വാർത്തകൾ വായിച്ച രാമചന്ദ്രൻ 
Special Story

വാർത്തകൾ വായിച്ച രാമചന്ദ്രൻ

ടെലിവിഷനും ഇന്‍റർനെറ്റുമൊക്കെ കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാലഘട്ടത്തിൽ മലയാളികളിലേക്കു ലോകജാലകം തുറന്നിട്ടിരുന്ന ശബ്ദ വിസ്മയമായിരുന്നു എം. രാമചന്ദ്രന്‍.

പി.ബി. ബിച്ചു

ആകാശവാണി...

വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ...

ആകാശവാണി...

കൗതുക വാർത്തകൾ...

ടെലിവിഷനും ഇന്‍റർനെറ്റുമൊക്കെ കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാലഘട്ടത്തിൽ മലയാളികളിലേക്കു ലോകജാലകം തുറന്നിട്ടിരുന്ന ശബ്ദ വിസ്മയമായിരുന്നു എം. രാമചന്ദ്രന്‍. മൂന്നു പതിറ്റാണ്ടു കാലത്തിനിപ്പുറം എഫ്എം സ്റ്റേഷനുകൾ കൂണുകൾ പോലെ മുളച്ചു പൊന്തിയപ്പോഴും "വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന അനൗൺസ്മെന്‍റും തുടർന്നുള്ള വാർത്തകളും കേൾക്കാൻ മലയാളി റേഡിയോയ്ക്ക് മൂന്നിൽ കാത് കൂർപ്പിച്ചിരുന്നു.

പതിവ് റേഡിയോ അവതരണ രീതിയില്‍ നിന്ന് മാറി വാർത്തകളിലും പരിപാടികളിലുമെല്ലാം തന്‍റേതായ അവതരണ ശൈലി കൊണ്ടുവന്ന് ശ്രോതാക്കളെ കൈയിലെടുക്കുന്ന രാമചന്ദ്രൻ വാർത്താ അവതാരകർക്കിടയിലും സൂപ്പർ സ്റ്റാറായി മാറി. ശബ്ദാനുകരണത്തിലൂടെയും ഓരോ വാക്കുകളുടെയും പ്രാധാന്യത്തിനനുസരിച്ചുള്ള ശബ്ദവിന്യാസത്തിലൂടെയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച അദ്ദേഹം ഒരു പുതിയ റേഡിയോ സംസ്കാരം തന്നെ രൂപപ്പെടുത്തിയെടുത്തു.

വാർത്താ ബുള്ളറ്റിനുകൾക്കൊപ്പം പ്രത്യേക പംക്തികളായ വാർത്തകളും വിശേഷങ്ങളും, കൗതുക വാർത്തകൾ തുടങ്ങി ഒട്ടനവധി പരിപാടികളുമായി 52 വര്‍ഷം ആകാശവാണിയുടെ തന്നെ ശബ്ദമായിരുന്ന അദ്ദേഹം വിരമിച്ചശേഷം ഗള്‍ഫ് എഫ്എം കേന്ദ്രങ്ങളിലും മലയാളത്തിലെ ചാനലുകളിലും പ്രവര്‍ത്തിച്ചു.

ലോകമെമ്പാടുമുള്ള കൗതുകകരമായ വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള പ്രത്യേക ബുള്ളറ്റനായ കൗതുക വാർത്തകൾ നാടകീയമായി അവതരിപ്പിച്ചതിലൂടെ എല്ലാത്തരം ശ്രോതാക്കളും അദ്ദേഹത്തിന്‍റെ ആരാധകാരായി മാറി. ടെലിവിഷന്‍റെ വരവിന് ശേഷം കൈരളി ടിവിയിലൂടെ "സാക്ഷി' എന്ന ആക്ഷേപ ഹാസ്യപരിപാടി അവതരിപ്പിച്ച് ടെലിവിഷൻ പ്രക്ഷകർക്കിടയിലും പണ്ടേ വൈറലായിരുന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്‍റേതെന്നതും എടുത്തു പറയേണ്ടതാണ്. "സാക്ഷിക്കെന്താ കൊമ്പുണ്ടോ' എന്ന പരിപാടിയുടെ ടാഗ് ലൈൻ അക്കാലത്ത് മിമിക്രി കലാകാരന്മാരടക്കം അനുകരിച്ച് റേഡിയോ ശ്രോതാക്കളല്ലാതിരുന്ന ലോകമലയാളികൾക്കിടയിലും രാമചന്ദ്രന് വലിയ ശ്രദ്ധനേടിക്കൊടുത്തു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ പഠന കാലത്ത് നടന്ന വാര്‍ത്താ വായന മത്സരമാണ് റേഡിയോ എന്ന സ്വപ്നത്തിലേക്ക് രാമചന്ദ്രനെ വലിച്ചടുപ്പിച്ചത്. അന്ന് സമ്മാനം നേടിയതോടെ വാര്‍ത്താ വായനക്കാരനാകണമെന്ന മോഹം രാമചന്ദ്രനില്‍ കലശലായി. പഠനം പൂര്‍ത്തിയാക്കി വൈദ്യുതി ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലിയിൽ പ്രവേശിച്ചപ്പോഴും വാര്‍ത്താ അവതാരകനാകുകയെന്ന മോഹം അദ്ദേഹം ഉപേക്ഷിച്ചില്ല. ജോലികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ആകാശവാണിയിലേക്ക് വാർത്ത വായിക്കാൻ അവസരമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതോടെ ജോലി ഉപേക്ഷിച്ച് ഡൽഹിയിലേക്ക് വണ്ടികയറിയ രാമചന്ദ്രന് ജേണലിസം ബിരുദമോ, ഡിപ്ലോമയോ ഒന്നുമുണ്ടായിട്ടില്ലെങ്കിലും പിന്നീട് മുന്നും പിന്നും നോക്കേണ്ടി വന്നിട്ടില്ല.

ഡല്‍ഹി ആകാശവാണിയില്‍ കാഷ്വല്‍ വാര്‍ത്താ വായനക്കാരനായി തുടക്കം. ഇന്ദിര ഗാന്ധി വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായിരിക്കെ രാമചന്ദ്രന്‍ ഉൾപ്പടെയുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തി. പിന്നാലെയാണ് കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. കോഴിക്കോട്ടെത്തിയ രാമചന്ദ്രന്‍ അവിടെ മലയാള വാര്‍ത്താവിഭാഗം രൂപീകരിച്ച് വാര്‍ത്താവിഭാഗം തലവനായി മൂന്നുവര്‍ഷം പ്രവർത്തിച്ച ശേഷം തലസ്ഥാനത്തെത്തി. തിരുവനന്തപുരം നിലയത്തില്‍ പ്രതാപവര്‍മ (പ്രതാപന്‍), സംവിധായകന്‍ പി. പത്മരാജന്‍ തുടങ്ങിയവർക്കൊപ്പവും ജോലി ചെയ്തു.

ഇന്ദിര ഗാന്ധിയുടെ വധം മലയാളികളിലേക്കെത്തിച്ച സംഭവമായിരുന്നു രാമചന്ദ്രന്‍റെ റേഡിയോ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം. 1984 ഒക്ടോബർ 31നു രാവിലെയാണ് ഇന്ദിര വെടിയേറ്റു മരിച്ചതെങ്കിലും വൈകിട്ട് 6.15നു മാത്രമാണ് ആകാശവാണി വാർത്ത പുറത്തുവിട്ടത്. കേന്ദ്ര സർക്കാർ മരണ വിവരം പുറത്തുവിടാത്തതിനാലായിരുന്നു വൈകിയത്. എന്നാൽ, മരണവിവരം നേരത്തെ അറിഞ്ഞ രാമചന്ദ്രൻ ഇന്ദിര വധം പ്രധാന വാർത്തയാക്കിയും അതില്ലാതെയും രണ്ടു ബുള്ളറ്റിനുകൾ തയാറാക്കിയും അനുമതിക്കായി ഒരുങ്ങിയിരുന്നു. വൈകിട്ട് ആറിന് ആകാശവാണി ഇംഗ്ലീഷ് വാർത്തയിൽ മരണവിവരം പ്രഖ്യാപിച്ചു. പിന്നാലെ 6.15ന് രാമചന്ദ്രനിലൂടെ മലയാളികളും ഇന്ദിരയുടെ മരണവാർത്തയറിഞ്ഞു. 10 മിനിട്ട് റേഡിയോ വാർത്ത തയാറാക്കാൻ അന്ന് 3 മണിക്കൂർ അധ്വാനമായിരുന്നെന്നും ഇപ്പോഴുള്ള ചാനൽ അവതാരകർ ജോലിയുടെ ഗൗരവമറിയാതെ എന്തൊക്കെയോ പറഞ്ഞുപോകുകയാണെന്നുമുള്ള വിമർശനവും അദ്ദേഹം അവസാന കാലത്ത് നൽകി അഭിമുഖങ്ങളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ഗൗരവമില്ലാതെയും അശ്രദ്ധയോടെയുമായാണ് ഇപ്പോൾ പലരുടെയും വാർത്താ വായന. വാക്കുകൾ കൃത്യമായി ഉച്ചരിക്കില്ല. ജേണലിസം വെറുമൊരു തൊഴിൽമേഖല മാത്രമായിരിക്കുന്നെന്നും ന്യൂജെൻ കാലത്തെ മൂല്യത്തകർച്ചയെ വിവരിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ