്പെട്ടുവരുന്ന പാർട്ടിയാണെന്നും അവരെ എന്തിന് കൈപിടിച്ചുയർത്തണമെന്നുമാണ് നാഷണൽ കോൺഫറൻസ് ആലോചിക്കുന്നത്. പാർട്ടിയുടെ കരുത്ത് തിരിച്ചുപിടിക്കണമെന്ന് പിഡിപിയും മോഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുൻപ് സഖ്യമില്ലെന്നാണു മെഹബൂബ മുഫ്തിയും പറയുന്നത്. അതേസമയം, സഖ്യസാധ്യതകൾ ഇപ്പോഴും തുറന്നിടുകയാണ് കോൺഗ്രസ്. പ്രാദേശിക കക്ഷികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അവർക്കു കഴിയുമോയെന്നു വരും ദിവസങ്ങളിൽ കണ്ടറിയണം. സെയ്ദ് അൽതാഫ് ബുഖാരിയുടെ അപ്നി പാർട്ടി, സജദ് ഗാനി ലോണിന്‍റെ പീപ്പിൾസ് കോൺഫറൻസ്, പാന്തേഴ്സ് പാർട്ടി തുടങ്ങിയ കക്ഷികൾ അവർക്കു സ്വാധീമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളുമായി എത്തിയേക്കും.
ജമ്മു മേഖലയിൽ ഒരു തൂത്തുവാരൽ സാധ്യമായാലാണ് ബിജെപിക്കു സർക്കാർ രൂപവത്കരണ ശ്രമങ്ങളിൽ മുന്നോട്ടുപോകാനാവുക. 2014ൽ പിഡിപിക്ക് 28, ബിജെപിക്ക് 25, നാഷണൽ കോൺഫറൻസിന് 15, കോൺഗ്രസിന് 12 എന്നിങ്ങനെയായിരുന്നു കക്ഷിനില. പീപ്പിൾസ് കോൺഫറൻസിന് രണ്ടും സിപിഎമ്മിന് ഒന്നും സീറ്റുണ്ടായിരുന്നു. ലഡാഖ് അടക്കമുള്ള സംസ്ഥാനത്ത് അന്ന് 87 മണ്ഡലങ്ങളായിരുന്നു. ഭരണത്തിലുണ്ടായിരുന്ന ഒമർ അബ്ദുള്ളയ്ക്ക് തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായി എന്നു മാത്രമല്ല ചുരുങ്ങിയ കാലത്തെ രാഷ്ട്രപതി ഭരണത്തിനു ശേഷം പിഡിപി- ബിജെപി സഖ്യവും രൂപപ്പെട്ടു. 2015 മാർച്ച് ഒന്നിന് പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയായി സഖ്യസർക്കാർ അധികാരത്തിലെത്തി. 2016 ജനുവരിയിൽ മുഫ്തിയുടെ നിര്യാണത്തെത്തുടർന്ന് കുറച്ചുകാലത്തെ ഗവർണർ ഭരണം കഴിഞ്ഞാണ് മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാവുന്നത്. 2018 ജൂണിൽ മെഹബൂബ സർക്കാരിൽ നിന്നു ബിജെപി പിൻമാറിയപ്പോൾ വീണ്ടും ഗവർണർ ഭരണമായി. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ജമ്മു കശ്മീർ രാഷ്ട്രപതി ഭരണത്തിലായിരുന്നു.