കെ. കരുണാകരൻ 
Special Story

രാജശിൽപ്പിയായ കരുണാകരൻ

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ ഓർമദിനം

അഡ്വ. പി.എസ്. ശ്രീകുമാർ

1991‌ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ചെന്നൈ ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധി എൽടിടിഇ ആത്മഹത്യാ സ്‌ക്വാഡിലെ വനിതാ അംഗം നടത്തിയ ബോംബ് സ്‌ഫോടനത്തിൽ ചിന്നിച്ചിതറിയപ്പോൾ അനാഥത്വത്തിന്‍റെ ആഴക്കയങ്ങളിലേക്കാണു കോൺഗ്രസ് വീണത്. നെഹ്‌റു കുടുംബത്തിൽ നിന്ന് ഒരാൾ പോലും അന്ന് കോൺഗ്രസിനെ നയിക്കാൻ വരാതിരുന്ന സാഹചര്യത്തിൽ, നയിക്കാൻ ഒരു നേതാവിനെ കണ്ടെത്തുക ശ്രമകരമായിരുന്നു. അവസരത്തിനൊത്തുയർന്ന്, പി.വി. നരസിംഹ റാവുവിനെ അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുക്കാനും പിന്നീട് പ്രധാനമന്ത്രിസ്ഥാനത്തേക്ക് അവരോധിക്കാനും മുന്നിട്ടിറങ്ങി ചരടുവലി നടത്തിയത് കേരള രാഷ്‌ട്രീയം ദേശിയ രാഷ്‌ട്രീയത്തിന് നൽകിയ പ്രതിഭാശാലിയും, രാഷ്‌ട്ര തന്ത്രജ്ഞനുമായ കെ. കരുണാകരനായിരുന്നു. അതോടെ ദേശീയ മാധ്യമങ്ങൾ അദ്ദേഹത്തെ രാജശിൽപ്പിയായി (King Maker) വിശേഷിപ്പിച്ചു.

തലയെടുപ്പുള്ള നിരവധി രാഷ്‌ട്രീയ നേതാക്കൾക്ക് കേരളം ജന്മം നൽകിയിട്ടുണ്ടെങ്കിലും "ലീഡർ' എന്ന വിശേഷണത്തിന് അക്ഷരാർഥത്തിൽ തന്നെ അർഹനായ ഒരു നേതാവ് കെ. കരുണാകരൻ മാത്രമായിരുന്നു. അദ്ദേഹം എല്ലാവരുടെയും നേതാവായിരുന്നു. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മാത്രമല്ല, മറ്റു രാഷ്‌ട്രീയ പാർട്ടി നേതാക്കളും അദ്ദഹത്തെ ലീഡറായി അംഗീകരിച്ചു.

കണ്ണൂരിലെ ചിറയ്ക്കൽ കോവിലകത്തിന് സമീപമുള്ള കണ്ണോത്തു തറവാട്ടിൽ 1918 ജൂലൈ അഞ്ചിനു ജനിച്ച കരുണാകരൻ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമാണ് ജന്മനാ ലഭിച്ച ചിത്രകലാ അഭിരുചിയിൽ തുടർപഠനത്തിനായി തൃശൂർ ആർട്സ് സ്‌കൂളിലെത്തിയത്. ചിത്രരചനയോടുള്ള ഈ അഭിനിവേശത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ്, പിന്നീട്, അദ്ദേഹം കേരളത്തിന്‍റെ രാഷ്‌ട്രീയ ചിത്രം തന്നെ മാറ്റി വരച്ചത്. ദിവാൻ ഭരണത്തിനെതിരേ കോൺഗ്രസ് അനുഭാവികളായ ചെറുപ്പക്കാർ പ്രജാമണ്ഡലം എന്ന സംഘടനയ്ക്കു രൂപം കൊടുത്തപ്പോൾ കരുണാകരൻ അതിന്‍റെ പ്രവർത്തനങ്ങളിൽ സജീവമായി. 1942ൽ മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹവും അതിൽ പങ്കാളിയായി. പോലീസ് മർദനവും തുടർന്ന് ജയിൽ വാസവും അനുഭവിച്ചു. പിന്നീടാണ് അദ്ദേഹം തൊഴിലാളി സംഘടനാ രംഗത്തേക്കെത്തിയത്. ആ രംഗത്തു വളർത്തിയെടുത്ത സംഘാടക പ്രതിഭയാണ് പിൽക്കാലത്ത് അദ്ദേഹത്തെ തിരു- കൊച്ചി കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിച്ചതും തൃശൂർ നഗരസഭാ കൗൺസിലറായും പിന്നീട്, കൊച്ചി നിയമസഭാംഗമാക്കി മാറ്റിയതും.

കേരളപ്പിറവിക്കു ശേഷം നടന്ന 1957ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, അദ്ദേഹം തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും, തോറ്റു. 1965ൽ മാളയിൽ നിന്നു വിജയിച്ച ശേഷം, തുടർച്ചയായി എട്ടു തവണ ആ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. പിന്നീടു പാർലമെന്‍റിലേക്കു പോകുന്നതു വരെ മാളയുടെ മാണിക്യമായി അദ്ദേഹം മാറി. മൂന്നു തവണ രാജ്യസഭയിലും രണ്ടുതവണ ലോകസഭയിലും അംഗമായി.

കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ മരണശേഷമുണ്ടായ പിളർപ്പോടെ കോൺഗ്രസ് നന്നേ ശോഷിച്ചുപോയി. 1967ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഒരു അംബാസിഡർ കാറിൽ യാത്ര ചെയ്യാവുന്നത്ര അംഗബലം മാത്രമുണ്ടായിരുന്ന കോൺഗ്രസിനെ പിന്നീട് നയിച്ചത് അദ്ദേഹമായിരുന്നു. കുശാഗ്ര ബുദ്ധിമാനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മുന്നണിയുടെ പരാജയങ്ങൾ അദ്ദേഹം കോൺഗ്രസിന്‍റെ നേട്ടമാക്കി മാറ്റി. 1970ലെ തെരഞ്ഞെടുപ്പോടെ യുവനിരയെ ഉൾപ്പെടുത്തി കോൺഗ്രസിനെ ശക്തമായ രീതിയിൽ തിരിച്ചു കൊണ്ടുവരാനും, ഐക്യ മുന്നണി സംവിധാനത്തിന് അടിത്തറയിടാനും അദ്ദേഹത്തിന്‍റെ ചാണക്യ തന്ത്രങ്ങൾക്ക് സാധിച്ചു. കേരളത്തിന്‍റെയും, കോൺഗ്രസിന്‍റെയും രാഷ്‌ട്രീയ ചിത്രം അദ്ദേഹം മാറ്റി വരച്ചു. ജനാധിപത്യ ചേരിയിലുള്ള എല്ലാ രാഷ്‌ട്രീയ പാർട്ടികളേയും ഒരേ കുടക്കീഴിൽ കൊണ്ടുവന്നതിലൂടെ ഐക്യ ജനാധിപത്യ മുന്നണിയുടെ യഥാർഥ ശിൽപ്പിയായി കരുണാകരൻ മാറി.

സി. അച്യുതമേനോന്‍റെ മന്ത്രിസഭയിൽ ശക്തനായ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അസാമാന്യമായ ഭരണ നൈപുണ്യവും രാഷ്‌ട്രീയ തന്ത്രജ്ഞതയും അദ്ദേഹം കാഴ്ച വച്ചു. പൊലീസ് സ്റ്റേഷനുകളിൽ ആക്രമണം നടത്തിക്കൊണ്ട് കേരളത്തിൽ വേരുറപ്പിക്കുവാൻ ശ്രമിച്ച നക്സലൈറ്റ് പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാൻ അദ്ദേഹം നേതൃത്വം നൽകി. ചില പോലീസ് ഉദ്യോഗസ്ഥരുടെ അത്യുത്സാഹത്താലുണ്ടായ രാജൻ കേസ് ഒഴിച്ചുനിർത്തിയാൽ, അടിയന്തരാവസ്ഥയുടെ ദൂഷ്യവശങ്ങൾ ഒഴിവാക്കി ആഭ്യന്തര വകുപ്പിനെ ജനോപകാരപ്രദമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്‍റെ സംഭാവന വളരെ വലുതാണ്. അദ്ദേഹം കണ്ടെത്തി നിയമിച്ച ശിങ്കാരവേലു എന്ന ഐജിയിലൂടെയാണ് പൊലീസിനെ ജനകീയവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. പൊലീസ് സ്റ്റേഷനുകളിലേക്ക് കടന്നുചെല്ലാൻ മാത്രമല്ല, ഫോൺ ചെയ്യാൻ പോലും സാധാരണക്കാർ ഭയപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. സ്റ്റേഷനിലേക്ക് ആര് ഫോൺ ചെയ്താലും ഫോൺ എടുക്കുന്ന ഉദ്യോഗസ്ഥന്‍റെ പേരും നമ്പരും പറയുന്നതിനൊപ്പം, "ഗുഡ് മോണിങ്, ഗുഡ് ആഫ്‌റ്റർനൂൺ, ഗുഡ് ഈവെനിങ് ' എന്നിവ അവസരോചിതമായി പറയണമെന്ന് നിർബന്ധമാക്കി. ഇന്ത്യയുടെ പൊലീസ് ചരിത്രത്തിൽ തന്നെ വിപ്ലവകരമായ മാറ്റമായിരുന്നു അത്. ജനങ്ങളോട് മാന്യമായും, മര്യാദയോടും കൂടി പെരുമാറണമെന്നത് ശക്തമായി നടപ്പിലാക്കി. ഒന്നിൽ കൂടുതൽ ആളുകളുമായി സൈക്കിളിൽ യാത്ര ചെയ്താൽ പെറ്റിയടിക്കുന്ന സമ്പ്രദായം 70കളിൽ തന്നെ അദ്ദേഹം നിർത്തലാക്കിച്ചു.

ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന് തന്നെയായിരുന്നു സിനിമ ഉൾപ്പെടെയുള്ള സാംസ്‌കാരിക വകുപ്പിന്‍റെയും ചുമതല. മലയാള സിനിമാ നിർമാണം ആ കാലഘട്ടത്തിൽ കേന്ദ്രികരിച്ചിരുന്നത് മദ്രാസിലായിരുന്നു. അവിടെനിന്നു മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടേണ്ടതിന്‍റെ ആവശ്യകത ചലച്ചിത്രലോകത്തെ പ്രഗത്ഭരായിരുന്ന രാമു കാര്യാട്ട്, പി. ഭാസ്കരൻ, തോപ്പിൽ ഭാസി എന്നിവർ കരുണാകരനെ കണ്ടു സംസാരിച്ചു. ഇതിന്‍റെ പ്രാധാന്യം മനസിലാക്കിയ കരുണാകരനാണ് ഫിലിം ഡവലപ്മെന്‍റ് കോർപ്പറേഷൻ രൂപീകരിക്കാൻ നടപടിയെടുത്തത്. അന്നത് രൂപീകരിക്കുമ്പോൾ, ഇന്ത്യയിൽ തന്നെ പൊതുമേഖലയിൽ രൂപീകരിക്കുന്ന ആദ്യ ഫിലിം കോർപ്പറേഷനായിരുന്നു. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായും അദ്ദേഹം നിരവധി നടപടികൾ കൈക്കൊണ്ടു.

നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്രമന്ത്രിയുമായ കരുണാകരൻ, ഭരണാധികാരിയെന്ന നിലയിൽ സംസ്ഥാന വികസനത്തിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അസാധ്യമെന്ന് തോന്നുന്ന പല പദ്ധതികളും യാഥാർഥ്യമാക്കി മാറ്റുന്നതിൽ വൈദഗ്ധ്യമുള്ള നേതാവായിരുന്നു അദ്ദേഹം. അതിന്‍റെ തെളിമയാർന്ന ഉദാഹരണമാണ് നെടുമ്പാശേരി അന്തർദേശീയ വിമാനത്താവളം. പൊതുമേഖലയെയും സ്വകാര്യ മേഖലയെയും ഒരുമിപ്പിക്കുന്ന പിപിപി എന്ന ആശയം ഇന്ത്യയിൽത്തന്നെ നിലവിലില്ലാതിരുന്ന അവസരത്തിലാണ് പൊതു- സ്വകാര്യ മേഖലകളെ സംയോജിപ്പിച്ച് നെടുമ്പാശേരിയിൽ വിമാനത്താവളം നിർമിക്കാൻ അദ്ദേഹം മുൻകൈയെടുത്തത്. എറണാകുളം- വൈപ്പിൻ ഗോശ്രീ പാലങ്ങളുടെ പദ്ധതി, തൃശൂർ- ഗുരുവായൂർ റെയിൽവേ ലൈൻ, ഏഴിമല നാവിക അക്കാദമി, ദക്ഷിണ വ്യോമസേനാ കമാൻഡ്, കായംകുളം എൻടിപിസി താപനിലയം, കൊച്ചി അന്തരാഷ്‌ട്ര സ്റ്റേഡിയം, കാലടി സംസ്‌കൃത സർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്‍റർ, രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ-ടെക്നോളജി എന്നിവയൊക്കെ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണം കാണാം. കൊച്ചിയിൽ കയറ്റുമതി വികസന മേഖല സ്ഥാപിക്കുന്നതിലും ഏഷ്യാഡ്‌ നടന്ന അവസരത്തിൽ കേരളത്തിൽ ദൂരദർശൻ പ്രക്ഷേപണ നിലയം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രത്യേകം താൽപ്പര്യമെടുത്തിരുന്നു.

ഒരു കാര്യം തീരുമാനിച്ചാൽ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് അത് നടപ്പിലാക്കാൻ അദ്ദേഹം ശുഷ്‌കാന്തി കാണിച്ചിരുന്നു. അതുപോലെ, സർക്കാർ നയങ്ങൾ ആത്മാർഥതയോടെ നടപ്പാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് മനഃപൂർവമല്ലാത്ത പിഴവുകൾ ഉണ്ടായാലും അവരെ അങ്ങേയറ്റം സംരക്ഷിക്കാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് ഉദ്യോഗസ്ഥർക്കും അദ്ദേഹം പ്രിയങ്കരനായി മാറിയത്.

2010 ഡിസംബർ 23നാണ് "ഒരേയൊരു ലീഡർ' കെ. കരുണാകരൻ 92ാം വയസിൽ ഈ ലോകത്തോടു വിടപറയുന്നത്. കേരളം ഭരിച്ച ആജ്ഞാശക്തിയും കരുത്തും ഭരണപാടവവും കാഴ്ചവച്ച അപൂർവം ഭരണാധിപരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ഓർമയ്ക്കു മുന്നിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു.

9847173177

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1, വിജയം 135 റൺസിന്

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ